Sunday, 6 September 2015

ഗുരുദേവന്റെ ആദര്‍ശം സാക്ഷാത്കരിച്ച ഒരു വിവാഹം

കൊല്ലം പരവൂരിലെ ഒരു സമ്പന്ന വ്യവസായിയുടെ മകനായിരുന്നു കെ.കരുണാകരന്‍.ഇദ്ദേഹം മദ്രാസ് യൂനിവേര്‍സിറ്റിയില്‍ നിന്നും ബി.കോം പരീക്ഷ പ്രശസ്തമായ നിലയില്‍ പാസ്സാവുകയുണ്ടായി.അന്ന് തിരുവിതാംകൂറില്‍ ഈ പരീക്ഷ പാസ്സായവര്‍ അധികം ആരും ഉണ്ടായിരുന്നില്ല.സാധാരണയായി ആളുകളുടെ പേരിനു ശേഷമാണ് ബിരുദം ചേര്‍ക്കുക.എന്നാല്‍ കരുണാകരനെ സംബന്ധിച്ചിടത്തോളം അത് തിരിച്ചായിരുന്നു.അദ്ധേഹത്തെ ജനങ്ങള്‍ ബി.കോം കരുണാകരന്‍ എന്ന് വിളിച്ചുപോന്നു.ഗുരുദേവനുമായി വളരെ അടുപ്പമുള്ള ഒരു കുടുംബമായിരുന്നു കരുണാകരന്റെത്.മാറി മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യവസായം അഭിവൃദ്ധിപ്പെടുത്തുന്നതിനായി സാങ്കേതിക വശങ്ങള്‍ പഠിക്കുവാന്‍ യൂറോപ്പില്‍ പോകുവാന്‍ കരുണാകരന് ആഗ്രഹമുണ്ടായി.മകന്റെ ആഗ്രഹം അച്ഛന്‍ കൃഷ്ണന്‍ മുതലാളി ഗുരുദേവനെ അറിയിച്ചപ്പോള്‍ വളരെ പ്രോത്സാഹജനകമായ മറുപടിയായിരുന്നു ലഭിച്ചത്.അങ്ങനെ ഇ ആവശ്യം മുന്‍നിര്‍ത്തി ബി.കോം കരുണാകരന്‍ യൂറോപ്പിന് കപ്പല്‍കയറി.ഫ്രാന്‍സും,ഇംഗ്ലണ്ടും സന്ദര്‍ശിച്ച ശേഷം അദ്ധേഹം ജര്‍മനിയിലേക്ക് പോയി.അവിടെ ചൈന ക്ലേ കൊണ്ട് പാത്രങ്ങളും മറ്റു സാധനങ്ങളും ഉണ്ടാക്കുന്നതിന്റെ സാങ്കേതിക വശങ്ങളെപറ്റി പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് പഠനം തുടങ്ങി.
അധെഹതോടൊപ്പം തദ്ദേശീയരും അല്ലാത്തവരുമായ വേറെയും പഠിതാക്കള്‍ ഉണ്ടായിരിന്നു.ആ കൂട്ടത്തില്‍ അന്നാട്ടുകാരിയായ ഒരു കുശഗാത്രിയുമുണ്ടായിരുന്നു.പ്രഭുകുമാരിയായ അവള്‍ വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി പഠിക്കുവാന്‍ വന്നതായിരുന്നു അവിടെ.ആ മദാമ്മ പെണ്ണും ബി.കോം കരുണാകരനും തമ്മില്‍ പരിചയപെട്ടു.അവര്‍ ദിവസവും ഒരുമിച്ചുകൂടുകയും സംസാരിക്കുകയുമായി.ആ പരിചയം സ്നേഹമായി....സ്നേഹം പ്രേമമായി.ആ പ്രേമം അവസാനം ഇരുവരും വിവാഹിതരാകുവാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.കരുണാകരന്‍ താനെ ആഗ്രഹം അറിയിച്ചുകൊണ്ട് അമ്മയ്ക്ക് കത്തെഴുതി.അമ്മ ഈ വസ്തുത അച്ഛനെ അറിയിക്കുകയുണ്ടായി.സായിപ്പിന്റെ ഭാഷ,പണം,വിദ്യ,അവരുണ്ടാക്കുന്ന സാധനങ്ങള്‍ എന്നിവയെല്ലാം ഇന്നാട്ടുകാര്‍ക്ക് സ്വീകാര്യമായിരുന്നെങ്കിലും അവരുമായുള്ള വിവാഹബന്ധത്തിനു ഇവിടുത്തെ സിറിയന്‍ ക്രിസ്തീയ സമുദായങ്ങള്‍ പോലും അന്ന് ഇഷ്ടപെട്ടിരുന്നില്ല.കൃഷ്ണന്‍ മുതലാളിക്കും ദേഷ്യമായി.തന്റെ മകം ഒരു ഹൂണപെണ്ണിനെ വിവാഹം കഴിക്കുകയോ ??? ഉടന്‍ പഠനം മതിയാക്കി വീട്ടിലേക്കു എത്തിചേരുവാന്‍ മകന് മുതലാളി നിര്‍ദേശം നല്‍കി കൊണ്ട് കമ്പി അയച്ചു.അച്ഛന്റെ സ്വഭാവം നന്നായി അറിയാവുന്ന കരുണാകരന്‍ ഒടനെ പഠനം മതിയാക്കി നാട്ടിലേക്ക് തിരിച്ചു.കാമുകിയോട് പോട്ടേ കൂട്ടുകാരോട് പോലും കരുണാകരന്‍ കാര്യങ്ങള്‍ ഒന്നും അറിയിച്ചില്ല.കാമുകി ക്ലാസ്സില്‍ എത്തി അന്വഷിച്ചപ്പോള്‍ ആണ് അറിയുന്നത് കരുണാകരന്‍ നാട്ടിലേക്ക് തിരിച്ചു പോയ വിവരം.
ഒരാളിലൂന്നിയ മനസ്വനിയുടെ മനസ്സ് ഒഴിവാക്കുന്നത് അശക്യമാണല്ലോ.തന്‍റെ കാമുകന്റെ മേല്‍വിലാസവും മറ്റു വിവരങ്ങളും നേരത്തെ മനസിലാക്കി വച്ചിരുന്ന കാമുകി മറ്റൊന്നും ആലോചിക്കാതെ ആവശ്യത്തിനുള്ള പണവും കരുതി താനെ സഹോദരനെയും കൂട്ടി ഇന്ത്യയിലേക്ക് തിരിച്ചു.കൊച്ചിയില്‍ കപ്പല്‍ ഇറങ്ങിയ അവര്‍ ഒരുവിധം തിരക്കിപിടിച്ചു കരുണാകരന്റെ പരവൂരിലെ വീട്ടിലെത്തി.കാമുകിയെ വിവാഹം ചെയ്യുവാന്‍ അയാള്‍ ഒരുക്കമാണ്.എന്നാല്‍ അച്ഛന്റെയും ബന്ധു ജനങ്ങളുടെയും എതിര്‍പ്പിനെ അവഗണിക്കുവാന്‍ അയാള്‍ക്കാവില്ലായിരുന്നു.എസ്.എന്‍.ഡി.പി യോഗത്തിലെ തലമുതിര്‍ന്ന പല നേതാക്കന്മാരും പലവിധം ശ്രമിച്ചിട്ടും കൃഷ്ണന്‍ മുതലാളി വഴങ്ങിയില്ല.അവസാനം ഇ കേസ് "സുപ്രീംകോടതി"യിലെത്തി.ഗുരുദേവ സന്നിധിയില്‍ വിധി ഏകപക്ഷീയമായിരുന്നില്ല.എന്നാല്‍ കമിതാക്കള്‍ക്ക് അനുകൂലവും.ജീവശാസ്ത്രപരമായ ഒരു സത്യം താര്‍ക്കികമായി വിശദീകരിച്ചുകൊണ്ടാണ് ഗുരുദേവന്‍ കരുണാകരന്റെ അച്ഛനെ ജാതി,വര്‍ണ്ണ,വര്‍ഗ്ഗ ഭേദങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തിയത്."ഒരു ജാതിയില്‍ നിന്നാല്ലോ പിറന്നീടുന്നു സന്തതി നരജാതി ഇതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം" മനുഷ്യരെല്ലാം ഒരു ജാതിയില്‍ ഒള്ളവരാന്.ഒരു ജാതിയിലെ പെണ്ണിലേ ആ ജാതിയിലെ പുരുഷന് സന്തതി ഉണ്ടാകൂ.ഇവിടെ മനുഷ്യജാതിലെ ഒരു സ്ത്രീയും പുരുഷനുമാണ് വിവാഹിതരാവുന്നത്.അതില്‍ തെറ്റില്ല.പിന്നെ വിദ്യ,സംസ്കാരം,സമ്പത്ത് തുടങ്ങിയവയെല്ലാം ആവശ്യത്തിനുണ്ടല്ലോ.ഈ ദാമ്പത്യം ഒരു വിജയമായിരിക്കും.
ഗുരുദേവന്റെ ഈ തീരുമാനം എല്ലാവര്ക്കും സ്വീകാര്യമായി.ശിവഗിരിയില്‍ വച്ച് വിവാഹം നടത്തുവാന്‍ തീരുമാനമായി.സഹോദരന്‍ യൂറോപ്പിന് മടങ്ങി.ശിവഗിരിയില്‍ വച്ച് നടക്കുന്ന ആദ്യവിവാഹമായിരുന്നു അത്.ഗുരുദേവ സിദ്ധാന്തം പ്രാവര്‍ത്തികമാക്കുവാന്‍ കാക താലീകം ന്യായേന വന്നുഭവിച്ച ഒരു സംഭവം കൂടിയായിരുന്നു ഈ പാശ്ചാത്യ -പൌരസ്ത്യ സംഗമം.വിവാഹം വരേയും വധു ശിവഗിരിയില്‍ താമസിച്ചു.നിശ്ചയിച്ച ദിവസം വരാനും സംഘവും എത്തി.ഗുരുദേവന്റെ പാശ്ചാത്യ ശിഷ്യനായിരുന്ന കാര്‍ക്ക് സായിപ്പ് വധുവിന്‍റെ രക്ഷകര്‍ത്തുസ്ഥാനം വഹിച്ചു.മറ്റൊരു മഹത് വ്യക്തിയും വധുവിന്‍റെ പിന്നില്‍ അവരെ ആശംസിക്കുവാന്‍ നില്‍പ്പുണ്ടായിരുന്നു.തിരുവിതാംകൂര്‍ ദിവാന്‍ വാട്സ് അവര്‍കളായിരുന്നു അത്.വിവാഹം നടന്നു.ആശാന്‍റെ "അവ്യയന്‍ ശിവനുമാദി ദേവിയും " എന്ന മംഗള ശ്ലോകം ശാന്തിമാര്‍ ചൊല്ലി.(ആശാന്‍ അതിനുമുന്‍പ്‌ കഥാവശേഷനായിരുന്നു).ഗുരുദേവന്‍ ദമ്പതികളെ ആശീര്‍വദിച്ച് അനുഗ്രഹിച്ചു വിട്ടു.പിന്നീട് കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നാല്ലോ ബി.കോം കരുണാകരന്‍.വ്യവസായ മേഖലയില്‍ ആ പരമ്പരയുടെ മേധാവിത്വം ഇന്നും തുടരുന്നു.
ബി.കോം കരുണാകരന്‍ ചില കാര്യങ്ങളില്‍ പിതാവിനേക്കാള്‍ കര്‍ക്കശക്കാരന്‍ ആയിരുന്നു.അദ്ധേഹത്തിന്റെ മകളെ അനന്തരവന്‍ ദയാനന്ദന്‍ ആയിരുന്നു വിവാഹം ചെയ്തത്.അവര്‍ ഇത്തിക്കരയില്‍ ഒരു ക്ലേ ഫാക്ടറി തുടങ്ങി.അന്ന് ദയനന്ദനും ഭാര്യയും ഗുരുകുലത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു.തങ്ങളുടെ ഫാക്ടറിയില്‍ ഒണ്ടാക്കിയ ഗുരുദേവന്റെ ഒന്നേകാല്‍ അടി ഉയരമുള്ള ഒരു ക്ലേ പ്രതിമ ശ്രീ.ദയാനന്ദന്‍ ലേഖകന് നിര്‍മ്മിച്ച്‌നല്‍കുകയുണ്ടായി.അദ്ധേഹം ആ പ്രതിമ ഒരു നിധിപോലെ സൂക്ഷിച്ചുപോന്നു.അക്കാലത്ത് കരുണാകരന്‍ സ്വാമി (ശാന്തിഗിരി) ശിവഗിരിയില്‍ നിന്നും വിട്ട് കുന്നുംപുറത്തു ഒരു ആശ്രമം കെട്ടി കഴിയുകയായിരുന്നു.അന്ന് അദ്ധേഹം "കരുണാകരന്‍ ശാന്തി " എന്നാണ് അറിയപെട്ടിരുന്നത്.ഒരിക്കല്‍ കരുണാകരന്‍ ശാന്തി ഈ പ്രതിമ കാണുകയും അത് അദ്ദേഹത്തിന് നല്‍കുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.എന്നാല്‍ അത് കൊടുത്തില്ല.പലപ്രാവശ്യം അദ്ധേഹം ഈ ആഗ്രഹം ആവര്‍ത്തിച്ചു.എന്നാല്‍ ലേഖകന്‍ അത് നല്‍കിയില്ല.ഒടുവില്‍ അദ്ധേഹം ഗുരു നിത്യ ചൈതന്യ യതിയെ കണ്ടു താനെ ആഗ്രഹം അറിയിക്കുകയും ചെയ്തു.ഗുരു അദ്ധേഹത്തില്‍ നിന്നും ഇ പ്രതിമ വാങ്ങി കരുണാകരന്‍ ശാന്തിക്ക് നല്‍കുകയും ചെയ്തു.1964 ല്‍ ആയിരുന്നു ഇത്.അങ്ങനെ ഗുരു നിത്യ ചൈതന്യ യതി ശിവഗിരിയില്‍ നിന്നും ഏവരെയും കൂട്ടി സ്വാമിയുടെ ആശ്രമത്തില്‍ ചെന്ന് പ്രതിമയുടെ പ്രതിഷ്ഠ നടത്തുകയുണ്ടായി.പിന്നീടാണ് അദ്ധേഹം പോത്തന്‍കോടിലേക്ക് മാറി ആശ്രമം സ്ഥാപിച്ചത്.

ശിവഗിരി ചരിത്രം :കെ.കെ മനോഹരന്‍

0 comments:

Post a Comment