Sunday 6 September 2015

ഭൈമി അമ്മ -- ശിവഗിരി ചരിത്രം (കെ.കെ മനോഹരന്‍)

ഒരു സമ്പന്നകുടുംബത്തിലെ വിദ്യാഭ്യാസമുള്ള അംഗമായിരുന്നു ഭൈമി.ചെറുപ്പത്തിലേ ശിവഗിരിയിലെത്തി.ശിവഗിരിയില്‍ ഇവരുടെ സാന്നിധ്യം എന്നാല്‍ ഗുരുദേവന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല.യൌവ്വനത്തിന്റെ ഉന്മാദം കൊണ്ട് അവരില്‍ പല തെറ്റുകളും സംഭവിച്ചിരുന്നു.അവരുടെ ജീവിതത്തിന്റെ അവസാനകാലത്ത് ഒരു തെരുവ് ഭ്രാന്തിയെപോലെ മഠത്തിന് മുന്‍വശത്തെ വഴികളില്‍ ഒക്കയും അലഞ്ഞുതിരിഞ്ഞു നടക്കുമായിരുന്നു.ബന്ധുക്കള്‍ എത്ര ശ്രമിച്ചാലും അവര്‍ ശിവഗിരി വിട്ടുപോകുമായിരുന്നില്ല.ഒരു ഭ്രാന്തിയാണ് ഇവരെന്ന് ദൂരസ്ഥര്‍ കരുതിയിരുന്നത്.1958 ല്‍ നീലഗിരിയിലെ ഒരു വലിയ എസ്റ്റേറ്റ്‌ ഉടമ വര്‍ക്കല ഗുരുകുലത്തില്‍ വന്നു.മടങ്ങുന്ന നേരം അയാള്‍ എന്നോട് ഇങ്ങനെ പറഞ്ഞു.തിരികെപോകുമ്പോള്‍ ശിവഗിരിയില്‍ ചെന്ന് അപ്പച്ചിയെ ഒന്ന് കാണണം.കുറെ പണം കൊടുക്കണം എന്ന്.ആരാണ് ഈ അപ്പച്ചി എന്ന് ഞാന്‍ ആകാംഷാപൂര്‍വ്വം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി "ഭൈമി അമ്മ" എന്നായിരുന്നു.എനിക്കിത് ആദ്യം വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല.ഇവരെ ഇങ്ങനെ ഭ്രാന്തിയെപോലെ അലഞ്ഞുതിരിഞ്ഞു നടക്കാന്‍ അനുവദിക്കാതെ കൂട്ടികൊണ്ടുപോയി നന്നായി സംരക്ഷിച്ചുകൂടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ ആര് വിളിച്ചാലും അവര്‍ വരില്ല.അവര്‍ക്കതാണ് ഇഷ്ടം അങ്ങനെ ജീവിക്കട്ടെ എന്ന് അയാള്‍ പറയുകയുണ്ടായി.ചിലവിന് അവര്‍ പണം നല്‍കിയിരുന്നതായി അറിയാം.
ഒരിക്കല്‍ രണ്ടു സന്യാസിമാര്‍ (മംഗലാനന്ദയും,നിജാനന്ദനും)ശാരദാമഠത്തിന് തെക്ക്വശത്തെ മാവിന്‍ ചുവട്ടിലിരുന്നു വിശ്രമിക്കുന്ന സമയം ഭൈമി അമ്മ അതുവഴി ആരെയോ ചീത്തപറഞ്ഞു അവിടേയ്ക്കു കയറിവന്നു.എന്നിട്ട് അന്ന് ധര്‍മ്മസംഘം സെക്രട്ടറിയായിരുന്ന നാരായണതീര്‍ഥരേ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗം,ഭഗവത് ഗീത,ദര്‍ശന മാല,ആത്മോപദേശശതകം എന്നിവയെല്ലാം ഉദ്ധരിക്കുന്നു.ഇടയ്ക്കിടയ്ക്ക് പൊട്ടിച്ചിരിയും,അപ്പോഴാണ്‌ എനിക്ക് മനസിലായത് ഭൈമി അമ്മയ്ക്ക് ഇതൊക്കയും മനപാഠമായിരുന്നു എന്ന്.ഇവര്‍ മഠത്തിന് പുറത്ത് തനിച്ചുപാചകം ചെയ്താണ് കഴിഞ്ഞിരുന്നത്.ചിലപ്പോള്‍ ഗുരുകുലത്തില്‍ കയറിവരുമായിരുന്നു.ഭക്ഷണമോ ചായയോ ഒന്നും തന്നെ അവിടെ നിന്നും കഴിക്കുമായിരുന്നില്ല.അന്ന് കുട്ടികള്‍ക്ക് കൊടുക്കുന്ന യൂണിസേഫിന്റെ പാല്‍പ്പൊടി അവിടെ ധാരാളമുണ്ടായിരുന്നതില്‍ നിന്നും അല്പം വാങ്ങുവാന്‍ വേണ്ടിയായിരുന്നു അവിടെ വന്നിരുന്നത്.

0 comments:

Post a Comment