Sunday, 6 September 2015

ശ്രീനാരായണ ഗുരുദേവ സൂക്തങ്ങള്‍ :

കോയമ്പത്തൂരില്‍ വച്ച് കുറെ പൗരന്മാര്‍ സ്വാമിജിയെ ദര്‍ശിക്കുവാന്‍ ചെന്നപ്പോള്‍ അവരോട് നടത്തിയ സംഭാഷണം
സ്വാമികള്‍ " എവിടെ ഉള്ളത് ?
പൌരന്‍ : ഞങ്ങളുടെ സമുദായം ഇപ്പോള്‍ കുറെ കഷ്ട ദശയില്‍ ഇരിക്കയാണ്.
സ്വാമികള്‍ : നിങ്ങളുടെ സമുദായം എന്നാല്‍ എന്താണ് ?
പൌരന്‍ : ഞങ്ങളുടെ സമുദായം ശംകുന്തനര്‍ എന്ന് പറയും.ചിലര്‍ നട്ടുവര്‍ അല്ലെങ്കില്‍ ദേവദാസി സമുദായം എന്നും പറയും.
സ്വാമികള്‍ : ശംകുന്തനര്‍ എന്ന പദത്തിന്റെ അര്‍ത്ഥം അറിയുമോ ?
പൌരന്‍ : ശൈം എന്നാല്‍ ചുവപ്പ് എന്നാണ്. കുന്തനര്‍ എന്നാല്‍ കുന്തത്തോട്‌ കൂടിയവര്‍.ഇവര്‍ ഒരുകാലത്ത് യുദ്ധവീരന്മാര്‍ ആയിരുന്നുവെന്ന് ഈ വാക്കുകളില്‍ നിന്നും മനസിലാകുന്നു.
സ്വാമികള്‍ : അങ്ങനെയല്ല.അത് ഒരു സംസ്കൃത പദമാണ്.അതിന്റെ ശരിയായ രൂപം ശംകുവിന്ദര്‍ എന്നാണ്.തന്തുവായ: കുവിന്ദസ്യാല്‍ എന്നാണ് അമരം."സുഖെ ദിഷ്ട്യെ പജോഷംശം" അതുകൊണ്ട് ശംകുവിന്ദര്‍നല്ല നൈയ്തുകാര്‍ എന്നര്‍ത്ഥം.
പൌരന്‍ : നൈയ്തു ഞങ്ങളുടെ പ്രാധാന തൊഴിലാണ്.എന്നാല്‍ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ ദാസി ആട്ടം കൊണ്ടാണ് സ്ത്രീകള്‍ ഉപജീവനം ചെയ്യുന്നത്.വിവാഹം പതിവില്ല.
സ്വാമികള്‍ : ന്യായമായ വിവാഹം നിങ്ങളുടെ ഇടയില്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കണം.
പൌരന്‍ : ഇക്കാര്യത്തില്‍ കുറച്ചു വിഷമമുണ്ട്.ദാസിയാട്ടം നിര്‍ത്തിയാല്‍ അവര്‍ ഇപ്പോള്‍ അനുഭവിച്ചുവരുന്ന ക്ഷേത്രത്തിലെ കാണഭൂമികള്‍ (ഇറയിലികള്‍)കിട്ടാതെ വരും.അത്ഓര്‍ത്ത് അവര്‍ യാതൊരുവിധ പരിഷ്കാരത്തിനും വഴിപ്പെടുന്നില്ല.
സ്വാമികള്‍: ദേവദാസി തൊഴില്‍ വിട്ടാലും ഭൂമി അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുവാതിരിക്കുവാന്‍ യാതൊരു ന്യായവുമില്ല.അനേകം തലമുറകളായി ചെയ്തുപോന്നിട്ടുള്ള ജോലിക്ക് അടിത്തൂണായി ഈ പ്രതിഫലം തന്നെ കൊടുത്താല്‍ മതിയാകുന്നില്ല.അവരുടെ കൈയ്യില്‍ ഇരിപ്പുള്ളതിനോടുകൂടി കൂടുതല്‍ ഭൂമി ചേര്‍ത്ത് കൊടുത്തു അവരെ ഒഴിച്ചു വിടെണ്ടാതാണ് ധര്‍മ്മം.
പൌരന്‍ : ദാസിയാട്ടം മുടങ്ങാതെ നടത്തിയില്ലെങ്കില്‍ ക്ഷേത്രങ്ങള്‍ ഭൂമി അനുഭവിക്കുവാന്‍ അനുവദിക്കുന്നതല്ല.
സ്വാമികള്‍: അങ്ങനെയായാല്‍ ദാസിയാട്ടത്തിനു പ്രതിഫലമായുള്ള ഈ വസ്തുക്കള്‍ക്ക് അവകാശികള്‍ ഇല്ലാതെ വരുമല്ലോ? മറ്റു അവകാശികള്‍ ഇല്ലാത്ത വസ്തു ആരെങ്കിലും അവകാശപെടുന്നുവെങ്കില്‍ അവര്‍ ദാസി വൃത്തി ചെയ്യേണ്ടിവരും.
പൌരന്‍ : ഇത് ഒരു നല്ല തൊഴില്‍ ആണ് എന്നാണ് ഉയര്‍ന്ന സമുദായക്കാര്‍ ഞങ്ങളെ ഉപദേശിക്കുന്നത്.
സ്വാമികള്‍ : നല്ലതാണ് എങ്കില്‍ അവര്‍ക്കുതന്നെ ഈ തൊഴില്‍ സ്വീകരിക്കാമല്ലോ..അങ്ങനെയാണ് എങ്കില്‍ വസ്തു അവര്‍ക്കുതന്നെ വിട്ടുകൊടുക്കുന്നതില്‍ ന്യായം ഉണ്ടാകും.
പൌരന്‍ : അവര്‍ ഈ തൊഴില്‍ ഒരിക്കലും സ്വീകരിക്കുകയില്ല.
സ്വാമികള്‍ : എന്നാല്‍ ഈ ഭൂമി ഒരുത്തര്‍ക്കും അവകാശപ്പെടുവാന്‍ ന്യായമില്ല.ഗവര്‍ന്മെന്റ് മുഖേന അവകാശ വാദം നടത്തണം.എന്നാല്‍ കിട്ടും.ഇതുകിട്ടിയാലും തക്കതായ പ്രതിഫലം ആകുന്നില്ല എന്നാണ് നമ്മുടെ പക്ഷം.
(അടുത്തുനില്‍ക്കുന്ന ഒരു മലയാളിയോട്) കഷ്ടം !!!! ഇയാള്‍ക്ക് ഇതിനെക്കുറിച്ച് വളരെ വ്യസനം ഉള്ളതുപോലെ തോന്നുന്നു.ആ സമുദായത്തില്‍ പെട്ടുപോയല്ലോ എന്ന് വിചാരിച്ചായിരിക്കും.വ്യസനിക്കുവാന്‍ കാര്യമില്ലല്ലോ.ഈ വക ദുരാചാരങ്ങള്‍ എങ്ങും ഉള്ളതുതന്നെ.അവിടെല്ലാം (കേരളത്തില്‍) ഉള്ളതും ഇതില്‍ പെട്ടതുതന്നെയാണ്.ഇയാള്‍ അറിയുന്നില്ലായിരിക്കാം.ഗവര്‍ന്മേന്റിനോട് വാദിച്ച് അവകാശങ്ങള്‍ വാങ്ങട്ടെ.
(മദിരാശി നിയമസഭയില്‍ ദേവദാസികളെസംബന്ധിക്കുന്ന നിയമം സ്വാമികളുടെ അഭിപ്രായത്തോട് യോജിച്ചുള്ള നിലയില്‍ കുറെ കഴിഞ്ഞപ്പോള്‍ പാസ്സായി എന്ന് നമുക്ക് ഏവര്‍ക്കും അറിവുള്ളതാണല്ലോ ).


0 comments:

Post a Comment