ഒരു സമയത്ത് കേരളത്തെ ഗ്രസിച്ചിരുന്ന അത്യാചാരങ്ങള്‍ക്കെതിരെ മാറ്റത്തിന്റെ കാഹളം മുഴക്കി അന്ധകാര മനസുകളില്‍ സത്യത്തിന്റെ സാരാംശം വിതറി കേരളത്തിന് ഒരു പുതിയ വെളിച്ചം പകര്‍ന്ന പ്രകാശത്തി ന്റെ പ്രവാചകനായിരുന്നു നാരായണഗുരുദേവന്‍. കാലാകാലങ്ങളായി ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍, ജാതിയുടെയും മതത്തിന്റെയും പേരില്‍ വേരുറച്ച് പടര്‍ന്നു പന്തലിച്ച മഹാവിപത്തിനെതിരെ അദ്ദേഹം പോരാടി. അധഃസ്ഥിതരും അശരണരുമായവരുടെ വേദനയ്‌ക്ക് പരിഹാരം കാണുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം.
ഒരു വിഭാഗം ജനങ്ങളുടെ മൗലിക സ്വാതന്ത്ര്യത്തിനുമേല്‍, ജാതിമേല്‍ക്കോയ്‌മയുടെ മറവില്‍ അവകാശ ലംഘനം നടത്തിക്കൊണ്ടിരുന്ന കരാള ഹസ്‌തങ്ങളെ അദൈ്വതചിന്തയുടെ അകപ്പൊരിളിലൂടെ വേദാന്തമന്ത്ര ങ്ങള്‍കൊണ്ടും തികഞ്ഞ ആത്മവിശ്വാസംകൊണ്ടും സര്‍വ്വോപരി ഈശ്വരചൈതന്യം കൊണ്ടും അദ്ദേഹം എതിരിട്ടു. അന്ധമായ മനുഷ്യമനുസുകളില്‍ മാത്രമല്ല അദ്ദേഹം പ്രകാശം വിതറിയത്; മറിച്ച് കേരളത്തിന്റെ, ഭാരതത്തിന്റെ മുഴുവന്‍ അന്ധകാരവും അപകടകരവുമായ പാരമ്പര്യത്തിലും സംസ്‌ക്കാരത്തിലും വെളിച്ചം കടത്തിവിടാനാണ് അദ്ദേഹം ശ്രമിച്ചത്.
ശ്രീ നാരായണഗുരുസ്വാമികളുടെ പ്രതിഭ ഒരു ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അദ്ദേഹത്തെ വിഖ്യാതമായി അറിയുന്ന സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് എന്നതിനൊടൊപ്പം, മാനവികതയുടെ മഹാരഥന്‍, അനശ്വരനായ യോഗിവര്യന്‍, ബഹുഭാഷാപണ്ഡിതന്‍, വേദാന്തചിന്തകന്‍, അദൈ്വതചിന്തകന്‍, വിഖ്യാതനായ കവി, ചുരുക്കത്തില്‍ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ (1855-1926) അദ്ദേഹത്തെപ്പോലെ മറ്റൊരു വ്യക്തി കേരളത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നു മാത്രമല്ല, ഇന്നേവരെ കേരളം കണ്ട മഹാവ്യക്തികളില്‍ അഗ്രഗണ്ണ്യനായിരുന്നു ഗുരുസ്വാമികള്‍ എന്നാണ് എന്റെ അഭിപ്രായം. സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹ ത്തിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരു അമാനുഷിക പ്രഭാവപ്രവാഹം പ്രത്യക്ഷമായിരുന്നു.
ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തി രുന്ന കാലം. നരനു നരനെ അശുദ്ധവസ്‌തുവാക്കി, അടിമകളാക്കി അടക്കി വാണിരുന്ന വരേണ്യവര്‍ഗ്ഗത്തിന്റെ വിഹാരരംഗമായിരുന്നു കേരളം. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സുഖസംതൃപ്‌തിയ്‌ക്കുംവേണ്ടി എന്തും ചെയ്യാ മെന്ന അവസ്ഥ. താഴ്‌ന്നജാതിക്കാരെന്നു പറയുന്നവര്‍ക്ക് നടക്കാനും ഇരിക്കാനും നില്‍ക്കാനും, കഴിക്കാനും, പാര്‍ക്കാനും എല്ലാം പ്രത്യേകം ചട്ടങ്ങള്‍. അങ്ങനെ ഈശ്വരന്റെ പ്രത്യേക സൃഷ്ടിയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഒരു കൂട്ടര്‍ ഈശ്വരസൃഷ്ടിയായ സമസൃഷ്ടിയെ മാനുഷ്യകുലത്തിനു ചിന്തിക്കാന്‍പോലും കഴിയാത്തവിധം അധാര്‍മ്മികതയുടെ കരാളഹസ്‌തങ്ങളാല്‍ ഞെരിച്ചമര്‍ത്തിയിരുന്ന കാലം.
അറുതിയില്ലാത്ത ആഴക്കടല്‍പോലെയായിരുന്നു അന്നത്തെ ജനദ്രോഹങ്ങള്‍. ഡോ. പല്‍പ്പുവിനെ ഓര്‍ക്കുകയാണ്. അക്കാലത്തെ അതിക്രമങ്ങളുടെ ഒരു ബലിയാട്. വാസ്‌തവത്തില്‍ വിവേകാനന്ദ സ്വാമികള്‍ കേരളം സന്ദര്‍ശിക്കാനും കേരളത്തിലെ അത്യാചാരങ്ങള്‍ നേരിട്ടു മനസ്സിലാക്കാനും കഴിഞ്ഞത് ഡോ. പല്‍പ്പുവിന്റെ ഉപദേശത്തിലൂടെയാണ്. ആ സമയത്ത് പല്‍പ്പു ബാംഗ്ലൂരിലായിരുന്നു. അദ്ദേഹം നാടുവിട്ടത് സ്വന്തം നാടായ കേരളത്തില്‍ ജീവിക്കാനും പഠിക്കാനും കഴിയാഞ്ഞതുകൊണ്ടാണെല്ലോ. എന്ററന്‍സ് പരീക്ഷ പാസായിട്ടും ഈഴവ കുടുംബത്തില്‍ ജനിച്ചെന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹത്തിന് കേരളത്തില്‍ പഠിക്കാനുള്ള അവസരം നിഷേധിച്ചു. അതുകാരണത്താല്‍ പല്‍പ്പുവിന് മദ്രാസിലും തുടര്‍ന്ന് മൈസൂര്‍ ഗവണ്മെന്റിന്റെ സ്‌ക്കോളര്‍ഷിപ്പോടെ യൂറോപ്പിലും പഠനം തുടരേണ്ടിവന്നു. യൂറോപ്യന്‍ ബിരുദം ഉണ്ടായിട്ടുപോലും കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്നതിന് അദ്ദേഹത്തിനു വിലക്കേര്‍പ്പെടുത്തുകയാണു ചെയ്‌ത്.
വിവേകാനന്ദസ്വാമികള്‍, വിദേശത്തു പഠിച്ച ഡോ. പല്‍പ്പുവിനെക്കുറിച്ച് കേട്ടിരുന്നു. സ്വാമികള്‍ അമേരിക്കയ്‌ക്ക് പോകുന്നതിനു മുമ്പ് 1892-ല്‍ ബാംഗ്ലൂരില്‍വച്ച് ഡോ. പല്‍പ്പുവിനെ നേരിട്ടു കാണാനും പരിചയപ്പെടാനും അദ്ദേഹത്തോടൊപ്പം താമസിക്കാനും ഇടയായി. അവിടെവച്ച് പല്‍പ്പു കേരളത്തിലെ ബീഭത്സമായ അവസ്ഥയെക്കുറിച്ചു സ്വാമികള്‍ക്ക് വിവരിച്ചുകൊടുത്തു. തുടര്‍ന്ന് സ്വാമികള്‍ മൈസൂര്‍ ദിവാന്റെ സഹായത്തോടെ കേരളത്തിലേക്ക് യാത്ര തിരിച്ചു. അദ്ദേഹം ചട്ടമ്പി സ്വാമികളില്‍നിന്നും ശ്രീ നാരായണ ഗുരുവില്‍നിന്നും കേളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന, മനുഷ്യമനസ്സിനെ ഞെട്ടിപ്പിക്കുന്ന സാമൂദായിക വ്യവസ്ഥിതിയെക്കുറിച്ച് കൂടുതല്‍ അറിയുകയും നേരിട്ട് മനസ്സിലാക്കുകയും ചെയ്‌തു. സ്വാമികള്‍ 1892-ഡിസംബര്‍ 24-ന് കന്യാകുമാരിയില്‍ എത്തി. കേരളത്തെക്കുറിച്ച് ശരിക്കും മനസ്സിലാക്കിയ സ്വാമികള്‍ പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കേരളം ശരിയ്‌ക്കും ഒരു ഭ്രാന്താലയമാണെന്ന് അസന്ദിഗ്‌ദ്ധമായി പ്രസ്‌താവിക്കുകയും ചെയ്‌തു.
അങ്ങനെ സാമൂദായിക-സാംസ്‌ക്കാരിക വ്യവസ്ഥിതിയില്‍ സമൂലം രൂഡമൂലമായിരുന്ന അനാചാരങ്ങളും അത്യാചാരങ്ങളും കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളമായിരുന്നു നാരായണഗുരുസ്വാമികള്‍ക്കു മുമ്പില്‍. ഒപ്പം അധികാരത്തിന്റെ കിരീടവും ചെങ്കോലുമേന്തിയ വരേണ്യവര്‍ഗ്ഗത്തിന്റെ കൊടും ഭീകരപ്രവര്‍ത്തനങ്ങളും. അവിടെ `നിങ്ങളില്‍നിന്നുതന്നെ ഒരു നേതാവുണ്ടാകുക' എന്ന് വിവേകാന്ദ സ്വാമികള്‍ ഡോ. പല്‍പ്പുവിനുകൊടുത്ത ഉപദേശം ശ്രീ നാരായണഗുരുസ്വാമികളിലൂടെ, അന്വര്‍ത്ഥമാകുകയായിരുന്നു.
സമൂഹത്തില്‍ സന്നിവേശിച്ചിരുന്ന തിക്താനുഭവങ്ങളുടെ മുള്‍മുനയിലൂടെയാണ് ഗുരുസ്വാമികള്‍ക്കു ചുവടുകള്‍ വയ്‌ക്കേണ്ടിവന്നത്. അത്തരം അനുഭവങ്ങള്‍ മദിച്ച ബോധമനസ്സിന്റെ ചിന്തകള്‍ അധഃസ്ഥിത വര്‍ഗ്ഗത്ത ിന്റെ മോചനത്തിനുള്ള മൂര്‍ച്ചയേറിയ ആയുധങ്ങളാക്കി. ദര്‍ശനങ്ങളും മതപ്രബോധനങ്ങളും മനുഷ്യന്റെ പൊതു വായ ഉയര്‍ച്ചയ്‌ക്കുവേണ്ടി ആയിരിക്കണം; വ്യക്തിയുടെ അറിവും ആത്മബോധവും വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ മൗലീക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയുകയുള്ളു; ആധ്യാത്മികതയും ഭൗതികതയും പരസ്‌പര പൂരകങ്ങളാ ണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളെ മനസ്സിലാക്കിച്ച് അതിലൂടെ ജീവിത നിലവാരം ഉയര്‍ത്തെണം. ഇത്തരത്തിലുള്ള ഉള്‍ക്കാഴ്‌ചകള്‍ അദ്ദഹത്തെ നയിച്ചു. `വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക' എന്ന സിദ്ധാന്തം ജനങ്ങളിലെത്തിക്കണം. അങ്ങനെ ബഹുമുഖമായ ആശയങ്ങളിലൂടെ അദ്ദേഹം മുന്നേറി.
ഗുരുദേവന്റെ ധിഷണശക്തിയ്‌ക്കും മനോധൈര്യത്തിനും മുമ്പില്‍ വരേണ്യവര്‍ഗ്ഗത്തിന്റെ കിരീടവും ചെങ്കോലും നിഷ്‌പ്രഭമാകാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ആത്മജ്ഞാനത്തിനും ജ്ഞാനമാര്‍ഗ്ഗത്തിനും മുമ്പില്‍ ആഢ്യബ്രാമണര്‍ക്കുപോലും മുട്ടുമടക്കേണ്ടിവന്ന നൂറുനൂറ് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈഴവര്‍ക്ക് ക്ഷേത്ര പ്രതിഷ്‌ഠ വിലക്കിയിരുന്ന കാലത്ത് ഈഴവനായ ശ്രീ നാരായണഗുരു, ഈഴവരുടെ ആരാധനയ്‌ക്കുവേണ്ടി ക്ഷേത്ര ങ്ങള്‍ പ്രതിഷ്‌ഠിച്ചു. അതിനെ ചോദ്യംചെയ്‌ത ബ്രാഹ്മണമേധാവിത്വത്തിന് അദ്ദേഹം മറുപടികൊടുത്തു `നാം ഈഴവശിവനെയാണ് പ്രതിഷ്‌ഠിച്ചത് ബ്രാഹ്മണശിവനെയല്ല.' അങ്ങനെ അദ്ദേഹം അവരുടെ വായടപ്പിച്ചു. അതു പോലെ ഈഴവരുടെ ഇടയില്‍ നിലനിന്ന മിക്ക വ്യര്‍ത്ഥാചാരങ്ങളും അദ്ദേഹം നിര്‍ത്തലാക്കി.
ഈ ഭാഗത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ബൈബിളില്‍ യേശുക്രിസ്‌തു യഹൂദാപ്രമാണികളോടു പറഞ്ഞ ഒരു ഭാഗം ഞാന്‍ ഓര്‍ത്തുപോകയാണ്. ഒരിക്കല്‍ വ്യാഭിചാരക്കുറ്റത്തിന് പിടിക്കപ്പെട്ട ഒരൂ സ്‌ത്രീയെ നിയമഞ്‌ജരും യെഹൂദാപുരോഹിതരും ചേര്‍ന്ന് ഒരുകൂട്ടം ആളുകളോടൊപ്പം യേശുവിന്റെ അടുക്കല്‍ കൊണ്ടുചെന്നു. അവര്‍ യേശുവിനോടു പറഞ്ഞു ഇവളെ കല്ലെറിഞ്ഞു കൊല്ലാനാണ് നിയമം. നീ എന്തുപറയുന്നു? അങ്ങനെ ചെയ്യാന്‍ പറഞ്ഞാല്‍ പാപികളെ രക്ഷിക്കാന്‍ പഠിപ്പിക്കുന്ന യേശുവിന്റെ പ്രബോധനത്തിന് എതിരാണ്. മറിച്ചാണെങ്കില്‍ നിയമ ലംഘനവും. നിയമ ലംഘനമായാല്‍ യേശുവിനെ കുറ്റക്കാരനായി പിടിക്കുകയും ചെയ്യാം. ഇതായിരുന്നു അവരുടെ ഉദ്ദേശ്യം. യേശു മൗനം ഭജിച്ചു. അവര്‍ ചോദ്യം തുടര്‍ന്നു. കുറെനേരത്തെ മൗനത്തിനുശേഷം യേശു പറഞ്ഞു `നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.' അവളെ കല്ലെറിയാന്‍ കനത്ത കല്ലുകളും കയ്യിലേന്തി കടന്നുവന്ന കാപാലികര്‍ കല്ലുംകളഞ്ഞ് കടന്നുപോയി. അന്ന് യേശുക്രിസ്‌തു പറഞ്ഞതുപോലെയുള്ള മറുപടിയാണ് ഇവിടെ ഗുരുദേവനില്‍നിന്നും ഉണ്ടായതെന്നാണ് എനിക്കു തോന്നുന്നത്. ഈശ്വരചൈതന്യം ലഭിക്കാ ത്ത ഏതൊരു വ്യക്തിയ്‌ക്കും ഇതുപോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യാനൊ അതുപോലെ മറുപടി പറയാനൊ കഴിയുകയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഗുരുദേവന്റെ സാഹിത്യ സംഭാവനികളിലേക്ക് ഒരു ഓട്ടപ്രദിക്ഷണമെങ്കിലും നടത്താതെ ഈ ചെറിയ ലേഖനം അവസാനിപ്പിക്കുന്നത് അനുചിതമാണെന്ന് ഞാന്‍ കരുതുന്നു. ഗുരുവിന്റെ അദൈ്വത-വേദാന്തചിന്തകളും പ്രബോധനങ്ങളുമാണ് അദ്ദഹത്തിന്റെ രചനകളില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. നാടിനെക്കുറിച്ച് അദ്ദേഹത്തി ന്റെ കാഴ്‌ചപ്പാടു ശ്രദ്ധിക്കാം.
`ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്'
ഇതായിരുന്നു അദ്ദേഹത്തിന്റെ മതവും പ്രവര്‍ത്തന മണ്ഡലവും.
ഗുരുദേവന്‍ ഒരു ബഹുഭാഷാപണ്ഡിതനും വിഖ്യാതനായ എഴുത്തുകാരനുമായിരുന്നു. അദ്ദഹം എഴുതാന്‍വേണ്ടി എഴുതുകയായിരുന്നില്ല. ദര്‍ശനങ്ങളുടെ സമ്പുടമാണ് അദ്ദേഹത്തിന്റെ കൃതികള്‍. എല്ലാ ചിന്തയും ദര്‍ശനങ്ങളും പ്രവര്‍ത്തികളും മതസിദ്ധാന്തങ്ങളും മനുഷ്യനില്‍ നന്മ വളര്‍ത്താനുള്ള ഉപാധിയാകണമെന്ന് അദ്ദേഹ ത്തിന് നിഷ്‌ക്കര്‍ഷയുണ്ടായിരുന്നു. മനുഷ്യന് മാറ്റമുണ്ടാകണമെങ്കില്‍ സമൂഹത്തിനു മാറ്റമുണ്ടാകണം. അതിന് സമൂഹത്തെ മുഴുവന്‍ ഉദ്ധരിക്കാനുള്ള പ്രബോധനങ്ങള്‍ ഉണ്ടാകണം. അങ്ങനെ വേദാന്തചിന്തകള്‍ നവീന മാനവി കതയുമായി ബന്ധപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു.
കാലത്തിന്റെ കപടതയും അതിലേക്കാവശ്യമായ ജ്ഞാനോദയത്തിന്റെ അനിവാര്യതയും മനസ്സിലാക്കയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. കാലത്തിന്റെ കപടതയില്‍ പിടയുന്ന അധഃകൃതരും അശരണരുമായ മനുഷ്യജന്മങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. അങ്ങനെ കര്‍മ്മയോഗിയായ ഒരു അന്വേഷകനെപ്പോലെ അദ്ദേഹ ത്തിന്റെ ദൃഷ്ടികള്‍ മാനവികതയുടെ നാനാമുഖങ്ങളില്‍ ചെന്നുടക്കി. തന്റെ പ്രായോഗിക ലക്ഷ്യങ്ങള്‍ അക്കാലത്തും പില്‍ക്കാലത്തും ജനങ്ങളില്‍ എത്തിക്കാന്‍ കവിത ഏറെ സഹായിക്കുമെന്ന് ക്രാന്തദര്‍ശിയായ ഗുരുദേവന്‍ മനസ്സിലാക്കി. ആ ദര്‍ശനത്തിലൂടെയാണ് അദ്ദേഹത്തിന്റെ മിക്ക രചനകളും ഇതള്‍ വിരിഞ്ഞിട്ടുള്ളത്.
മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലും, തമിഴിലും സംസ്‌കൃതത്തില്‍നിന്നുള്ള പരിഭാഷയുമായി 35-ലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതില്‍ സംസ്‌കൃതത്തില്‍ രചിച്ചിട്ടുള്ള `ദര്‍ശനമാല' ഏറ്റവും ഉല്‍ക്കൃ ഷ്ടമായി വിരാചിക്കുന്നു. ഇവിടെ വേദാന്തശാസ്‌ത്രത്തെ പത്ത് ദര്‍ശനങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയിരിക്കുക യാണ്. ഓരോ ദര്‍ശനത്തിലും പത്തുവീതം പദ്യങ്ങളിലൂടെ വേദാന്തശാസ്‌ത്രം മുഴുവന്‍ ഈ മഹാഗുരു മാനവിക തയ്‌ക്ക് പകര്‍ന്നുകൊടുത്തിരിക്കുകയാണ്. വാസ്‌തവത്തില്‍ ഓരോ പദ്യങ്ങളും ഓരോ സൂക്തങ്ങളാണ്. വിസ്‌താര ഭയത്താല്‍ അതില്‍ ഒരു സൂക്തം മാത്രം ഇവിടെ ഉദ്ധരിക്കാം. ജ്ഞാനദര്‍ശനത്തിലെ മൂന്നാം സൂക്തം:
`അനാത്മനാമഹങ്കാരാ-
ദീനാം യേനാനുഭൂയതേ
സാക്ഷീ തദാത്മജ്ഞാനം സ്യാ-
ദ്യേനൈവാമ്യതമശ്യതേ.'
(`ആത്മാവല്ലാത്ത ജഡരൂപങ്ങളായ അഹങ്കാരാദി ദൃശ്യങ്ങളെ നിര്‍വികാരമായ സാക്ഷിരൂപത്തില്‍ പ്രകാശി ച്ചുനില്‍ക്കുന്ന സത്യത്തെ കാട്ടിത്തരുന്ന ജ്ഞാനമാണ് ആത്മജ്ഞാനം. ഈ ആത്മജ്ഞാനത്തോടെ അമൃതത്വം കൈവരുന്നു'.)
ഭാരതീയ ദര്‍ശനങ്ങളുടെ സാക്ഷാത്‌ക്കാരം, സമൂഹത്തിലെ വര്‍ഗ്ഗ-വര്‍ണ്ണവിവേചനവും മറ്റു കെടുതികളും ഇല്ലായ്‌മ ചെയ്‌തുകൊണ്ട് സമൂഹത്തിന്റെ സമഗ്രവികസനത്തിലൂടെയാകണമെന്നായിരുന്നു ഗുരുദേവന്റെ കാഴ്‌ച പ്പാട്. അദ്ദേഹത്തിന്റെ ഏകമതദര്‍ശനം അത്തരത്തിലുള്ള സാമൂഹിക വീക്ഷണത്തിന്റെയും അദൈ്വത ദര്‍ശനത്തി ന്റെയും ഭാഗമാണ്. അദ്ദേഹത്തിന്റെ `ആത്മോപദേശ ശതകം' എന്ന കാവ്യത്തില്‍ അത്തരത്തിലുള്ള വരികള്‍ നമുക്ക് കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ആദര്‍ശസിദ്ധാന്തശ്ലോകം നമുക്കിവിടെ ശ്രദ്ധിക്കാം:
`ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനി ഓരാകാരം ഭേദവുമില്ലിതില്‍.'
കേരളത്തിന്റെ നവോത്ഥാന ശില്‍പികളില്‍ പ്രമുഖനായിരുന്നു ശ്രീ നാരായണഗുരുസ്വാമകള്‍.
മണ്ണിക്കരോട്ട് (www.mannickarottu.net)
0 comments:
Post a Comment