Sunday, 6 September 2015

ശിവഗിരിയിലെ മാതൃകാപാഠശാല


ഗുരുദേവന്‍ ആശ്രമജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സ്ഥലത്തും നിശാപാഠശാലകളും സംസ്കൃതസ്കൂളുകളും സ്ഥാപിച്ചുവന്നിരുന്നു.അരുവിപ്പുറം,വര്‍ക്കല ശിവഗിരി,വര്‍ക്കല നെട്ടൂര്‍,ആലുവ എന്നിവിടങ്ങളില്‍ ഒക്കയും സ്കൂളുകള്‍ സ്ഥാപിച്ചു.വിദ്യാഭ്യാസമാണ് ജനങ്ങളെ പ്രബുദ്ധരാക്കുന്നത്.അതുകൊണ്ട് എല്ലാവരും വിദ്യാഭ്യാസം ചെയ്യണം.സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം കിട്ടാതെ വന്നാല്‍ സ്വന്തമായി പള്ളിക്കുടങ്ങള്‍ നിര്‍മ്മിക്കണം.കഴിവുള്ളവര്‍ അവിടെ പഠിപ്പിക്കണം എന്നതായിരുന്നു സ്വാമികള്‍ എല്ലായിടത്തും പറഞ്ഞിരുന്നത്.അങ്ങനെ ശിവഗിരിയിലും ഒരു മാതൃകാപാഠശാല ആരംഭിക്കുവാന്‍ ഗുരുദേവന്‍ തീരുമാനിച്ചു.
ശിവഗിരി ഹൈസ്കൂള്‍,ശിവഗിരി സെക്കന്ററി സ്കൂള്‍,ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍,ശിവഗിരി കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഇന്ന് സ്ഥിതിചെയ്യുന്നത് ശ്രീനിവാസ പുരത്ത് ആണ്.ശ്രീനിവാസ റാവു എന്നാ വിദേശ ബ്രാഹ്മണന്‍ ശിവഗിരിയുടെ വടക്കേകുന്നില്‍ നാട്ടുകാരായ ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു സ്കൂള്‍ തുടങ്ങിയിരുന്നു.ഒരിക്കല്‍ വൈകുന്നേരം വലിയൊരു കാറ്റിലും മഴയിലും ആ സ്കൂള്‍ തകര്‍ന്നുവീണു.അപ്പോഴേക്കും റാവു പാപ്പരായി കഴിഞ്ഞിരുന്നു.ആ പള്ളിക്കുടം പുനരുധരിക്കുവാന്‍ അയാള്‍ക്കായില്ല.താമസിയാതെ തന്നെ ആ പള്ളിക്കുടം ഇരുന്ന സ്ഥലം ഉള്‍പ്പെടെ ഗുരുദേവന്‍ റാവുവിന്റെ സ്ഥലങ്ങള്‍ ശിവഗിരിയിലേക്ക് വിലയ്ക്ക് വാങ്ങുകയുണ്ടായി.തകര്‍ന്നുപോയ ആ പള്ളിക്കുടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ചു അവിടെ ഒരു മാതൃകാവിദ്യാലയം സ്ഥാപിക്കുവാന്‍ തീരുമാനമായി.
ഗുരുദേവന്റെ 68 ആം ജന്മദിനമായിരുന്ന 1100 ചിങ്ങം 28 ന് (19 2 6 )തറകല്ലിട്ടു പണിതുടങ്ങുവാന്‍ തീരുമാനിച്ചു.സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ വെട്ടുകല്ല് കരിങ്കല്ലിനെ പോലെ ഉറപ്പുള്ളതും എന്നാല്‍ ഉദ്ദേശിക്കും വിധം വെട്ടിചെത്തിഎടുക്കുവാന്‍ സാധിക്കുംഎന്നതിനാലും അടിസ്ഥാനത്തില്ഐ നിന്നും കല്ലുകള്‍ വെട്ടിയാല്‍ മതിയെന്നും വിദഗ്ധര്‍ അഭിപ്രായപെട്ടു.കല്ലിടീല്‍ കര്‍മ്മത്തിലേക്കു ഒരു കല്ല്‌ വെട്ടിയെടുത്ത് പൂജ ചെയ്തുകഴിഞ്ഞ് അവിടെ അദ്ധ്യാപകരായി ജോലിചെയ്യുവാന്‍ താല്പര്യം ഉള്ളവരെയെല്ലാം കൊണ്ട് ഗുരുദേവന്‍ കല്ലില്‍ തൊടുവിച്ചു.അവിടുത്തെ ഒരു സൂക്ഷിപ്പുകാരനായിരുന്ന മുല്ലശ്ശേരി പപ്പുകുട്ടി ദൂരെ നില്‍ക്കുകയായിരുന്നു."നീയും വന്ന് കല്ലില്‍ പിടിക്ക് ,ഇ പള്ളിക്കുടം നിനക്കും കൂടിയുള്ളതാണ്" എന്ന് പറഞ്ഞ് ഗുരുദേവന്‍ അയാളെയും കല്ലില്‍തോടുവിച്ചു.(അയാള്‍ പിന്നീട് ആ സ്കൂളിലെ ജീവനക്കാരനായി 19 78 ല്‍ മരിക്കും വരെ പെന്‍ഷന്‍ വാങ്ങുകയും ചെയ്തു.)
ഭാവിയില്‍ രണ്ടുനില ആക്കുക എന്ന ഉദ്ദേശിചാണ് കെട്ടിടം പണികഴിപ്പിച്ചത്.മുന്‍വശത്ത് രണ്ടു നിലയില്‍ രണ്ടു ഗോപുരങ്ങള്‍ തീര്‍ക്കുകയുണ്ടായി.ഒന്ന് ഗുരുദേവന് വിശ്രമിക്കുവാനും മറ്റേത് ഓഫീസ് ആയിരുന്നു.കെട്ടിടം പണിതുടങ്ങിയത് മുതല്‍ ഗുരുദേവന്‍ പണിസ്ഥലത്തു നിന്നും മാറുകയുണ്ടായിട്ടില്ല.രാത്രിയിലും പകലും എല്ലാം കാല്‍നടയായും കാറിലും ഒക്കയും അവിടെ വന്നു വിശ്രമിക്കുക പതിവായിരുന്നു.മഹാകവി ഉള്ളൂര്‍ പലസമയങ്ങളിലും ഇവിടെവന്നു ഗുരുദേവനുമായി സംസാരിക്കുമായിരുന്നു.ഈ സ്കൂളിന്റെ പണിക്ക് ആവശ്യമായ പണം സംഭരിക്കുന്നതിനായി പരവൂര്‍,കൊല്ലം,കാര്‍ത്തികപള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഗുരുദേവന്‍ പലവുരു യാത്ര ചെയ്തിരുന്നു.നടരാജഗുരു,എന്‍ ഗോപാലപിള്ള,എന്‍ കൃഷ്ണ പിള്ള,ആര്‍ ശങ്കരന്‍,കുറ്റിപ്പുഴ പരമേശ്വരന്‍ തുടങ്ങിയ പല പ്രമുഖരും ഇവിടെ അധ്യാപകര്‍ ആയി ഇരുന്നിട്ടുണ്ട്.ഈ സ്കൂളും പരിസരവും ഗുരുദേവനും വളരെ ഇഷ്ടപെട്ടിരുന്നു.
ശിവഗിരിയുടെ വടക്ക്കിഴക്കുള്ള വിശാലമായ കുന്നുകള്‍,രഘുനാഥന്‍,ശ്രീനിവാസന്‍ എന്നിങ്ങനെ പേരുള്ള വിദേശബ്രാഹ്മണന്‍ മാരുടെതായിരുന്നു.അതില്‍ ഏവര്‍ക്കും പരോപകാരിയും നല്ലവനുമായ ശ്രീനിവാസന്‍ എന്നയാളോട് ഒള്ള ആദരസൂചകമായിട്ടാണ്‌ ശിവഗിരിയുടെ വടക്കേകരയ്ക്ക്‌ ശ്രീനിവാസപുരം എന്ന പേര് നല്‍കിയിരിക്കുന്നത്."രായര്‍" എന്നായിരുന്നു നാട്ടുകാര്‍ അയാളെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌.അയാള്‍ നിന്നും വാങ്ങിയ സ്ഥലത്താണ് ശിവഗിരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നത്.

(ശിവഗിരി ചരിത്രം: കെ കെ മനോഹരന്‍)

0 comments:

Post a Comment