Tuesday, 6 November 2012

കേരള മണ്ണില്‍ ശ്രീ നാരായണഗുരുവിന്‍റെ രക്തരഹിത വിപ്ളവം

വിപ്ളവമെന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങളെ മാറ്റി എഴുതത്തക്ക രീതിയില്‍ നടക്കുന്ന സംഘടിതമായ ജനമുന്നേറ്റമാണ് എന്നാല്‍ ഇത്തരത്തിലുള്ള മുന്നേറ്റങ്ങളില്‍ മിക്കവയും രക്തം ചിന്തിയുള്ളവയായിരിക്കും. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഉടലെടുത്ത പല വിപ്ലവങ്ങളുടെയും ചരിത്രം എടുത്തു പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാകും .ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ വിപ്ളവം സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മാഗാന്ധി നയിച്ച സമരങ്ങളായിരുന്നു എന്നതില്‍ സംശയമില്ല . തികഞ്ഞ അഹിംസാവാദി ആയിരുന്ന ഗാന്ധിജിയുടെ സമരങ്ങള്‍ പോലും പലപ്പോഴും രക്തപങ്കിലമായിട്ടുണ്ട്, ഗാന്ധിജിയുടെ അറിവോടെയല്ലെങ്കില്‍ പോലും .

അവിടെയാണ് കേരള മണ്ണില്‍ ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിവച്ച സാമൂഹിക വിപ്ളവങ്ങളുടെ പ്രാധാന്യം നിലനില്‍ക്കുന്നത് . ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ദുഷ്പ്രവണതകള്‍ക്കും , സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരായി ഒരു വലിയ വിപ്ളവം തന്നെ ശ്രീ നാരായണ ഗുരുദേവന്‍ നയിച്ചു. ഒരു തുള്ളി രക്തം ചിന്താതെ ആ വിപ്ളവത്തെ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റെല്ലാ വിപ്ളവങ്ങളില്‍ നിന്നും ഗുരു തുടങ്ങിവച്ച വിപ്ളവത്തെ വ്യത്യസ്തമാക്കുന്നത് . 

സമൂഹത്തില്‍ എല്ലാ വിധ അവകാശങ്ങളുടെയും സംരക്ഷകര്‍ എന്ന് സ്വയം അവരോധിക്കപ്പെട്ട ഒരു ന്യൂനപക്ഷത്താല്‍ , ഭൂരിപക്ഷ ജനസഞ്ചയം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ ,ഈ സാമൂഹികതിന്മയെ ചെറുത്തുതോല്‍പ്പിച്ച് അടിച്ചമര്‍ത്തപ്പെട്ടവനില്‍ ആത്മബോധം വളര്‍ത്തി അവനെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി ഗുരുദേവന്‍ നടത്തിയ സാമൂഹിക വിപ്ളവം . ഗുരുവിന്‍റെ ഈ വിപ്ളവങ്ങളുടെ തുടക്കം 1888 ലെ ശിവരാത്രി നാളില്‍ നെയ്യാറ്റിന്‍കരയുടെ തീരത്ത്‌ അരുവിപ്പുറത്തുനിന്നായിരുന്നു . സവര്‍ണ്ണ മേധാവിത്വത്തിന്റെ കരാളഹസ്തങ്ങളാല്‍ സഗുണാരാധന നിഷിദ്ധമായിരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കായി ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് അന്നുവരെ നിലനിന്നിരുന്ന ആരാധന സമ്പ്രദായങ്ങളെ തിരുത്തിക്കുറിച്ചു ഗുരുദേവന്‍ . സവര്‍ണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഗുരുദേവന്‍ നടത്തിയ ഈ ശിലാകര്‍മ്മം യാഥാസ്ഥിക മനസ്സുകളെ ചൊടിപ്പിച്ചു . വെല്ലുവിളിയുമായി തന്‍റെ അടുത്തേക്കുവന്ന അവരെ " നാം പ്രതിഷ്ടിച്ചത് നമ്മുടെ ശിവനെയാണ് " എന്ന വാക്കുകള്‍ കൊണ്ട് അവരെ നിശബ്ദരാക്കി തിരിച്ചയക്കുവാന്‍ ആ പരമഗുരുവിനല്ലാതെ വേറെ ആര്‍ക്കാണ് കഴിയുക .?
എന്നാല്‍ ഇതേ കര്‍മ്മം ഇന്നാണ് നടക്കുന്നതെങ്കില്‍ എന്താകുമായിരിക്കും അവസ്ഥ ? സവര്‍ണ്ണനും , അവര്‍ണ്ണനും പരസ്പരം ഏറ്റുമുട്ടി , ആയിരങ്ങള്‍ മരിച്ചുവീഴുന്ന ഒരു യുദ്ധഭൂമിയായി മാറുമായിരുന്നില്ലേ കേരളം ? അവിടെയാണ് ശ്രീ നാരായണ ഗുരു എന്ന ഈശ്വരന്‍റെ മഹത്വം നമ്മള്‍ മനസ്സിലാകേണ്ടത് . ഗുരു എതിര്‍ത്തു തോല്‍പ്പിച്ചത് യാഥാസ്ഥിതികരെയല്ല മറിച്ച് യാഥാസ്തിതിക മനസ്സുകളെയാണ്. അതുകൊണ്ടുതന്നെയാണ് ഒരുതുള്ളി രക്തംപോലും വീഴാതെ തന്‍റെ ലക്ഷ്യപൂര്‍ത്തീകരണം സാധിക്കുവാന്‍ ഗുരുവിനു കഴിഞ്ഞത് . തന്‍റെ ലക്ഷ്യങ്ങളെ എതിര്‍ക്കുന്നവരോട് ഗുരു ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നില്ല . അവരെയൊക്കെ സൌമ്യമായ ഭാവത്തോടെ ഗുരു സ്വീകരിച്ചു . വിമര്‍ശനങ്ങള്‍ക്ക് തന്‍റെ ശൈലിയില്‍ ആരെയും വേദനിപ്പിക്കാതെ മറുപടി നല്‍കി . ഇപ്രകാരം ശത്രുവിനെപോലും മിത്രമാക്കി മാറ്റിയെടുത്ത് താന്‍ നയിക്കുന്ന വിപ്ളവത്തിന്‍റെ മൂര്‍ച്ചകൂട്ടുവാന്‍ ശ്രീ നാരായണ ഗുരുവിന് സാധിച്ചു . 

ഗുരുവിന്‍റെ അടുത്ത ശിഷ്യനായിരുന്ന സത്യവ്രത സ്വാമികളുടെ ജീവിതം തന്നെ ഇതിന്‍റെ സാക്ഷ്യപത്രമാണ്‌ . യാഥാസ്ഥിതിക നായര്‍ കുടുംബത്തില്‍ ജനിച്ച കുഞ്ഞുപിള്ള എന്ന സത്യവ്രത സ്വാമികള്‍ തികഞ്ഞ സവര്‍ണ്ണ ചിന്ത വച്ചുപുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു . ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങളെകുറിച്ച് കേട്ടറിഞ്ഞ കുഞ്ഞുപിള്ള ആ പരമഗുരുവിനെ വെല്ലുവിളിച്ചുകൊണ്ടാണ് ആ സന്നിധിയിലേക്ക് വന്നത് . എന്നാല്‍ ഗുരുവിനെ കണ്ടമാത്രയില്‍ തന്നെ കുഞ്ഞുപിള്ള ആ മഹത്മാവില്‍ ആകൃഷ്ടനാവുകയും , ഗുരുവിന്‍റെ വാക്കുകളില്‍ സത്യത്തെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്‍റെ അടുത്തഷിന്യായി സത്യവ്രതസ്വാമികള്‍ എന്ന പേരില്‍ ഗുരുവചനങ്ങളുടെ പ്രവാചകനായി മാറുകയും ചെയ്തു . അനവധി അധ:കൃതരെ തച്ചുകൊന്ന ആ കൈകള്‍ കൊണ്ട് അവിടുത്തെ പാദപൂജ ചെയ്യിച്ചു എന്നത് ശ്രീനാരായണ പരമ ഗുരുവിന് മാത്രം അവകാശപ്പെടാവുന്നതാണ് . 

ഇപ്രകാരം ശാന്തത കൈവിടാതെ എതിര്‍പ്പിന്റെ കൂര്‍ത്തമുനകളെ പൂവുപോലെ മൃദുവാക്കി, ശത്രുവിനെപ്പോലും തന്നിലേക്കടുപ്പിച്ചു , താന്‍ ചുവടുവച്ച ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഒരുതുള്ളി രക്തം പോലും വീഴിക്കാതെ ഫലപ്രാപ്തിയില്‍ എത്തിച്ചു എന്നത് ശ്രീ നാരായണ ഗുരുവിന് മാത്രം അവകാശപ്പെടാവുന്ന മഹത്വമാണ് . ആ മഹത്വം ഒന്ന് തന്നെയാണ് കേരള ചരിത്രമാകെ മാറ്റിമറിച്ച വ്പിളവ വീഥികള്‍ രക്തരഹിതമാകുന്നതിന്റെ രഹസ്യവും . ആ മഹത്വത്തെ അറിയുവാന്‍ നാം ഇനിയും വൈകി കൂടാ............

1 comments:

This comment has been removed by a blog administrator.

Post a Comment