SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday, 29 November 2012

ഗുരു വചനം “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”



മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്‌. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിയി  രുന്ന കാലം. സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം. 
വിദേശസംസ്‌കാരത്തിന്‍റെയും, സ്വസംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. 
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.



ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍

[മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.]

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

[മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.]

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?

[ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?]

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍

[പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.]

ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

[വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]

മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.

 “ മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന

എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്....

മനുഷ്യനിലെ മനുഷ്യത്വത്തെ തൊട്ടുണര്‍ത്താനും അറിവാണു യഥാര്‍ഥ വെളിച്ചവും ശക്തിയുമെന്ന് അവനു പറഞ്ഞുകൊടുക്കാനും പ്രപഞ്ചം മുഴുവന്‍ തുടിച്ചുനില്‍ക്കുന്ന ഒരു ചൈതന്യത്തിന്‍റെ അവകാശിയും ഭാഗവുമാണ് താനെന്നു മനുഷ്യനെ ബോധ്യപ്പെടുത്താനുമാണ് ശ്രീനാരായണ ഗുരുദേവന്‍ തന്‍റെ ജീവിതം മാറ്റിവച്ചത്.



Wednesday, 28 November 2012

ഓംകാരേശ്വരം പഠിപ്പിച്ച ഗുരുപാഠങ്ങൾ - സജീവ് കൃഷ്ണൻ


ഉല്ലലഓംകാരേശ്വരം ക്ഷേത്രമുറ്റത്തെ ആൽമരത്തിന്റെ തണലേറ്റ് നിൽക്കുമ്പോൾ ഒരു സംശയം മനസിൽ ഉദിച്ചു. എന്തുകൊണ്ടാണ് നമ്മൾ ആൽമരത്തെ വൃക്ഷശ്രേഷ്ഠനായി കരുതുന്നത്?

ഉത്തരങ്ങൾപലതും മനസിലേക്ക് വന്നു. എന്നാൽ അതുകൊണ്ടൊന്നും സംശയത്തിന് അറുതിവന്നില്ല. അന്തരീക്ഷത്തിലേക്ക് സർവേശ്വരനെ നമിക്കുവാനെന്നവണ്ണം നീട്ടി നിൽക്കുന്ന സഹസ്രഹസ്തങ്ങളിൽനിന്ന് താഴേക്ക് നീണ്ടുവന്ന വേരുകൾ ആ സംശയത്തിന് ഉത്തരം നൽകി.

വളർന്നുപന്തലിക്കുമ്പോഴും തന്നെ ഉറപ്പിച്ച് താങ്ങിനിറുത്തുന്ന ഈ ഭൂമിയെ തൊട്ടുനമസ്കരിക്കാൻ ഓരോ ശിഖരങ്ങൾ വഴിയും വേരുകൾ താഴേക്കിടുന്ന അപൂർവവൃക്ഷമാണ് ആൽമരം. അതാണ് അതിന്റെ മഹത്വവും.

ഉപജീവനമാർഗംതേടി ലോകമാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന മലയാളി സമൂഹത്തിലെ ഒരു പറ്റം യുവാക്കൾ തങ്ങളുടെ തായ് വൃക്ഷത്തിന്റെ വേരുകൾ പടർന്നുനിൽക്കുന്ന ഭൂമിയെ തൊട്ടുനമിക്കാൻ ഒത്തുചേർന്ന അവസരത്തിന് സാക്ഷ്യംവഹിക്കാനായിരുന്നു കഴിഞ്ഞ ദിവസം ഓംകാരേശ്വരത്ത് എത്തിയത്. മാനവസമൂഹത്തെ ഈ ഭൂമിയിൽ ഈശ്വരന്റെ ശ്രേഷ്ഠങ്ങളായ സൃഷ്ടികളായി നിലനിറുത്തുന്ന ഗുണം സ്വന്തം വേരുകൾ മറക്കാതിരിക്കുകയെന്നതാണെന്ന് ആ വൃക്ഷമുത്തച്ഛൻ പഠിച്ചിച്ചുതരുംപോലെ തോന്നി.

അനുദിനംരാജ്യദ്രോഹപ്രവർത്തനങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന അതേ സോഷ്യൽ നെറ്റ് വർക്ക് ഗുരുനാമത്തിൽ ഒന്നിപ്പിച്ചവരാണ് അവിടെ സംഗമിച്ചത്. അവർ തങ്ങളുടെ സൗഹൃദശൃംഖലകൾ വഴി ലോക സമാധാനത്തിന്റെ സിദ്ധൗഷധമായ ഗുരുദർശനത്തെ പ്രചരിപ്പിക്കുന്നു. ഫേസ്ബുക്കുകൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങൾ ഉണ്ടെന്ന് ലോകം ഇവിടെ തിരിച്ചറിയുകയാണ്. 'ശ്രീനാരായണഗുരു, ഗുരുസ്മൃതി, ജഗത്ഗുരു ശ്രീനാരായണഗുരുദേവൻ' എന്നിങ്ങനെ നൂറുകണക്കിന് യുവാക്കളും മദ്ധ്യവയസ്കരും കാരണവന്മാരും ഒന്നിക്കുന്ന ഒട്ടേറെ ഗ്രൂപ്പുകൾ ഇന്ന് ഫേസ്ബുക്കിലുണ്ട്. അതിലൊന്നായ ശ്രീനാരായണഗുരു ഗ്രൂപ്പാണ് കഴിഞ്ഞദിവസം ഉല്ലല ഓംകാരേശ്വരത്ത്സമ്മേളിച്ചത്.

ഈ സംഗമം ഉല്ലലയിൽ സംഭവിച്ചതിനുപിന്നിലെ ചരിത്രപരമായ നിയോഗമെന്തെന്ന് ഉള്ളുകൊണ്ട് അപ്പോഴെല്ലാം തൃപ്പാദങ്ങളോട് ചോദിച്ചുകൊണ്ടേയിരുന്നു.
മനസ്അപ്പോൾ വർഷങ്ങൾക്കുമുമ്പുളള ആ പ്രതിഷ്ഠാ മുഹൂർത്തത്തിലേക്ക് സഞ്ചരിച്ചു. ഉല്ലലയിൽ 'ഓം' എന്നെഴുതിയ കണ്ണാടി പ്രതിഷ്ഠിച്ച് നിവരുമ്പോഴായിരുന്നു തൃപ്പാദങ്ങൾക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടത്.

വിശ്വമാനവസംസ്കാരത്തിന്റെ അടിവേര് ശുദ്ധമാക്കുന്ന പ്രക്രിയയ്ക്ക് 1888ൽ അരുവിപ്പുറത്ത് തുടക്കംകുറിക്കുമ്പോൾ തൃപ്പാദങ്ങൾ ഉളളുനൊന്ത് കരഞ്ഞിരുന്നു. ആ കണ്ണീരിൽകുതിർന്ന് ഒലിച്ചുപോയി അന്നുവരെയുള്ള മാനവവംശത്തിന്റെ ചോരപുരണ്ട പുരാവൃത്തങ്ങൾ. അവിടം മുതൽക്ക് പുതിയൊരു ലോകക്രമം തന്നെ സൃഷ്ടിക്കുകയായിരുന്നു ഗുരുദേവൻ. അവനവനിൽ തന്നെയുളള ഈശ്വരസ്വരൂപത്തെ ദർശിച്ച് സമത്വദർശനത്തിലെത്താൻ ഗുരുദേവൻ ഒടുവിൽ കണ്ണാടി പ്രതിഷ്ഠിച്ചു. ആദ്യം കളവംകോടത്ത്. അവസാനത്തേത് ഓംകാരേശ്വരത്തും. അപ്പോഴേക്കും ലോകത്തിന്റെ സകലദോഷങ്ങളും ഉള്ളാലേ സ്വീകരിച്ച് പവിത്രമാക്കാൻ ഉപയോഗിച്ച ആ ശരീരം രോഗഗ്രസ്ഥമായിക്കഴിഞ്ഞിരുന്നു. അതിന്റെ പുറപ്പാടറിഞ്ഞ് തൃപ്പാദങ്ങൾ ക്ഷേത്രമുറ്റം വിട്ടിറങ്ങി. ഗുരു തന്റെ പ്രതിഷ്ഠാവിപ്ളവത്തിന് ശാന്തിമന്ത്രംചൊല്ലി പടിയിറങ്ങിയ പുണ്യസങ്കേതത്തിൽനിന്നുകൊണ്ട് പുതിയ തലമുറക്കാർക്ക് ആ ദർശന ദ്വിഗ് വിജയത്തിന് തുടക്കമിടാൻ കഴിയുക എന്നതായിരുന്നു ആ ഇന്റർനെറ്റ് സംഗമത്തിലെ ഗുരുനിയോഗം. അത് ഹൃദയവിശുദ്ധിയോടെ നിർവഹിക്കാൻ അവർക്ക് കഴിയട്ടെ എന്നാണ് ലോക ശ്രീനാരായണഭക്ത സമൂഹം പ്രാർത്ഥിക്കുന്നത്.

ഒരുസൗഹൃദസംഭാഷണത്തിനിടെ പണ്ടൊരിക്കൽ സുകുമാർ അഴീക്കോട് സാർ പറഞ്ഞകാര്യം ഓർത്തുപോകുന്നു. ഒരാൾ നമ്മോട് കൊതുകിനെ വരയ്ക്കാൻ പറഞ്ഞാൽ നമ്മൾ കടലാസിൽ കൊതികിനേക്കാൾ വലിപ്പമുള്ള ഒരു കൊതുകിനെ വരയ്ക്കും. കാരണം കൊതുകിന്റെ അതേ വലിപ്പത്തിൽ വരച്ചാൽ അതാർക്കും വ്യക്തമായി കാണാൻ സാധിക്കില്ല. എന്നാൽ ആനയെ വരയ്ക്കാനാണ് പറയുന്നതെങ്കിൽ ആനയുടെ അതേ വലിപ്പത്തിൽ കടലാസിൽ വരയ്ക്കാൻ സാധ്യമല്ല. അതിനാൽ ചെറുതാക്കി വരയ്ക്കും. ശ്രീനാരായണഗുരുദേവ ധർമ്മപ്രചാരണത്തിനായി നമ്മൾ നിലവിൽ നടത്തുന്ന ശ്രമങ്ങൾ ആനയെ നോട്ടുബുക്കിന്റെ കടലാസിൽ ചെറുതാക്കി വരയ്ക്കുന്നതിന് തുല്യമാണ്. ചുറ്റിനും കണ്ണോടിച്ചാൽ കൊതുകുകളെ വലിപ്പംകൂട്ടിവരച്ചുവച്ച് ഇതാണ് മഹാസംഭവം എന്നു പ്രചരിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും കാണാം. സാഹചര്യങ്ങളുടെ പരിമിതിയും ഭാഷാപരിമിതിയും ജാതിചിന്തയുമാണ് നമ്മുടെ ഗുരുപ്രസ്ഥാനങ്ങളെ ചെറിയ കാൻവാസുകളിൽ ഒതുക്കിനിറുത്തുന്നത്. എന്നാൽ ഇന്റർനെറ്റ് എന്ന ഭീമൻ ശൃംഖലയ്ക്ക് അതിരുകളില്ല. ദേശ, വർഗ, വർണഭേദത്തിന്റെ അതിർത്തിക്കല്ലുകളില്ല. ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഈ മാധ്യമത്തിലൂടെ ഗുരുവിന്റെ വിശ്വമാനവദർശനത്തെ പ്രചരിപ്പിക്കാൻ സാധിക്കും എന്നതാണ് ഇന്റർനെറ്റ് കൂട്ടായ്മയിലൂടെ ശ്രീനാരായണസമൂഹം ഇന്ന് സ്വപ്നം കാണുന്നത്.

രണ്ട്വർഷംമുമ്പ് ശ്രീനാരായണഗുരുവിന്റെ സന്യാസി ശിഷ്യരുടെ ജീവിതം വിവരിക്കുന്ന 'ജ്ഞാനസൂര്യന്റെ ധർമ്മരശ്മികൾ' എന്ന പുസ്തകം എഴുതിയിട്ട് അഭിപ്രായം ആരാഞ്ഞപ്പോൾ ഗുരു മുനി നാരായണപ്രസാദ് ഒരു കാര്യം പറഞ്ഞു. മലയാളത്തിൽ മാത്രം ഗുരുവിനെക്കുറിച്ച് പുസ്തകങ്ങൾ വന്നിട്ട് അധികം പ്രയോജനമില്ല. മലയാളിക്ക് സായിപ്പു പറഞ്ഞാലേ സ്വന്തം പിതാവിനെക്കുറിച്ചുപോലും നല്ല അഭിപ്രായം തോന്നൂ. അതിനാൽ ഇംഗ്ളീഷ് അടക്കമുള്ള മറുഭാഷകളിലാവട്ടെ ഇനിയുളള ധർമ്മപ്രചാരണം എന്ന്. ഗുരുദേവകൃതികളും ഗുരുചരിതവുമെല്ലാം മറുഭാഷകളിൽ നിലവിലുണ്ട്. നടരാജഗുരുവിനെപ്പോലുളള പ്രതിഭകൾ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുമുണ്ട്. അതൊന്നും അത്രകണ്ട് പ്രചാരത്തിൽ വരുന്നില്ല എന്ന കുറവ് നികത്തപ്പെടേണ്ടതാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ ഗുരുപ്രസ്ഥാനവുമായും അല്ലാതെയും നിലകൊള്ളുന്ന മലയാളികൾക്ക് ഈ ദൗത്യം ഏറ്റെടുക്കാവുന്നതാണ്. താൻ ജീവിക്കുന്ന പ്രദേശത്തെ ഭാഷയിലേക്ക് അവിടത്തുകാരുടെ സൗഹൃദം ഉപയോഗിച്ചുകൊണ്ട് ഗുരുകൃതികളുടെ വ്യാഖ്യാനങ്ങളും ഗുരുചരിത്രവും പരിഭാഷപ്പെടുത്താം. അവരെ സ്വാധീനിക്കാവുന്ന വ്യക്തിത്വങ്ങളെ കണ്ടെത്തി പ്രചാരകരാക്കാം. ലോകം ഗുരുവിനെ അടുത്തറിയാനും ആ ദർശനഗരിമ കണ്ടുവണങ്ങാനും ഇടയാകുന്ന നാളെയെക്കുറിച്ച് സ്വപ്നംകണ്ടുകൊണ്ട് ലോകസമാധാനത്തെ ലക്ഷ്യംവച്ചുകൊണ്ടു വേണം ഈ ധർമ്മം നിർവഹിക്കാൻ. കേരളത്തിന്റെ ഒരുകോണിൽ വന്ന് ജനിച്ച് തൃപ്പാദങ്ങൾ നമുക്ക് നൽകിയിട്ടുപോയ ആ ജ്ഞാനപ്പൊൻപാത്രം അഴുക്കുപിടിച്ച് കിടക്കുന്നതുകണ്ട് സ്വസ്ഥതയോടെ ജീവിക്കാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് തെറ്റാണ്.

ഗുരുദേവനെക്കുറിച്ച്അറിവുതേടൽ ജീവിതവ്രതമാക്കിയ ലാറ്റ്വിയക്കാരനായ മാറിസ് സ്വേൺസ് എന്ന യുവാവ് ഗുരുജീവിതത്തെ സംബന്ധിച്ച് സംശയങ്ങളും ചോദിച്ച് ഇടയ്ക്കിടെ ഫേസ്ബുക്കിൽ ചാറ്റിംഗിനെത്തുമ്പോൾ ഒരു കാര്യം വ്യക്തമാകാറുണ്ട്; നമ്മൾ പ്രചരിപ്പിക്കാതെതന്നെ ഗുരുദർശനം ലോകത്ത് അതിന്റെ ധർമ്മം നിറവേറ്റുന്നുണ്ട്. പ്രചാരകരാകുന്നതിലൂടെ അതിന്റെ പുണ്യം ഈ ജന്മം നേടാമെന്നതാണ് നമുക്ക് അനുവദിക്കപ്പെട്ട ഗുരുനിയോഗം.

Tuesday, 27 November 2012

ധ്യാനം


മനസ്സിനെ സത്താകുന്ന ധനത്തിലെത്തിക്കുന്ന മഹത്തായ വിദ്യയാണ് ധ്യാനം. ധ്യാനരീതികളില്‍ ഏറ്റവും ശ്രേഷ്ഠവും പൂര്‍ണ്ണവുമാണ് അമാസനാ ധ്യാനം. ആത്മാവിനെ ശുദ്ധീകരിച്ച് ആത്മാവിന്‍റെ അടിത്തട്ടിലെക്കുള്ള യാത്രയാണ് അമാസനാ ധ്യാനം.

ആത്മാവിനെ കുറിച്ച് മിക്കവര്‍ക്കും വ്യക്തമായ ധാരണയില്ല. ഓരോ ആത്മാവും താന്‍ ആരാണ് എന്നതിനെ കുറിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട് . അത് ബോധപൂ
ര്‍വ്വമോ അബോധപൂര്‍വ്വമോ ആകാം. എന്നാല്‍ പലരും ആ അന്വേഷണം തിരിച്ചറിയുന്നില്ല. അവര്‍ ബാഹ്യവും ഭൗതികവുമായ അന്വേഷണം നടത്തുന്നു. കസ്തൂരി മാനിനെപ്പോലെ തന്‍റെ ഉള്ളിലെ കസ്തൂരിയെ പുറത്ത് അന്വേഷിച്ചു പോക്കുന്നു. താന്‍ അന്വേഷിക്കുന്ന പരമമായ സത്യം തന്‍റെ ഉള്ളിലാന്നെന്ന തിരിച്ചറിവാണ് ശരിയായ ധ്യാനത്തിലെത്താന്‍ ഓരോ വ്യക്തിക്കും ആവശ്യം.

പരമാത്മാവില്‍ നിന്നു സൃഷ്ടിക്കപ്പെട്ട പൂര്‍ണ്ണമായ ജീവംശമാണ് ജീവാത്മാവ്. ആത്മാവ് ജന്മങ്ങള്‍ സ്വീകരിച്ച യാത്രചെയുമ്പോള്‍ ഉണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളെ സംസ്കാരങ്ങളായി സ്വീകരിക്കുന്നു. ഇങ്ങനെ ആത്മാവ് സ്വീകരിച്ച സംസ്കാരങ്ങളാണ് മനസ്സായി രൂപപെട്ടിരിക്കുന്നത്. മനസ്സിനെ ശുദ്ധമാക്കുന്ന മഹത്തായ വിദ്യയാണ് ധ്യാനം."ALL ARE IN , ALL ARE ONE , ALL ARE EQUAL " എന്ന സത്യത്തിലേക്ക് പൂര്‍ണ്ണമായി എത്തിച്ചേരാന്‍ ധ്യാനത്തിലൂടെ സാധിക്കുന്നു.

ഓരോ വ്യക്തിയുടെ മനസ്സിലും അനവധി ചിന്തകള്‍ ഒരേസമയം കടന്നു പൊയ്ക്കൊണ്ടിരിക്കും. ഒരു കാഴ്ച കാണുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പൂര്‍വ്വജന്മമോ ഈ ജന്മമോ ആയി ഉണ്ടായ വികരവിചാരം അടിമനസ്സില്‍ ഉണരുകയും അത് ചിന്തയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപാന്തരപ്പെടുന്ന ചിന്തകള്‍ അനവധി പ്രകാരത്തില്‍ മനസ്സില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കും. ഈപ്രകാരമുള്ള ചിന്തകളുടെ ആധിക്യമാണ് ഓരോ വ്യക്തിയുടെയും മാനസ്സികവും ശാരീരികവുമായ അസ്വസ്ഥകള്‍ക്ക് അടിസ്ഥാനം. മിക്കവാറുമുള്ള എല്ലാ രോഗങ്ങള്‍ക്കും കാരണം മനസ്സും മനസ്സിലെ ജന്മസംസ്കാരങ്ങളുമാണ്. ജന്മസംസ്ക്കരങ്ങളുടെ ശുദ്ധീകരണമാണ് ധ്യാനത്തില്‍ കൂടി സംഭവിക്കുന്നത്‌.

നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍നിന്ന്‍ സത്തും കൊത്തും വേര്‍തിരിഞ്ഞ്‌ കൊത്ത് പുറം തള്ളി പോകുന്നുണ്ട് . ശരീരത്തില്‍ അടിയുന്ന മറ്റ് മാലിന്യങ്ങളെ ശരീരശുദ്ധിയില്‍ കൂടി നമ്മള്‍ പുറന്തളളുന്നുണ്ട്. എന്നാല്‍ ഓരോ ദിനവും സത്തും കൊത്തുമായി എത്ര അനവധി കാര്യങ്ങള്‍ മനസ്സില്‍ പതിയുന്നു. അങ്ങനെ നമ്മുടെ എത്രയധികം ദിനങ്ങള്‍ കടന്നുപോയി! ഓരോ നിമിഷവും എത്രയധികം വിധത്തിലും ഭാവത്തിലും മനസ്സ് സഞ്ചരിക്കുന്നു. ഏറ്റവും വേഗതയേറിയതും ശക്തിമത്തായതുമായ മനസ്സ് ചിന്തകളുടെ ആധിക്യത്താല്‍ ഓരോ നിമിഷവും ക്ഷയിച്ച് വരുകയല്ലേ? വാസ്തവത്തില്‍ ഇങ്ങനെയുള്ള മനസ്സാണ് ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങള്‍ക്കും കാരണം. ചിന്തകളില്ലാത്ത നിമിഷം സാധാരണ മനുഷ്യന് സങ്കല്പ്പിക്കാവുന്നതിലും അപ്പുറമായി തോന്നാം. എന്നാല്‍ അത്ഭുതമില്ലാത്ത സത്യാമിതാണ്. ശരിയായ ധ്യാനം മനസ്സിനെ ചിന്തകളില്ലാത്ത ആവസ്ഥയിലെത്തിക്കുന്നു . ചിന്തകളുണ്ടായിരിക്കുകയില്ല; എന്നാല്‍ ധാരണ, പഠനം , അപഗ ഗ്രഥനം, വിശകലനം എന്നിവ ബോധതലത്തില്‍ ശരിയായ വിധത്തില്‍ നടക്കുകയും ചെയും. പൂര്‍ണധ്യാനം ചെയ്യുന്ന ഓരോ വ്യക്തിയില്‍ ചിന്തകള്‍, പിരിമുറുക്കം, അനാവശ്യ മനോവ്യാപാരം എന്നിവയൊന്നും തന്നെ ഉണ്ടാകില്ല. എന്നു മാത്രമല്ല, ചിന്തകള്‍ ഇല്ലാതിരിക്കുന്നതും ശ്രേഷ്ടവുമായ അവസ്ഥയിലേക്ക് ആത്മാവ് എത്തിച്ചേരുകയും ചെയ്യും.

അമാസന എന്നത് ശ്വാസമനസംയോജനധ്യാന രീതിയാണ്. ഒരു വ്യക്തിയില്‍ സാധാരണയായി നടക്കുന്ന ശ്വസോഛച്വാസത്തെ അറിയുന്ന ധ്യാനം. ഉള്ളിലേക്കു പോകുന്നതും പുറത്തേക്കു വരുന്നതുമായ ശ്വാസത്തില്‍ മാത്രം മനസ്സിനെ നിര്‍ത്തി പ്രാണനിലൂടെ ആത്മാവിലേക്കെത്തുന്നു. ശ്വാസത്തെ ഒരു ശകടമായി (വാഹനമായി )രിക്കെ മനസ്സ് ആ വാഹനത്തില്‍ കയറി ആത്മാവാകുന്ന ഘോരവാനാന്തരത്തിലേക്ക് യാത്ര നടത്തുന്നതാണ് അമാസനാധ്യനം. ആ വനന്തരത്തിനുള്ളിലെ ചിന്തകളാകുന്ന ഇടതൂര്‍ന കാടുകളും ഹിംശ്രജന്തുക്കളാകുന്ന ദോഷസംസ്കാരങ്ങളും സത്വികഫലങ്ങലാകുന്ന ഗുനസംസ്കരങ്ങളുമുണ്ട്. ധ്യാനം നടത്തുന്ന വ്യക്തി നേരിടുന്ന പ്രഥമപ്രതിസന്ധി ഈ വനാന്തരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതാണ്; ചിന്തകള്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മനസ്സിന്‍റെ കളിയായി (PLAY OF MIND) അപകടങ്ങളും ചതിക്കുഴികളും ഈ യാതയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ധ്യാനം ചെയ്യുന്ന വ്യക്തിക്ക് ശരിയായ വഴി കാണിച്ചു കൊടുക്കുന്ന പൂര്‍ണനായ ഗുരുവിനെ ആവശ്യമായിരിക്കുന്നു. പൂര്‍ണ്ണനായ ഗുരുവില്‍ കൂടി വഴിനടത്തുമ്പോള്‍ വ്യക്തി അപകടങ്ങളിലോ ചതിക്കുഴികളിലോ പെടുകയില്ല.

ഗുരുവില്‍ സമര്‍പ്പിച് ശരിയായി ധ്യാനിക്കുന്ന വ്യക്തിക്ക് ക്രമേണ ആത്മാവിന്‍റെ ദോഷസംസ്കാരങ്ങളില്‍ നിന്ന് വിടുതല്‍ ലഭിക്കുകയും ശ്രേഷ്ടതയാകുന്ന സാത്വികഫലം പൂര്‍ണ്ണമായി ഭുജിക്കുവാന്‍ സാധിക്കുകയും ചെയ്യും . ധ്യാനം മനസ്സിന്‍റെ ഉയര്‍ച്ചയുണ്ടാക്കുകയും പൂര്‍വ്വജന്മമായും ഈ ജന്മമായും ആര്‍ജ്ജിച്ച ജന്മ സംസ്കാരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.ശരിയായ ധ്യാനം ചെയ്യുന്ന വ്യക്തിയുടെ രോഗാതുരതയും ദോഷസംസ്കാരങ്ങളും ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നും പുറത്തുപോകുന്നു.ഉള്ളുണരുന്ന വ്യക്തി ഈശ്വരന്‍ എന്ന സത്യം തന്‍റെ ഉള്ളിലാണെന്നു തിരിച്ചറിയുന്നു. ആത്മാവിന്‍റെ മാറ്റത്തിലുടെ ഓരോ വ്യക്തിക്കും ഈശ്വരീയ സ്നേഹത്തിലേക്കും ചിന്തകളേതും ഇല്ലാതെ ഈ നിമിഷം ജീവിക്കുന്ന ആവസ്ഥയിലേക്കും എത്തിച്ചേരാനാകുന്നു

നാം എന്തിന്‌ ഗുരുദര്‍ശനം അറിയണം, പഠിക്കണം?


മനുഷ്യ ജീവിതത്തില്‍ പരസ്‌പര പൂരകങ്ങളായ ആത്മീയ ഭൗതിക തലത്തില്‍ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട്‌ മനുഷ്യനെ സമഗ്രതയിലേക്ക്‌ ഉയര്‍ത്തുന്നതിന്‌ ഉതകുന്ന നിഗൂഢവും സുലളിതവുമായ സൂത്രവാക്യങ്ങളുടെ സമാഹാരമാണ്‌ ശ്രീനാരായണ ദര്‍ശനം. തപസ്സിലൂടെ ജ്ഞാനസിദ്ധി കൈവരിച്ച ഗുരു ഇടപെട്ടതും മാനവസമൂഹത്തില്‍നിന്നും ഒഴിവാക്കാനാവാത്ത ആത്മിയ-ഭൗതിക തലത്തിലാണ്‌.

ഗുരുദര്‍ശനം ജീവിതത്തിന്‌ ലക്ഷ്യബോധം ഉണ്ടാക്കിത്തരുന്നു.
1922 നവംബര്‍ 22ന്‌ വിശ്വമഹാകവി ടാഗോര്‍ ശിവഗിരിയി സന്ദര്‍ശിച്ചപ്പോള്‍ ഗുരുവിന്റെ ചിന്തയും പ്രവര്‍ത്തികളും മനസ്സിലാക്കി പറഞ്ഞു... ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണം... എന്ന്‌. അപ്പോള്‍ ഗുരു പറഞ്ഞു..... ജനങ്ങളുടെ കണ്ണ്‌ തുറന്നുതന്നെയാണിരിക്കുന്നത്‌. എന്നിട്ടും അവര്‍ക്ക്‌ കാണാന്‍ കാഴിയുന്നില്ലല്ലോ....

മുറയ്‌ക്ക്‌ പഠിച്ചോരേ കണ്ണുള്ളൂ... അപരര്‍തന്‍ മുഖത്തുകാണുന്നതോ... രണ്ടുപുണ്ണുകള്‍ മാത്രം..(തിരുക്കുറള്‍ പരിഭാഷ)

നമ്മുടെ കണ്ണുകള്‍ തുറന്നിരുന്നാലും ലക്ഷ്യബോധമില്ലെങ്കില്‍ ഒന്നും കാണാന്‍ സാധിക്കില്ല. മനസ്സ്‌ ലക്ഷ്യത്തില്‍ ഉറക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാതെ നമുക്ക്‌ ലക്ഷ്യം നേടാനുമാവില്ല. ഇതിനുള്ള കഴിവ്‌ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനത്തിന്‌ സാധിക്കും.

1952 ജൂലായ്‌ 4ന്‌ ഫ്‌ളോറന്‍സ്‌ ചാഡ്‌വിക്‌ എന്ന്‌ വനിത കാറ്റലീന ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ വനിതയാകാനുള്ള ശ്രമത്തിലായിരുന്നു. കനത്ത മഞ്ഞും എല്ലുമരവിപ്പിക്കുന്ന തണുപ്പും കൊമ്പന്‍ സ്രാവുകളുമായി മല്ലിട്ടുംകൊണ്ട്‌ അവര്‍ നീന്തി. കഠിനമായി പരിശ്രമിച്ചെങ്കിലും മൂടല്‍മഞ്ഞിനാല്‍ മറുകര കാണാന്‍ സാധിക്കാതെ അവര്‍ ശ്രമം ഉപേക്ഷിച്ചു. ലക്ഷ്യത്തിന്‌ വെറും അരനാഴിക അകലെവച്ചാണ്‌ താന്‍ ശ്രമം ഉപേക്ഷിച്ചതെന്ന്‌ മനസ്സിലാക്കിയ ചാഡ്‌വിക്‌ നിരാശയായി. രണ്ടുമാസത്തിനുശേഷം അവര്‍ ശ്രമം തുടര്‍ന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുകൊണ്ട്‌ വിജയിച്ചു. പുരുഷന്മാരുടെ റിക്കാര്‍ഡ്‌ ഭേദിക്കാനും സാധിച്ചു.

യാത്രാമധ്യേ ഒരാള്‍ റോഡുകള്‍ കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ അവിടെ കണ്ട പ്രായം ചെന്ന മനുഷ്യനോട്‌ ഒരു ഭാഗത്തേക്ക്‌ പോകുന്ന റോഡ്‌ എവിടെയെത്തിച്ചേരും എന്ന്‌ ചോദിച്ചു. നിങ്ങള്‍ക്ക്‌ എവിടെയാണ്‌ പോകേണ്ടത്‌ എന്ന മറുചോദ്യം അയാള്‍ ചോദിച്ചു. ....എനിക്കറിയില്ല.... എന്ന്‌ യാത്രക്കാരന്‍ പറഞ്ഞപ്പോള്‍ പ്രായം ചെന്ന മനുഷ്യന്റെ മറുപടി ഇപ്രകാരമായിരുന്നു. .......... എന്നാല്‍ നിങ്ങള്‍ക്ക്‌ ഏത്‌ റോഡിലൂടെയും യാത്ര ചെയ്യാം. അതുകൊണ്ട്‌ ഒരു വ്യത്യാസവും വരാനില്ലല്ലോ.... അത്‌ എത്രശരിയാണ്‌.

ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത്‌ ആവശ്യമാണ്‌. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പലപ്പോഴും മോഹങ്ങള്‍ മാത്രമാണ്‌. അവ ദുര്‍ബലങ്ങളുമാണ്‌. സമയപരിധിയോടും പ്രവര്‍ത്തന പദ്ധതിയോടും കൂടിയ സ്വപ്‌നങ്ങളാണ്‌ ലക്ഷ്യങ്ങള്‍. ലക്ഷ്യങ്ങള്‍ വിലയേറിയതോ അല്ലാത്തതോ ആകാം. വെറും ആഗ്രഹമല്ല. തീവ്രമായ വികാരമാണ്‌ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിമാറ്റുന്നത്‌.

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ 4 വഴികളുണ്ട്‌.

1. കൃത്യവും വ്യക്തവുമായ ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ചിടുക.
2. ഈ ലക്ഷ്യം നേടുവാനായി ഒരു പദ്ധതി രൂപീകരിക്കുക.
3. അത്‌ കുറിച്ചുവയ്‌ക്കുക.
4. ഇത്‌ ദിവസവും രണ്ടുനേരം വായിക്കുക.

ലക്ഷ്യം നിര്‍ണ്ണയിക്കപ്പെടാതെ പോകുന്ന കാരണങ്ങള്‍'

1. ശുഭാപ്‌തി വിശ്വാസമില്ലായ്‌മ.- അപകടങ്ങളെക്കുറിച്ച്‌ മാത്രം ചിന്തിക്കുക.
2. പരാജയഭീതി.- ചെയ്യാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ഭീതി.
3. വിജയത്തെക്കുറിച്ച്‌ ഒരുതരം ഭയം കുറഞ്ഞ ആത്മാഭിമാനം - വിജയിച്ചാല്‍ വിജയിയുടെ നിലവാരത്തില്‍ ജീവിക്കേണ്ടിവരുമല്ലോ എന്നുള്ള ഭയം.
4. ഉല്‍ക്കര്‍ഷേച്ഛയുടെ അഭാവം - പൂര്‍ത്തീകരിക്കപ്പെട്ട ജീവിതം നയിക്കാനുള്ള ആഗ്രഹമില്ലായ്‌മ. പരിമിതമായ ചിന്താഗതി പുരോഗതിക്ക്‌ തടസ്സമാകുന്നു.
കഥ: വലയില്‍ കുടുങ്ങിയ വലിയ മത്സ്യങ്ങളെയെല്ലാം ഒരാള്‍ തിരികെ പുഴയിലേക്ക്‌ തന്നെ എറിയുകയായിരുന്നു. ഈ വിചിത്ര പ്രവര്‍ത്തി കാണാന്‍ ഇടയായ മറ്റൊരാള്‍ എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്ന്‌ ചോദിച്ചപ്പോള്‍ മീന്‍ പിടുത്തക്കാരന്‍ പറയുകയാണ്‌....എന്റെ വറവുചട്ടി തീരെ ചെറുതാണ്‌..... ഈ പരിമിതമായ ചിന്താഗതിയാണ്‌ പലരുടേയും പുരോഗതിക്ക്‌ തടസ്സം.
5. തിരസ്‌കരിക്കപ്പെടുമെന്നുള്ള ഭയം - ഞാന്‍ ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റുള്ളര്‍ എന്തുപറയും എന്ന ചിന്ത.
6. നീട്ടിവയ്‌ക്കുന്ന സ്വഭാവം - എന്നെങ്കിലും ഞാന്‍ എന്റെ ലക്ഷ്യം നിര്‍ണ്ണയിക്കും എന്ത ചിന്ത. അടുത്തമാസമാകട്ട.......
7. കുറഞ്ഞ ആത്മാഭിമാനം -
8. ലക്ഷ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ - അവരെ ആരും പഠിപ്പിച്ചുമില്ല.. അവര്‍ പഠിച്ചതുമില്ല.
9. എങ്ങനെ ലക്ഷ്യം നിര്‍ണ്ണയിക്കാം എന്നതിനെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടില്ലാത്ത അവസ്ഥ. - ഇതിനെ അതിജീവിക്കാന്‍ സത്സംഗം അനിവാര്യമാണ്‌.
ലക്ഷ്യങ്ങള്‍ സമീകൃതമായിരിക്കണം

നമ്മുടെ ജീവിതം 6 അഴികളുള്ള ഒരു ചക്രം പോലെയാണ്‌.

1. കുടുംബം - നാം ജീവിക്കുന്നതിനും ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും കാരണം നാം സ്‌നേഹിക്കുന്ന കുടുംബാംഗങ്ങളാണ്‌.
2. സാമ്പത്തിക ഘടകം - ഇത്‌ നമ്മുടെ ജോലിയെയും പണം കൊണ്ടു വാങ്ങാന്‍ കഴിയുന്ന വസ്‌തുക്കളെയും സൂചിപ്പിക്കുന്നു.
3. ഭൗതിക ഘടകം - ആരോഗ്യമില്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല (ചുമരില്ലാതെ ചിത്രമെഴുതാന്‍ സാധിക്കില്ല)
4. മാനസികമായ ഘടകം - ഇത്‌ അറിവിനെയും ബുദ്ധിയേയും സൂചിപ്പിക്കുന്നു.
5. സാമൂഹികഘടകം - ഓരോ വ്യക്തിക്കും സംഘടനയ്‌ക്കും സമൂഹത്തോട്‌ ഉത്തരവാദിത്വമുണ്ട്‌. ഇതിന്റെ അഭാവത്തില്‍ സമൂഹം നശിക്കുന്നു.
6. ആത്മീയ ഘടകം - മൂല്യസംഹിത നമ്മുടെ സദാചാരബോധത്തെയും സ്വഭാവഗുണത്തെയും പ്രതിനിധീകരിക്കുന്നു.

ഇതിലേതെങ്കിലും ഘടകങ്ങളുടെ ക്രമം തെറ്റുമ്പോള്‍ ജീവിതത്തിന്റെ സമീകൃതസ്വഭാവം നഷ്‌ടപ്പെടുന്നു. ഗുരുദര്‍ശനം നമ്മുടെ ജീവിതത്തെ സമീകൃത സ്വഭാവമുള്ളതാക്കുന്നു.ഗുരുദര്‍ശനം നമ്മേ മൂല്യബോധമുള്ളവരാക്കുന്നു

ദുരാഗ്രഹിയായ മിഡാസ്‌ രാജാവിന്റെ കഥ പ്രസക്തമാണ്‌. ഒരുദിവസം രാജാവിന്റെ അടുക്കല്‍ ഒരു അപരിചിതന്‍ വന്നു. അദ്ദേഹത്തിന്‌ ഒരു വരം നല്‍കാമെന്ന്‌ പറഞ്ഞു. താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി മാറുന്ന വരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നാളെ സുര്യോദയത്തിനു മുമ്പ്‌ താങ്കള്‍ക്ക്‌ വരം ഫലിച്ചുതുടങ്ങും എന്ന്‌ അപരിചിതന്‍ വരവും നല്‍കി യാത്രയായി.
പിറ്റേന്ന്‌ കാലത്ത്‌ ഉണര്‍ന്ന രാജാവ്‌ ഉണര്‍ന്ന ശേഷം കിടക്കയില്‍ തൊട്ടപ്പോള്‍ അത്‌ സ്വര്‍ണ്ണമായിമാറി. ഉദ്യാനത്തിലേക്ക്‌ പോകുന്നതിനുമുമ്പായി ഒരു പുസ്‌തകം എടുക്കാന്‍ ശ്രമിച്ചു. പുസ്‌തകവും സ്വര്‍ണ്ണമായി. രാജാവിന്‌ സന്തോഷം ഇരട്ടിച്ചു. പിന്നീട്‌ ആഹാരം കഴിക്കാനായി ഇരുന്നു. തൊട്ട ഭക്ഷണവും സ്വര്‍ണ്ണമായി. അങ്ങനെ ആഹാരം കഴിക്കാന്‍ സാധിക്കാതെയായി. ആ സമയം തന്റെ പുത്രി ഓടിവന്നു. അദ്ദേഹം പുത്രിയെ കെട്ടിപ്പിടിച്ച്‌ ചുമ്പിച്ചു. അപ്പോള്‍ പുത്രിയും സ്വര്‍ണ്ണപ്രതിമയായി മാറി. രാജാവ്‌ വിഷമത്തിലായി. ഭക്ഷവും ഇല്ല പുത്രിയും ഇല്ലാതായതോടെ രാജാവിന്റെ സങ്കടം വര്‍ദ്ധിച്ച്‌ ഭ്രാന്താകുമെന്ന അവസ്ഥയായി. അപ്പോള്‍ അപരിചിതന്‍ പ്രത്യക്ഷനായി. എന്താ തൊട്ടതെല്ലാം സ്വര്‍ണ്ണമായില്ലേ സന്തോഷമായില്ലേ എന്ന്‌ ചോദിച്ചു. അപ്പോള്‍......ലോകത്തില്‍ ഏറ്റവും ദുഃഖം അനുഭവിക്കുന്ന വ്യക്തി താനാണ്‌ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. രാജാവ്‌ അപരിചിതനോട്‌ കരഞ്ഞുകൊണ്ട്‌ മാപ്പ്‌ അപേക്ഷിച്ചു. വരം തിരിച്ചെടുക്കണമെന്നും തനിക്ക്‌ ഇപ്പോഴാണ്‌ ജ്ഞാനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപരിചിതന്‍ വരം തിരിച്ചെടുക്കുകയും രാജാവിന്‌ പുത്രിയെ തിരികെ ലഭിക്കുകയും ചെയ്‌തു.

1. നമ്മുടെ വികലമായി മൂല്യബോധം ദുരന്തത്തിലേക്ക്‌ നയിക്കും.
2. ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടാതിരിക്കുന്നതിനേക്കള്‍ വലിയ ദുരന്തമായിരിക്കും ആഗ്രഹിക്കുന്നതെല്ലാം നേടുന്നത്‌.

കടപ്പാട് :  സുരേഷ് ബാബു മാധവന്‍

‎1. ബോധാനന്ദസ്വാമികള്‍ (1883-1928)



തൃശൂര്‍ കരുവന്നൂരിലെ വിഖ്യാതമായ ഈഴവപ്പറമ്പില്‍ തറവാട്ടിലെ ഇക്കോരന്റേയും ചെറോണിന്റെയും മകനായി കൊല്ലവര്‍ഷം 1058 മകരം 10ന്‌ പുണര്‍തം നക്ഷത്രത്തില്‍ ബോധാനന്ദന്‍ എന്ന്‌ പിന്നീട്‌ അറിയപ്പെട്ട വേലായുധന്‍ ജനിച്ചു. അക്കാലത്ത്‌ ലഭിക്കാവുന്ന നല്ല വിദ്യാഭ്യാസം തന്നെ അദ്ദേഹത്തിന്‌ ലഭിച്ചു. 16-ാം വയസ്സില്‍ വിവാഹം കഴിപ്പിച്ചു. കൊതമ്മയെന്നായിരുന്നു ഭാര്യയുടെ പേര്‌. സ്വതവേ വിവാഹത്തോട്‌ താല്‌പര്യമില്ലായിരുന്നെങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധവും കുടുംബത്തിന്റെ സ്ഥിതിയുമാണ്‌ അതിലേക്ക്‌ നയിച്ചത്‌. ആത്മാന്വേഷണമാര്‍ഗ്ഗത്തില്‍ കഴിയാനാഗ്രഹിച്ച അദ്ദേഹം വൃദ്ധയായ മാതാവിനെയും ഭാര്യയേടും മകനേയും ഉപേക്ഷിച്ച്‌ ഒരു രാത്രിയില്‍ വീടിന്റെ പടിയിറങ്ങി. ആറുമാസത്തിനു ശേഷം വീട്ടില്‍ തിരികെയെത്തി. രണ്ടുമാസത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെ വീണ്ടും തീര്‍ത്ഥയാത്രക്കിറങ്ങി. കാശി യാത്രക്കുശേഷം നാട്ടിലെത്തി. പിന്നീട്‌ ഹരിദ്വാര്‍, ഋഷികേശ്‌, ഹിമാലയം എന്നിവിടങ്ങളിലേക്ക്‌. ഹിമാലയത്തിലെ ജ്യോതിര്‍മഠത്തിലെത്തിയതായിരുന്നു വേലായുധന്റെ ജീവിതത്തിലെ വഴിത്തിരിവ്‌. ജ്യോതിര്‍മഠത്തിലെ മഠാധിപതി ഈശ്വരാനന്ദ മണ്ഡലേശ്വരനുമായുള്ള പരിചയം ഗുരുശിഷ്യ ബന്ധത്തിലെത്തിച്ചു. അദ്ദേഹം ബോധാനന്ദന്‌ സന്ന്യാസം നല്‍കി ബോധാനന്ദഗിരി എന്ന്‌ നാമകരണവും ചെയ്‌തു. തര്‍ക്കം വ്യാകരണം എന്നിവയില്‍ ഇവിടെവച്ച്‌ പാണ്ഡിത്യംനേടി.
പിന്നീട്‌ വീട്ടിലെത്തിയ ബോധാനന്ദന്‌ വീട്ടുകാര്‍ ഒരു മഠം പണിത്‌ നല്‍കി. അവധൂതമഠം എന്നുപേരിട്ടു. എന്നാല്‍ അവിടെ ഒതുങ്ങിനില്‍ക്കാന്‍ അദ്ദേഹത്തിനായില്ല. ജാതിഭ്രാന്തുമൂലമുള്ള അസമത്വങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അദ്ദേഹം തീര്‍ച്ചയാക്കി. ധര്‍മ്മഭടസംഘം രൂപീകരിച്ച്‌ കായികമായി ജാതിപ്പിശാശിനെ നേരിടാന്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തി.

തലശ്ശേരി ജനന്നാഥക്ഷേത്ര പ്രതിഷ്‌ഠാവേളയില്‍ ഗുരുദേവനും ബോധാനന്ദസ്വാമിയും കണ്ടുമുട്ടി. അന്ന്‌ കുറേസമയം ബോധാനന്ദന്‍ സ്വാമിയെ നോക്കിനിന്നതേയുള്ളൂ. പിറ്റേന്ന്‌ ഒരു തളികയില്‍ കുറച്ച്‌ മുന്തിരിയും കല്‌ക്കണ്ടവും പഴവുമായി ഗുരുവിനെ കാണാന്‍ വന്നു. ഉപഹാരദ്രവ്യങ്ങള്‍ കാഴ്‌ചവച്ചു സാഷ്‌ടാംഗം നമസ്‌കരിച്ചു. ആ സമയം മുറിയില്‍ ബോധാനന്ദന്‍ താമസിക്കുന്ന വീട്ടിലെ ആളുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എവിടെ താമസിക്കുന്നു? പേരെന്താണ്‌? എന്നു ഗുരുദേവന്‍ ആരാഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തനം കൊള്ളാം. അക്രമം അരുത്‌. എല്ലാം ശാന്തമായിട്ടുവേണം. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം സംന്യാസം നല്‍കരുത്‌ എന്ന്‌ അരുളിച്ചെയ്‌തശേഷം ഒറ്റയ്‌ക്ക്‌ വരാന്‍ കല്‌പിച്ചു. അന്ന്‌ വൈകിട്ട്‌ വീണ്ടും വന്നു. അന്ന്‌ ഗുരു താമസിക്കുന്ന സ്ഥലത്ത്‌ വിശ്രമിക്കാന്‍ സൗകര്യമുണ്ടാക്കി. അന്ന്‌ ആളൊഴിഞ്ഞപ്പോള്‍ അവര്‍ തമ്മില്‍ കൂടുതല്‍ സംസാരിച്ചു. ഗുരു ബോധാനന്ദനെ ശരിക്കും മനസ്സിലാക്കി. ഗുരുവിന്റെ ജ്ഞാനത്തെയും പരഹൃദയജ്ഞാനത്തെയും ബോധാനന്ദന്‍ അറിഞ്ഞ്‌ ഗുരുവിലേക്ക്‌ തന്നെതന്നെ സമര്‍പ്പിച്ചു.... നമ്മോടൊത്ത്‌ ശിവഗിരിക്ക്‌ പോരൂ..... എന്നുള്ള അനുഗ്രഹവാണി ബോധാനന്ദന്‌ ദിവ്യവാണിയായിരുന്നു.
ബോധാനന്ദനില്‍നിന്നും സന്യാസം വാങ്ങിയവരായിരുന്നു പിന്നീട്‌ അറിയപ്പെട്ട ഹനുമന്‍ഗിരിസ്വാമി, കൃഷ്‌ണാനന്ദഗിരി സ്വാമി, വിദ്യാനന്ദസ്വാമി, പിള്ളയാര്‍പെട്ടി ഗോവിന്ദാനന്ദസ്വാമി, ഗോപാലസ്വാമി എന്നിവരെല്ലാം. ബോധാനന്ദന്‍ പിന്നീട്‌ ആര്‍ക്കും സന്യാസം നല്‍കിയില്ല. പിന്നീട്‌ ബോധാനന്ദന്‍ ശിവലിംഗദാസ സ്വാമിയോടൊപ്പം പെരിങ്ങോട്ടുകരയിലും കൂര്‍ക്കഞ്ചേരിയില്‍ ക്ഷേത്രം പണിയുന്നതിനും ബോധാനന്ദന്‍ മേല്‍നോട്ടംവഹിച്ചു. ഗുരുദേവന്‍ പിന്നീട്‌ തന്റെ എല്ലാകാര്യങ്ങളും ബോധാനന്ദനോട്‌ ആരാഞ്ഞായിരുന്നു ചെയ്‌തിരുന്നത്‌. .... ബോധാനന്ദനോട്‌ പറയൂ.... ബോധാനന്ദന്‍ അറിഞ്ഞില്ലേ? ബോധാനന്ദന്‍ പറയും എന്നായിരിക്കും പലകാര്യത്തെക്കുറിച്ചും ഗുരുദേവന്‍ പ്രതികരിക്കുക.
ആലുവായിലെ സര്‍വ്വമതസമ്മേളനം ബോധാനന്ദസ്വാമിയുടെ ചുമതലയിലും കൂടിയായിരുന്നു. ധര്‍മ്മം എന്ന പത്രം ശ്രീനാരായണ ധര്‍മ്മ പ്രചാരണത്തിനായി തുടങ്ങി. ഗുരുവിനോടുള്ള ഭക്തി അതിരുകടന്നപ്പോള്‍ ശ്രീനാരായണ മതം എന്നൊരു മതസംഘടന രൂപീകരിക്കാന്‍ ബോധാനന്ദസ്വാമി മുന്നിട്ടിറങ്ങി. എന്നാല്‍ ഗുരുദേവന്‍ അത്‌ വിലക്കി. തൃശൂരില്‍ ശ്രീനാരായണ ഭക്തപരിപാലനയോഗവും കൊച്ചന്‍ നാഷണല്‍ ബാങ്കും, കൊച്ചി ഈഴവ സമാജവും ബോധാനന്ദസ്വാമി രൂപീകരിച്ചതാണ്‌.

1925ലെ വിജയദശമിനാളിലാണ്‌ ബോധാനന്ദസ്വാമിയെ ഗുരു തന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്‌തത്‌. ശ്രീനാരായണ ധര്‍മ്മസംഘത്തിന്‌ മുന്നിട്ടിറങ്ങിയതും ബോധാനന്ദനാണ്‌.
കോട്ടയത്തെ നാഗമ്പടം, ശക്തീശ്വരം, വാടാനപ്പള്ളി, ഇരിങ്ങാലക്കുട, കുറിച്ചിക്കര, എന്നിവിടങ്ങളില്‍ ഗുരുദേവനുപകരം പ്രതിഷ്‌ഠനടത്തിയത്‌ ബോധാനന്ദനാണ്‌.
1918 ല്‍ ഗുരുദേവന്‍ സിലോണിലേക്ക്‌ യാത്രചെയ്‌തപ്പോള്‍ ബോധാനന്ദസ്വാമിയായിരുന്നു അതിന്‌ അവിടെ ഗുരുവിനുവേണ്ട്‌ യോഗങ്ങളില്‍ അധ്യക്ഷം വഹിച്ച്‌ സംസാരിച്ചത്‌. സിലോണില്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശ്രിവിജ്ഞാനോദയം സഭ രൂപീകരിക്കുകയും അതിന്റെ കീഴില്‍ ഫാക്‌ടറിതൊഴിലാളികള്‍ക്ക്‌ നിശാപാഠശാല, യോഗ പരിശീലനം, പ്രാര്‍ത്ഥനസമാജം, എന്നിവ സ്ഥാപിച്ചു.

ഗുരുദേവന്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന്‌ കിടപ്പായപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നത്‌ ബോധാനന്ദനായിരുന്നു. ഗുരുവിനൊപ്പം നിന്ന്‌ അദ്ദേഹത്തെ ശുശ്രൂഷിച്ചു. എന്നാല്‍ കന്നി 5 ന്‌ ഗുരു മഹാസമാധിയായപ്പോള്‍ ശിഷ്യന്‍ ചിറയിന്‍കീഴ്‌ ആശുപത്രിയില്‍ ജ്വരംബാധിച്ച്‌ കിടപ്പിലായിരുന്നു. സമാധിവിവരം കുറേനേരം ദുഃഖിതനായ അദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിക്കുകയും ഗുരുദേവന്‍ വിളിക്കുന്നു. നാം പോകുന്നു എന്നുപറഞ്ഞ്‌ അസ്വസ്ഥനായി. കന്നി 8ന്‌ ഞായറാഴ്‌ച രാത്രി സ്വാമികള്‍ മഹാസമാധിസ്ഥനായി. ശിവഗിരിയില്‍ ഗുരുസമാധിമന്ദിരത്തിന്‌ താഴെയായി ഇന്നും ശ്രീബോധാനന്ദസ്വാമിയുടെ സമാധിമണ്ഡപമുണ്ട്‌.


Saturday, 24 November 2012

ഗുരുദർശനങ്ങള്‍ ലോകത്തിന് മാതൃക: ദലൈലാമ


ശിവഗിരി: സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ പറഞ്ഞു. മാനവരാശിയുടെ ഉന്നമനത്തിന് ഗുരു ദർശനങ്ങൾ എന്നും മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. എൺപതാമത് ശിവഗിരി തീർത്ഥാടന വിളംബര സന്ദേശം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദലൈലാമ.

ഗുരുദർശനങ്ങൾ ലോകം മുഴുവൻ വ്യാപിപ്പിക്കേണ്ടത് മനുഷ്യ നന്മയ്ക്ക് ആവശ്യമാണ്. ശിവഗിരി തീർത്ഥാടനം ഗുരുവിന്റെ സന്ദേശങ്ങളുടെ നേർക്കാഴ്ചയാകട്ടെയെന്നും ദലൈലാമ ആശംസിച്ചു. ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരതയുടെയും അക്രമത്തിന്റെയും നൂറ്റാണ്ടാണ് ഇപ്പോഴത്തേത്. എന്നാൽ ലോകത്തിന് ആവശ്യം സമാധാനത്തിന്റെ ഒരു നൂറ്റാണ്ടാണ്. അതിനു വേണ്ടി പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആഭ്യന്തര യുദ്ധത്തിൽ ലോകത്താകമാനം നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഇത്തരം യുദ്ധങ്ങൾ മാനവരാശിക്ക് ഒട്ടുംചേർന്നതല്ല. ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയതു കൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും ദലൈലാമ ചൂണ്ടിക്കാട്ടി.

ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ സാങ്കേതിക വിദ്യ ഏറെ വികസിച്ചു. ശാസ്ത്രമേഖലയിലും ഇതിന്റെ വളര്‍ച്ച ദൃശ്യമായി. എന്നാല്‍ ചില കണ്ടുപിടുത്തങ്ങള്‍ ലോകജനതയുടെ നാശത്തിനാണ് കാരണമാകുന്നത്. ആണവായുധങ്ങള്‍ മനുഷ്യജീവിതത്തിന് നേരെ പ്രയോഗിക്കുന്ന സാഹചര്യം പോലുമുണ്ടായി- ദലൈലാമ പറഞ്ഞു.


Thursday, 22 November 2012

ശ്രേയസ്സുണ്ടാവാന്‍ അവനവന്‍ പ്രയത്‌നിക്കേണം


ജനകനുമമ്മയുമാത്മസഖിപ്രിയ-
ജനവുമടുത്തയല്‍വാസികളും വിനാ
ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും
തനിയെയിരിപ്പതിനേ തരമായ്‌ വരൂ.. (ശിവശതകം - 94)

(അച്ഛനും അമ്മയും ആത്മസഖികളായിരിക്കുന്ന കൂട്ടുകാരും അടുത്ത സ്‌നേഹമുള്ള അയല്‍പക്കക്കാരും അധികനാള്‍ കൂടെയുണ്ടാകാതെ എന്നും ജനിച്ചും മരിച്ചും പിരിഞ്ഞുപോയ്‌ക്കൊണ്ടിരിക്കും. ജീവിതത്തെ ധന്യമാക്കുന്ന കാര്യത്തില്‍ അവനവന്‍ പ്രയത്‌നിച്ചെങ്കിലേ എന്തെങ്കിലും സാദ്ധ്യമാകൂ.)

ഏതുനേരവും മൃതരായിപ്പോകുന്ന ശരീരികളാണ്‌ എല്ലാവരും. അളവില്ലാത്ത ജലം നിറഞ്ഞുകിടക്കുന്ന സമുദ്രത്തില്‍ സഞ്ചരിക്കുന്നവന്‌ ദാഹമകറ്റുവാന്‍ ആ സമുദ്രജലം മതിയാവുകയില്ല. അതിന്‌ ശുദ്ധജലം സ്വന്തമായി കരുതേണം. അതുപോലെ ഈ ജീവിതത്തില്‍ ആരെല്ലാം കൂട്ടിനുണ്ടായാലും അവരൊക്കെയും ഒരു നാളില്‍ വേര്‍പെട്ടുപോകുന്നവരാണ്‌. അതിനാല്‍ ബന്ധുബലത്തിലുള്ള അഹന്ത ഉപേക്ഷിക്കുക. അവനവന്റെ ജീവിതത്തില്‍ ശ്രേയസ്സുണ്ടാകാന്‍ അവനവന്‍ തന്നെയാണ്‌ പ്രയത്‌നിക്കേണ്ടത്‌. എന്റെ വിജയം മറ്റൊരാളിന്റെ കൈകളിലല്ല.

ഇന്ന്‌ കുട്ടികളെ നാം അമിതമായി സ്‌നേഹിച്ച്‌ അവരെ നശിപ്പിക്കുകയാണ്‌. ഒരു ജീവശാസ്‌ത്ര അദ്ധ്യാപകന്‍ രൂപ പരിണാമത്തിന്റെ ഫലമായി ഒരു പുഴു ചിത്രശലഭമായി മാറുന്ന പ്രക്രിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ കാണിച്ചുകൊടുക്കുയായിരുന്നു. രണ്ടുമണിക്കൂറിനുള്ളില്‍ പുഴു കൊക്കൂണില്‍നിന്ന്‌ ചിത്രശലഭമായി പുറത്തുവരും. ഈ ശ്രമത്തില്‍ ആരും അതിനെ സഹായിക്കരുതെന്ന്‌ നിര്‍ദ്ദേശം നല്‍കി അധ്യാപകന്‍ പുറത്തേക്കുപോയി.

ജിജ്ഞാസയോടെ കാത്തിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക്‌ ചിത്രശലഭം കൊക്കൂണില്‍നിന്ന്‌ പുറത്തുവരാനായി നടത്തുന്ന കഠിനശ്രമംകണ്ട്‌ അനുകമ്പതോന്നി. അവന്‍ കൊക്കൂണ്‍ പൊട്ടിച്ച്‌ അതിനെ പുറത്തുവരുവാന്‍ സഹായിച്ചു. പക്ഷേ ഇതിന്റെ ഫലമായി ചിത്രശലഭത്തിന്റെ ജീവന്‍ നഷ്‌ടപ്പെട്ടു.

തിരിച്ചുവന്ന അദ്ധ്യാപകന്‍ ഇതറിഞ്ഞപ്പോള്‍ കൊക്കൂണില്‍നിന്നും പുറത്തുവരാനായി ചിത്രശലഭം നടത്തുന്ന കഠിനശ്രമം പ്രകൃതി നിയമമാണെന്നും അതുമൂലമാണ്‌ അതിന്റെ ചിറകുകള്‍ക്ക്‌ ശക്തിലഭിക്കുന്നതെന്നും വിശദീകരിച്ചു. ചിത്രശലഭത്തെ സഹായിക്കുകവഴി അതിന്‌ സ്വയം ശ്രമിച്ച്‌ ശക്തിനേടാനുള്ള അവസരമാണ്‌ വിദ്യാര്‍ത്ഥി നിഷേധിച്ചത്‌.

മക്കളോട്‌ അമിതമായി വാത്സല്യം കാണിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്കു സ്വന്തമായി പരിശ്രമിച്ച്‌ ശക്തിനേടാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ മക്കള്‍ക്ക്‌ ഗുണകരമല്ല. മറിച്ച്‌ അവര്‍ക്ക്‌ ദോഷമാണ്‌ ചെയ്യുന്നത്‌.


- സുരേഷ്‌ബാബു മാധവന്‍


Wednesday, 21 November 2012

ആശ്രമം – ശ്രീ നാരായണഗുരു



ശ്രീ നാരായണ ഗുരുവിന്‍റെ പ്രബോധനാത്മക കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് " ആശ്രമം " . ശ്രീ നാരായണ ധര്‍മ്മസംഘത്തിന്റെ രൂപീകരണാനന്തരം ഗുരു എഴുതികൊടുത്ത ധര്‍മ്മസംഘത്തിന്റെ നിയമാവലി തന്നെയാണ് ഈ കൃതി എന്ന് പറയേണ്ടിവരും .
ആലുവ അദ്വൈതാശ്രമം സ്ഥാപിച്ചതിനുശേഷം ഒരു ധര്‍മ്മസംഘം എന്ന ആശയം ഉടലെടുക്കുകയും അതിനായി നിരവധി ശ്രമങ്ങള്‍ സത്യവ്രത സ്വാമികളുടെയും , ബോധാനന്ദ സ്വാമികളുടെയും നേതൃത്വത്തില്‍ നടക്കുകയും ഉണ്ടായി . സത്യവൃത സ്വാമികള്‍ ഇതിലേക്കായി ചില കരടുനിയമങ്ങള്‍ എഴുതി ഉണ്ടാക്കി . എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ധര്‍മ്മസംഘ രൂപീകരണം അനന്തമായി നീണ്ടുപോയി . ഇതിനൊരു മാറ്റം ഉണ്ടാകുന്നതു സി. പരമേശ്വരമേനോന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഗുരുവിന്‍റെ ശിഷ്യനായി തീരുന്നതോടുകൂടിയാണ് . നല്ലൊരു പണ്ഡിതനും സര്‍വ്വോപരി ഒരുനല്ല സംഘാടകനും കൂടിയായ പരമേശ്വരമേനോന്‍ ശിവഗിരി മഠത്തിന്‍റെ മാനേജര്‍ ആയി നിയമിതനായതിനുശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ഗുരുദേവ ശിഷ്യന്മാരെ സംഘടിപ്പിച്ചു . 1103 ധനുമാസം 23 ന് ഗുരുവിന്‍റെ ആവശ്യപ്രകാരം ഏവരെയും കൂര്‍ക്കഞ്ചേരി അദ്വൈതാശ്രമത്തിലേക്ക് ക്ഷണിച്ചു . ഒട്ടുമിക്ക ഗുരുഷിശ്യരും അന്ന് അവിടെ എത്തിചേര്‍ന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും , ആശയ ക്രോഡീകരണങ്ങള്‍ക്കും ഒടുവില്‍ ധര്‍മ്മസംഘത്തിന്റെ ഘടനയ്ക് രൂപമായി . സ്വാമി ബോധാനന്ദ , ഗോവിന്ദാനന്ദ സ്വാമികള്‍ , സുഗുണാനന്ദഗിരി സ്വാമികള്‍ , പി പരമേശ്വര മേനോന്‍ ( ധര്‍മ്മതീര്‍ഥര്‍ ) , വിദ്യാനന്ദ സ്വാമികള്‍ , നരസിംഹ സ്വാമികള്‍ , ആത്മാനന്ദ സ്വാമികള്‍ , ശങ്കരാനന്ദ സ്വാമികള്‍ , രാമാനന്ദ സ്വാമികള്‍ , നീലകണ്ഠന്‍ ബ്രഹ്മചാരി എന്നീ ഗുരുശിഷ്യന്മാര്‍ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടു സംഘാംങ്ങളായി.നടരാജ ഗുരു സന്നിഹിതനായിരുന്നുവെങ്കിലും ഒപ്പിടാതെ ഒഴിഞ്ഞുമാറി .

സംഘം രൂപീകരിച്ചതിനുശേഷം അതിന്‍റെ പ്രവര്‍ത്തനത്തിലേക്കായി ചില നിയമാവലികള്‍ എഴിതിയുണ്ടാക്കാന്‍ നിയമജ്ഞരോട് ഗുരു ആവശ്യപ്പെട്ടു . എന്നാല്‍ ആരും തന്നെ ഈ ചുമതല ഏറ്റെടുക്കുവാന്‍ മുന്നോട്ട് വന്നില്ല . ഈ സാഹചര്യത്തില്‍ ഗുരുദേവന്‍ തന്നെ പദ്യരൂപത്തില്‍ എഴുതി ഉണ്ടാക്കിയ നിയമാവലിയാണ് ആശ്രമം എന്ന കൃതി . ധര്‍മ്മസംഘ ഭരണാധികാരികള്‍ക്കും , അംഗങ്ങള്‍ക്കും ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്നും , എന്തായിരിക്കണം അവരുടെ പ്രവര്‍ത്തി മണ്ഡലമെന്നും ഗുരു ഈ കൃതിയിലൂടെ വ്യക്തമാക്കുന്നു . കൃതിയുടെ സാരാംശം ഇതാണ് " ഈ ആശ്രമത്തില്‍ വിദ്വാനായും , മുനിയായും , ഉദാരചിത്തനായും , സമദൃഷ്ടിയായും ,ശാന്തഗംഭീരനായും , ജിതെന്ദ്രീയനായും , പരോപകരിയായും , ദീനദയാലുവായും, കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനായും , മിടിയില്ലാത്തവനായും ഇരിക്കുന്ന ഒരു ഗുരു ഉണ്ടായിരിക്കണം . ആ ഗുരു ആശ്രമത്തിന്റെ നേതൃത്വത്തെ സ്വീകരിച്ച് ഒരു നല്ല സഭയെ ഉണ്ടാക്കണം . സഭയില്‍ ആരെല്ലാം ചെരുന്നുവോ അവരെല്ലാം സഹോദരഭാവന ഉള്ളവരായിരിക്കണം . ഈ ആശ്രമത്തില്‍ എങ്ങിനയോ അങ്ങനെ തന്നെ ദേശംതോറും സ്ത്രീകള്‍ക്കും , പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും , ആശ്രമങ്ങളും സഭകളും ഉണ്ടാക്കണം . ഇതിനു ഓരോന്നിനും വിദഗ്ദരായ ഓരോ സംഘാടകര്‍ ഉണ്ടാവണം . ഇപ്രകാരം ഇവയെല്ലാം ചേര്‍ന്നതാകണം അദ്വൈതാശ്രമം "

ആത്മീയ ജീവിതം ആധ്യാത്മിക സേവനത്തിന് മാത്രം വേണ്ടിയുള്ളതാവരുതെന്നും അത് ലോകസമൂഹത്തിന്റെ ക്ഷേമത്തിനും കൂടിയുള്ളതായിരിക്കണമെന്നും ഗുരു ഈ കൃതിയിലൂടെ ലോകത്തിന് പറഞ്ഞുകൊടുക്കുന്നു . ഇപ്രകാരം കേവലം ആധ്യാത്മിക സാധന മാത്രം ലക്ഷ്യമാക്കാത്ത , സമൂഹത്തിന് ഫലപ്രദമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഒരു സന്യാസിസമൂഹത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ധര്‍മ്മസംഘ രൂപീകരണത്തിലൂടെ ഗുരുദേവന്‍ ലക്ഷ്യമാക്കിയത്‌ .

---------------------------------

ആശ്രമേസ്മിന്‍ ഗുരുഃ കശ്ചി-
ദ്വിദ്വാന്‍ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ

പരോപകാരീ സ്യാദ്ദീന-
ദയാലുഃ സത്യവാക്പടുഃ
സദാചാരരതഃ ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിതഃ

അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭ‍ാം ശുഭ‍ാം
അസ്യാമായാന്തി യേ തേ സ്യുഃ
സര്‍വ്വേ സോദരബുദ്ധയഃ

യദ്വദത്രൈവ തദ്വച്ച
സ്ത്രീണ‍ാം പുംസ‍ാം പൃഥക് പൃഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാഃ സഭാഃ

ഏകൈകസ്യാമാസു നേതാ
ചൈകൈക സ്യാദ്വിചക്ഷണഃ
സര്‍വ്വാഭിരനുബന്ധോദ്വൈ-
താശ്രമസ്യാഭിരന്വഹം


Home Page

Monday, 19 November 2012

യുഗപ്രഭാവനായ കര്‍മ്മയോഗി


(ശ്രീനാരായണ ഗുരുദേവന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും കേരളീയ സമൂഹത്തെ എങ്ങനെ മാനവീയമായി പുതുക്കിപ്പണിഞ്ഞുവെന്ന് പരിശോധിക്കുകയാണ് ലേഖിക.ഡോ. സുമാ നാരായണന്‍)

വ്യക്തികള്‍ മരണത്തോടുകൂടി മനുഷ്യമനസ്സുകളില്‍ നിന്ന് മാഞ്ഞുപോകുന്ന ഇക്കാലത്ത് ശ്രീനാരായണ ഗുരുദേവന്റെ സ്മരണകള്‍ ലോകജനതയുടെ മനസ്സില്‍ നവോന്മേഷം പകരുകയാണ്. ശരീരത്യാഗം സമാധിയിലൂടെ സംഭവിച്ചുവെങ്കില്‍ ഗുരുദേവന്റെ സനാതനമായ ആശയങ്ങള്‍ സമകാലിക ലോകത്ത് പ്രസക്തി നേടുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങളാണ് കേന്ദ്രസാഹിത്യ അക്കാദമി ഗുരുദേവന്റെ ജീവചരിത്രം 23 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനെടുത്ത തീരുമാനവും ഗുരുജയന്തി നാളില്‍ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ ഉപവാസം അനുഷ്ഠിക്കാനുള്ള തീരുമാനവും. സമാനതകളില്ലാത്ത ചിന്താധാരയിലൂടെ തന്റെ ധൈഷണിക വിപ്ലവ ആശയങ്ങള്‍ പ്രായോഗിക തലത്തില്‍കൊണ്ടുവന്ന് ഗുരുദേവന്‍ അമരത്വം കൈവരിച്ചിരിക്കുന്നു. ഇന്ന് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-ഭൗതിക സാഹചര്യങ്ങളില്‍  ഒട്ടേറെ വ്യതിയാനങ്ങള്‍ വരുത്താന്‍ ഗുരുദേവന്റെ ആശയങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത സ്വാതന്ത്ര്യം വിദേശാധിപത്യത്തില്‍ നിന്നുള്ള മോചനം ആയിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് വേണ്ടത് തദ്ദേശീയരായ സവര്‍ണ ജന്മിനാടുവാഴികളില്‍ നിന്നുമുള്ള മോചനമായിരുന്നു. ഈ മോചനം ജാതിയും മതവും സമ്പത്തുമൊക്കെയായി ബന്ധപ്പെട്ടു നില്‍ക്കുന്നതായിരുന്നു. സാമൂഹികമായ മാറ്റത്തിന് തുടക്കം കുറിച്ച ഈ ചരിത്ര സന്ദര്‍ഭത്തിലാണ് ഗുരുദേവന്‍ ആധുനിക ജനതയുടെ മനസ്സില്‍ ആവേശ സ്ഫുലിംഗമായി നിലനില്‍ക്കുന്നത്.

യൂറോപ്യന്‍ നവോത്ഥാനം മധ്യകാലഘട്ടത്തില്‍ സാഹിത്യത്തിലും കലയിലും ശാസ്ത്രത്തിലും മറ്റുരംഗങ്ങളിലും മനുഷ്യത്വം എന്ന ആശയം കൊണ്ടുവന്നു. കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതി പരിശോധിക്കുമ്പോള്‍ തന്റെ നിശബ്ദ വിപ്ലവത്തിലൂടെ മാറ്റംവരുത്താന്‍ ഗുരുദേവന് കഴിഞ്ഞു. കേരളത്തില്‍ നിലനിന്നിരുന്ന അസമത്വം മനസ്സിലാക്കി വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും സംഘടനകൊണ്ട് ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം ചെയ്തു. പിന്നിട്ട യുഗങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രമായ സാമൂഹിക അന്തരീക്ഷവും സമത്വസിദ്ധാന്തവും ഗുരുദേവന്‍ വളര്‍ത്തിയെടുത്തു. മാനവിക എന്ന ആശയം കേരളീയ സമൂഹമാകെ വ്യാപിപ്പിക്കാന്‍ ഗുരുദേവ ചൈതന്യം ഏറെ സഹായിച്ചു. ഗുരുദേവന്‍ നടപ്പില്‍വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളില്‍ സുവ്യക്തമായി കാണാന്‍ കഴിയുന്ന ഒന്നാണ് 1905ല്‍ ധര്‍മ്മ പ്രചാരണത്തിനുവേണ്ടി തെരഞ്ഞെടുത്ത ആശയങ്ങള്‍. കേരളത്തിന്റെ സ്ഥായിവിഷയങ്ങളായ മതം, വിദ്യാഭ്യാസം, വ്യവസായം ഇവയെക്കുറിച്ച് പ്രചരിപ്പിക്കാന്‍ ഗുരുനിര്‍ദ്ദേശം നല്‍കി. മതം എന്നതിലൂടെ  താന്‍ വിശ്വസിക്കുന്ന മതം ലോകത്തിലേക്കുംവെച്ച് സമുന്നതമായ മതം എന്ന ആശയം വളര്‍ത്തിയെടുക്കുകയല്ല ഗുരു ചെയ്തത്; പകരം ഹൈന്ദവ മതത്തില്‍ കടന്നു കൂടിയ ദുഷിച്ച സംവിധാനങ്ങളെ അകറ്റുക എന്നതായിരുന്നു ഗുരുവിന്റെ ഉദ്ദേശം. അതോടൊപ്പം ശുദ്ധമായ ഹൈന്ദവമതത്തിന്റെ സദ്ഗുണ തത്ത്വങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുവാനും ഗുരുദേവന്‍ ആഹോരാത്രം യത്‌നിച്ചു. ആവശ്യമാണെന്ന് തോന്നിയിരുന്ന സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളോ മഠങ്ങളോ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മതസങ്കല്‍പങ്ങള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുവാനും മത സമന്വയം എന്ന ആശയം വളര്‍ത്തിയെടുക്കുവാനും ഇതര മതങ്ങളോടു സഹാനുഭൂതി വളര്‍ത്തിയെടുക്കുവാനും ജനങ്ങളെ സഹായിച്ചു.

ഗുരുദേവന്റെ സദാചാര സങ്കല്‍പത്തിന് ഇന്ന് വളരെയേറെ പ്രധാന്യമുണ്ട്. സത്യം, അഹിംസ, ധര്‍മ്മം, ഐക്യം മുതലായ സനാതന മൂല്യങ്ങള്‍ക്ക് ഗുരു പ്രാധാന്യം നല്‍കിയിരുന്നു. ആത്മസംതൃപ്തി നിറഞ്ഞ ജീവിത നിര്‍വഹണത്തിനായി ഗുരുദേവന്‍ നിഷ്‌ക്കര്‍ഷിച്ച സദാചാരബോധം സമൂഹത്തിലെ ഓരോ വ്യക്തിയും ഉള്‍ക്കൊള്ളുകയാണെങ്കില്‍ സമത്വസിദ്ധാന്തം സമൂഹത്തില്‍ നിലനിര്‍ത്താന്‍ കഴിയും. വളരെ പരിപാവനമായി കരുതുന്ന സദാചാരചിന്ത ഗുരുദേവന്റെ അനുഗ്രഹത്താല്‍ കേരള സമൂഹത്തില്‍ നല്ല സ്വാധീനമുണ്ടാക്കി. വിജ്ഞാനം മനുഷ്യന്റെ കണ്ണ് തുറപ്പിക്കും എന്ന ചിന്ത ഗുരുദേവന്‍ നല്‍കി. 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക' എന്ന ആഹ്വാനം ഇന്ന് കേരളത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. മേലാള വിഭാഗത്തില്‍ വിദ്യാഭ്യാസ മേല്‍ക്കോയ്മ എന്ന ധാരണ വെടിഞ്ഞ് സാധാരണക്കാരന്റെ കരണങ്ങളിലേക്കും വിദ്യാഭ്യാസം എത്തിക്കുവാന്‍ കഴിഞ്ഞു എന്നത് ഏറെ സ്തുത്യര്‍ഹമാണ്. മനുഷ്യന്റെ ഉള്ളിലുള്ള അജ്ഞതയെ പുറത്തു കൊണ്ടുവന്ന് ലോകത്തെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹം ഗുരുദേവന്‍ വളര്‍ത്തി. അധഃകൃത വിഭാഗങ്ങള്‍ക്കു വേണ്ടി ഗുരുദേവന്‍ പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അറിവിന്റെ ലോകം സാര്‍വത്രികമാക്കുകയും അതുവഴി സാമൂഹിക ജീവിതത്തില്‍ പുത്തനുണര്‍വ് നേടിയെടുക്കുകയും ചെയ്തു.ഗുരുധര്‍മ്മത്തില്‍ അനവധി ആശയങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, സദാചാരം, വൃത്തി, കുടുംബജീവിത ഭദ്രത തുടങ്ങിയ പല ആശയങ്ങളും പ്രാവര്‍ത്തിക തലത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ അന്തരീക്ഷവുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇന്ന് നേരിടുന്ന പല പ്രതികൂലമായ അവസ്ഥക്ക് ശാശ്വതമായ പരിഹാരം നേടിയെടുക്കുവാന്‍ ഗുരുദേവ ധര്‍മ്മത്തിലൂടെ നമുക്ക് കഴിയും.

നാടിന്റെ സമ്പദ്‌വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങള്‍ കൃഷി, കച്ചവടം, വ്യവസായം, കൈത്തൊഴില്‍ എന്നിവയാണല്ലോ. ഇവയ്ക്ക് അനുകൂലമായ നയം സൃഷ്ടിക്കുക എന്നത് ഓരോ കാലത്തും നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ ബാധ്യതയാണ്; ഉത്തരവാദിത്വമാണ്. ഗള്‍ഫ് പണം എന്ന താത്ക്കാലിക സ്വപ്‌നം നിലനില്‍ക്കുന്ന ഇന്നത്തെ കാലഘട്ടത്തിലും കേരളത്തിലെ അധഃകൃതവിഭാഗക്കാരുടെ സാമ്പത്തിക ഉന്നമനത്തിന് നല്ല പശ്ചാത്തലം കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വ്യവസായത്തിലൂടെയും നേടുവാന്‍ കഴിഞ്ഞു എന്നത് ഗുരുദേവന്റെ പ്രോത്സാഹനവും ഉള്‍പ്രേണരയും പ്രചോദനവും കൊണ്ടാണ്. ശിവഗിരി തീര്‍ത്ഥാടനം ഗുരുദേവന്‍ വിഭാവനം ചെയ്തപ്പോള്‍ മേല്‍ സൂചിപ്പിച്ച ആശയങ്ങളുടെ പ്രചരണവും കൂടെ ഉദ്ദേശിച്ചിരുന്നു. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയിലുള്ള ഗുരുവിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാകുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഭരണഘടനപോലും വിഭാവനം ചെയ്യാത്ത രീതിയിലുള്ള സാമൂഹിക സമത്വ സിദ്ധാന്തത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവന്നു എന്നതിനാലാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങളായ സ്വാതന്ത്ര്യം, സമത്വം സാഹോദര്യം തുടങ്ങിയവ ഗുരുദേവന്റെ പരിലാളനയിലൂടെ ആധുനിക യുഗത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു. കേരളീയ സമൂഹത്തിലാകെ ആഡംബര ഭ്രമം, ആഭരണഭ്രമം, പാഴ്‌ച്ചെലവ് എന്നിവ ധാരാളമായി കാണുന്നു.

മിതവ്യയം എന്ന രീതിയാണ് അഭികാമ്യം. ഗുരുദേവന്‍ വിഭാവനം ചെയ്ത പല ആശയങ്ങളും മിതവ്യയം എന്ന ശീലം വളര്‍ത്തിയെടുക്കുവാന്‍ ഉതകുന്നതാണ്. പുളികുടി, തീരണ്ടു കല്യാണം, താലിക്കെട്ടിക്കല്യാണം, അടിയന്തരം തുടങ്ങിയ പല ദുര്‍വ്യയങ്ങളും ദുരാചാരങ്ങളും ഒഴിവാക്കുവാന്‍ ഗുരുദേവന്‍ നിഷ്‌ക്കര്‍ഷിച്ചു. ഇന്ന് സാധാരണക്കാരന് താങ്ങുവാന്‍ കഴിയാത്ത രീതിയിലുള്ള പാഴ്‌ച്ചെലവുകള്‍ വര്‍ധിച്ചിരിക്കുന്നു. ഗുരുദേവന്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള വൈവാഹികരീതിയും മരണാനന്തര ചടങ്ങുകളും അവലംബിക്കുകയാണെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ സാമ്പത്തിക സുരക്ഷിതത്വം വളര്‍ത്തിയെടുക്കാം.നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മറ്റൊരു ഘട്ടമായിട്ട് ദൈവശാസ്ത്രത്തിന്റെയും മതശാസ്ത്രത്തിന്റെയും യഥാര്‍ത്ഥ പൊരുള്‍ വ്യാഖ്യാനിച്ച് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'എന്ന് ഉദ്‌ഘോഷിച്ചത് ഗുരുദേവന്റെ പ്രവര്‍ത്തനങ്ങളുടെ ഉദാത്തമായ ഒരു തലമാണ്. അതിനുവേണ്ടി ആത്മോപദേശക ശതകം, ദൈവശതകം, വേദാന്തസൂത്രം തുടങ്ങിയ കൃതികള്‍ ഗുരുദേവന്‍ രചിച്ചു. മനുഷ്യന് മനുഷ്യത്വം തന്നെയാണ് ജാതി എന്ന് തുടങ്ങി മനുഷ്യനെ മനുഷ്യനായി കാണുവാനുള്ള മന്ത്രം ഗുരുവചനങ്ങളിലുടനീളം കാണാം. ഇതെല്ലാം ഗുരുദേവന്‍ തന്റെ കര്‍മ്മ മണ്ഡലത്തില്‍ എത്തിച്ചത് വിപ്ലവഭേരി മുഴക്കാതെ നിത്യമായ സനാതന ധര്‍മ്മത്തില്‍ ഊന്നിക്കൊണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഒരു മഹത്തായ വിപ്ലവത്തിന്റെ ജനയിതാവാണ് ഗുരുദേവന്‍. ആദ്ധ്യാത്മികരംഗത്തും ഭക്തിമാര്‍ഗ്ഗത്തിലും ഗുരുവിന്റെ പ്രവര്‍ത്തനം യാഥാസ്ഥിതിക മേധാവിത്വം തകര്‍ക്കുന്ന രീതിയിലായിരുന്നു. ശിവഗിരിയില്‍ സന്ദര്‍ശനം നടത്തിയ ദേശീയകവി രവീന്ദ്രനാഥ ടാഗോര്‍ എഴുതിയ വരികള്‍ ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ള ടാഗോര്‍ ആദ്ധ്യാത്മികരംഗത്ത് ഗുരുവിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന, ഗുരുവിന് തുല്യനായ ഒരാളെപോലും കണ്ടിട്ടില്ലെന്ന് അത്ഭുതാദരങ്ങളോടെ രേഖപ്പെടുത്തിയിരിക്കുന്നു. ശിവഗിരി സന്ദര്‍ശിച്ച മഹാത്മാഗാന്ധിയും ഗുരുവിനോട് അഗാധമായ ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഗുരുദേവനുമായുള്ള സംസര്‍ഗംമൂലം ജാതിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഗാന്ധിജിക്ക് മാറ്റം ഉണ്ടായിട്ടുണ്ട്. സമൂഹത്തില്‍നിന്നും ജാതി സ്പര്‍ധ മാറ്റാനുള്ള ഗാന്ധിജിയുടെ പ്രവര്‍ത്തനം തികച്ചും മാതൃകാപരമാണ്. അധകൃത വര്‍ഗ്ഗക്കാര്‍ക്ക് ഒരു കാലഘട്ടത്തില്‍ അന്യമായിരുന്ന സര്‍ക്കാര്‍ ജോലി നേടിക്കൊടുക്കാനും തുല്യനീതി നടപ്പില്‍വരുത്താനും ഗുരുദേവ ആശയങ്ങള്‍ക്ക് കഴിഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ഉള്ള ആഹ്വാനത്തോടൊപ്പം പണിശാലകളിലേക്ക് പോകാനുള്ള ഗുരുവിന്റെ ഉപദേശം ഇന്നത്തെ ജനതക്ക് പ്രചോദനമാണ്. ഇന്ത്യയുടെ എന്‍ജിനീയര്‍ എന്ന പേരില്‍ പ്രസിദ്ധനായ വിശ്വേശ്വരയ്യരുടെ സന്ദേശമായ 'വ്യവസായവത്ക്കരിക്കൂ അല്ലെങ്കില്‍ നശിക്കൂ' എന്ന ആശയം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കൃഷിക്കും വ്യവസായത്തിനും ഗുരു നല്‍കിയ ആവേശം കേരളത്തിന്റെ സാമ്പത്തിക പുരോഗതിയുടെ അടിത്തറ തന്നെയാണ്.

ഗുരുദേവന്‍ ചിന്തകനും കവിയും സാഹിത്യകാരനും ആത്മീയതത്വചിന്തകനുമൊക്കെയാണെന്ന് അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെ നമുക്ക് മനസ്സിലാക്കാം. മലയാളം, തമിഴ് ഭാഷാ സാഹിത്യവും കവിതയും ഗുരുദേവ ചൈതന്യത്തിലൂടെ ധന്യത നേടിയെടുക്കുവാന്‍ കഴിഞ്ഞു എന്നുള്ളതും അഭിമാനകരമാണ്. മഹാകവി കുമാരനാശാന് ഗുരുവുമായുള്ള ബന്ധം ചരിത്രപരമായ ദിശാബോധം കവിയില്‍ വളരാന്‍ ഇടയാക്കി. ബുദ്ധമത തത്വങ്ങളും വേദാന്തവും കലര്‍ന്ന ആശാന്റെ കവിതകള്‍ പിറന്നത് ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെയാണ്. 1928ല്‍ ഗുരുദേവന്‍ സമാധിയായി. ഗുരുദേവ ആശയങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. കോഴിക്കോട് എം പിയായ എം കെ രാഘവന്‍ ആവശ്യപ്പെട്ടതുപോലെ ഗുരുദേവന്റെ നാമത്തില്‍ ഒരു സര്‍വകലാശാല ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അതത് പ്രദേശത്തെ മഹത് വ്യക്തികളുടെ നാമധേയത്തില്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി യുജിസിയുടെ ഔദ്യോഗിക കുറിപ്പില്‍നിന്നും മനസ്സിലാകുന്നു.

(വിവിധ ശ്രീനാരായണ കോളജുകളില്‍ അധ്യാപികയും പ്രിന്‍സിപ്പലും ആയിരുന്നു ലേഖിക)

Sunday, 18 November 2012

ഗുരുദേവനില്‍ നിന്നും ഗുരുദേവനിലേക്കുള്ള ദൂരം

(ശ്രീ നാരായണ ഗുരുദേവന്‍ കേരളത്തിന്റെ സാംസ്കാരിക ചിഹ്നമായി മാറാത്തതിനെ പറ്റി എസ് ഗോപാലകൃഷ്ണന്‍ , ഹൈദരാബാദ് ശ്രീനാരായണ സൊസൈറ്റിയുടെ സില്‍വര്‍ ജുബിലീ ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറില്‍ കൊടുത്ത ലേഖനം ) 

നാഗര്‍കോവിലില്‍നിന്നും ഹൌറ ജംഗ്ഷനിലേക്ക്‌ 2001 -ല്‍ ഇന്ത്യന്‍ റെയില്‍വേ ഗുരുദേവ് എക്സ്പ്രസ്സ്‌ എന്ന പേരില്‍ ഒരു പുതിയ തീവണ്ടി സര്‍വിസ് ആരംഭിച്ചപ്പോള്‍ ഒരു വെടിയ്ക്ക് രണ്ടു പക്ഷിയാണ് വീണത്‌ കേരളത്തിലുള്ളവര്‍ ശ്രീനാരായണന്റെ പേരിലും , ബംഗാളിലുള്ളവര്‍ ടാഗോറിന്റെ പേരിലും ബഹുമാനിക്കുന്ന തീവണ്ടി തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ നിര്‍ത്തുന്ന ഒരേയൊരു സ്റ്റേഷന്‍ വര്‍ക്കലയാണ് താനും . എന്നാല്‍ ആ വണ്ടി കാണുമ്പോഷോക്കെ എന്‍റെ മനസ്സിലേക്ക് വരുന്ന ഒരു ചോദ്യം ഗുരുദേവനില്‍ നിന്നും ഗുരുദേവനിലേക്കുള്ള ദൂരം യഥാര്‍ത്ഥത്തില്‍ എത്രയാണ് എന്നതാണ് .

2010 മെയ്മാസം ഒമ്പതാം തീയതി മുതല്‍ ഒരുകൊല്ലക്കാലം ടാഗോറിന്റെ നൂറ്റിയന്‍പതാം ജന്മവര്‍ഷമാണ് . ലോകമാകമാനമുള്ള ടാഗോര്‍ പ്രണയികള്‍ വിവിധ പരിപാടികളാല്‍ വാര്‍ഷികം ആഘോഷിക്കുവാന്‍ തുടങ്ങി. ഗുരുദേവന്‍ ബംഗാളിന്റെ കൊടിഅടയാളവും രഥവേഗവുമാണ് . ഒരു പക്ഷെ ഏതൊരു ബംഗാളിയും അമ്മേയെന്നു ഉച്ചരിച്ചുകഴിഞ്ഞാല്‍ പിന്നെ ആദ്യം ഉച്ചരിക്കുന്നത് നാവ് വളയാത്ത ' രൊബിന്ദ്രനാഥ ഠാക്കൂര്‍ ' എന്ന വാക്കയിരിക്കണം . ഏതൊരു ബംഗാളി സുഹൃത്തിനോടും ഞാന്‍ ആദ്യം പറയുന്ന ഒരു കാര്യമുണ്ട് " നിനളുടെ ഗുരുദേവനും ഞങ്ങളുടെ ഗുരുദേവനും തമ്മിലുള്ള ഏറ്റവും പ്രധാന അന്തരം ഞങ്ങളുടേത് നാല് ബംഗാളികള്‍ ഒന്ന് ചേര്‍ന്ന ഗുരുദേവനാണെന്നതാണ്. ശ്രീനാരായണ ഗുരുദേവനില്‍ കവി ഗുരുവായ ടാഗോറും , അവധൂത ഗുരുവായ ശ്രീരാമ കൃഷ്ണനും , കര്‍മ്മ ഗുരുവായ വിവേകാനന്ദനും , നവോത്ഥാന ഗുരുവായ രാജാറാം മോഹന്‍റോയിയും ഒന്ന് ചേര്‍ന്നിരുന്നു " . ഇത് കേള്‍ക്കുമ്പോള്‍ അവര്‍ അന്തംവിട്ടുനിന്ന് എന്നെ നോക്കും . ബഹുഭൂരിപക്ഷം ബംഗാളികളും ശ്രീനാരായണ ഗുരുവിനെ കുറിച്ച് കേട്ടിട്ടില്ല , എന്നാല്‍ ഒട്ടുമിക്ക മലയാളികളും ടാഗോറിനെ കുറിച്ച് കേട്ടിട്ടുണ്ടുതാനും . ഒരു കേള്‍വികുറവില്‍നിന്നും മറ്റൊരു കേള്‍വിയിലെക്കുള്ള ദൂരമാണ് ഞാന്‍ ഇവിടെ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നത് . കേരളത്തിലെയും , ബംഗാളിലെയും ഓരോ കുട്ടിക്കാലങ്ങള്‍ നമുക്കെടുത്തു പരിശോധിക്കാം . ഒരു സാംസ്കാരിക ചിഹ്നത്തിന്റെ സ്വാധീനം ഒരു സമൂഹത്തിലെങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ അവിടങ്ങളിലെ ബാല്യങ്ങളെ അതെങ്ങിനെയാണ് സ്വാധീനിക്കുന്നതെന്ന് നോക്കിയാല്‍ മതിയാകും .

ബാസവസ്തി ഘോഷ് എന്‍റെ സുഹൃത്താണ് . അമേരിക്കയില്‍ വിവര്‍ത്തകയും എഴുത്തുകാരിയുമായി കഴിയുന്നു . ബംഗാളി സാഹിത്യത്തെ കുറിച്ചും , സംഗീതത്തെ കുറിച്ചും നന്നായി എഴുതാറുണ്ട് . ഞാനവരോട് ചോദിച്ചു . എപ്പോഴാണ് അവരുടെ ജീവിതത്തിലേക്ക് ടാഗോര്‍ കടന്നുവന്നതെന്ന് . അഞ്ചു വയസ്സില്‍ എന്ന് അവര്‍ മറുപടി പറഞ്ഞു . എന്നാല്‍ അതിലും എത്രയോ മുന്‍പേ അവര്‍ക്ക് രണ്ടും , മൂന്നും വയസ്സ് പ്രായമായിരിക്കുമ്പോള്‍ അമ്മ വീട്ടിലെ പാട്ടുപെട്ടിയില്‍ ടാഗോറിന്റെ ഗാനങ്ങള്‍ കേള്‍പ്പിക്കുമായിരുന്നു . നഴ്സറി പാട്ടുകള്‍ പാടാന്‍ തുടങ്ങുമ്പോഴേയ്ക്കും രവീന്ദ്ര സംഗീതം അവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു . അതിനുശേഷം ടാഗോര്‍ അവരില്‍ ഒരു സുഹൃത്തായി വളരുകയാണ് . ഒരേ സമയം ദാര്‍ശനികനും , വഴികാട്ടിയും മുത്തച്ഛന്‍നുമായി ടാഗോര്‍ മാറുകയാണ് . ഇവിടെ നിന്നു ഞാന്‍ ശ്രീനാരായണഗുരുവും കേരളത്തിലെ കുട്ടികളുടെ ബാല്യകാലവുമെന്ന താരതമ്യത്തിലേക്കു പോവുകയാണ് . കേരളത്തിലെ സര്‍വജാതീയരായ ജനസാമാന്യത്തിലെയും കുട്ടികളെ " ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ " എന്ന നല്ല പ്രാര്‍ത്ഥന മലയാളി പഠിപ്പിക്കാരുണ്ടോ? മഹാനായ ഗുരുദേവന്‍ ഈഴവനല്ലാത്ത ഒരു മലയാളിയുടെ ബാല്യത്തിലേക്ക് വര്‍ഷത്തിലെ രണ്ടു അവധിദിവസങ്ങളില്‍ മാത്രമായിട്ടാണ് കടന്നുവരാറുള്ളത് എന്നത് വലിയ ദാര്‍ശനിക ദുഃഖം തന്നെയാണ് . ഞാന്‍ ജാതിപറയുകയാണെന്ന് പഴി പറയരുത് . ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ ഗുരുദേവനല്ലതാക്കിയത് ഏതു സാമൂഹിക യാഥാര്‍ത്യങ്ങളാണ് ? ശ്രീനാരായണ ഗുരുവിന്‍റെ കലശേഷമുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങളില്‍ കേരള ദേശീയതയുടെ പൊതുചിഹ്നവും സ്വാതാഭിമാനവുമായി ഗുരുദേവന്‍ മാറേണ്ടതല്ലായിരുന്നോ ? എല്ലാ ബംഗാളി ഭവനങ്ങളിലും ടാഗോറിന്റെ പടം തൂങ്ങുന്നതുപോലെ , പി കെ കുഞ്ഞാലികുട്ടിയുടെയും, കെ എം മാണിയുടെയും , പി കെ നാരായണ പണിക്കരുടെയും ചുവരുകളെ ശ്രീനാരായണ ഗുരുവിന്‍റെ ചിത്രം അലങ്കരിക്കേണ്ടാതായിരുന്നില്ലേ? അപ്പോള്‍ കവി ഗുരു ടാഗോറിന്റെ പ്രതിച്ഛായ വംഗാഭിമാനത്തിന്റെ ആകാശമായി പടര്‍ന്നപ്പോള്‍ ശ്രീനാരായണ ഗുരുദേവന്‍ എന്തുകൊണ്ട് അങ്ങിനെയോന്നായില്ല ? ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി കാണുന്ന സാംസ്കാരികമായ താഴ്ച മലയാണ്മയെ ചെറുതാക്കുന്നുണ്ട് . ഓരോ മലയാളിയും നെഞ്ചില്‍ കൈചേര്‍ത്ത്‌വച്ച് നേരും നെറിയോടും കൂടി ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സാംസ്കാരിക പ്രശ്നമാണ് ' ആരാണ് ശ്രീനാരായണ ഗുരു തനിക്ക് ' എന്ന ചോദ്യം .

ഞാന്‍ വീണ്ടും എന്‍റെ സുഹൃത്തായ ഘോഷിലേക്ക് വരികയാണ് . ഞാന്‍ അവരോടു ചോദിച്ചു : "എന്താണ് ഗുരുദേവനായ ടാഗോറും ബംഗാളിന്റെ പുതിയ തലമുറയും തമ്മിലുള്ള ബന്ധമെന്ന് "
അവരുടെ മറുപടി ഇതായിരുന്നു :
" ടാഗോര്‍ സാര്‍വ്വ ലൌകികനാണ് . ദേശീയവും , സങ്കുചിതവുമായ എല്ലാ സമീപനങ്ങള്‍ക്കും ടാഗോര്‍ എതിരായിരുന്നു . ഞങ്ങളെ വിമലമാക്കുന്ന , ശാന്തരാക്കുന്ന , ഉന്നതസാന്നിധ്യമായി ടാഗോര്‍ ഞങ്ങള്‍ക്ക് ഉണ്ടായേ തീരൂ . പൊതു മണ്ഡലത്തിലാകട്ടെ വ്യക്തി ജീവിതത്തിലാകട്ടെ ബംഗാളിയുടെ ഉപബോധത്തിന്റെ ആഴതലത്തിലേക്ക് ടാഗോര്‍ ഊളിയിട്ടു .ഭയചികിതനായ ഒരു വ്യക്തിയുടെ ഏകാന്ത ജീവിതത്തിലേക്ക് തെളിമയുള്ള തെക്കന്‍ കാറ്റായും തെരുവുകളെ കലുഷമാക്കുന്ന പ്രതിഷേധങ്ങളില്‍ എരിപന്തമായും ടാഗോര്‍ നിലകൊള്ള്ളുന്നു. മുന്‍പൊരിക്കലുമില്ലാത്തവിധം യുവതലമുറ ടാഗോറിനെ വായിക്കുന്നു . ഇവിടെ നിന്നു ശ്രീനാരായണ ഗുരുവിലേക്ക് വരാം . മലയാള കവിതപോലും ഗുരുദേവനില്‍ പൂര്‍ണ്ണത കണ്ടിരുന്നു .
"അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം. "

എന്ന കവിത മലയാളത്തിലുണ്ടായിട്ടു ഇന്നേയ്ക്ക് ൧൧൩ കൊല്ലങ്ങളായി എന്നത് നമ്മെ ഞെട്ടിപ്പിക്കേണ്ടാതല്ലേ ? ജാതിയുടെ മേല്‍മുണ്ടൂരി മാറ്റിയാലേ മലയാളികള്‍ക്ക് നിഷ്പക്ഷമായി ഞെട്ടാന്‍ കഴിയൂ .

ടാഗോറിനെ പോലെ സര്‍വ ലൌകികന്‍ . ടാഗോറിനെക്കാള്‍ എത്രയോ ഉന്നത ശീര്‍ഷനായ ചിന്തകന്‍ .ഏതു അശാന്തരോഗിക്കും തെന്നലായി മാറുന്ന സാന്നിധ്യം . ഏതു നവോഥാന ശ്രമത്തിന്റെയും വിളക്കുമാടം . എല്ലാം ശരി . എന്നാല്‍ പുതിയ മലയാളിക്ക് ആരാണ് ശ്രീനാരായണ ഗുരു ? പൊതുവായി പറഞ്ഞാല്‍ മഹാനായ ഗുരു ; അടക്കം പറഞ്ഞാല്‍ സമുദായാചാര്യന്‍ !

അപ്പോഴാണ്‌ ഞാന്‍ ബാസവതി ഘോഷിനോട് അപകടകരമായ ചോദ്യം ചോദിച്ചത് : " ഒരു പക്ഷെ ടാഗോര്‍ അബ്രാഹ്മണനായിരുന്നുവെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിനു കിട്ടുന്ന അംഗീകാരം കിട്ടുമായിരുന്നോ ". 
ഇതായിരുന്നു ഉത്തരം :

" പ്രയാസമാണ് ഉത്തരം പറയാന്‍ . കാരണം , അതു കരുതികൂട്ടി ചോദിച്ചതാണ് . ബംഗാളി എഴുത്തുകാരെ നോക്കിയാല്‍ മൊത്തത്തില്‍ എല്ലാവരും ഉയര്‍ന്ന ജാതിക്കാര്‍ ആണെന്ന് കാണാം . പക്ഷെ നിങ്ങളുടെ ചോദ്യം ശരിയാണെങ്കില്‍ പേടിക്കാന്‍ കാരണമുണ്ട് . എന്നാല്‍ ടാഗോറിന്റെ കുടുംബം യാഥാസ്ഥിതികമായ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചവരാണ്. പീര്‍അലിഎന്ന മുസ്ലീം പേരില്‍ നിന്നുണ്ടായ പിറാലി ബ്രാഹ്മണരാണ്‌ ടാഗോര്‍ കുടുംബം . മാത്രമല്ല ജാതിചിന്തയ്ക്കെതിരായ ബ്രഹ്മസമാജ പ്രസ്ഥാനത്തിന്റെ നെടും തൂണുകളില്‍ ഒന്നായിരുന്നു ടാഗോറിന്റെ അച്ഛന്‍ ".

എന്തിനുമുപരി സൌന്ദര്യാകൃഷ്ടനും, വികാരജീവിയും കവിയുമായിരുന്ന ടാഗോറിനെ അന്ഗീകരിക്കും പോലെ വൈരാഗിയായ , മിതഭാഷിയായ , വിചാരജീവിയായ ശ്രീനാരയണനെ ഒരു സമൂഹം സാംസ്കാരിക ചിഹ്നമാക്കുമോ എന്ന ചോദ്യം പ്രസക്തമാണ് . എങ്കിലും ബംഗാളിലെ ഗുരുദേവന്‍ അവിടുത്തെ സര്‍വ്വ ചുവരിലും ആദരിക്കപ്പെടുമ്പോള്‍ കേരളത്തിന്റെ ഗുരുദേവന്‍ ചില ചുവരുകളില്‍ മാത്രമാകുന്നത് നമ്മുടെ ചുവരുകള്‍ ഇടുങ്ങിയതും , ഇരുട്ടിന്റെ ഇഷ്ടികകള്‍ കൊണ്ട് ഉണ്ടാക്കിയതുകൊണ്ടുമാണ് . എങ്കിലും ഒരു ചെറിയ സമുദായത്തിന് താങ്ങാവുന്നതല്ല ഒരു ലോക ഗുരുവിന്റെയും കാലാതീതമായ അര്‍ത്ഥവിതാനങ്ങള്‍ .
----------------
ഗുരുദേവ പാദങ്ങളില്‍ പ്രണാമങ്ങളോടെ --
ബിനു കേശവന്‍

Friday, 16 November 2012

ഉത്തമം, കുശലം, വിദ്യ


അദ്വൈതാശ്രമത്തിലും മഹാശിവക്ഷേത്രത്തിലും  ഉയരുന്ന ശാന്തിമന്ത്രങ്ങളില്‍ അലിഞ്ഞൊഴുകുന്ന   ആലുവാപ്പുഴ ഭാരതത്തിലെ അനേകം നദികളില്‍ ഒന്നാണ്. എന്നാല്‍ ഈ കുഞ്ഞോളങ്ങളും കുളിര്‍കാറ്റും മണല്‍പ്പരപ്പും സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ഭാരതം ഉയര്‍ത്തിപ്പിടിച്ച വിശ്വമഹാദര്‍ശനത്തിന് മഹത്തായ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തത്  ഈ നദിയുടെ തീരമാണെന്ന സത്യം. അക്കഥകളാവട്ടെ  ഇത്തവണത്തെ നമ്മുടെ ചിന്താവിഷയം.

മഹാനായ കുറ്റിപ്പുഴ കൃഷ്ണപിളള ഗുരുദേവന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ അദ്ധ്യാപകനായി കഴിയുന്ന കാലം. ബ്രഹ്മസൂത്രത്തിലെ അപശ്രൂദ്രാധികരണത്തെപ്പറ്റിയുളള ശ്രീ ശങ്കരാചാര്യരുടെ ഭാഷ്യത്തെക്കുറിച്ച് കൃഷ്ണപിളളയോട് സംസാരിക്കവേ  "അവിടെ ശങ്കരന് തെറ്റിപ്പോയി" എന്ന് ഗുരുദേവന്‍ പറഞ്ഞു.  ആ സമയം ഗുരുവിന്റെ മുഖം പ്രകാശപൂര്‍ണ്ണമായിരുന്നു. ആദി ശങ്കരനുമപ്പുറത്തേക്ക് ദര്‍ശനഗരിമയുടെ പാദം ഉയര്‍ത്തിവച്ച് നില്‍ക്കുന്ന മഹാജ്ഞാനിയെയാണ് കുറ്റിപ്പുഴ ആ സമയം ഗുരുദേവനില്‍ കണ്ടത്. "സമാരാധ്യനായ പൂര്‍വാചാര്യന്റെ വിധിയെയും തെറ്റാണെന്നുകണ്ടാല്‍ എതിര്‍ക്കാനുളള ധീരമായ സന്നദ്ധത ശ്രീനാരായണ ഗുരുവിനെപ്പോലെ മറ്റൊരു ഇന്ത്യന്‍ സംന്യാസിയും ഇങ്ങനെ നിശ്ശങ്കം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല." എന്നാണ് പിന്നീട് കുറ്റിപ്പുഴ തന്റെ സ്്മരണകളില്‍ രേഖപ്പെടുത്തിയത്. ആലുവാപ്പുഴയുടെ തീരം ലോകത്തിന് സമ്മാനിച്ച സര്‍വജ്ഞപീഠാധിപതിയാണ് ആദിശങ്കരന്‍. ചരിത്രവഴികളില്‍ അദ്ദേഹത്തിന്റെ  ദര്‍ശനം പിന്തുടര്‍ന്ന ഗുരുദേവന്‍ ആചാര്യപാദര്‍ക്ക് തിരുത്തു കല്പിക്കുന്നതിനും സാക്ഷി ആലുവാപ്പുഴ തന്നെയായിരുന്നു.

ചരിത്രം പരിശോധിച്ചാല്‍ സ്വാമി വിവേകാനന്ദന്റെ  ആഹ്വാനങ്ങള്‍ക്കും ഗുരുദേവന്റെ വക കാലോചിതമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുണ്ടെന്നു കാണാം.  "ബുദ്ധമുനിയുടെ ഹൃദയവും ശങ്കരാചാര്യരുടെ ബുദ്ധിയും ചേര്‍ന്നെങ്കിലല്ലാതെ ഭാരതീയരുടെ മതം പൂര്‍ണ്ണമാകില്ലെ"ന്നാണ് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞത്. അത് ബുദ്ധമതത്തെ ഹിന്ദുസംസ്കാരമായിത്തന്നെ കണ്ടുകൊണ്ടുളള വിശാലവീക്ഷണത്തില്‍നിന്ന് ഉടലെടുത്ത സവിത്ചിന്തയാണ്. എന്നാല്‍ അനുകമ്പാദശകത്തിലെ ഗുരുവിന്റെ ദര്‍ശനം വ്യക്തമാക്കിക്കൊണ്ട് ആലുവയില്‍ നടന്ന   സര്‍വമതസമ്മേളനത്തില്‍ ഗുരുശിഷ്യനായ സത്യവ്രതസ്വാമി ഇങ്ങനെ പറയുന്നുണ്ട്, "ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ചേര്‍ന്നെങ്കിലല്ലാതെ ലോകശാന്തിക്ക് ഉപയുക്തമായ മനുഷ്യജാതിയുടെ മതം പൂര്‍ണമാകില്ലെന്നാണ് ശ്രീനാരായണ പരമഹംസന്‍ സിദ്ധാന്തിക്കുന്നത്." വിവേകാനന്ദവാണിക്ക് അനുബന്ധമായി ഈ ഗുരുവാണി ചേര്‍ത്തുവച്ചുകൊണ്ടാണ് ചിന്തിക്കുന്നവരുടെ ലോകം  ശ്രീനാരായണഗുരുവിനെ വിശ്വഗുരുവായി ഉയര്‍ത്തിക്കാട്ടുന്നത്.  സര്‍വമതസമ്മേളനം മുന്നോട്ടുവച്ച സന്ദേശത്തിലൂടെ ഗുരുദേവന്‍ സ്വാമി വിവേകാനന്ദനെയും തിരുത്തുമ്പോള്‍ അതിനും സാക്ഷിയായത് ആലുവാപ്പുഴയുടെ തീരമാണെന്നത് ആശ്ചര്യകരമായിരിക്കുന്നു. സി. വി. കുഞ്ഞുരാമന്‍ എഴുതിതയ്യാറാക്കി ഗുരുവിന്റെ ചില തിരുത്തലുകളോടെ സത്യവ്രത സ്വാമി  സര്‍വമത സമ്മേളനത്തില്‍ അവതരിപ്പിച്ച ആ മഹത്തായ സ്വാഗതപ്രസംഗം എക്കാലവും പ്രസക്തമാകുന്നത് മതസാഹോദര്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്.  എല്ലാം ഒന്നായിക്കാണാനുളള മലയാളിയുടെ ഒരു പൊതുമനോഭാവം ഈ പ്രസംഗത്തില്‍ വരച്ചുകാട്ടുന്നുണ്ട്.

"മതവിഷയമായ ഭയങ്കര കലഹങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തവര്‍ എന്നുളള അഭിമാനകരമായ പാരമ്പര്യം കേരളീയര്‍ക്കുളളതിനെ നാം മേലിലും പാലിച്ചുകൊണ്ടുപോകേണ്ടതാണ്. അതോടുകൂടി ഭാരതീയരായ മറ്റു ഹിന്ദുക്കള്‍ക്കാര്‍ക്കും ഇല്ലാത്ത ഒരു വിശേഷവും കേരളീയ ഹിന്ദുക്കള്‍ക്കുണ്ട്. കേരളത്തിനു പുറത്ത് ശൈവനും ശാക്തേയനും വൈഷ്ണവനും ഭിന്നമതക്കാരെപ്പോലെ കഴിഞ്ഞുകൂടുമ്പോള്‍ കേരളീയന്‍ ശൈവന്റെ ഭസ്മക്കുറി തേച്ച് അതിനുമേല്‍ വൈഷ്ണവന്റെ ഗോപിക്കുറിയും വരച്ച് അതിനകത്ത് ശാക്തേയന്റെ സിന്ദൂരപ്പൊട്ടും തൊട്ട്, ശാക്തേയന്റെ ഭഗവതിക്ഷേത്രത്തില്‍ ചെന്നിരുന്ന് ശൈവന്റെ ശനിപ്രദോഷസന്ധ്യയില്‍ വൈഷ്ണവന്റെ ഭഗവത്ഗീത പാരായണം ചെയ്യുന്ന കൌതുകകരമായ കാഴ്ച മതഭ്രാന്ത് ഇല്ലാത്ത ഏതു ഹിന്ദുവിനെയാണ് ആഹ്ളാദഭരിതനാക്കി തീര്‍ക്കാത്തത്? മതങ്ങള്‍ തമ്മിലുളള മത്സരം കൂടാതെ കഴിയാനുളള പാരമ്പര്യം മാത്രമല്ല ഭിന്നമതങ്ങളെ കൂട്ടിയുരുക്കി ഏകമതമാക്കാനുളള പാരമ്പര്യവും കേരളീയര്‍ക്കുണ്ടെന്നല്ലേ ഇത് വെളിപ്പെടുത്തുന്നത്."  എന്നിങ്ങനെ എത്രഭംഗിയായും അടിസ്ഥാനപരമായുമാണ് ഗുരുശിഷ്യര്‍ കേരളീയരുടെ വിശ്വാസഘടനയെവരച്ചുകാട്ടുന്നതെന്ന് നോക്കുക.   ഇക്കാലത്തും അമ്പലങ്ങളിലും പളളികളിലും ഒരേ വിശ്വാസതീവ്രതയോടെ വഴിപാടുനടത്തുന്ന മലയാളികളുടെ എണ്ണം  ചെറുതല്ലെന്ന് ഓര്‍ക്കണം.

മറ്റൊരു ഭാഗത്ത് മത കലഹങ്ങളുടെ മൂലകാരണം വ്യക്തമാക്കിക്കൊണ്ട് ഗുരുശിഷ്യന്‍ പറയുന്നത് കേള്‍ക്കുക, "സള്‍ഫ്യൂറിക് ആസിഡ് കണ്ടുപിടിക്കുന്നത് ശാസ്ത്രജ്ഞനാണ് എന്നാല്‍ മൂലധനം മുടക്കി അത് ധാരാളമായി സംഭരിച്ച് വിതരണം ചെയ്ത് ആദായമുണ്ടാക്കുന്നത് മുതലാളന്മാരാണ്."  ആദ്ധ്യാത്മിക മോക്ഷമാര്‍ഗം  അവനവന്റെ ശൈലിയില്‍ വിശദീകരിച്ച മതസ്ഥാപകര്‍ സള്‍ഫ്യൂറിക് ആസിഡ് കണ്ടെത്തിയ ശാസ്ത്രജ്ഞനെപ്പോലെയാണ്്.  അവര്‍ സ്ഥാപിച്ച മതത്തെ  ആദായകരമായ വാണിജ്യസാധനങ്ങളാക്കി  "ഉത്തമം, കുശലം, വിദ്യ" എന്ന മട്ടില്‍ വില്‍ക്കുന്നത്ചില ബുദ്ധിമാന്മാരുമാണ്. മുടിവളരാന്‍ തങ്ങളുടെ എണ്ണയാണ് നല്ലത് എന്നുപറയുന്ന  എണ്ണക്കമ്പനികളെപ്പോലെ ഈ തീവ്രവാദപുരോഹിതവിഭാഗങ്ങളാണ് വിഭാഗീയത പ്രചരിപ്പിച്ച് തങ്ങളുടെ  'ഉല്പന്നത്തിന്റെ' മാര്‍ക്കറ്റ് ഉയര്‍ത്തുന്നത്. ഗുരുവിന്റെ സര്‍വമതസമ്മേളനം ഇക്കാര്യം പറഞ്ഞിട്ട് 88വര്‍ഷം പിന്നിട്ടു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പഠിപ്പിച്ച്  ശ്രീനാരായണഗുരുദേവന്‍ പരുവപ്പെടുത്തിയ കേരളീയന്റെ മനസില്‍ വിഭാഗീയത കുത്തിവയ്ക്കാനും അക്രമം അഴിച്ചുവിട്ട് മതഭ്രാന്ത് മുതലെടുക്കാനും പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. എന്നാല്‍ അതത്രകണ്ട് വിജയിക്കുന്നില്ല. അതൊരുകാലത്തും വിജയിക്കില്ലെന്ന് 88 വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരുവും ശിഷ്യരും ചേര്‍ന്ന് ആലുവാപ്പുഴയെ സാക്ഷിയാക്കി പ്രഖ്യാപിച്ചത് ഇക്കൂട്ടര്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അമ്പലമുറ്റത്ത് പശുവിനെ അറുത്താലോ കടപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും കുറച്ചുപേരെ വെട്ടിക്കൊന്നാലോ ഒരു ഇ-മെയില്‍ വിവാദത്തിലോ ഇടിഞ്ഞുവീഴുന്ന മതസൌഹാര്‍ദ്ദമല്ല മലയാളിയുടേതെന്ന്  ഇക്കൂട്ടര്‍ ഇനിയും തിരിച്ചറിയുന്നില്ല. ഒരേ മതത്തില്‍പ്പെട്ടവര്‍ തന്നെ ആരാധനാലയത്തിന്റെ അവകാശത്തിനായി അങ്കംവെട്ടുന്ന സംഭവങ്ങള്‍ക്കുപിന്നിലും "ഉത്തമം, കുശലം, വിദ്യ" എന്ന പ്രമാണം വച്ച് കച്ചവടം കൊഴുപ്പിക്കുന്നവരുടെ നിഴലനക്കം കാണുന്നുണ്ട്.

"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന ഗുരു സന്ദേശം  യുക്തിക്ക് നിരക്കാത്തതാണെന്നു വാദിച്ചുകൊണ്ട്  1949 ല്‍ കൊല്ലത്ത് ഒരു പാതിരി നടത്തിയ മതപ്രചാരണപ്രസംഗത്തിന് അന്ന് കേരളകൌമുദി നല്‍കിയ മറുപടിയില്‍ ഒരുഭാഗമാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. "അജ്ഞത, അജ്ഞതയാണെന്നറിഞ്ഞശേഷവും അതിനെ പുരോഹിത പ്രഭാവത്വത്തിന്റെ നിലനില്‍പ്പിനുവേണ്ടി സാധൂകരിച്ചുകൊണ്ട് നടക്കാന്‍ ഇടവരുന്ന മനുഷ്യന്‍ ദയാനര്‍ഹന്‍ മാത്രമാകുന്നു. ശ്രീനാരായണഗുരുദേവന്‍ പറയുന്നതുപോലെ ആ മനുഷ്യന്‍ നന്നായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു."

കടപ്പാട് : Sajeev Krishnan
http://krishnanatam.blogspot.in/2012/01/blog-post_23.html

ഗുരുദേവന്‍ ഹൈന്ദവ സന്യാസിയോ?

(എഴുതിയതു് (©) ഉദയഭാനു പണിക്കർ.  സാമ്പത്തിക  വരുമാനത്തിനായി  ഈ  ലേഖനം  ഉപയോഗിക്കാൻ  പാടില്ല.  സാമ്പത്തിക  വരുമാനത്തിനല്ലാതെ,  എവിടെ  എന്തിനുപയോഗിക്കുന്നു  എന്നു്  ലേഖനകർത്താവിനെ  അറിയിച്ചുകൊണ്ടു്  ആർക്കും  ഈ ലേഖനം  ഉപയോഗ്ക്കാം.)

സന്യാസി  എന്നാൽ  സന്യസിച്ചവൻ - അതായതു്  ലൗകികമായ  കാമ്മ്യകർമ്മങ്ങളെല്ലാം  പരിത്യജിച്ചു  ജീവിക്കുന്ന  ആൾ;  അഥവാ  യോഗി.  യോഗി  ആരാണു്?  യോഗശക്തിയുള്ളവൻ  യോഗി.  യോഗാഭ്യാസം  ചെയ്തവൻ,  സന്യാസി,  തപസ്വി,  സിദ്ധൻ,  ശിവൻ,  വിഷ്ണു  ഇവയൊക്കെയാണു്  മിക്ക  മലയാളം  നിഘണ്ടുക്കളിലും  കാണുക.  അപ്പോൾ  ഇവിടെ  നാം  തേടുന്നതു്  യോഗശക്തിയുള്ള  സ്വാമിയെയാണു്,  സിദ്ധനെയാണു്  അല്ലെങ്കിൽ  യോഗിയെയാണു്.
                           
അപ്പോൾ  യോഗശക്തിയെന്താണു?  “യോഗഃ”  എന്താണു്?

ഇന്നു  “യോഗ” എന്ന  പേരിലറിയപ്പെടുന്ന  “വ്യവസായം”,  പതാഞ്ഞലി  മഹർഷിയുടെ   “യോഗഃസൂത്ര”ത്തിലെ   അഷ്ടാംഗയോഗത്തിലെ  എട്ടിലൊരംശമായ  “യോഗാസനം”  പോലും  ആകില്ല.  ഭാരതത്തിന്‍റെ  ആത്മീയതയുമായി  യാതൊരു  ബംന്ധവും  ഇല്ലാതാക്കി  മാറ്റപ്പെട്ട  ആ  “യോഗ”  എന്ന  വ്യവസായത്തെപ്പറ്റിയല്ല  ഇവിടെ  സൂചിപ്പിക്കുതു്.  പതാഞ്ഞലി  മഹർഷിയുടെ  “യോഗഃ”  എന്നു  പറയുന്നതിലും  പുലസ്ത്യമുനിയുടെ  “യോഗഃ”  എന്നു  പറയുന്നതാവും  ശരി. “യോഗഃസൂത്രം”  പതാഞ്ഞലി  മഹർഷി,  സപ്തൃഷികളിൽ  ഒരാളായ  പുലസ്ത്യരിൽ  നിന്നും  ലഭിച്ച  അറിവിനെ  വികസിപ്പിച്ചെടുത്തതാണെന്നു  കേൾക്കുന്നു.  അപ്പോൾ  ഋഷി  പുലസ്ത്യരല്ലേ  ശരിക്കും  “യോഗഃസൂത്ര”ത്തിന്‍റെ  ഉടമ?

നാമരൂപങ്ങളെ  തിരസ്കരിച്ചു്,  ആത്മാവിനെ  അറിയുന്ന  പ്രകൃയയാണു്  യോഗാഭ്യാസം.  ഇതിനെ  താത്ത്വികമായി പഠിക്കുകയും;  പഠിച്ചതിനെ  പ്രായിഗികമാക്കുകയും  ചെയ്താൽ  യോഗിയാകും.  അങ്ങനെ  പഠിച്ചതിനെ  പ്രായിഗികമാക്കുന്ന  ജീവാത്മക്കൾ  പരമാത്മവിൽ  വിലയം  പ്രാപിച്ചു  മോക്ഷം  നേടുന്നു.  ജീവിച്ചിരിക്കുമ്പോൾ  തന്നെ  ഇതു  സാധിച്ചവരും  ഉണ്ടു്.  അവരാണു്  യഥർത്ഥ  യോഗിമാർ.  ശരീരം വിടുന്നതിനുമുമ്പ്,  “ഈ  ജന്മത്തിൽ  തന്നെ  ആർക്കാണോ  കാമ-ക്രോധാദികളിൽനുന്നുണ്ടാകുന്ന  ക്ഷോഭത്തെ  സഹിക്കാൻ (നിലയ്ക്കു നിറുത്താൻ)  ശക്തനാകുന്നതു്  അയാളാണു  യഥാർദ്ധ  യോഗി.”

അങ്ങനെയുള്ളവർ  “ഞാൻ  കർത്താവാണു്  (കർമ്മം  ചെയ്യുന്നവൻ)  എന്ന  തോന്നലിനെ – അഥവാ  അഹങ്കാരത്തെ – വെടിയുന്നു.  ആ വെടിയലാണു്  ശരിയായ  സന്യാസം;  സന്യാസിയായവർ,  ഫലകാംഷയില്ലാതെ  കർമ്മം  ചെയ്യുന്നു.  ആ  കർമ്മം  ചെയ്യൽ  യോഗവും.  യോഗത്തിലൂടെ വേണം   സന്യാസത്തിലെത്താൻ.  സന്യാസഭാവം  ഇല്ലെങ്കിൽ  യോഗഃ  സാധിക്കുകയും  ഇല്ല.  സന്യാസത്തിൽ  യോഗവും  യോഗത്തിൽ  സന്യാസവും  അന്തർഭവിച്ചിരിക്കുന്നു.”

“കർമ്മഫലത്തെ  ആശ്രയിക്കാതെ  ആരാണോ  കർത്തവ്യകർമ്മം  ചെയ്യുന്നതു്  അവൻ  തന്നെ  സന്യാസിയും  യോഗിയും.  അഗ്നിഹോത്രാദികളും  മറ്റു  ക്രീയകളും  ഉപേക്ഷിച്ചതു  കൊണ്ടുമാത്രം  സന്യാസിയും  യോഗിയും  ആവുകയില്ല.”  “ഏതിനെയാണോ  സന്യാസമെന്നു  പറയുന്നതു്  അതുതന്നെ  യോഗഃ  എന്നറിയുക.  എന്തെന്നാൽ,  സങ്കൽപ്പങ്ങളെ  ത്യജിക്കാതെ  ആരും  യോഗിയായി  ഭവിക്കുന്നില്ല.”

“യോഗികൾ,  സംഗം  വെടിഞ്ഞു്  ആത്മശുദ്ധിക്കു് (അന്തഃകരണശുദ്ധിക്കു്)  ശരീരമനോബുദ്ധികളാകുന്ന  കരണങ്ങൾ  കൊണ്ടു്,  അഭിമാനം  (അഹംങ്കാരം)  കൂടാതെ  കർമ്മം  ചെയ്യുന്നു.”

“ഇന്ദ്രീയവിഷയങ്ങളിലും  അവയ്ക്കുവേണ്ടിയുള്ള  പ്രവൃത്തികളിലും  ഒട്ടും  ആസക്തിയില്ലാതാവുമ്പോൾ  സർവ്വസങ്കൽപ്പങ്ങളേയും  ഉപേക്ഷിച്ചയാളെ  യോഗാരൂഢനെന്നും  പറയുന്നു.”  “വേണ്ടും  വണ്ണം  നീയന്ത്രിക്കപ്പെട്ട  ചിത്തം  സർവ്വ  കാമനകളിൽ  നിന്നും  നിർമുക്തമായി  ആത്മസ്വരൂപത്തിൽതന്നെ  സ്ഥിതിചെയ്യുമ്പോൾ  അയാളെ  യോഗമുക്തനെന്നു  പറയുന്നു.”

“യോഗത്തെ  ആരോഹണം  ചെയ്യാനിച്ഛിക്കുന്ന  മുനിക്കു് കർമ്മമാണു്  ഉപായം.  യോഗത്തിൽ  ആരൂഢനായ  അയാൾക്കു്  പിന്നീടു്  ശമമാണു  സാധനം.”  അതേപോലെ  “ജ്ഞാനവിജ്ഞാനങ്ങൾ കൊണ്ടു് സംതൃപ്തനും ഇളക്കമില്ലാത്തവനും  ഇന്ദ്രീയങ്ങളെ  ജയിച്ചവനും  മൺകട്ടയും  കല്ലും  സ്വർണ്ണവുമ്മെല്ലാം  തുല്ല്യമായി കാണുന്നവനുമായ യോഗിയെ  യോഗാരൂഢനെന്നു  പറയുന്നു.”

“യോഗാവസ്ഥ  (സമചിത്തത)  നേടാനിച്ഛിക്കുന്ന  സാധകനു് കർമ്മയോഗമാണു്  ഉപായം.  കർമ്മം  ചെയ്യുന്നു  എന്ന  ഭാവമോ  തനിക്കതിന്‍റെ  ഫലം  അനുഭവിക്കണമെന്ന  ഇച്ഛ  ഇല്ലാതെ  അർപ്പണമനോഭാവത്തിൽ  കർമ്മം  ചെയ്യുമ്പോൾ  ഉള്ളിലെ  വാസനകൾ  തീർന്നു  പോവും;  പുതിയ  വാസനകൾ  ഉണ്ടാവുകയും  ഇല്ല.  മനസ്സിലെ  കോളിളക്കം  നിലയ്ക്കുമെന്നർദ്ധം.”  “ഫലം,  തനിക്കനുഭവിക്കണം  എന്ന  ആകാംഷ  ഇല്ലാത്തവനാൽ  ആസക്തി  കൂടാതെയും  രാഗദ്വേഷങ്ങൾക്കു്  വശംവദനാകാതേയും  അനുഷ്ടിക്കപ്പെടുന്ന  വിഹിതകർമ്മം  സാത്ത്വികമെന്നു  പറയപ്പെടുന്നു.”  “ആരാണോ  ആ  കർമ്മം  ചെയ്യുന്നതു്  അവനെ  സാത്ത്വികനെന്നും  പറയുന്നു.    ആസക്തിയില്ലാതെ,  അഹം  ഭാവമില്ലാതെ  ലക്ഷ്യപ്രാപ്തിക്കുള്ള  ദൃഢപ്രതിജ്ഞയോടെ  ഉത്സാഹപൂർവ്വം  പ്രയത്നിച്ചു്  വിജയമോ  പരാജയമോ  എന്തുസംഭവിച്ചാലും  പതറാതെ  കർമ്മം  ചെയ്യുന്നവരും  സാത്ത്വികരത്രെ.” ആരാണോ  ആ  സാത്ത്വിക  കർമ്മം  ചെയ്യുന്നതു്  അവനെ  സാത്ത്വികനെന്നും  പറയുന്നു;  സാത്ത്വികൻ  തന്നെയാണല്ലോ  സന്യാസിയും.

“മനസ്സിനെ  ജയിച്ചു്  പ്രശാന്തിയനുഭവിക്കുന്നവനു്  (അതായതു് യോഗിക്കു്)  ശീതോഷ്ണങ്ങളിലും  സുഖദുഃഖങ്ങളിലും  മാനാപമാനങ്ങളിലും  അന്തരാത്മാവു്  സാമ്മ്യഭാവത്തിൽ  സദാ  വിളങ്ങുന്നു.”  “കാറ്റില്ലാത്തിടത്തു്  വെച്ച  വിളക്കു്  എങ്ങനയോ  അതുപോലെ,  അന്തരാത്മാവിൽ  മനസ്സിനെ  ഏകാഗ്രമാക്കിയ  യോഗി  നിശ്ചലനായി  (അചഞ്ചലനായി)  നിലകൊള്ളുന്നു.”

“ചിത്തത്തെ  ആത്മാവിലുറപ്പിച്ച  യോഗി  ‘സർവ്വം  ബ്രഹ്മമയം’ എന്നറിഞ്ഞു്  ആത്മാവിനെ  സർവ്വചരാചരങ്ങളിലും  സർവ്വചരാചരങ്ങളെ  ആത്മാവിലും  കാണുന്നു.”  യോഗിയായവനു്  - അതായതു്;  “ആത്മാവിനെക്കൊണ്ടു്  (അന്തർമുഖബുദ്ധി  കൊണ്ടു്)  ആത്മാവിനെ  (ബഹിർ മുഖമനസ്സിനെ)  ജയിച്ചവനു്  താൻ  തന്നെ  ബന്ധുവാകുന്നു.  എന്നാൽ  മനോജയം  നേടീട്ടില്ലാത്തവന്നു്  താൻ  തന്നെ  തനിക്കു്  അഹിതകാരിയായ  ശത്രുവെപ്പോലെ  വർത്തിക്കുന്നു.”

“ആരാണോ  മറ്റുള്ളവരെയെല്ലാം  തന്‍റെതന്നെ  പ്രതിരൂപങ്ങളായി  കണ്ടു്  അവരുടെ  സുഖവും  ദുഃഖവുമെല്ലാം  തന്‍റെതെന്നപോലെ  കണക്കാക്കുന്നതു്,  അവനത്രേ  യോഗികളിൽ  വെച്ചുത്തമൻ.”

“ഒന്നിലും  ആസ്ക്തിയില്ലാത്ത  ബുദ്ധിയോടുകൂടിയവനും  ആത്മസംയമനമുള്ളവനും  കാമനകളൊന്നുമില്ലാത്തവനുമായ  സാധകൻ  സന്യാസം  കൊണ്ടു്  പരമോത്കൃഷ്ടമായ  നൈഷ്കർമ്മസിദ്ധിനേടുന്നു.”    “ആരിൽ  നിന്നാണോ  സർവ്വചരാചരങ്ങളും  ഉണ്ടായി  വരുന്നതു്,  ആരു്  ഈ  ലോകത്തു  മുഴുവനും  വ്യാപിച്ചു  നില്ക്കുന്നുവോ  അവനെ  (ആ  പരമാത്മാവിനെ)  മനുഷ്യൻ  സ്വകർമ്മം  കൊണ്ടർച്ചിച്ചു്  സിദ്ധി  നേടുന്നു.”  സിദ്ധി  നേടിയവൻ  സിദ്ധൻ.  സിദ്ധൻ  തന്നെയാണല്ലോ  സന്യാസിയും.

“ആരാണോ  അന്തരാത്മാവിൽ  സുഖം  കണ്ടെത്തുകയും  അതിൽതന്നെ  രമിക്കുകയും  ചെയ്യുന്നതു്  അപ്രകാരംതന്നെ  ആരുടെ  ഹൃദയത്തിൽ  ആത്മജ്ഞാനം  തെളിഞ്ഞു  പ്രകാശിക്കുന്നുവോ  ആ  യോഗി  സ്വയം  ബ്രഹ്മമായിത്തീർന്നു്  മോക്ഷം  പ്രാപിക്കുന്നു.”

അതിനു  ജനിച്ച  കുലമോ  ജാതിയോ  വർണ്ണമോ  ഒന്നും  ബാധകമല്ല.  സ്നേഹിതരേ;  ബ്രഹ്മണ-ക്ഷത്രിയ-വൈശ്യ- ശൂദ്രന്മാരുടെയെല്ലാം  കർമ്മങ്ങളെ  അവരുടെ  സ്വാഭാവിക ഗുണങ്ങൾക്കനുസരിച്ചാണു്  വേർ തിരിച്ചിരിക്കുന്നതു്.  അതു  ചെയ്തതോ  മറ്റാരുമല്ല.  ആ  പരം പൊരുളായ  പരബ്രഹ്മം  തന്നെ. ഗുണകർമ്മങ്ങളുടെ  സ്വഭാവമനുസരിച്ചു്  ബ്രഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രരെന്ന  നാലുവർണ്ണങ്ങൾ  എന്നാൽ   (പരബ്രഹ്മത്താൽ)  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു  എന്നു  ശ്രീകൃഷ്ണഭഗവാന്‍റെ  രൂപത്തിൽ  വന്ന  ആ  പരബ്രഹ്മം  തന്നെ  ഗീതയിൽ  പറയുന്നതതാണു്.  അതിന്‍റെ   കർത്താവെങ്കിലും  വികാരരഹിതനായ  ആ  പരബ്രഹ്മത്തെ കർത്തൃത്വമില്ലാത്തവനെന്നറിഞ്ഞാലും.  ഗീതയിൽ  ഇതു  പറയുന്ന  അവസരത്തിൽ  ഭഗവാൻ,  വസുദേവപുത്രനായ  ശ്രീകൃഷ്ണനല്ല,  മറിച്ചു്  പരബ്രഹ്മം  ആണെന്നു  നാം  മനസ്സിലാക്കണം.

താടിയും മുടിയും നീട്ടിവളർത്തി,  അല്ലെങ്കിൽ  അവ രണ്ടും മുണ്ഡനം  ചെയ്തു്  കാവിനിറത്തിലുള്ളതോ  തൂവെള്ളനിറത്തിലുള്ളതോ  ആയ വസ്ത്രം  ധരിച്ചു്  കുറച്ചു  സംസ്കൃതഭാഷാമന്ത്രങ്ങളും  ഉരുവിട്ടു്   മനസ്സുകുളുർക്കുന്ന  വാക്ധോരണിയിൽ  സംസാരിച്ചാൽ  സ്വാമിയായി  അംഗീകരിക്കപ്പെടാറുണ്ടിപ്പോൾ.  എന്നാൽ  മുകളിൽ  വിവരിച്ച  ലക്ഷണ-കർമ്മ-കാര്യ-കാരണങ്ങൾ  വച്ചു  നോക്കുമ്പോൾ  ഇന്നു  നമുക്കു്  എത്ര  സന്യാസിമാരേ  കാണാൻ  സാധിക്കും.  

എന്നാൽ  മുകളിൽ  വിവരിച്ച  ലക്ഷണ-കർമ്മ-കാര്യ-കാരണങ്ങൾ  വച്ചു  നോക്കുമ്പോൾ  ഗുരുദേവൻ  സിദ്ധനായിരിന്നു,  യോഗിയും  ആയിരിന്നു,  അതുകൊണ്ടുതന്നെ  സ്വാമിയും  ആയിരിന്നു.  സ്വാമിതന്നെയാണല്ലോ  സന്യാസിയും.  അങ്ങനെ സന്യാസി  അയിരിന്നു   എങ്കിൽ  “ഹിന്ദു  സന്യാസി”  ആയിരിന്നുവോ?  ഇതാണു്  ചർച്ചാവിഷയം.  അപ്പോൾ  ആദ്യം  “ഹിന്ദു”  ആയിരിന്നുവോ  എന്നു  നോക്കണം.  അതു  നോക്കും  മുമ്പ്  “ഹിന്ദുമതം”  എന്നൊന്നുണ്ടോ  എന്നും  നോക്കണം.  ഭാരതത്തിന്‍റെ   ആത്മീയതയിലൊരിടത്തും    “ഹിന്ദുമതം”  എന്നൊന്നില്ല.  എന്നാൽ  കാലം  കടന്നു  പൊയ്ക്കൊണ്ടിരുന്നപ്പോൾ  സിന്ധൂനദീതീരവാസികൾ  എന്ന  അർദ്ധത്തിൽ  പുരാതനഭാരതത്തിലെ  നിവാസികളെ  വിദേശിയർ  “ഹിന്ദുക്കൾ”  എന്നു  വിളിച്ചിരിന്നു - “സിന്ധുക്കൾ”  എന്നു  വിളിക്കുന്നതിനു  പകരം.  കാരണം  ആ വിളി  തുടങ്ങിയവരുടെ  ഭാഷയിൽ  “സ”  എന്ന  അക്ഷരം  എല്ലായിരിന്നു.  അവർ  “ഹ”  ആയിരിന്നു  ഉപയോഗിച്ചിരുന്നതു്.  അങ്ങനെ  “സിന്ധു”ക്കൾക്കുപകരം  “ഹിന്ദു”ക്കൾ  ഉണ്ടായി,  പറഞ്ഞു  തുടങ്ങിയവർക്കു  മതം  ഉണ്ടായിരിന്നു.  അതിനാൽ  അവർ  ഈ  “ഹിന്ദു”  എന്നതു്  നമ്മുടെ  പൂർവ്വികരുടെ  മതമാണെന്നു  പറഞ്ഞു.  അതിഥികളെ  ദേവതുല്ല്യം  കണ്ട  നമ്മുടെ പൂർവ്വികർ  ആ  “അതിഥിദേവന്മാർ”  കനിഞ്ഞു  നല്കിയ  “ഹിന്ദു”നാമവും,  “ഹിന്ദുമതം”  എന്ന  സംജ്ഞയും  സ്വീകരിച്ചു.  അങ്ങനെ  നമ്മൾ  “ഹിന്ദു”  മതക്കാരും  നമ്മുടെ  ആത്മീയത  അഥവാ  ആത്മീയപദ്ധതി  ഒരു  മതവും  ആയി  ചിത്രീകരിക്കപ്പെട്ടു.

മതം  എന്നാൽ  അഭിപ്രായം  എന്നാണു്.  അപ്പോൾ  ഒരാളിന്‍റെ   അഭിപ്രായം  അനുസരിച്ചുണ്ടാക്കിയ  ഒരു  സാമൂഹ്യമായ  ആരാധനാസമ്പ്രദായമോ  അതുൾപ്പെടുത്തിക്കൊണ്ടുള്ള  ജീവിതരീതിയോ  ഒരു  മതമാണെന്നു  പറയാം – അതേ,  മതങ്ങൾ  അങ്ങനെ  തന്നെ.  എന്നാൽ  നമുക്കു്  നമ്മുടെ  ഇതിഹാസപുരാണങ്ങളിൽ  കൂടിയും  വേദങ്ങളിൽ  കൂടിയും  ഉപനിഷത്തുക്കളിൽ കൂടിയും  ആഗമങ്ങളിൽ കൂടിയും  ലഭ്യമായ  ആത്മീയജ്ഞാനവിജ്ഞാനസമുച്ചയം  ഒരാളുടെ  അഭിപ്രായങ്ങളിലൂടെ  ചിട്ടപ്പെടുത്തിയെടുത്ത  ഒരു  നിയമാവലിയല്ല.  അങ്ങനെ  ഒരു  നിയമാവലിയെ  അടിസ്ഥാനപ്പേടുത്തിയുള്ള  ഒരു  ജീവിതരീതിയുമല്ല,  അങ്ങനെയുള്ള  ഒരു  ആരാധനാ  സമ്പ്രദായവും  അല്ല  ഭാരതത്തിന്‍റെ  ആത്മീയത.

ഭാരതത്തിന്‍റെ  ആത്മീയത;  സനാതനമായ  ഈ  ധർമ്മം,  വെറും  ഒരു  മതതത്വമോ  വിശ്വാസമോ  അല്ല.  അഹന്തയോടു  കൂടിയോ  അല്ലാതയോ  അടിച്ചേല്പിക്കപ്പെടുന്ന  ഒരു  വിശ്വാസവും  അല്ല.  മതങ്ങൾക്കെല്ലാം  അതീതമായ  ഒരു  ശാസ്ത്രം  ആണു,  ഈ  സനാതനമായധർമ്മം - അത്മീയജ്ഞാനത്തിന്‍റെ  ശാസ്ത്രം.  ഇതു് ആദിയും  അന്തവും  ഇല്ലാത്തതും;  ജനനവും  മരണവും  ഇല്ലാത്തതും  ആയ  ബ്രഹ്മത്തിന്‍റെ  ശാസ്ത്രം  ആണു്,  അത്മാവിന്‍റെ  ശാസ്ത്രം,  അതീതമായ  സത്യത്തിന്‍റെ  ശാസ്ത്രം, ജീവാത്മാവിനും  പരമാത്മാവിനും  തമ്മിലുള്ള  ഏകത്വത്തിന്‍റെ  ശാസ്ത്രവും  ആണിത്.  ഇതിനെ  മനസ്സിലാക്കുന്നവർക്കു്  അനന്തമായ  ആത്മീയ  സംതൃപ്തിയും  ആത്മസംയമനവും  ഉണ്ടാകും.  അനുഷ്ഠാനത്തോടും  ആത്മാർത്ഥതയോടും  കൂടി  ഇതിനെ  അനുസരിക്കുന്നവർക്കും  പരിശീലിക്കുന്നവർക്കും  ഇതു  വഴങ്ങും.  അപ്പോൾ  അത്മീയവും  പഞ്ചഭൂതാത്മകവും  ആയ  ആനന്ദത്തെ  അനുഭവിക്കുകയും  ചെയ്യാം.  എല്ലാവർക്കും  ഉല്കൃഷ്ട്ട  ജീവിതം  കൈവരിക്കുവാൻ;  സകലത്തിനും  ഉപരിയായി  ഉപയോഗിക്കാവുന്ന  സർവ്വോല്കൃഷ്ടമായ  ഒരു  ജീവനമാർഗ്ഗമാണു  സനാതനമായ  ഈ  ധർമ്മം.  ഈ  സനാതനമായ  ധർമ്മം  സ്വർഗ്ഗരാജ്യത്തേക്കുള്ള  ഒറ്റയടിപ്പാതയല്ല,  മറിച്ച്  ജീവാത്മ – പരമാത്മ  ഏകോപനത്തിനുള്ള  (ആ  ഏകോപനമാണു  മോക്ഷം – അതാണു   ജീവാത്മാവിന്‍റെ  അന്തിമ  ലക്ഷ്യം.)  ബഹുമുഖമായ  രാജവീഥിയാണു്.  ഇതിനു  സമാനമായി  ഇതു  മാത്രമേ  ഉള്ളൂ.  ഇതിനേ  അളക്കാനുള്ള  അളവു  കോൽ  എവിടെയും  കിട്ടില്ല.  മതങ്ങൾ  കടലോരത്തെ  പൂഴിമണലിൽ  കുട്ടികൾ  ജലക്രീഡയ്ക്കായി  ഉണ്ടാക്കിയ  കൊച്ചു  കുഴികളും;  സനാതനധർമ്മം  ആ  കുഴികളിൽ  കുട്ടികൾക്കു  ജലക്രീഡയ്ക്കായി  ജലം  അനവരതം  പ്രദാനം  ചെയ്തതും,   ചെയ്തുകൊണ്ടിരിക്കുന്നതും,  ഭാവിയിലും  പ്രദാനം  ചെയ്യുവാൻ  കഴിവുള്ളതും  ആയ  ഒരു  അനന്തമായ    മഹാസാഗരവും  ആണെന്ന  സത്യം  ഓർക്കുക.

മഹാത്മാക്കളുടെ  സംഭാവനകളാൽ  ഇതു  സദാ  പുഷ്ടിപ്പെട്ടു  കൊണ്ടിരിക്കുന്നു.  വേദങ്ങളിൽ  അധിഷ്ഠിതമായ  ഈ  സനാതനമായ  ധർമ്മത്തിന്‍റെ  പാരമ്മ്യമാണു്  വേദാന്തം  അഥവ  ഉപനിഷത്തുക്കൾ.  അജ്ഞരും  സംസാരബന്ധങ്ങളാൽ  ദു:ഖിതരും  ആയ  ജീവാത്മാക്കളെ,  ജ്ഞാനവിജ്ഞാനങ്ങളേകി  മുക്തരാക്കുകയാണു്  വേദാന്തത്തിന്‍റെ  ലക്ഷ്യം.  വേദാന്തം  ജീവാത്മാവിനെ,  ബ്രഹ്മത്തിന്‍റെ  പരാ-അപരാ  പ്രകൃതികളെ  തിരിച്ചറിഞ്ഞ്,  പരാപ്രകൃതിയുമായി  താദാത്മ്യം  പ്രാപിച്ചു   സ്വതന്ത്രമായി,  സുഖസമ്പന്നമായി  അപരാപ്രകൃതിയിൽ  വിഹരിക്കുന്നതിനു  കഴിവുള്ളതാക്കിത്തീർക്കും.  ഇതു  മറ്റെങ്ങും  ലഭ്യമല്ല.  ഇതിനു  “ബ്രഹ്മവിദ്യ” എന്നും പറയും. നമ്മിൽ  ബ്രഹ്മവിദ്യ  അതിന്‍റെ  പാരമ്മ്യതയിൽ  എത്തുമ്പോൾ  നാമെല്ലം  ഒന്നാണെന്ന  ബോധം  ഉണ്ടാകും.  അവിടെ  എല്ലാവിധമായ  സമത്വവും  സാഹോദര്യവും  വിളയാടും.  ജനങ്ങൾ  എല്ലാം  തന്നെ  ഒരേ  വംശജരാണെന്നും  അവിടെ  ഉച്ചനീചത്വങ്ങൾ  പാടില്ലാ  എന്നും  മനസ്സിലാകും.

ഗുരുദേവൻ  ഈ  ബ്രഹ്മവിദ്യയുടെ  വ്യാഖ്യാതാവായിരിന്നു,   ബ്രഹ്മവിദ്യാജ്ഞാനിയായിരിന്നു,  ബ്രഹ്മവിദ്യയെ  സ്വജീവിതം  കൊണ്ടു്  സഹജീവികളിലേക്കും  മറ്റുചരാചരങ്ങളിലേക്കും  വ്യാപരിപ്പിച്ച  പരമാത്മജ്ഞാനിയായിരിന്നു.  ജ്ഞാനിയായ,  കർമ്മനിരതനായ,  ഭക്തനായിരിന്നു.  ജ്ഞാന-കർമ്മ-ഭക്തിമാർഗ്ഗങ്ങളെ  കാട്ടിത്തന്ന  മഹായോഗിയായ   പരമാത്മാവുതന്നെ  ആയിരിന്നു.

“ഹിന്ദു” മതം എന്നൊരു മതമില്ലാ  എന്നും,  വേണമെങ്കിൽ  നമ്മുടെ  ബ്രഹ്മവിദ്യയെ  (ആത്മീയതയെ)  പല  മതങ്ങളുടെ   ഒരു  സമാഹാരം  എന്നു  വിളിക്കാം  എന്നും  ഗുരുദേവൻ  തന്നെ  പറഞ്ഞിട്ടും  ഉണ്ടു്.  ശരിക്കും  പറഞ്ഞാൽ  അവയെല്ലാം  (ഗുരുദേവൻ  ഇവിടെ  പറയുന്ന  “മതങ്ങൾ”  എല്ലാം)  തന്നെ  കാലാകാലങ്ങളിൽ,  നമ്മുടെ  ആത്മവിദ്യയിൽ  കടന്നുകൂടിയ  മാലിന്ന്യങ്ങളെ  അകറ്റാൻ  ഋഷിവര്യന്മാർ  ഉപദേശിച്ചുതന്ന  ഉപനിഷദ്  സൂക്തങ്ങളാണു് - ഗുരുദേവ  കൃതികളെപ്പോലെ  തന്നെ.  അതേ,  അങ്ങനെ  പല  മതങ്ങളുടെ  സമാഹാരവും   അതിനോടൊപ്പം  മറ്റും  പലതു  ചേർന്ന  ഒരു  ശാസ്ത്രീയമായ പദ്ധതിയാണിതു്.  അതുപോലെ  തന്നെ;  മതങ്ങളിൽ  ആത്മീയതയില്ല.  മതം  അവസാനിക്കുമ്പോഴാണു്  അത്മീയത  തുടങ്ങുക. അതുകൊണ്ടുതന്നെ  “മതാതീത  ആത്മീയത”  എന്നു  പറയണ്ട  ആവശ്യം  എല്ല.  ആത്മീയത  എന്നു   പറയുമ്പോൾ  തന്നെ  അതു  മതാതീതമാണു്.

മതങ്ങൾ  മനുഷ്യന്‍റെ ചിന്താശക്തിയെ  നശിപ്പിക്കും  എന്നു  പറയപ്പെടുന്നു.  ഇതുപൂർണ്ണമായും  ശരിയാണു്.  എന്നാൽ  ആത്മവിദ്യ  എന്ന  ഭാരതത്തിന്‍റെ  ആത്മീയശാസ്ത്രം,  മനുഷ്യന്‍റെ  ചിന്താശക്തിയെ  നശിപ്പിക്കുന്ന  ഒന്നല്ല.  മറിച്ചു് മനുഷ്യന്‍റെ  ചിന്താശക്തിയെ  ഉത്തേജിപ്പിക്കുന്ന  ഒരു ശാസ്ത്രീയമായ  പദ്ധതിയാണിതു്.  ഉപനിഷത്തുക്കളിൽ യുക്തിയുക്തമായി  സമർത്ഥിച്ചിട്ടുള്ള  ഈ  തത്ത്വങ്ങൾ അന്ധമായി  വിശ്വസിക്കാനോ,  പിന്തുടരുവാനോ  അവയെ പുസ്തകരൂപത്തിലാക്കിയ  ആ  ഋഷിവര്യന്മാർ  ഒരിടത്തും പറയുന്നില്ല.  ആ  ഋഷിവര്യന്മാർ  അവരുടെ  ബുദ്ധിപരമായ  അഭിപ്രായങ്ങളോ  ചോദ്യം  ചെയ്യാതെ  അനുവർത്തിക്കാൻ  ആവശ്യപ്പെടുന്ന  ദൈവത്തിന്‍റെ  അനുശാസനങ്ങളോ  അയിട്ടല്ല  അവയെ  അവതരിപ്പിച്ചിരിക്കുന്നതും.  അതുകൊണ്ടാണു്  ശ്രീകൃഷ്ണഭഗവാൻ  ഗീതയിൽ  “അത്യന്തം  ഗോപ്യമായ  ബ്രഹ്മവിദ്യ  ഞാൻ  നിനക്ക്  ഉപദേശിച്ചു  കഴിഞ്ഞു,  ഇതിനെ  നല്ലപോലെ  വിചാരം  ചെയ്തു്  നിന്‍റെ  ഇഷ്ടം  പോലെ  പ്രവർത്തിക്കുക  എന്നു്”  അർജ്ജുനനെ  ഉപദേശിച്ചതു്.

അപ്പോൾ  “ഹിന്ദുമതം”  എന്നൊരുമതമില്ല.  അതിനാൽ  ഗുരുദേവൻ  “ഹിന്ദു  സന്യാസി”യും  അല്ല.  സന്യാസികൾ  ശരിക്കും  ഭാരതത്തിന്‍റെ  ആത്മീയതയിൽ  മാത്രം  കാണപ്പെടുന്ന  ഒന്നാണു്.  കാരണം  അതിലൊഴിച്ചു  മറ്റെങ്ങും  സിദ്ധിയില്ല.  സിദ്ധിയില്ലാത്തിടത്തു  സിദ്ധ്നില്ല.  സിദ്ധനില്ലാത്തിടത്തു  സന്ന്യാസമോ  സന്ന്യാസിയോ  ഉണ്ടാകില്ല.  അതുപോലെതന്നെ,  നമ്മുടെ  ആത്മീയതയിലല്ലാതെ  എങ്ങും  മോക്ഷമില്ല.  അതുകൊണ്ടുതന്നെ  മറ്റുള്ളയിടങ്ങളിൽ  (മതങ്ങളിൽ),  യോഗിയോ,  സിദ്ധനോ,  സന്ന്യാസിയോ  ഉണ്ടാകുക  അസാദ്ധ്യം  തന്നെ.  ആയതിനാൽ  ഗുരുദേവൻ  “ഹിന്ദു”  സന്ന്യാസി  അല്ല  എങ്കിലും  സന്ന്യാസിയാണു്,  അത്ത്യുന്നതനായ  സന്ന്യാസി.  ആദിസന്യാസി  പരമശിവന്‍റെ  അവതാരമൂർത്തിയായ  സാക്ഷാൽ  സന്ന്യാസി.  സാക്ഷാൽ  പരബ്രഹ്മത്തിന്‍റെ   ആദ്യമനുഷ്യരൂപമായ  “ദേവാധിദേവൻ”,  “മഹാദേവ”ന്‍റെ  അവതാരം - അതായിരിന്നു  ഗുരുദേവൻ;  അതാണു  ഗുരുദേവൻ,  എന്നെന്നും  അതായിരിക്കും  ഗുരുദേവൻ.

ഗുരുദേവൻ ഹൈന്ദവ സന്യാസിയോ – ചില വിശദീകരണങ്ങൾ


(എഴുതിയതു് (©) ഉദയഭാനു പണിക്കർ.  സാമ്പത്തിക  വരുമാനത്തിനായി  ഈ  ലേഖനം  ഉപയോഗിക്കാൻ  പാടില്ല.  സാമ്പത്തിക  വരുമാനത്തിനല്ലാതെ,  എവിടെ  എന്തിനുപയോഗിക്കുന്നു  എന്നു്  ലേഖനകർത്താവിനെ  അറിയിച്ചുകൊണ്ടു്  ആർക്കും  ഈ ലേഖനം  ഉപയോഗ്ക്കാം.) 

“ഗുരുദേവൻ  ഹിന്ദു  സന്യാസി  ആണോ’  എന്ന  വിഷയത്തെപ്പറ്റി  യുള്ള  ചർച്ചയ്ക്കു  വേണ്ടി  എഴുതിയ  ലേഖനത്തിനു  പലരും  എഴുതിയ  അഭിപ്രായങ്ങൾക്കുള്ള  മറിപടിയായിട്ടാണിതെഴുതുന്നതു്. ഇതോടുകൂടി  ഞാൻ  ഈ  വിഷയത്തിനു  വിരാമം  ഇടുന്നു. ചർച്ച  തുടങ്ങിയ ഡാ.  കമൽജിത്തിനെന്തെങ്കിലും  എഴുതാനുണ്ടൊ  എന്നറിയില്ല.

ഇവിടെ ചർച്ചാവിഷയം  ഗുരുദേവൻ “ഹിന്ദു സന്യാസി  ആണോ” എന്നതാണു്.  ‘ഗുരുദേവൻ’  എന്നു്  എഴുതിയതിനാൽ  ‘ഗുരു’ ആണോ അല്ലയോ എന്നതു് ചർച്ചാവിഷയമേ  ആകുന്നില്ലല്ലോ?  “ഗുരുദേവൻ”  എന്നെഴുതുമ്പോൾ  “ദേവൻ”  ആണെന്നതിലും  സംശയം  വരാൻ  പാടില്ലാത്തതാണു്.  എന്നാൽ  ചിലർക്കു  സംശയം  ഉണ്ടായിരിന്നു.  അതിനാലാണു്  ഇങ്ങനെ  ഒരു  ലേഖനം  എഴുതാമെന്നു  കരുതിയതും  എഴുതിയതും. പ്രധാന  ചർച്ചാവിഷയം  “സന്യാസി”യും  ആണു്.

ബ്ലോഗിലുള്ള  ലേഖനം  വായിച്ചു  എങ്കിൽ  ‘സന്ന്യാസി”  അഥവാ  “സ്വാമി”  എന്ന  സ്ഥാനത്തെ സംബന്ധിച്ചുന്നയിച്ചിരിക്കുന്ന  സംശയങ്ങൾക്കും ചോദ്യങ്ങൾക്കും  ഉള്ള  എല്ലാ മറുപടികളും  ആ  ലേഖനത്തിൽ  തന്നെ  ഉണ്ടു്.  “ഗുരുദേവൻ”  തപസ്സിരുന്നതെന്തിനു  വേണ്ടി ഗുരുദേവൻ  എന്തെല്ലാം  ചെയ്തു  എന്നൊക്കെയുള്ള  വിഷയങ്ങളെപ്പറ്റിയല്ല  ഞാൻ എഴുതിയിരുന്നതു്.  അതല്ല  ചർച്ചാവിഷയം.  അതിനെപ്പറ്റി  ചർച്ച  വേണമെങ്കിൽ  അതും  ആകാം.

“സന്യാസം”  എന്തു്;  അല്ലെങ്കിൽ  എന്തെല്ലാം  എന്നും  അതിൽ  പറയുന്നുണ്ടു്.  കാവി  ഉടുക്കുന്നതുകൊണ്ടോ,  വീടുവിട്ടു്  ഇറങ്ങുന്നതു  കൊണ്ടോ,  അന്വഷണം  നടത്തുന്നതു  കൊണ്ടോ,  ധ്യാനം  ഇരിക്കുന്നതു കോണ്ടോ  മാത്രം  ആരും  “സന്യാസി”യാകുന്നില്ല.  ഇതൊന്നുമല്ല  ‘സന്യാസി”യുടെ  ഗുണങ്ങൾ.  കാവി  വസ്ത്രം  ഒരു  തിരിച്ചറിയാനുള്ള  അടയാളം  മാത്രം  ആണു്.  അരു്  ഏതു  നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നതിനു  നീയമം  ഒരു  രാജ്യത്തും  ഉള്ളതായി  അറിവില്ല.  ആയതിനാൽ  അർഹതയില്ലാത്തവർ  കാവിയുടുത്താൽ  ചോദ്യം  ചെയ്യാനും  പറ്റില്ല.

മുകളിൽ  പറഞ്ഞിരിക്കുന്ന  മറ്റു  കാര്യങ്ങൾ   സന്യാസത്തിലേക്കുള്ള വഴികളിൽ  ചിലതു  മാത്രം  ആണു്.  “സന്ന്യാസം”  അവയാണെന്നുള്ള  ധാരണയാണു  പൊതുവേ  പലർക്കും  ഉള്ളതും.  മിക്ക  നിഘണ്ടുക്കൾ  നൽകുന്ന  അറിവും  അതാണു്.  അവയിൽ  നിന്നും  കിട്ടിയ  അർത്ഥം    മാറ്റിവച്ചിട്ടു്  ആ  ലേഖനം  ഒന്നു  വയിക്കുവാൻ  അപേക്ഷിക്കുന്നു.

“സ്വാമി’ എന്ന സംബോധനയ്ക്കു്  അർഹരല്ലാത്തവരെ  “സ്വാമി”  എന്നു  സംബോധനചെയ്യുന്നത്  ഒരു  പതിവായതിനാൽ  ഇപ്പോൾ  ‘സ്വാമി”  ആരെന്നുള്ളതു  ജനങ്ങൾക്കറിയാൻ  വയ്യാതെ  ആയിരിക്കയാണു്.   അതിനാലാണീ  സംശയം  തലപൊക്കിയതു  തന്നെ.  ബ്രഹ്മസാക്ഷാല്ക്കാരം  നേടിയവർ  മാത്രം  ആണു്  “സന്യാസി”.  “സന്ന്യാസി”  മാരാണു്  “സ്വാമി”   എന്ന  സംബോധന്യ്ക്കർഹർ  എന്നാണു്  ഉപനിഷത്തുക്കൾ  പറയുന്നതു്.  ബ്രഹ്മസാക്ഷാല്ക്കാരം  ലക്ഷ്യമാക്കി  അതിനുവേണ്ടി  പ്രയഗ്നിക്കുന്നവരെയും  അങ്ങനെ  സംബോധന  ചെയ്യാം  എന്നും  ചില  മഹാത്മാക്കൾ  പറയുന്നു.

സത്യത്തേയും  ധർമ്മത്തേയും  വ്യക്തമായി  കാണുക  എന്നതു  സന്യാസത്തിലേക്കുള്ള  യാത്രയുടെ  ആദ്യപടിയാണു്.  എന്നാൽ  “ബുദ്ധി  സത്യത്തേയും  ധർമ്മത്തേയും  വ്യക്തമായി  കാണുമ്പോഴും,  ശാരീരികവും  ഐന്ദ്രീകവുമായ  താല്പര്യങ്ങൾക്കു  വഴങ്ങി  തെറ്റായ  തീരുമാനങ്ങൾ  എടുക്കുകയും,  അതിൽതന്നെ  ഉറച്ചുനിൽക്കുവാൻ  അഹങ്കാരം  ശാഠ്യം  പിടിക്കുകയും  ചെയ്യാറുണ്ടു്.  ഇതിനെ ഒക്കെയാണു്  ബന്ധം  എന്നു  പറയുന്നതു്.  ആ ബന്ധങ്ങളെ  ഒഴിവാക്കാൻ  കഴിഞ്ഞാൽ  മുക്തനായി.  ഇപ്രകാരമുള്ള  മുക്തിയെമാത്രം  ലക്ഷ്യമായി  സ്വീകരിക്കുന്നവനെയാണു  “സന്ന്യാസി”  എന്നു  പറയുന്നതു്”  എന്നു്  ഒരു മഹാനായ  വ്യക്തി  പറഞ്ഞിട്ടുണ്ടു്. പലരും  ഇദ്ദേഹത്തെ  ‘സ്വാമി”  എന്നു  സംബോധന  ചെയ്യാറും  ഉണ്ടായിരുന്നു.  എന്നാൽ  അദ്ദേഹം  ഒരിക്കൽ  പോലും  താൻ  സ്വയം  സന്ന്യാസിയാണെന്ന  രീതിയിൽ  സംസാരിച്ചു  ഞാൻ  കേട്ടിട്ടും  എല്ല.  മുക്തിയെ  മാത്രം  ലക്ഷ്യം  ആക്കി  ആയിരുന്നു  അദ്ദേഹത്തിന്‍റെ  ചര്യകൾ;  എങ്കിലും  ബന്ധങ്ങളിൽ  നിന്നും  അദ്ദേഹം  മുക്തനായിരുന്നില്ല.  അതിനാൽ  ആയിരിക്കാം  ഒരു  “സന്ന്യാസി”  എന്നൊരിക്കൽ  പോലും  അദ്ദേഹം  അവകാശപ്പെടുകയോ  ആ  രീതിയിൽ  പെരുമാറുകയോ  ചെയ്തു  കാണുകയുണ്ടായില്ല.  ബന്ധങ്ങളിൽ  നിന്നും  മുക്തനായില്ലാ  എന്നബോധം  ഉണ്ടായിരുന്നതിനാലാണെതെന്നു  ഞാൻ  വിശ്വസിക്കുന്നു.  
ജന്മം  ആണു്  വർണ്ണം  നിർണ്ണയിക്കുന്നതെന്ന  തെറ്റിദ്ധാരണയും  നമ്മെ  വഴിതെറ്റിച്ചു.  “ബ്രാഹ്മണ”വർണ്ണത്തിൽ  പിറന്നതുകൊണ്ടുമാത്രം  ആരും  “സ്വാമി”യാകയില്ല.  സ്വാമിയാകാനുള്ള  എല്ലാക്കഴിവുകളും  സ്വയം  നേടിക്കഴിഞ്ഞാലേ “സ്വാമി”യാകയുള്ളൂ.  സ്വാമിയാകും  മുമ്പുതന്നെ   ‘ബ്രാഹ്മണ”നും  ആകും.  ഒരു  “ഗുരു”വിനും  ആരേയും;  (സ്വന്തം  ശിഷ്യനെപ്പോലും);  “സ്വാമി”യാക്കാൻ  പറ്റില്ല.  “സ്വാമി”യായിക്കഴിഞ്ഞ  ഗുരുവിനുപോലും  സാധിക്കയില്ല.  “സ്വാമി”യാകേണ്ടതു്  സ്വന്തം  പരിശ്രമത്തിൽ  കൂടിയാണു്.  അങ്ങനെയേ  അതു  സാദ്ധ്യം  ആകുകയുള്ളൂ.  നിഘണ്ടുക്കളിലെ  അർത്ഥം  നോക്കിയോ  ഉടുത്തിരിക്കുന്ന  വസ്ത്രത്തിന്‍റെ  നിറം നോക്കിയോ  “സ്വാമി”  ആരെന്നു  തീരുമാനിക്കാൻ  പറ്റില്ല.  അതുപോലെ  തന്നെ  “ബ്രാഹ്മണ”നും  ആരെന്നു  തീരുമാനിക്കാൻ  പറ്റില്ല.  (സർക്കാരിന്‍റെ   നടപടിക്രമങ്ങൾക്കു  വേണ്ടി  എഴുതുന്ന  ജാതിയെക്കുറിച്ചല്ല  ഞാൻ  എഴുതുന്നതു്.)  അങ്ങനെ  നിഘണ്ടുക്കളിലെ  അർത്ഥം  നോക്കിയും  ഉടുത്തിരിക്കുന്ന  വസ്ത്രത്തിന്‍റെ   നിറം  നോക്കിയും  “സ്വാമി”  ആരെന്നും  “ബ്രഹ്മണൻ”  ആരെന്നും  തീരുമാനിച്ചതാണു  നമുക്കു  പറ്റിയതും  പറ്റിക്കൊണ്ടിരിക്കുന്നതുമായ  അബദ്ധങ്ങൾ.  “സന്തോഷ്  മാധവ”ന്മാരുടെ  (പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും  ആയ)  വലിയ  ഒരു  പറ്റം  നമുക്കിടയിൽ  ഉണ്ടല്ലോ.

ഞാൻ  എന്തുകൊണ്ടു  ഗുരുദേവനെ  സന്യാസിയായി  കാണുന്നൂ  എന്നാണതിൽ  വിവരിച്ചിരിക്കുന്നതു്.  ഒരു  സന്യാസിക്കുണ്ടായിരിക്കേണ്ട  സകലവിധമായ  ഗുണങ്ങളും  ഗുരുദേവനിൽ  ഉണ്ടായിരുന്നൂ  എന്നും  അതുകോണ്ടാണു  ഗുരുദേവൻ  സന്യാസിയായതെന്നും  ആണു  ഞാൻ  എഴുതാൻ  ശ്രമിച്ചതു്.  ഇതു  രണ്ടും  കാര്യകാരണസഹിതം  അതിൽ  എഴുതിയിട്ടുണ്ടു്  എന്നാണെന്‍റെ  വിശ്വാസവും.  അതു  വായിച്ചവരിൽ  ചിലർക്കു്  അതു  മൻസ്സിലായിട്ടും  ഉണ്ടെന്നു്  അവരുടെ  പ്രതികരണത്തിൽ നിന്നും  മൻസ്സിലായി.

ഗുരുദേവൻ  “സ്വാമി”യായതെങ്ങനെ  എന്നെഴുതാൻ  ശ്രമിച്ചതിനോടൊപ്പം   തന്നെ  ബ്രഹ്മവിദ്യയെ  ഒരു  മതമായി  തരം  താഴ്ത്തിയതു  ശരിയല്ലാ  എന്നും  കാട്ടുവാൻ  ഞാൻ  ശ്രമിച്ചു.  അങ്ങനെ  മതമായി  തരം  താഴ്ത്തിയതിനാലാണല്ലോ  “ഗുരുദേവൻ ഹിന്ദു സന്യാസി  ആണോ”  എന്ന  സംശയം  തന്നെ  ഉണ്ടായതും.  അപ്പോൾ  ഭാരതത്തിന്‍റെ   ആത്മീയത  ഒരു  മതം  അല്ല  എന്നും  ചൂണ്ടിക്കാണിക്കേണ്ടിയിരുന്നു.  അതിനാലാണു  അതും  ലേഖനത്തിൽ  ഉൾപ്പെടുത്തിയതു്.

കാവി  ആർക്കെങ്കിലും  (ഒരു  പ്രത്യേക  വിഭാഗത്തിനോ  വിഭാവങ്ങൾക്കോ)  മാത്രം  ഉള്ളതാണെന്നും  അതിലെഴുതിയിട്ടില്ല.  എന്നാൽ   കാവിയുടുക്കുന്നതിനു്  ഒരു  കാരണവും  ഒരർത്ഥവും  ഉണ്ടു്.  അതു  രണ്ടും  പൂർത്തീകരിച്ചിട്ടില്ലെങ്കിൽ  കാവി  ഉടുക്കുന്നതു  തെറ്റും  ആണു്.  ഒരുപക്ഷേ   ആ  കാരണങ്ങൾ  കൊണ്ടായിരിക്കാം  ഗുരുദേവൻ  ആദ്യം  കാവി  ഉടുക്കാതിരുന്നതും  പിന്നീട്  ഉടുത്തതും.  ഗുരുദേവൻ  കാവി  സ്ഥിരമായി  ഉടുത്തിരുന്നില്ല.

നിഘണ്ടുക്കളിൽ  കാണുന്ന  “സ്വാമി”  എന്ന  വാക്കിന്‍റെ   അർത്ഥവും,  കാവി  ഉടുക്കുന്നതും  വീടുവിട്ടിറങ്ങുന്നതും  അന്വഷണം  നടത്തുന്നതും  ധ്യാനം  ഇരിക്കുന്നതും  ആണു  ‘സന്ന്യാസം”  എന്ന  മുൻ  വിധിയില്ലാതെ  ആ  ലേഘനം  വായിക്കുക.  അപ്പോൾ  അതിലെഴുതിയ  കാര്യങ്ങൾ  കുറച്ചുകൂടി  വ്യക്തമാകും.

‘ഗുരുസ്വാമി”  എന്നു വിളിച്ചതു്   ‘ഗുരു”വായ  മഹാൻ   “സ്വാമി”യും  കൂടി  ആയതിനാലാകണം.  എല്ലാ  ‘ഗുരു’ക്കന്മാരും  ‘സ്വാമി”യാകണം  എന്നില്ല.  എല്ലാ  ‘സ്വാമി’മാരും  ‘ഗുരു”ക്കന്മാരും  ആകണം  എന്നും  എല്ല.   “സ്വാമി  എന്നതിനു്  “ഗുരു”  എന്നും  അർഥം  ഉണ്ടു്.  എന്നാൽ  ‘ഗുരു”  എന്നതിനു  “സ്വാമി”  എന്നില്ല.  അതിനു  കാരണം  “സന്യാസി”  ആയ  ആൾക്കു്  ഗുരുവും  ആകാനുള്ള  യോഗ്യത  ഉള്ളതാണു്. ഒരു  യഥാർത്ഥ  “സന്യാസി”  ആത്മവിദ്യയിൽ  സർവ്വജ്ഞനായിരിക്കും.  അപ്പോൾ  തീർച്ചയായും  ഗുരുവാകാൻ  അർഹൻ  തന്നെയാണദ്ദേഹം.  ഇവിടെ  “സ്വാമി”  അഥവാ  “സന്ന്യാസി”,  “ഗുരു”വും  കൂടി  ആയായിരിക്കുന്നതിനാൽ  “ഗുരുസ്വാമി”  എന്നു  പറയാം.  ഞാൻ  “ഗുരുദേവൻ” എന്നാണു്  സാധാരണ  ഉപയോഗിക്കുന്ന  സംബോധന.  “ഗുരു”  ആയ  “ദേവൻ”,  അതു്  വെറും  “ഗുരു”വിനേക്കാളും,  വെറും  “സ്വാമി”യേക്കാളും  “ഗുരു  ആയ  സ്വാമി”യേക്കാളും  അല്പം  മുന്തിയപദവിയായിട്ടാണു  കണക്കാക്കപ്പെടുന്നതെന്നാണറിവു്.

ചില ശിഷ്യന്മാർ  “ഗുരു”വിനെക്കാൾ  മുമ്പുതന്നെ  “സ്വാമി”  ആയെന്നു വരാം.  ഒരിക്കലും  “സ്വാമി”യാകാൻ  പറ്റാത്ത  ‘ഗ്രുരു”ക്കന്മാരും  ഉണ്ടാകാം. ശിഷ്യന്മാർ  പലരും  “സ്വാമി”യും  ‘ദേവ’നും  ആയതിനു  ശേഷവും  “ഗുരു”  മാത്രം  ആയിരിക്കുന്ന  “ഗുരു”ക്കന്മാരേയും  കണ്ടെന്നു  വരാം.  ശിഷ്യന്മാർ  “സ്വാമി”മാരും  ‘ദേവ”ന്മാരും  ആയതിനു  ശേഷവും  “ഗുരു”വായിത്തന്നെ  ജീവിച്ചു്  അടുത്ത  ജന്മത്തിലേക്കു  പോയ  ഗുരുക്കന്മാരും  ഉണ്ടായെന്നു  വന്നേക്കം.

“സ്വാമി”യോ  “ഗുരു”വോ  ശ്രേഷ്ടൻ  എന്നല്ല  ഇവിടെ  ചർച്ചാവിഷയം.  എങ്കിലും  ചിലർ  ആ  വിഷയം  ഉന്നയിച്ചതിനാൽ  അതെപ്പറ്റി  അല്പം  എഴുതട്ടെ.

‘ഗുരു’ തനിക്കറിയാവുന്ന  ആത്മീയജ്ഞാനം  ശിഷ്യനു  പകർന്നു  കൊടുക്കുന്ന  ആൾ  ആണു്.   “സന്യാസി”  ആ  ആത്മീയജ്ഞാനം  സ്വായത്തം  ആക്കിയതിനു  ശേഷം  തനിക്കറിയാവുന്ന  ആ  ആത്മീയജ്ഞാനം  പ്രായോഗികമായി  ഉപയോഗിച്ചു  അതിനെ  വിഞ്ഞാനമാക്കി,  ജീവസാക്ഷാൽക്കാരം  നേടിയ  ആൾ  ആണു്.  “ഗുരു”വിനു്  ആത്മീയജ്ഞാനമേ  ഉള്ളൂ;  വിജ്ഞാനം  ഇല്ല.  ജ്ഞാനവും  വിജ്ഞാനവും  ഉള്ളവരാണു്  “സ്വാമി”മാർ.

ഗുരു-ശിഷ്യ ബന്ധത്തിൽ  ശിഷ്യനു്  “ഗുരു  സാക്ഷാൽ  പരം  ബ്ർഹ്മം”  ആണു്,  എന്നാൽ  മറ്റുള്ളവർക്കതല്ല. ഗുരു-ശിഷ്യ ബന്ധത്തിലെ,  “ഗുരു”  എന്നാൽ  ശിഷ്യനു  നേരിട്ടു്  ഉപദേശങ്ങൾ  നല്കുന്ന  “ഗുരു’  എന്നാണർഥം.    ഇവിടെ  ഇന്നു  ജീവിച്ചിരിക്കുന്ന  ആർക്കും  ഗുരുദേവൻ  നേരിട്ടു  ഒന്നും  പഠിപ്പിച്ചുകൊടുത്തിട്ടില്ല.  അപ്പോൾ  ഇവിടെ  “ഗുരു”  എന്നതു്  ഒരു  സ്ഥാനപ്പേരായിട്ടു  വേണം  കാണാൻ.  ആത്മവിദ്യ  നേരിട്ടു  പകർന്നു  തന്ന  ഗുരുവിനെ  പരബ്രഹ്മത്തിനു  തുല്ല്യമായി  കാണുന്നു,  അങ്ങനെകാണണം  എന്ന  അർദ്ധത്തിലാണു  “ഗുരു  പരം ബ്രഹ്മഃ”  എന്നു  പറയുന്നതു്.  അതും  ഒരു കർമ്മത്തിന്‍റെ   ആരംഭത്തിൽ  ഗുരുവിനുള്ള  വണക്കം  ആണതു്.

മാതാ,  പിതാ, ഗുരു  ഇവർ  മൂവരും  പരബ്രഹ്മത്തിന്‍റെ   പ്രതീകം  എന്ന  അർദ്ധത്തിലാണു  ആ  ശ്ലോകത്തിൽ  പറയുന്നതെന്നോർക്കുക. മാതാ-പിതാ  എന്നതു  കുടുംബ  ബന്ധത്തിലും;  ഗുരു എന്നതു  ഗുരു-ശിഷ്യ ബന്ധത്തിലും  മാത്രം  ഒതുങ്ങി  നില്ക്കുമ്പോൾ;   “സന്യാസി”  എന്ന  “സ്വാമി”  എന്നതു  ബന്ധങ്ങൾക്കെല്ലാം  അതീതമായ  ജീവാത്മാ-പരമാത്മാ  ഏകീകരണത്തിൽ  ആണടങ്ങിയിരിക്കുന്നതും  ആണു്.  അതു  സാർവ്വജനീനമാണെന്നോർക്കുക.  “സന്യാസി”  സർവ്വർക്കും,  ഗുരുവിനും  മാതാപിതാക്കൾക്കും  അടക്കം    സകലർക്കും  ഗുരുവാണു്.  ഗുരുവായിരുന്ന  ദ്രോണർക്കും  കുലഗുരുവായിരുന്ന  കൃപർക്കും,  പിതാമഹൻ  കൂടിയായ  ഭീഷ്മാചാര്യർക്കും  കൂടി  ഗുരുവായിരിന്നു  ശ്രീകൃഷ്ണൻ.  കുലഗുരുവായ  കൃപരും,  ഗുരു  മാത്രം  ആയ  ദ്രോണരും,  പിതാമഹനും  ഗുരുവും  ആയിരുന്ന  ഭീഷ്മാചാര്യരും;  ആത്മജ്ഞാനമുണ്ടായിരിന്നിട്ടും  അധർമ്മിയായ  ദുഃര്യോധനന്‍റെ  കൂടെ  നിന്നു.  എന്നാൽ  ഗുരുവും  സന്യാസിയും  “ദേവനു”മായ  ശ്രീകൃഷ്ണഭഗവാനോ?  ധർമ്മത്തിനുടമകളായ  പാണ്ഠവരോടൊപ്പം  നിന്നു.  അതിൽ  നിന്നും  മനസ്സിലാക്കാം  ഗുരു-സന്യാസി  സംബോധനക്ളുടെ  വ്യത്യാസവും  ശ്രേഷ്ടത്ത്വവും.  അതുപോലെ  തന്നെ  “ഗുരുദേവൻ”  ധർമ്മത്തിനു  വേണ്ടിയാണു  നിലകൊണ്ടതു്.  അതിനാലാണു  ഗുരുദേവൻ  സ്വന്തം  വാക്കുകളിൽ  കൂടിയും,  കർമ്മങ്ങളിൽ  കൂടിയും,  സ്വന്തം  ജീവിതം  കൊണ്ടുതന്നെ  അധർമ്മങ്ങളെ  എതിർത്തതും.

ലേഖനത്തിൽ  എഴുതിയിരിക്കുന്ന  “സന്ന്യാസി”ക്കു  വേണ്ട  ഗുണങ്ങൾ  ഒന്നും  ഞാൻ  ഉണ്ടാക്കിപ്പറഞ്ഞതല്ല.  ഭഗവദ്ഗീത  സഹിതം  ഉള്ള  ഉപനിഷത്തുക്കളിൽ  കാണാം  ഞാൻ  അവിടെ  എഴുതിയിരിക്കുന്ന  കാര്യങ്ങളെല്ലാം.

പഞ്ചേന്ദ്രിയബന്ധങ്ങളിൽ  നിന്നും  ബന്ധനങ്ങളിൽ  നിന്നും  മുക്തരായവരാണു  ‘സ്വാമി”മാർ.  “ഗുരു”ക്കന്മാർ  അങ്ങനെയും  ആകാം; അല്ലാതെയും  ആകാം.  അവർ  അറിവിനെ  പകർന്നു  കൊടുക്കുക  എന്ന  സൽക്കർമ്മങ്ങൾ  ചെയ്യുന്ന  മഹാത്മാക്കളാണു്.  “ഗുരുദേവൻ”  അദ്ദേഹത്തിന്‍റെ   ഈ  ലോകവാസത്തിന്‍റെ  മദ്ധ്യമത്തിൽ  തന്നെ  ആ  ഭാഗം  കടന്നു  ജീവാന്മുക്തനായിരിന്നു.  “ഗുരുദേവൻ”  കർമ്മനിരതനായതു്  മാനവസമുദായത്തിലെ  ഉച്ചനീചത്ത്വങ്ങളെ  ഇല്ലാതാക്കാനായിരിന്നു.  അല്ലാതെ  ഈഴവരെ  രക്ഷിക്കാൻ  വേണ്ടിയായിരുന്നില്ല.  അതിന്‍റെ   പ്രയോജനം  കൂടുതലും  കിട്ടിയതു്  ഈഴവർക്കായിരിന്നു  എന്നതൊരു  സത്യം  തന്നെ.

എല്ലാം,  ഏകമാണെന്ന  അദ്വൈതം  സാക്ഷാൽക്കരിച്ച  ജീവാന്മുക്തനായ  “സന്ന്യാസി”  ആയിരിന്നു  “ഗുരുദേവൻ”.  ആയതിനാൽ. ദയവായി  ഗുരുദേവനെ  വേറും  “ഗുരു”വാക്കാതെയിരിക്കുക.

ആരേയൊക്കെ  “സ്വാമി” എന്നു  സംബോധന ചെയ്യുന്നൂ  എന്നല്ല  ചർച്ച.  ‘സ്വാമി’  എന്നു  സംബോധന  ചെയ്യപ്പെടാൻ  അർഹനായ  “സന്യാസി”  എന്നാൽ  എന്തു്,  “സന്യാസി”  ആകാൻ  വേണ്ട  ഗുണങ്ങൾ  എന്തെല്ലാം,  “സന്യാസി”  അഥവാ  “സ്വാമി”  എന്ന  സ്ഥാനം  ഏതു  വിധമാണു്  ഉപയോഗിക്കേണ്ടതു്,  എന്തെല്ലാം  ഗുണങ്ങൾ  ഉള്ളവർക്കാണു്  ആ  സ്ഥാനം  കൊടുക്കുക,  ആത്മീയതയിൽ “സ്വാമി” എന്നാൽ  എന്തു്  എന്നിങ്ങനെയുള്ള  കാര്യങ്ങളാണു്  ആ  ലേഖനത്തിൽ  ഞാൻ  വിവരിക്കാൻ  ശ്രമിച്ചിരിക്കുന്ന്തു്.  ചർച്ചയുടെ  ഗതിയനുസരിച്ചു  ഈവക  കാര്യങ്ങൾ  പലർക്കും  ശരിക്കും  അറിയില്ല  എന്നു  മനസ്സിലായതിനാലാണു  എഴുതിയതും.

 അറിവില്ലാതിരുന്ന  പല  കാര്യങ്ങലും  അറിയാൻ  ഡാ.  കമൽജിത്  തുടങ്ങിയ  ഈ  ചർച്ച  ഉപകരിച്ചു.  അതിനുള്ള  നന്ദി  അറിയിക്കുന്നു.  ഞാൻ  മറുപടിയായി  എഴുതിയ  ലേഖനം  വായിച്ചതിനു  ശേഷം  പലരും  ഉന്നയിച്ച  വാദങ്ങൾ  പിന്നെയും  പലതും  പഠിക്കാൻ  സഹായകമായി.  അവർക്കും  വളരെ  നന്ദി.  ആയതിനാൽ  തുടർന്നും  വാദിക്കാൻ  അപേക്ഷിക്കുന്നു.  ഈ  വിഷയത്തിലല്ല.  ഈ  വിഷയം  ഈ  കുറിപ്പോടെ  നിരുത്തുന്നു.  ആർക്കെങ്കിലും  കൂടുതലായി  അറിയണം  എന്നുണ്ടെങ്കിൽ  നേരിട്ടു  ബന്ധപ്പടുക.

ചിലരൊക്കൊ  വാദങ്ങൾ  കണ്ടു്,  ആവശ്യം ഇല്ലാത്ത  ചില  വാൿ  പ്രയോഗങ്ങൾ  നേരത്തെ  നടത്തിയിരുന്നൂ  എങ്കിലും  ഇനിയും  നടത്തില്ലാ  എന്നു  ഞാൻ  വിസ്വസിക്കുന്നു.  ഈ  ചർച്ച  കാര്യങ്ങൾ  അറിയാൻ  വേണ്ടിയാണു്; അപ്പോൾ  അല്പം  വാദിക്കുന്നതിൽ  യാതൊരുതെറ്റും  ഇല്ല.  വാദിക്കുന്നതു  ശണ്ഠയാണെന്നാണു  ചിലരുടെ  ധാരണ.  അതു  തെറ്റായ  ധാരണയാണു്.  വാദം  ജയിക്കാൻ  വേണ്ടിയാകരുതു;  അങ്ങനെയാകുമ്പോൾ  അതു  ശണ്ഠയാകും.  അങ്ങനെ  വാദിക്കുന്നവർക്കു്  മറ്റാരെങ്കിലും   ഒരാളിന്‍റെ  വാദത്തെ  ഖണ്ഠിക്കാനായി  എന്തെങ്കിലും  എഴുതുകയോ,  എഴുതിയതിലെ  തെറ്റു  ചൂണ്ടിക്കാട്ടുകയോ  ചെയ്യുമ്പോൾ  അതു  ശണ്ഠയായി  മാത്രമേ  അവർക്കു്  കാണാൻ  സാധിക്കൂ.  ഞാൻ  സംവാദത്തിലേർപ്പെടുന്നതു്  വാദിച്ചു്  ജയിക്കാനല്ല,  എനിക്കാറിയാവുന്നതിനെ  പങ്കുവയ്ക്കാനായിട്ടാണു്.  എനിക്കു  ബോദ്ധ്യം  വന്ന  കാര്യങ്ങളേ  എഴുതാറുള്ളൂ.  മറ്റുള്ളവരും  അങ്ങനെയാകണം  എന്നും  ആഗ്രഹിക്കുന്നു.  അങ്ങനെയാകുമ്പോൾ  തെറ്റുകൾ  കണ്ടാൽ  അതു  ചൂണ്ടിക്കാണിച്ചു്  തെറ്റുകൾ  തിരുത്തി  മുന്നോട്ടു  പോകാം.  അങ്ങനെ  വേണം  മുന്നോട്ടു  പോകാൻ.  അപ്പോൾ  മാത്രമേ  അതു്  ഗുരുദേവൻ  അരുളിച്ചെയ്തതുപോലെ,  “അറിയാനും  അറിയിക്കാനും  വേണ്ടി”  ആകുകയുള്ളൂ.  അതുകൊണ്ട്  തുടർന്നും  വാദിക്കാൻ  എല്ലാവരെയും  പ്രേരിപ്പിക്കുകയും ചെയ്യുന്നു.  വാദിക്കുമ്പോൾ  വാദമുഖം  ശരിയാണൊ  എന്നു  ചിന്തിച്ചിട്ടു  വേണം  എന്നു  മാത്രം.

അല്പം  ചരിത്രം  എഴുതിക്കൊണ്ടു്  ഈ  സവാദം  തല്ക്കാലം  നിറുത്തട്ടെ.


ജനിച്ചപ്പോൾ  “നാരയണൻ”  എന്നു  പേരിട്ടു,  ചൊല്ലപ്പേർ  “നാണു”.  നാണു പഠിക്കാൻ  ബഹുമിടുക്കൻ.  പഠിപ്പിച്ചാ  അശാന്മാരിലും  സ്വന്തം  മാതുലനിലും  അച്ഛനിലും  മിടുക്കൻ.  “നാണു”  പഠിക്കാതെ  തന്നെ  മിടുക്കനായിരുന്നു.  യുവാവായപ്പോൾ  “നാണു”  ആശാനായി,  അപ്പോൾ ജനങ്ങൾക്കദ്ദേഹം   “നാണുവാശാ”നായി.  അല്പം  കൂടിക്കഴിഞ്ഞപ്പോൾ  “നാണു  ആശാൻ”  ആത്മീയകാര്യങ്ങൾ  പഠിപ്പിക്കാൻ  തുടങ്ങി.  അപ്പോൾ,   “നാണു  ആശാൻ”  “നാരായണഗുരു’  ആയി.  അതു  കഴിഞ്ഞു  അദ്ദേഹത്തിനു്  ആത്മീയസ്സാക്ഷാല്ക്കാരം  ലഭിച്ചു  എന്നു് അദ്ദേഹത്തിന്‍റെ  ജീവിതവും  പ്രവർത്ത്നവും  (നിഷ്ക്കാമകർമ്മങ്ങൾ)  കണ്ടപ്പോൾ  ജനങ്ങൾക്കു  മനസ്സിലായി.  അപ്പോൾ  അവർ  അദ്ദേഹത്തെ  “നാരായണഗുരുസ്വാമി”  എന്നു  സംബോധന  ചെയ്തു.  (ഇടയ്ക്കു  ചിലരൊക്കെ  “നാണുയോഗി”  എന്നും  വിളിച്ചു.)  പിന്നെ  അതു  “ശ്രീനാരായണഗുരുസ്വാമി”  ആയി.  (ചിലർ  നാരായണഗുരുസ്വാമി  എന്നാണു  പറയുക.)  കുറച്ചു  കൂടി  മുന്നോട്ടു  പോയപ്പോൾ “ശ്രീനരായണഗുരുദേവൻ”  ആയി.  (ചിലർ  “നരായണഗുരുദേവൻ”  എന്നും  പറയും.)  പിന്നെ  വെറും  “ഗുരുദേവനാ”യി.  ഭക്തിയുടെ  പാരമ്മ്യതയിൽ  ഭക്തനു്  എങ്ങനെ  ശ്രീകൃഷ്ണഭഗവാൻ  വെറും  “കൃഷ്ണനോ”  “കണ്ണനോ”  ആകുന്നതു്  അതുപോലെ.    ഗുരുദേവനെയും  ഗുരുദേവന്‍റെ   കൃതികളെയും  പറ്റി  പഠിക്കാൻ  ഭാഗ്യം  ലഭിച്ച  ചിലരുമായി  ഇടപഴകാൻ  സാധിച്ചിട്ടുണ്ടു്.  അവരിൽ  ആരും  തന്നെ  “ഗുരുദേവൻ”  എന്നല്ലാതെ  ഗുരുദേവനെ  സംബോധനചെയ്യാറില്ല.  ചിലപ്പോൾ  അതു  മനസ്സിലാകാത്തവർക്കു  മൻസ്സിലാകാൻ  വേണ്ടി   “ശ്രീനാരായണഗുരുദേവൻ”  എന്നു  കൂടി  അതിനോടു  ചേർത്തേക്കും.  ഇതിന്‍റെ   കാരണം  “ഗുരുദേവൻ”  എല്ലാ  കടമ്പകളും  കടന്നു്  ആത്മീയതയുടെ  പാരമ്മ്യതയിൽ  എത്തി  ഒരു  ദേവനായിത്തീർന്നിരുന്നു    എന്ന  പൂർണ്ണബോദ്ധ്യം  വന്നതിനാലാകാം  എന്നു  ഞാൻ  വിശ്വസിക്കുന്നു.

കടപ്പാട് : ഉദയഭാനു പണിക്കർ