Sunday, 6 September 2015

വര്‍ക്കല - സ്ഥലനാമം


വള്‍ക്കലം വീണ സ്ഥലത്തെ വള്‍ക്കല എന്ന് വിളിക്കുകയും ആ പദം നിഷ്കര്‍ഷ കൂടാതെ ഉച്ചരിച്ച് വര്‍ക്കല ആയി എന്നൊരുകഥയുണ്ട്.ശ്രീ.കുമ്മംപള്ളില്‍ രാമന്‍പിള്ള ആശാന്റെ വര്‍ക്കല സ്ഥലമാഹത്മ്യത്തില്‍ പറയുന്ന കഥയാണിത്.ഒരിക്കല്‍ ബ്രഹ്മദേവന്‍ ദേവകള്‍ക്കൊരു ശാപം നല്‍കി.നിങ്ങള്‍ മനുഷ്യരായി ഭൂമിയില്‍ ജനിക്കട്ടെയെന്ന്.അനേകവര്‍ഷം അവിടെ തപസ്സുചെയ്തു ശാപമോചനം നേടുവാനും ബ്രഹ്മാവ്‌ അരുളിച്ചെയ്തു.ദേവന്മാരുടെ ദുഃഖം കണ്ട് മനസ്സലിവുതോന്നിയ നാരദമഹര്‍ഷി തന്റെ വള്‍ക്കലം എടുത്ത് ഭൂമിയിലേക്ക്‌ എറിയുകയും അത്ചെന്ന് വീണ സ്ഥലത്തെ വള്‍ക്കല എന്ന് വിളിക്കുകയുമുണ്ടായി.വള്‍ക്കലയില്‍ വന്നുജനിച്ച ദേവതകള്‍ വിഷ്ണുഭഗവാനെ ഭജിച്ചു.ഭഗവാന്‍ വൈകുണ്ഡനാഥന്‍ ജനാര്‍ദ്ദനനായി (ജനത്തിന്റെ ആര്‍ത്തിയെ -ദുഖത്തെ -തീര്‍ക്കുന്നവനായി) അവതരിച്ചു അവിടെ കുടികൊണ്ടു.ദേവതകള്‍ അവിടെ തപസ്സുതുടങ്ങി.അങ്ങനെ വള്‍ക്കല ഒരു തീര്‍ഥാടകകേന്ദ്രമായി കണ്വാശ്രമവുമൊക്കയും അവിടെയുണ്ടായി.കാലാന്തരത്തില്‍ വള്‍ക്കല വര്‍ക്കലയായി പരിണമിച്ചു.(ഈ ആത്മീയ കേന്ദ്രം തേടിയാണ് ഗുരുദേവനും അവസാനം വര്‍ക്കലയില്‍ എത്തിയത് എന്ന് പലരും പറയപ്പെടുന്നു).
പ്രസിദ്ധചരിത്രകാരനായിരുന്ന ശ്രീ.ഇളംകുളം കുഞ്ഞന്‍പിള്ളയും സംഘവും ഉണ്ണുനീലിസന്ദേശം എന്ന പ്രാചീന സന്ദേശകാവ്യത്തിന്റെ പശ്ചാത്തലത്തെപറ്റി പഠനം നടത്തുമ്പോള്‍ ഒരിക്കല്‍ വര്‍ക്കല ടി.ബി യിലും ശിവഗിരി സത്രത്തിലും വന്നുതാമസിക്കുകയുണ്ടായി.പ്രകൃതത്തില്‍ വര്‍ക്കലയെപറ്റി പരാമര്‍ശമുണ്ട്.അവിടുത്തെ മണ്ണ്,ജനങ്ങള്‍,അവരുടെ തൊഴില്‍,അവിടെ വളരുന്ന സസ്യങ്ങള്‍ എല്ലാം അതില്‍വിവരിക്കുന്നു.അതില്‍ സ്ഥലനാമം "ബാര്‍ക്കര" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ബര്‍ക്കര എന്നാല്‍ വിനോദത്തിന്റെ നാട് എന്നാണ് അര്‍ത്ഥം.വര്‍ക്കല ഒരു സുഖവാസ കേന്ദ്രം കൂടിയാണ്.സമുദ്രസാമീപ്യം,തൊട്ടടുത്ത്‌ ചെറിയ കുന്നുകള്‍,എപ്പോഴും സുഖകരമായ കടല്‍കാററ്,ഔഷധവീര്യമുള്ള ശുദ്ധജലം.അങ്ങനെ വിനോദത്തിനും സുഖവാസത്തിനും മറ്റും വന്നവര്‍ നാളിയ പേരായിരിക്കണം ബര്‍ക്കര.
വര്‍ക്കലയിലെ ആദിമ നിവാസികളില്‍ അധികവും കുറവ വംശജര്‍ ആയിരുന്നു.ക്രമേണ മറ്റുവിഭാഗങ്ങള്‍ വാസമുറപ്പിച്ചതോട് കൂടി ഇവര്‍ പുറംതള്ളപ്പെട്ടു.ഗുരുദേവന്‍ വര്‍ക്കലയില്‍ വരുമ്പോള്‍ വര്‍ക്കല വെട്ടൂരില്‍ കുറവ സമുദായക്കാര്‍ക്ക് വേണ്ടി ഒരു നിശാപാഠശാല തുടങ്ങുകയുണ്ടായി.അവിടെ പഠിച്ച "ശങ്കു" എന്ന ഒരാള്‍ ഒരു വലിയ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാകുകയും ചെയ്തു.വര്‍ക്കല തുരപ്പിന്റെ മുകള്‍ ഭാഗത്തായിരുന്നു അയാളുടെ ഭവനം.അന്‍പതുകളില്‍ ലേഖകന്‍ വര്‍ക്കലയില്‍ വരുമ്പോള്‍ ഒരു കളി ആശാന്‍ അവിടെ താമസിച്ചിരുന്നു -അനന്തന്‍.അവര്‍ പാടുന്ന ഒരു പ്രശസ്തമായ ഗാനമാണ് "വര്‍ക്കര കടപ്പൊറത്തെ ഒരു മുക്കുവപ്പെ പെണ്ണ് ഒണ്ടേ ...മുട്ടോളം മുടിയുള്ള പെണ്ണാളെ " എന്ന് തുടങ്ങുന്നു ആ ഗാനം.ഈ ഗാനത്തിന്റെ പിന്നില്‍ ഒരു ദുഃഖകഥയുണ്ട്.മുട്ടോളം മുടിയുള്ള പെണ്ണും കൂട്ടാളികളും ചേര്‍ന്ന് ആടിപാടുന്നത് കാണാന്‍ ദൂരെസ്ഥലങ്ങളില്‍ നിന്ന്പോലും ആളുകള്‍ എത്തിയിരുന്നു.ഒരിക്കല്‍ തോണി തുഴഞ്ഞുവന്ന ഒരു ചെറുപ്പക്കാരന്‍ അവളുമായി പ്രേമത്തിലായി.അവന്‍ അവള്‍ക്കുകാഴ്ചകളുമായി വരും.അവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു.അവള്‍ക്ക് ആഭരണങ്ങളും പുടവകളും ആയി വരാം എന്ന് പറഞ്ഞു അയാള്‍ യാത്രയായി.പിന്നീട്ഒരിക്കലും അയാള്‍ വന്നില്ല.കടല്‍ ക്ഷോഭത്തില്‍ അയാള്‍ മരിച്ചുപോയി.അവള്‍ മാത്രം അത് വിശ്വസിച്ചില്ല.അവനെയും കാത്തിരുന്ന് വാര്‍ദ്ധക്യം ബാധിച്ചു അവള്‍ മറിച്ച്.
പുരാണത്തില്‍ എന്നപോലെ സ്ഥലപുരാണത്തിലും സര്‍ഗ്ഗങ്ങള്‍,വംശനാശചരിതം,മന്വന്തരങ്ങള്‍ ഒക്കയും വേണം എന്ന് പലരും പറയപ്പെടുന്നു.ഇവിടെ വര്‍ക്കലയുടെ സ്ഥലപുരാണമല്ല ,സ്ഥലനാമം ആണ് കണ്ടെത്തുവാന്‍ ശ്രമിക്കുന്നത്.അപൂര്‍വ്വം ചരിത്രരേഖകളും ചരിത്രകാരന്‍മാരുടെ അഭിപ്രായങ്ങളും,കേട്ടുകേള്‍വികളും അത്വച്ചുള്ള നിഗമനങ്ങളും കൊണ്ട് സ്ഥലനാമം സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു.പുതുതലമുറ കൂടുതല്‍ പഠനം നടത്തുവാന്‍ ഇത് പ്രേരകമാവട്ടെ.

0 comments:

Post a Comment