തിരുവനന്തപുരത്ത് മണ്ണന്തലയിലെ ദേവീ ക്ഷേത്രത്തില്‍ 1889 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി.ഭക്തജനങ്ങള്‍ക്ക് ദേവിയെ സ്തുതിച്ചാരാധിക്കുവാന്‍ "മണ്ണന്തലദേവീ സ്തവം" എന്ന സ്തോത്രവും ഗുരുദേവന്‍ രചിച്ച് നല്‍കി.
തിരുവനന്തപുരത്ത് നിന്നും എം.സി റോഡില്‍ക്കൂടി പത്ത് കി.മി വടക്കോട്ട് പോയാല്‍ മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രമായി.ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയെ പറ്റി കേട്ടറിഞ്ഞ മണ്ണന്തലയിലെ ചില പ്രമാണിമാര്‍ ഗുരുദേവനെ സമീപിച്ച് അവര്‍ക്കൊരു സാത്വിക ദേവനെ പ്രതിഷ്ഠിച്ചു നല്‍കണമെന്ന് അപേക്ഷിച്ചു.നാട്ടുകാരുടെ ക്ഷണം സ്വീകരിച്ച് ഗുരുദേവന്‍ മണ്ണംതലയില്‍ എത്തി.അന്ന് അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു.ഭദ്രകാളി ക്ഷേത്രം.അത് ഇളക്കിമാറ്റി പുതിയ പ്രതിഷ്ഠ നടത്താമെന്ന് ഗുരുദേവന്‍ സമ്മതിച്ചു.എന്നാല്‍ കുരുതിയും മദ്യ നിവേദ്യവും അവസാനിപ്പിക്കാം എന്ന് ഗുരുദേവന്‍ അവരെകൊണ്ട് സമ്മതിപ്പിച്ചു.തുടര്‍ന്ന് ഭദ്രകാളി വിഗ്രഹം ഇളക്കിമാറ്റിയ ഗുരുദേവന്‍ കാളീപ്രതിയ്ക്ക് വേണ്ടി "തൂക്കം" നടത്തുന്നതിന് ഉപയോഗിച്ചിരുന്ന തൂക്കവില്ലും വിഗ്രഹവും കൊണ്ടുപോയി അടുത്തുള്ള കുളത്തില്‍ താഴ്ത്തുവാന്‍ നിര്‍ദേശിച്ചു.നൂറ്റാണ്ടുകളായി ഈഴവതീയ്യജാതിക്കാര്‍ ഭയഭക്തി ബഹുമാനങ്ങളോട് ആരാധിച്ച് പോന്നിരുന്ന ദേവതയെ വലിച്ചിളക്കി കുളത്തില്‍ മുക്കികൊല്ലത്തക്ക ഒരു മാനസികപരിവര്‍ത്തനം വിശ്വാസികളില്‍ സൃഷ്ടിക്കുവാന്‍ സഹായകമായ മാറ്റത്തിന്റെ പ്രേരക ശക്തി,ഗുരുദേവന്റെ അമാനുഷികമായ സിദ്ധിബലം തന്നെയാണ്.
ഭദ്രകാളിക്ക് പകരം പുതിയ ദേവതയെ പ്രതിഷ്ഠിക്കാമെന്ന് ഗുരുദേവന്‍ പറഞ്ഞു.എന്നാല്‍ പ്രതിഷ്ഠയ്ക്ക് നിശ്ചയിച്ചിരുന്ന സമയത്ത് അദ്ധേഹം എത്തിച്ചേര്‍ന്നില്ല.ജനം വളരെനേരം കാത്തിരുന്നു.ഗുരുദേവന്‍ വന്നയുടന്‍ തന്നെ പ്രതിഷ്ഠയും നടത്തി.പ്രതിഷ്ഠയുടെ സമയം തെറ്റിച്ചതില്‍ ഈര്‍ഷ്യ തോന്നിയ ഒരാള്‍ മറ്റുള്ളവരുടെ മുന്‍പില്‍ കേമനാകാന്‍ വേണ്ടി ഗുരുവിനോട് ഒരു ചോദ്യം ചോദിച്ചു." ഏത് രാശിയിലാണ് പ്രതിഷ്ഠ നടത്തിയത്".: കുഞ്ഞ് ജനിച്ചിട്ടല്ലേ ജാതകം നോക്കേണ്ടതുള്ളൂ,ഇവിടെ പ്രതിഷ്ഠ കഴിഞ്ഞു ഇനി ജാതകം നോക്കികൊള്ളൂ" എന്ന് പറഞ്ഞ് ഗുരുദേവന്‍ യാത്രയായി.ഇളഭ്യനായ ചോദ്യകര്‍ത്താവ് ജനക്കൂട്ടത്തില്‍ മറഞ്ഞു.ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ ഇങ്ങനെയുള്ള മറുപടികള്‍ ഗുരുവില്‍ നിന്നും ഉണ്ടാവുക സാധാരണമാണ്.ഉത്തരം മുട്ടിക്കുന്ന മറുപടികള്‍ നല്‍കും എങ്കിലും ആര്‍ക്കും ഗുരുവിനെ പ്രകോപിപ്പിക്കുവാന്‍ സാധ്യമല്ല.വിദ്യകൊണ്ട് പ്രബുധരാകുക എന്ന ഗുരുവചനം പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടി മണ്ണംതല ക്ഷേത്ര ഭാരവാഹികള്‍ സ്ഥാപിച്ച നാരായണ വിലാസം പ്രൈമറി സ്കൂളാണ് ഇന്ന് മണ്ണന്തല ഗവ.ഹൈ സ്കൂള്‍ ആയി മാറിയിരിക്കുന്നത്.നാടിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ഘടകമാണ് ഈ വിദ്യാലയം.പുതിയ ദേവിയെ പ്രതിഷ്ഠിച്ചു നല്‍കുക മാത്രമല്ല ഗുരുദേവന്‍ ചെയ്തത്.ദേവിയെ പ്രാര്‍ത്ഥനനടത്തുവാന്‍ ഒരു "മണ്ണന്തലദേവീ സ്തവം" എന്ന ഒന്‍പത് പദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കീര്‍ത്തനം എഴുതി കൊടുക്കുക കൂടി ചെയ്തു.ഗുരുദേവന്‍ സ്ഥാപിച്ച മറ്റു ക്ഷേത്രങ്ങളെ പോലെ തന്നെ ഈ ക്ഷേത്രവും അതിമനോഹരം തന്നെയാണ്.ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല 982 നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയില്‍ നിഷിപ്തമാണ്.
Posted in:
0 comments:
Post a Comment