ഒരിക്കല്‍ ഗുരുദേവന്‍ ആലുവ അദ്വൈതാശ്രമത്തിലെ മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുന്ന സമയത്ത് ഭക്തനായ ഒരു പത്രപ്രവര്‍ത്തകന്‍ അടുത്ത് നില്‍ക്കുന്നു.സ്വാമികള്‍ ജാതിയെ കുറിച്ച് സംസാരിച്ചകൂട്ടത്തില്‍ ;
സ്വാമികള്‍ : മനുഷ്യന് ജാതിയില്ല എന്ന് നാം പറഞ്ഞതായി എഴുതിവൈക്കുവാന്‍ വിരോധമില്ല.ജാതി ഉണ്ടെന്നുള്ള വിചാരം പോണം.അതാണ് വേണ്ടത്.ജാതിയെ സൂചിപ്പിക്കുന്ന ഉപയോഗിക്കരുത്.അല്ലാതെ നല്ല പേരുകള്‍ വളരെയുണ്ടല്ലോ.എഴുത്തുകുത്തുകളില്‍ ജാതി കാട്ടരുത്.അതിന് സര്‍ക്കാരിലേക്ക് എഴുതി സമ്മതം വാങ്ങണം.മതം ഇഷ്ടം പോലെ പറയുവാനും,ഒന്നും ഇല്ലന്നും പറയുവാനും സ്വാതന്ത്ര്യം വേണം,പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍ നിന്നും വിരോധം പറകയില്ല.ഇങ്ങനെപോയാല്‍ ജാതി തന്നെ പോകും.
ഭക്തന്‍: മഹാത്മാഗാന്ധി വര്‍ണ്ണാശ്രമം നല്ലതാണ് എന്ന് അഭിപ്രായപെടുന്നല്ലോ .
സ്വാമികള്‍ :വര്‍ണ്ണം,ആശ്രമം ഇവ രണ്ടും രണ്ടാണ്.സാധാരണ ജാതിയെപറ്റി പറയുമ്പോള്‍ വര്‍ണ്ണാശ്രമം എന്നാണ് പറയുന്നത്.വര്‍ണ്ണം എന്നാല്‍ ഗാന്ധി എന്താണെന്നു പറയുന്നു?.
ഭക്തന്‍ : വര്‍ണ്ണം ജാതിയല്ല,ജാതിയും വര്‍ണ്ണവുമായി സംബന്ധമില്ല എന്നാണ് ഗാന്ധി പറയുന്നത്.
സ്വാമികള്‍: ഗുണകര്‍മ്മങ്ങളെ അടിസ്ഥാനമാക്കിയായിരിക്കാം.ഗുണകര്‍മ്മങ്ങളില്‍ സഹായി ഒന്നും ഇല്ലാല്ലോ.അത് എപ്പോഴും മാറികൊണ്ടിരിക്കും.ഒരാളുടെ ഗുണകര്‍മ്മങ്ങള്‍ തന്നെ മാറികൊണ്ടിരിക്കും.അപ്പോള്‍ പിന്നെ എങ്ങനെ വര്‍ണ്ണം നിശ്ചയിക്കാം ?
ഭക്തന്‍: ഗാന്ധിയുടെ അഭിപ്രായം മൂലം യാഥാസ്ഥിതികന്‍മാര്‍ക്ക് കുറേ ശക്തി കൂടീട്ടുണ്ട്.
സ്വാമികള്‍: എന്താണ് ഗാന്ധി അങ്ങനെ പറയുന്നത് ? നല്ലപോലെ ആലോചില്ലായിരിക്കാം.നമ്മുടെ അഭിപ്രായത്തില്‍ ജാതിയില്ല.ഉണ്ടെന്നു വിചാരിക്കുന്നത് കൊണ്ട് ദോഷമല്ലാതെ എന്ത് ഗുണമാണുള്ളത് ? മഹാ കഷ്ടം ഇനിയും ഈ വിശ്വാസം നീങ്ങീട്ടില്ലല്ലോ !
ഭക്തന്‍: ജാതികൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.പരമ്പരയായി തൊഴില്‍ ആചരിച്ചാല്‍ അത് തൊഴിലില്‍ വിദഗ്ധന്മാരെ ഉണ്ടാക്കുമത്രേ.ജാതിപ്രകാരം തൊഴില്‍ ഏര്‍പ്പെടുത്തിയാല്‍ ജീവിത മത്സരം കുറയുമെന്നും ഒരു പ്രമാണി അടുത്തിടെ പറയുകയുണ്ടായി.രാജ്യങ്ങളെ തന്നെ ജാതികളായി തിരിച്ചു ഓരോ രാജ്യത്ത് ഓരോ പ്രത്യേക തൊഴിലിന് പ്രാധാന്യം നല്‍കിയാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം തീരുമെന്നാണ് അദ്ധേഹത്തിന്റെ അഭിപ്രായം.
സ്വാമികള്‍: ജാതിയെകൊണ്ട് ഒരു ഗുണവുമില്ല.അത് മനുഷ്യരുടെ സ്വാതന്ത്ര്യത്തെ തടുക്കുന്നു.ബുദ്ധി നശിപ്പിക്കുന്നു.സ്വാതന്ത്ര്യവും ബുദ്ധിയും ഇല്ലാതെ തൊഴില്‍ എങ്ങനെ നന്നാവും ? നമ്മുടെ ആശാന്‍,കുരുവാന്‍ മുതലായവര്‍ക്ക് ഒരു വസ്തുവും അറിയാതായല്ലോ ? ബുദ്ധിയും കൂടി കേട്ട് പോയല്ലോ.ജാതികൊണ്ട് തൊഴില്‍ ചീത്തയാവും.ഒരേ സംഗതി നോക്കി ലോകത്തിലുള്ള മറ്റു യാതൊന്നും അറിയാത്തവര്‍ക്ക് ഒരു ജോലിയും നന്നായി ചെയ്യുവാന്‍ സാധിക്കുകയില്ല.വാസന പോലെ ഓരോരുത്തര്‍ക്കും ഓരോ തൊഴിലില്‍ ഏര്‍പ്പെടുവാനും സൗകര്യം ഇല്ലല്ലോ.ജനിച്ചത് കൊണ്ട് ഒരു ജോലി ചെയ്യുക എന്നാവും.പ്രാപ്തിയും വാസനയും ഇല്ലെങ്കിലും അത് ചെയ്യണം.അപ്പോള്‍ തൊഴില്‍ നന്നാവാന്‍ ഒരു വഴിയുമില്ല.
ഭക്തന്‍: മകന് അച്ഛന്റെ തൊഴിലില്‍ സാധാരണ വാസന കാണും എന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.
സ്വാമികള്‍: എന്നാല്‍ പിന്നെ ജാതി ആവശ്യമില്ലല്ലോ.ജാതിയില്ലെങ്കിലും വാസനകൊണ്ട് മകന്‍ അച്ഛന്റെ തൊഴില്‍ ശീലമാക്കും.നിര്‍ബന്ധിക്കേണ്ട ആവശ്യമില്ലല്ലോ.പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കാമല്ലോ.അപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ നമ്മേ താങ്ങുകയാണ് ചെയ്യുന്നത്.മനുഷ്യന്റെ സ്വാതന്ത്ര്യവും ബുദ്ധിയും കുറയ്ക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.ഇഷ്ടംപോലെ ജോലിയെടുക്കുവാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യം വേണം.എല്ലാവര്ക്കും എന്തും പഠിക്കയും ശീലിക്കയും ചെയ്യുവാന്‍ വിരോധം ഉണ്ടായിരിക്കരുത്.
ഭക്തന്‍: അങ്ങനെ സ്വാതന്ത്ര്യം കൊടുത്താല്‍ മത്സരം വര്‍ധിക്കുമത്രേ.അതുകൊണ്ട് ലോകത്തിനു സുഖത്തിലധികം ദുഃഖം ഉണ്ടാവുമെന്ന് അവര്‍ പറയുന്നു.
സ്വാമികള്‍: അത് ജാതിയുണ്ടാക്കിയവരുടെ വാദമായിരിക്കും അല്ലെ ?.ജാതികൊണ്ട് സകല ഗുണവും കിട്ടുന്നവര്‍ അങ്ങനെ പറയും.മറ്റുള്ളവര്‍ കഷ്ടപെടുന്നത് അവരുടെ ഗുണത്തിന് ആവശ്യമായിരിക്കാം.മനുഷ്യര്‍ ജീവിക്കുന്നത് ജാതിക്കും ലോകത്തില്‍ സുഖത്തിനും വേണ്ടിയാണോ ? അതോ,ഇതെല്ലാം മനുഷ്യന്വേണ്ടിയോ ? മനുഷ്യന്‍ കെട്ടുപോയാല്‍ ലോകത്തില്‍ സുഖമുണ്ടായിട്ടു എന്ത് പ്രയോജനം ? ജാതി മനുഷ്യനെ കെടുത്തുന്നു.അതുകൊണ്ട് അത് ആവശ്യമില്ല.ജാതി ഇല്ല .അതുണ്ട് എന്ന് വിചാരിക്കുന്നത് ശുദ്ധ വിഡ്ഢിത്തമാവും.
0 comments:
Post a Comment