(ശ്രീ നാരായണ ഗുരുദേവന്‍ കേരളത്തിന്റെ സാംസ്കാരിക ചിഹ്നമായി മാറാത്തതിനെ പറ്റി എസ് ഗോപാലകൃഷ്ണന്‍ , ഹൈദരാബാദ് ശ്രീനാരായണ സൊസൈറ്റിയുടെ സില്‍വര്‍ ജുബിലീ ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറില്‍ കൊടുത്ത ലേഖനം )
നാഗര്‍കോവിലില്‍നിന്നും ഹൌറ ജംഗ്ഷനിലേക്ക് 2001 -ല്‍ ഇന്ത്യന്‍ റെയില്‍വേ ഗുരുദേവ് എക്സ്പ്രസ്സ് എന്ന പേരില്‍ ഒരു പുതിയ തീവണ്ടി സര്‍വിസ് ആരംഭിച്ചപ്പോള്‍ ഒരു വെടിയ്ക്ക് രണ്ടു പക്ഷിയാണ് വീണത് കേരളത്തിലുള്ളവര്‍ ശ്രീനാരായണന്റെ പേരിലും , ബംഗാളിലുള്ളവര്‍ ടാഗോറിന്റെ പേരിലും ബഹുമാനിക്കുന്ന തീവണ്ടി തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ നിര്‍ത്തുന്ന ഒരേയൊരു സ്റ്റേഷന്‍ വര്‍ക്കലയാണ് താനും . എന്നാല്‍ ആ വണ്ടി കാണുമ്പോഷോക്കെ എന്‍റെ മനസ്സിലേക്ക് വരുന്ന ഒരു ചോദ്യം ഗുരുദേവനില്‍ നിന്നും ഗുരുദേവനിലേക്കുള്ള ദൂരം യഥാര്‍ത്ഥത്തില്‍ എത്രയാണ് എന്നതാണ് .
2010 മെയ്മാസം ഒമ്പതാം തീയതി മുതല്‍ ഒരുകൊല്ലക്കാലം ടാഗോറിന്റെ നൂറ്റിയന്‍പതാം ജന്മവര്‍ഷമാണ് . ലോകമാകമാനമുള്ള ടാഗോര്‍ പ്രണയികള്‍ വിവിധ പരിപാടികളാല്‍ വാര്‍ഷികം ആഘോഷിക്കുവാന്‍ തുടങ്ങി. ഗുരുദേവന്‍ ബംഗാളിന്റെ കൊടിഅടയാളവും രഥവേഗവുമാണ് . ഒരു പക്ഷെ ഏതൊരു ബംഗാളിയും അമ്മേയെന്നു ഉച്ചരിച്ചുകഴിഞ്ഞാല്‍ പിന്നെ ആദ്യം ഉച്ചരിക്കുന്നത് നാവ് വളയാത്ത ' രൊബിന്ദ്രനാഥ ഠാക്കൂര്‍ ' എന്ന വാക്കയിരിക്കണം . ഏതൊരു ബംഗാളി സുഹൃത്തിനോടും ഞാന്‍ ആദ്യം പറയുന്ന ഒരു കാര്യമുണ്ട് " നിനളുടെ ഗുരുദേവനും ഞങ്ങളുടെ ഗുരുദേവനും തമ്മിലുള്ള ഏറ്റവും പ്രധാന അന്തരം ഞങ്ങളുടേത് നാല് ബംഗാളികള്‍ ഒന്ന് ചേര്‍ന്ന ഗുരുദേവനാണെന്നതാണ്. ശ്രീനാരായണ ഗുരുദേവനില്‍ കവി ഗുരുവായ ടാഗോറും , അവധൂത ഗുരുവായ ശ്രീരാമ കൃഷ്ണനും , കര്‍മ്മ ഗുരുവായ വിവേകാനന്ദനും , നവോത്ഥാന ഗുരുവായ രാജാറാം മോഹന്‍റോയിയും ഒന്ന് ചേര്‍ന്നിരുന്നു " . ഇത് കേള്‍ക്കുമ്പോള്‍ അവര്‍ അന്തംവിട്ടുനിന്ന് എന്നെ നോക്കും . ബഹുഭൂരിപക്ഷം ബംഗാളികളും ശ്രീനാരായണ ഗുരുവിനെ കുറിച്ച് കേട്ടിട്ടില്ല , എന്നാല്‍ ഒട്ടുമിക്ക മലയാളികളും ടാഗോറിനെ കുറിച്ച് കേട്ടിട്ടുണ്ടുതാനും . ഒരു കേള്‍വികുറവില്‍നിന്നും മറ്റൊരു കേള്‍വിയിലെക്കുള്ള ദൂരമാണ് ഞാന്‍ ഇവിടെ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നത് . കേരളത്തിലെയും , ബംഗാളിലെയും ഓരോ കുട്ടിക്കാലങ്ങള്‍ നമുക്കെടുത്തു പരിശോധിക്കാം . ഒരു സാംസ്കാരിക ചിഹ്നത്തിന്റെ സ്വാധീനം ഒരു സമൂഹത്തിലെങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ അവിടങ്ങളിലെ ബാല്യങ്ങളെ അതെങ്ങിനെയാണ് സ്വാധീനിക്കുന്നതെന്ന് നോക്കിയാല്‍ മതിയാകും .
ബാസവസ്തി ഘോഷ് എന്‍റെ സുഹൃത്താണ് . അമേരിക്കയില്‍ വിവര്‍ത്തകയും എഴുത്തുകാരിയുമായി കഴിയുന്നു . ബംഗാളി സാഹിത്യത്തെ കുറിച്ചും , സംഗീതത്തെ കുറിച്ചും നന്നായി എഴുതാറുണ്ട് . ഞാനവരോട് ചോദിച്ചു . എപ്പോഴാണ് അവരുടെ ജീവിതത്തിലേക്ക് ടാഗോര്‍ കടന്നുവന്നതെന്ന് . അഞ്ചു വയസ്സില്‍ എന്ന് അവര്‍ മറുപടി പറഞ്ഞു . എന്നാല്‍ അതിലും എത്രയോ മുന്‍പേ അവര്‍ക്ക് രണ്ടും , മൂന്നും വയസ്സ് പ്രായമായിരിക്കുമ്പോള്‍ അമ്മ വീട്ടിലെ പാട്ടുപെട്ടിയില്‍ ടാഗോറിന്റെ ഗാനങ്ങള്‍ കേള്‍പ്പിക്കുമായിരുന്നു . നഴ്സറി പാട്ടുകള്‍ പാടാന്‍ തുടങ്ങുമ്പോഴേയ്ക്കും രവീന്ദ്ര സംഗീതം അവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു . അതിനുശേഷം ടാഗോര്‍ അവരില്‍ ഒരു സുഹൃത്തായി വളരുകയാണ് . ഒരേ സമയം ദാര്‍ശനികനും , വഴികാട്ടിയും മുത്തച്ഛന്‍നുമായി ടാഗോര്‍ മാറുകയാണ് . ഇവിടെ നിന്നു ഞാന്‍ ശ്രീനാരായണഗുരുവും കേരളത്തിലെ കുട്ടികളുടെ ബാല്യകാലവുമെന്ന താരതമ്യത്തിലേക്കു പോവുകയാണ് . കേരളത്തിലെ സര്‍വജാതീയരായ ജനസാമാന്യത്തിലെയും കുട്ടികളെ " ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ " എന്ന നല്ല പ്രാര്‍ത്ഥന മലയാളി പഠിപ്പിക്കാരുണ്ടോ? മഹാനായ ഗുരുദേവന്‍ ഈഴവനല്ലാത്ത ഒരു മലയാളിയുടെ ബാല്യത്തിലേക്ക് വര്‍ഷത്തിലെ രണ്ടു അവധിദിവസങ്ങളില്‍ മാത്രമായിട്ടാണ് കടന്നുവരാറുള്ളത് എന്നത് വലിയ ദാര്‍ശനിക ദുഃഖം തന്നെയാണ് . ഞാന്‍ ജാതിപറയുകയാണെന്ന് പഴി പറയരുത് . ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ഗുരുദേവനല്ലതാക്കിയത് ഏതു സാമൂഹിക യാഥാര്‍ത്യങ്ങളാണ് ? ശ്രീനാരായണ ഗുരുവിന്‍റെ കലശേഷമുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങളില്‍ കേരള ദേശീയതയുടെ പൊതുചിഹ്നവും സ്വാതാഭിമാനവുമായി ഗുരുദേവന്‍ മാറേണ്ടതല്ലായിരുന്നോ ? എല്ലാ ബംഗാളി ഭവനങ്ങളിലും ടാഗോറിന്റെ പടം തൂങ്ങുന്നതുപോലെ , പി കെ കുഞ്ഞാലികുട്ടിയുടെയും, കെ എം മാണിയുടെയും , പി കെ നാരായണ പണിക്കരുടെയും ചുവരുകളെ ശ്രീനാരായണ ഗുരുവിന്‍റെ ചിത്രം അലങ്കരിക്കേണ്ടാതായിരുന്നില്ലേ?
ഞാന്‍ വീണ്ടും എന്‍റെ സുഹൃത്തായ ഘോഷിലേക്ക് വരികയാണ് . ഞാന്‍ അവരോടു ചോദിച്ചു : "എന്താണ് ഗുരുദേവനായ ടാഗോറും ബംഗാളിന്റെ പുതിയ തലമുറയും തമ്മിലുള്ള ബന്ധമെന്ന് "
അവരുടെ മറുപടി ഇതായിരുന്നു :
" ടാഗോര്‍ സാര്‍വ്വ ലൌകികനാണ് . ദേശീയവും , സങ്കുചിതവുമായ എല്ലാ സമീപനങ്ങള്‍ക്കും ടാഗോര്‍ എതിരായിരുന്നു . ഞങ്ങളെ വിമലമാക്കുന്ന , ശാന്തരാക്കുന്ന , ഉന്നതസാന്നിധ്യമായി ടാഗോര്‍ ഞങ്ങള്‍ക്ക് ഉണ്ടായേ തീരൂ . പൊതു മണ്ഡലത്തിലാകട്ടെ വ്യക്തി ജീവിതത്തിലാകട്ടെ ബംഗാളിയുടെ ഉപബോധത്തിന്റെ ആഴതലത്തിലേക്ക് ടാഗോര്‍ ഊളിയിട്ടു .ഭയചികിതനായ ഒരു വ്യക്തിയുടെ ഏകാന്ത ജീവിതത്തിലേക്ക് തെളിമയുള്ള തെക്കന്‍ കാറ്റായും തെരുവുകളെ കലുഷമാക്കുന്ന പ്രതിഷേധങ്ങളില്‍ എരിപന്തമായും ടാഗോര്‍ നിലകൊള്ള്ളുന്നു. മുന്‍പൊരിക്കലുമില്ലാത്തവിധം യുവതലമുറ ടാഗോറിനെ വായിക്കുന്നു . ഇവിടെ നിന്നു ശ്രീനാരായണ ഗുരുവിലേക്ക് വരാം . മലയാള കവിതപോലും ഗുരുദേവനില്‍ പൂര്‍ണ്ണത കണ്ടിരുന്നു .
"അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം. "
എന്ന കവിത മലയാളത്തിലുണ്ടായിട്ടു ഇന്നേയ്ക്ക് ൧൧൩ കൊല്ലങ്ങളായി എന്നത് നമ്മെ ഞെട്ടിപ്പിക്കേണ്ടാതല്ലേ ? ജാതിയുടെ മേല്‍മുണ്ടൂരി മാറ്റിയാലേ മലയാളികള്‍ക്ക് നിഷ്പക്ഷമായി ഞെട്ടാന്‍ കഴിയൂ .
ടാഗോറിനെ പോലെ സര്‍വ ലൌകികന്‍ . ടാഗോറിനെക്കാള്‍ എത്രയോ ഉന്നത ശീര്‍ഷനായ ചിന്തകന്‍ .ഏതു അശാന്തരോഗിക്കും തെന്നലായി മാറുന്ന സാന്നിധ്യം . ഏതു നവോഥാന ശ്രമത്തിന്റെയും വിളക്കുമാടം . എല്ലാം ശരി . എന്നാല്‍ പുതിയ മലയാളിക്ക് ആരാണ് ശ്രീനാരായണ ഗുരു ? പൊതുവായി പറഞ്ഞാല്‍ മഹാനായ ഗുരു ; അടക്കം പറഞ്ഞാല്‍ സമുദായാചാര്യന്‍ !
അപ്പോഴാണ് ഞാന്‍ ബാസവതി ഘോഷിനോട് അപകടകരമായ ചോദ്യം ചോദിച്ചത് : " ഒരു പക്ഷെ ടാഗോര്‍ അബ്രാഹ്മണനായിരുന്നുവെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിനു കിട്ടുന്ന അംഗീകാരം കിട്ടുമായിരുന്നോ ".
ഇതായിരുന്നു ഉത്തരം :
" പ്രയാസമാണ് ഉത്തരം പറയാന്‍ . കാരണം , അതു കരുതികൂട്ടി ചോദിച്ചതാണ് . ബംഗാളി എഴുത്തുകാരെ നോക്കിയാല്‍ മൊത്തത്തില്‍ എല്ലാവരും ഉയര്‍ന്ന ജാതിക്കാര്‍ ആണെന്ന് കാണാം . പക്ഷെ നിങ്ങളുടെ ചോദ്യം ശരിയാണെങ്കില്‍ പേടിക്കാന്‍ കാരണമുണ്ട് . എന്നാല്‍ ടാഗോറിന്റെ കുടുംബം യാഥാസ്ഥിതികമായ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചവരാണ്. പീര്‍അലിഎന്ന മുസ്ലീം പേരില്‍ നിന്നുണ്ടായ പിറാലി ബ്രാഹ്മണരാണ് ടാഗോര്‍ കുടുംബം . മാത്രമല്ല ജാതിചിന്തയ്ക്കെതിരായ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ നെടും തൂണുകളില്‍ ഒന്നായിരുന്നു ടാഗോറിന്റെ അച്ഛന്‍ ".
എന്തിനുമുപരി സൌന്ദര്യാകൃഷ്ടനും, വികാരജീവിയും കവിയുമായിരുന്ന ടാഗോറിനെ അന്ഗീകരിക്കും പോലെ വൈരാഗിയായ , മിതഭാഷിയായ , വിചാരജീവിയായ ശ്രീനാരയണനെ ഒരു സമൂഹം സാംസ്കാരിക ചിഹ്നമാക്കുമോ എന്ന ചോദ്യം പ്രസക്തമാണ് . എങ്കിലും ബംഗാളിലെ ഗുരുദേവന്‍ അവിടുത്തെ സര്‍വ്വ ചുവരിലും ആദരിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ ഗുരുദേവന്‍ ചില ചുവരുകളില്‍ മാത്രമാകുന്നത് നമ്മുടെ ചുവരുകള്‍ ഇടുങ്ങിയതും , ഇരുട്ടിന്റെ ഇഷ്ടികകള്‍ കൊണ്ട് ഉണ്ടാക്കിയതുകൊണ്ടുമാണ് . എങ്കിലും ഒരു ചെറിയ സമുദായത്തിന് താങ്ങാവുന്നതല്ല ഒരു ലോക ഗുരുവിന്റെയും കാലാതീതമായ അര്‍ത്ഥവിതാനങ്ങള്‍ .
----------------
ഗുരുദേവ പാദങ്ങളില്‍ പ്രണാമങ്ങളോടെ --
ബിനു കേശവന്‍
0 comments:
Post a Comment