Saturday, 12 September 2015

പിച്ചനാട്ടു കുറുപ്പന്മാര്‍ - ശിവഗിരി ചരിത്രം(കെ.കെ മനോഹരന്‍)



മദ്ധ്യതിരുവിതാം കൂറില്‍ പിച്ചനാട്ടു കുറുപ്പന്മാര്‍ എന്നൊരു വിഭാഗം ആളുകള്‍ ജീവിച്ചിരുന്നു.അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ജാതി വ്യവസ്ഥയ്ക്ക് അനുസരിച്ച് ഇവര്‍ ഈഴവ വിഭാഗങ്ങളെക്കാള്‍ കുറഞ്ഞവരും,കണിയാന്‍ വിഭാഗത്തെക്കാള്‍ ഉയര്‍ന്നവരും ആയി കണക്കാക്കി പോന്നിരുന്നു.സംസ്കൃതം പഠിച്ച് ദൈവ വൃത്തിയും ജ്യോതിഷവും ആയിരുന്നു ഇവരുടെ തൊഴില്‍.അംഗസംഖ്യയില്‍ കുറവായിരുന്നതിനാല്‍ ഇവര്‍ക്ക് പല വൈഷമ്യങ്ങളും അനുഭവിക്കേണ്ടി വന്നിരുന്നു.അര്‍ഹിക്കുന്ന വിധം വിവാഹം നടത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.ചെറുക്കന് യോജിച്ച പെണ്ണോ,പെണ്ണിന് യോജിച്ച ചെറുക്കനോ കിട്ടിയിരുന്നില്ല.ചിലര്‍ അവിവാഹിതരായി ജീവിതം തള്ളി നീക്കിയിരുന്നു.ഒറ്റപെട്ടു ജീവിക്കുന്നവര്‍ മരണാനന്തര കര്‍മ്മങ്ങള്‍ -- ശവദാഹവും മറ്റും -തനിച്ചു ചെയ്യേണ്ടിവന്നിരുന്നു.കൃസ്തുമതം സ്വീകരിച്ചാലും അന്നത്തെ സിറിയന്‍ കൃസ്ത്യാനികള്‍ സവര്‍ണ്ണ ഹിന്ദുക്കളെക്കാള്‍ ആഭിജാത്യമുള്ളവരാണ്.പള്ളികളില്‍ പോവുക,കൂടി നടക്കുക,തുടങ്ങിയ കാര്യങ്ങളോഴിച്ചാല്‍പെണ്ണ് കൊടുക്കുക-എടുക്കുക തുടങ്ങിയതൊന്നും അന്ന് സാധ്യമായിരുന്നില്ല.പിച്ചനാട്ടു കുറുപ്പന്മാരുടെ പല വീടുകളിലും സ്ത്രീകള്‍ അവിവാഹിതകളായി നില്‍ക്കേണ്ടിവന്നിട്ടുണ്ട്.ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് കുഴങ്ങിയ കുറുപ്പന്‍മാരുടെ കാര്യം ചിലര്‍ ഗുരുദേവനെ അറിയിച്ചു.അവരെ എസ്. എന്‍. ഡി.പി യോഗത്തില്‍ ചേര്‍ത്ത് പ്രശ്നം പരിഹരിക്കുവാന്‍ ഗുരുദേവന്‍ യോഗ നേതൃത്വത്തിനോട് ആവശ്യപെട്ടു.
അന്ന് മുനിസിപ്പാലിറ്റികളില്‍ അംഗങ്ങളെ സാമുദായിക പ്രാധിനിത്യം അനുസരിച്ച് പേഷ്കാര്‍ നോമിനേറ്റു ചെയ്യുകയായിരുന്നു.ചെങ്ങന്നൂര്‍ മുനിസിപാലിറ്റിയിലേക്ക് ഈഴവ പ്രധിനിധി യായി ഗുരുദേവന്‍ പിച്ചനാട്ടു കുറുപ്പനെ നോമിനേറ്റു ചെയ്യുകയുണ്ടായി.എന്നാല്‍ ചില അസൂയാലുക്കളായ ആളുകള്‍ ഇയാള്‍ ഈഴവ വിഭാഗം അല്ലാ എന്ന് സൂചിപ്പിച്ചുകൊണ്ട് പേഷ്കാര്‍ക്ക് പരാതി നല്‍കി.അന്ന് പേഷ്കാര്‍ ആയിരുന്ന മഹാകവി ഉള്ളൂര്‍ ,താന്‍ ഈഴവ വിഭാഗം ആണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗുരുദേവനില്‍ നിന്നും വാങ്ങി വരുവാന്‍ ആവശ്യപെട്ടു.ഉള്ളൂരിന്റെ ആവശ്യപ്രകാരം പ്രസ്തുത വ്യക്തി ഈഴവ വിഭാഗം ആണ് ഈനു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗുരുദേവന്‍ നല്‍കുകയുണ്ടായി.ആ പ്രശ്നം അങ്ങനെ പരിഹരിച്ചു.ഈ സംഭവം കഴിഞ്ഞു കുറച്ചുനാള്‍ ആയപ്പോള്‍ ഗുരുദേവന്‍ ഒരിക്കല്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയം ഏതാനും യുക്തിവാദികള്‍ സ്വാമികളെ സന്ദര്‍ശിച്ചു ഇപ്രകാരം ചോദിച്ചു."സ്വാമികള്‍ ഈഴവ സമുദായത്തിലേക്ക് ആളുകളെ കൂട്ടുകയാണ് എന്ന് പറയുന്നുണ്ടല്ലോ ?".അപ്പോള്‍ ഗുരുദേവന്റെ മറുപടി ഇങ്ങനെയായിരുന്നു "അങ്ങനെ ചെയ്തു പോയതില്‍ ആ പാവങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചാല്‍ നമുക്ക് സന്തോഷമേ ഒള്ളൂ".(മറ്റുള്ളവര്‍ക്കുവേണ്ടി താന്‍ എന്തെങ്കിലും സഹായം ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നവരോടെല്ലാം സ്വാമികള്‍ ഏതാണ്ട് ഇതേ മറുപടിയാണ് പറഞ്ഞിരുന്നത്).

0 comments:

Post a Comment