Tuesday 6 November 2012

മാനവികതയുടെ കര്‍മയോഗി

ശ്രീനാരായണ ഗുരുദേവന്‍ ജനകോടികളെ ആദിമഹസ്സിലേക്കു നേര്‍വഴി കാട്ടി നയിച്ച പരമഗുരുവാണ്. മറ്റു ലോക ഗുരുക്കന്‍മാരില്‍ നിന്നും തുലോം വ്യത്യസ്തനാണ് ശ്രീനാരായണ ഗുരുദേവന്‍. യുഗപ്രഭാവനും ആധ്യാത്മി ക ലക്ഷ്യങ്ങളുടെ പരിപൂര്‍ണതയുമായിരുന്നു ഗുരു. ജാതിഭേദവും മതദ്വേഷവും കൂടാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ വ്യവസ്ഥിതി ലോകത്തില്‍ സംജാതമാകണമെന്നു സ്വപ്നം കണ്ട ക്രാന്തദര്‍ശിയായ വിപ്ലവകാരിയായിരുന്നു അദ്ദേഹം . ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും സമ്യക്കായി സമാശ്ലേഷിക്കുന്നതാണ് ഗുരുദേവ ദര്‍ശനങ്ങളുടെ സവിശേഷത. ജാതിയില്‍ മനുഷ്യരുടെയിടയിലുള്ള ഭേദങ്ങള്‍ അറിവില്ലായ്മയില്‍ നിന്നും പുറത്തു വരുന്ന സങ്കല്‍പ്പങ്ങള്‍ മാത്രമാണെന്നു ഗുരു പറയുന്നു. മനുഷ്യര്‍ തമ്മില്‍ വ്യക്തിഭാവങ്ങളിലാണു വ്യത്യാസമെന്നും ഭേദഭാവങ്ങള്‍ ഇല്ലെന്നും ഗുരുദേവന്‍ വ്യക്തമാക്കുന്നു. ഗുരുദേവന്‍ ഇടപെട്ട സാമൂഹ്യ വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് ജാതി തന്നെയായിരുന്നു.ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സര്‍വരും, സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാണിതെന്ന പ്രസിദ്ധമായ ഗുരുദേവ വചനത്തെ മറികടന്നു ജാതി ചിന്തയ്ക്കെതിരെ മറ്റൊരു കവിതാശകലമോ, മന്ത്രമോ, മുദ്രാവാക്യമോ നമുക്കന്യമാണ്. ജാതി ലക്ഷണം എന്ന ഗുരുദേവ കൃതിയിലെ അവസാന വരികള്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. എല്ലാ ജീവജാലങ്ങളും അവയുടെ ശരീര പ്രകൃതം കൊണ്ടുതന്നെ ഇനം ഏതെന്നു തിരിച്ചറിയുന്നതിനാല്‍ വിവേകവും തിരിച്ചറിവും ഉള്‍വെളിച്ചവും ഉള്ളവര്‍ താന്‍ ഏതിനമാണെന്നു ചോദിക്കുകയില്ല.

സമാധാന ദൂതന്‍ 

മനുഷ്യനെ മനുഷ്യനായിക്കണ്ട്, ജാതിക്കും മതത്തിനും അതീതമായി നാം ഒത്തൊരുമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ജാതി-മതശക്തികള്‍ ശക്തരായിക്കൊണ്ടിരിക്കുന്നു. ഈശ്വരചന്തയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലേ ലോകത്ത് ശാന്തിയും സമാധാനവും കൈവരൂ. ഇതിനായി നമ്മുടെ മനസിലും പ്രവര്‍ത്തികളിലും ചിന്തകളിലും മാറ്റം വരുത്തണം. ഏതൊരു നാടന്‍റെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ഇത് കാലേക്കൂട്ടി തിരിച്ചറിയാന്‍ ഗുരുദേവനു കഴിഞ്ഞു. വിദ്യകൊണ്ടു പ്രബുദ്ധരാകാന്‍ പറഞ്ഞ ഗുരുദേവന്‍, വിദ്യയുടെ ഉറവിടമായ ശാരദാംബയെ പ്രതിഷ്ഠിക്കൂക കൂടി ചെയ്തു.ശ്രീനാരായണ ഗുരുദേവ ദര്‍ശനം മാനവികതയെ കുറിച്ചും സമാധാനത്തെ കുറിച്ചുമാണു പ്രവചിക്കുന്നത്. ജീവിതത്തിന്‍റെ എല്ലാ മേഖലകളുടെയും പുഷ്ടിയും വളര്‍ച്ചയുമാണു ഗുരുദര്‍ശനം ലക്ഷ്യമാക്കുന്നത്.

പ്രാര്‍ഥനയുടെ ഫലം

ആധ്യാത്മിക പുരോഗതിയിലേക്കുള്ള ആദ്യപടിയായി ഗുരുദേവന്‍ പരിഗണിച്ചിരുന്നത് ഈശ്വരഭക്തിയും ഈശ്വരാരാധനയുമായിരുന്നു. ആരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം എന്നതായിരുന്നു ഗുരുവിന്‍റെ കല്‍പ്പന.ക്ഷേത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയും ദേവതകളെ സ്തുതിക്കുന്നതിനായി സ്തോത്രങ്ങള്‍ രചിച്ചു നല്‍കുകയും ചെയ്തു. സദ്ഗുണ-നിര്‍ഗുണ ഉപാസനയില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഗുരു ജനങ്ങള്‍ക്കു നല്‍കിയിരുന്നു

വിദ്യാഭ്യാസ ദര്‍ശനം

വിശ്വമാനവികതയുടെ മഹാപ്രവാചകനും അധസ്ഥിത ജനസമൂഹത്തിന്‍റെ വിമോചകനുമായ ശ്രീനാരായണ ഗുരുദേവന്‍ ലോകം കണ്ടിട്ടുള്ള വിദ്യാഭ്യാസ വിചക്ഷണന്‍മാരില്‍ അദ്വിതീയനാണ്. ഗുരുദേവ സന്ദേശങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത്. വിദ്യയെന്നാല്‍ അറിവാണ്.

പഠനമെന്നാല്‍ അഭ്യാസവും. വിദ്യാഭ്യാസമെന്നത് ആത്മീയവും ഭൗതികവുമായ മൂല്യങ്ങളെ കുറിച്ചുള്ള ബോധനത്തിലൂടെ വ്യക്തിയെ പ്രബുദ്ധതയിലേക്കു നയിക്കുന്നതും സമൂഹമര്യാദകള്‍ക്ക് അനുസരിച്ചു സമൂഹത്തിന്‍റെ ഭാഗമായി ജീവിക്കാനും ഉത്തമ ജീവിതായോധന മാര്‍ഗം സ്വായത്തമാക്കാനും പ്രാപ്തമാക്കുന്ന ഒരു പ്രക്രിയയാണ്.വിദ്യാഭ്യാസത്തിനു നിരവധി നിര്‍വചനങ്ങളുണ്ട്. സത്യത്തിന്‍റെ അകവും പുറവും വെളിവാക്കുന്നതാണത്. ജീവിതത്തിന്‍റെ വ്യാവഹാരിക തലങ്ങളെ അഭിമുഖീകരിക്കാന്‍ പാകപ്പെടുത്തുന്നതാണത്. ഒരു പൂര്‍ണ മനുഷ്യനെ രൂപപ്പെടുത്തുന്നതാണത്. മൊത്തത്തില്‍ നന്‍മയുടെ വിളയലിനും വിജയത്തിനും വേണ്ടിയുള്ള ഒരു സാമൂഹിക വ്യവസ്ഥ രൂപപ്പെടുത്തി ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ബോധവും ശേഷിയും നല്‍കി മനുഷ്യരെ പ്രാപ്തമാക്കാനാണു വിദ്യാഭ്യാസം. 

സമഗ്രമായ വിദ്യാഭ്യാസ വീക്ഷണം 

സമഗ്രവും ശാസ്ത്രീയവുമായ ഒരു വിദ്യാഭ്യാസ സങ്കല്‍പ്പമാണ് ഗുരുദേവനുണ്ടായിരുന്നത്. തീര്‍ത്തും അപരിഷ്കൃതവും സംസ്കാര ശൂന്യവുമായ ജീവിതാവസ്ഥയില്‍ നിന്നും പരിഷ്കൃതമായ ഒരു സാംസ്കാരിക സാമൂഹികാവസ്ഥയിലേക്കു മനുഷ്യനെ പരിവര്‍ത്തനപ്പെടുത്തുന്നതാണു ഗുരുവിന്‍റെ വിദ്യാഭ്യാസ പരിപാടികള്‍. ഗുരുദേവന്‍റെ വിദ്യാഭ്യാസ പദ്ധതികള്‍ വിലയിരുത്താനും വിശകലനം ചെയ്യാനും ശ്രമിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം കൂടി ഗുരുദേവന്‍ കൈകാര്യം ചെയ്തിരുന്നു എന്ന വസ്തുതയാണ്. ജാതി വ്യവസ്ഥയുടെ കരാളഹസ്തങ്ങള്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരെയും പിടികൂടിയിരുന്നു. അവര്‍ അപരിഷ്കൃതവും മനുഷ്യത്വ രഹിതവുമായ ജീവിതം നയിച്ചു ദാരിദ്ര്യത്തിലേക്കും അജ്ഞാനത്തിലേക്കും ചവിട്ടിത്താഴ്ത്തപ്പെട്ടാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ക്രൂരവും നീചവുമായ സാമൂഹ്യ വ്യവസ്ഥകളാല്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അധസ്ഥിത വിഭാഗങ്ങള്‍ക്കു ജാതിവ്യവസ്ഥകള്‍ക്കനുസരിച്ചു നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തൊഴില്‍ ചെയ്യുന്നതിനു വിദ്യാഭ്യാസം ആവശ്യമില്ലെന്ന മാനദണ്ഡം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ഇതില്‍നിന്നും വ്യത്യസ്തമായിരുന്നു. സംസ്കൃത ഭാഷയും സാഹിത്യവും ജോതിഷ വും ആയുര്‍വേദവുമൊക്കെ ബുദ്ധിസത്തിന്‍റെ തിരുശേഷിപ്പായി കേരളത്തിന്‍റെ അവര്‍ണ സമുദായങ്ങളിലേക്ക് അരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അവരില്‍പ്പെട്ട സമൂഹത്തിലെ ഗണനീയരും ധനവാന്‍മാരുമായ കുടുംബക്കാര്‍ അവരുടെ കുട്ടികളെ ഈ വിഷയങ്ങളെല്ലാം പരിശീലിപ്പിച്ചിരുന്നു. അന്നത്തെ പരമ്പരാഗത ശൈലിയില്‍ ഗുരുദേവന്‍ ഈ വിഷയങ്ങളിലെല്ലാം തികഞ്ഞ അവഗാഹം നേടുകയുണ്ടായി. ഇന്ത്യ മുഴുവന്‍ വീശിയടിച്ച സാമൂഹ്യ മാറ്റത്തിന്‍റെ കാറ്റ് സഹ്യാദ്രിയും കടന്നു കേരളത്തിലുമെത്തിയിരുന്നു. ഇതിന്‍റെ ഫലമായി പാരോഗമന ചിന്താഗതിക്കാരായ യുവജനങ്ങള്‍ കിരാതമായ സാമൂഹ്യ വ്യവസ്ഥകളുടെ പ്രാമാണ്യത്തെയും സവര്‍ണര്‍ക്കു മാത്രം അധികാരപ്പെട്ട സമ്പ്രദായിക സംസ്കൃതാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തെയും ചോദ്യം ചെയ്തു തുടങ്ങി. 

വിദ്യാഭ്യാസ പദ്ധതികളുടെ 

സമുദ്ഘാടനം 

ഗുരുദേവന്‍റെ വിദ്യാഭ്യാസ പദ്ധതികളുടെ ഔദ്യോഗിക സമുദ്ഘാടനമായി അരുവിപ്പുറം പ്രതിഷ്ഠയെയും ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്‍റെ സംസ്ഥാപനത്തെയും കണക്കാക്കാം. ഗുരുദേവന്‍ നടത്തിയ ശിവലിംഗ പ്രതിഷ്ഠ അധഃപതിക്കപ്പെട്ടു കിടന്നിരുന്ന സമൂഹത്തിന്‍റെ കര്‍മധീരതയെ ഉത്തേജിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാളും അതേസമയം ഗര്‍വ്വിഷ്ഠരായ സവര്‍ണരുടെ പ്രതാപത്തെയും അഹന്തയെയും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. അനാചാരങ്ങളെ അതിലംഘിച്ച ഈ സംഭവത്തോടെ മനുഷ്യനും ദൈവത്തിനും ഇടയില്‍ പരമ്പരാഗതമായി തീര്‍ക്കപ്പെട്ടിരുന്ന വേര്‍തിരിവിന്‍റെ ഭിത്തികള്‍ തകര്‍ന്നു വീണു. അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍ വിശ്വസാഹോദര്യത്തിന്‍റെ മഹാസന്ദേശം ഗുരുദേവന്‍ ആലേഖനം ചെയ്തു. ഇതെല്ലാം സമൂഹത്തില്‍ ബഹുതലമാനങ്ങളോടെ മാറ്റൊലി കൊണ്ടു. ഒരു മാനവികതാവാദിക്ക് മനുഷ്യര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ദേവാരാധനയും പ്രതിഷ്ഠയും നടത്തുന്നതിനുള്ള മൗലികാവകാശത്തിന്‍റെ ദൃഢ പ്രഖ്യാപനമായിരുന്നു ഇത്. കേരളം കണ്ട ഉന്നതനായ ആത്മീയാചാര്യനാണു ശ്രീനാരായണ ഗുരുദേവന്‍. സ്വന്തം ജീവിതചര്യയിലൂടെ സാമുദായിക സൗഹാര്‍ദവും മതസൗഹാര്‍ദവും സ്ഥാപിക്കാന്‍ പ്രചോദനം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവാണ് ഗുരുദേവന്‍. ശങ്കരാചാര്യര്‍ക്കു ശേഷം കേരളം ദര്‍ശിച്ച ഏറ്റവും ഉന്നതനായ ഈ യതിവര്യന്‍ സാമുദായിക-സാംസ്കാരിക രംഗത്തു മാറ്റത്തിന്‍റെ ശംഖൊലി മുഴക്കി.പിന്നോക്ക വിഭാഗത്തെ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിക്കാന്‍ പരിശ്രമിച്ച ഗുരുദേവനാണ് കേരളത്തില്‍ ആദ്യമായി വിദ്യാഭ്യാസ രംഗത്തു സ്കോളര്‍ഷിപ്പും ഫെലോഷിപ്പും ഏര്‍പ്പെടുത്തിയത്. അക്കാലത്ത് പാണാവള്ളി കര്‍ത്താവ് അവര്‍ണരെ സംസ്കൃതം പഠിപ്പിച്ചിരുന്നു. ഇതിനായി ഗുരുദേവന്‍ പാണവള്ളി കര്‍ത്താവിന് 20 രൂപയും പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ചു രൂപയും മാസംതോറും നല്‍കിയിരുന്നു. ഇതാണു കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രഥമ സ്കോളര്‍ഷിപ്പും ഫെലോഷിപ്പുമെന്നു കരുതാവുന്നതാണ്. എസ്എന്‍ഡിപിയുടെ ആദ്യ സമ്മേളനത്തില്‍ സംഘടിച്ചു ശക്തരാകാന്‍ മാത്രമല്ല ഗുരുദേവന്‍ ആഹ്വാനം ചെയ്തത്. വിദ്യകൊണ്ടു പ്രബുദ്ധരാകാനും കൃഷിയും വ്യവസായവും നടത്തി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ടു പുതിയ തൊഴില്‍ മേഖലകളിലേക്കു പോകാനുള്ള ആദ്യ ആഹ്വാനമായിരുന്നു ഇത്. പിന്നോക്ക ജനവിഭാഗങ്ങളുടെ മനസിലേക്ക് കൃഷിയും വ്യവസായവും ഉപജീവന മാര്‍ഗമാക്കി മാറ്റണമെന്ന സന്ദേശം നല്‍കിയത് ഗുരുദേവനാണ്. കേരളത്തിലെ നവോഥാന നായകന്‍മാരും ഇങ്ങനെ പറഞ്ഞിട്ടില്ല. അവിടെയാണ് ശ്രിനാരായണ ഗുരുദേവന്‍ ആധുനിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങും വിധം അതുല്യ ചൈതന്യമായി നിലനില്‍ക്കുന്നത്.

Label : http://www.24dunia.com
കടപ്പാട് : കെ. ബാബു - (ഫിഷറീസ്, തുറമുഖ, എക്സൈസ് മന്ത്രി)

0 comments:

Post a Comment