Friday, 19 July 2019
പരമപദം പരിചിന്ത ചെയ്തിടേണം
നിനച്ചിരിക്കാതെയുണ്ടാകുന്ന ചില ആപത്തുകളും ദുരിതങ്ങളുമുണ്ട്. അത്തരമൊരവസ്ഥയിൽ പെട്ടുപോയാൽ കടലിൽ വീണ കടലാസു പോലെയായിത്തീരും ജീവിതം. ഇങ്ങനെ ആപത്തിലും ദുരിതത്തിലും പെട്ട് ക്ലേശഭാരമനുഭവിക്കുന്ന ഒട്ടേറെയാളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവരെ കാണുമ്പോൾ മാത്രമാണ് ഇങ്ങനെയും ഒരവസ്ഥ ജീവിതത്തിലുണ്ടെന്നു ചിലർക്കെല്ലാം ആലോചനയുണ്ടാകുന്നത്. അവിടം വിട്ടാൽ അവരത് വേഗം മറന്നു പോകുകയും ചെയ്യും. മറ്റുള്ളവർക്ക് ആപത്തോ ദുരിതമോ സംഭവിച്ചാലും തനിക്ക് അതൊന്നും വരികയില്ലെന്നും വിശ്വസിച്ചാണ് അവരുടെ നടപ്പ്.
ആപത്തും ദുരിതവും വരാൻ അധികനേരമൊന്നും വേണ്ട. അതിൽ നിന്നും രക്ഷപ്പെടാനുള്ള മുൻകരുതൽ ഉന്നതവിദ്യാഭ്യാസം കൊണ്ടോ ബാങ്ക് നിക്ഷേപം കൊണ്ടോ കൈക്കരുത്തുകൊണ്ടോ സാമർത്ഥ്യം കൊണ്ടോ സ്ഥാനമാനങ്ങൾ കൊണ്ടോ നേടാനാവുന്നതല്ല. കാരണം അജ്ഞനും വിജ്ഞനും കരുത്തനും ദുർബലനും സമ്പന്നനും ദരിദ്രനുമെല്ലാം ആപത്തിനും ദുരിതത്തിനും മുന്നിൽ സമന്മാരാണ്.
ആപത്തിലും ദുരിതത്തിലും അകപ്പെട്ടുപോകാതെ ജീവിക്കാൻ ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമേ സാധിക്കൂ. ഈ ശരീരം നമ്മുടേതാണെന്നു കരുതി നാമതിനെ താലോലിക്കുമ്പോഴും പരിപാലിക്കുമ്പോഴും ശരീരത്തിൽ അതിന്റെ നാഥനായി നിലകൊള്ളുന്ന പ്രാണന്റെ തുടിപ്പിനെ അധികമാരും ഓർക്കാറില്ല . ആ പ്രാണന്റെ വിളക്ക് എരിഞ്ഞുകൊണ്ടിരിക്കുന്നതാകട്ടെ ഈശ്വരന്റെ അളവറ്റ അനുഗ്രഹപ്രവാഹത്താലുമാണ്. അതറിയാൻ ഏകാഗ്ര ചിന്ത വേണം.
ഒരാൾക്കുതന്നെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകും. അതെല്ലാം അയാൾ അനുഭവിക്കുന്നത് സ്വന്തം ശരീരം കൊണ്ടും മനസുകൊണ്ടുമാണ്. ഒരാൾക്ക് യഥേഷ്ടം ലാളിക്കാനാവുന്നതും പീഡിപ്പിക്കാനാവുന്നതും ശരീരത്തെയും മനസിനെയുമാണ്. പക്ഷേ ഒരിക്കലും ഒരാൾക്കും തന്റെ ശരീരത്തെയും മനസിനെയും ജീവത്താക്കിവച്ചിരിക്കുന്ന പ്രാണനെ ലാളിക്കാനോ പീഡിപ്പിക്കാനോ നിയന്ത്രിക്കാനോ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാക്കാനോ സാധിക്കില്ല. അതിനു കാരണം പ്രാണന്റെ നാഥൻ നമ്മളല്ല എന്നതാണ്. പ്രാണനാണ് നമ്മുടെ നാഥൻ. ആ നാഥനെ നമുക്കു വിധേയമാകാത്ത വിധവും നമ്മുടെ സർവസ്വമായും നമ്മിൽ നിലനിറുത്തിയിരിക്കുന്നത് സാക്ഷാൽ ജഗദീശ്വരനാണ്. ആ ജഗദീശ്വരനാണ് നമ്മെയും ഈ ജഗത്തിനെയും ഒരുപോലെ പരിപാലിക്കുന്ന പരമാത്മാവ്.
ഈ സത്യം സാക്ഷാത്കരിച്ച മഹാത്മാവിനെയാണ് ജ്ഞാനി എന്നും സത്യദർശി എന്നും വേദാന്തചിന്തകർ പറയുന്നത്. അങ്ങനെയുളള ഒരു സമ്പൂർണനായ സത്യദർശിയായിരുന്നു ഗുരുതൃപ്പാദങ്ങൾ. 'കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽ നിന്നുമുണ്ടായി അതിൽത്തന്നെ ലയിക്കുന്നതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല...."എന്നു തുടങ്ങി 'നീ എന്റെ സകലപാപങ്ങളേയും കവർന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നൽകേണമേ. എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവിൽ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നിൽ ഉണ്ടാകേണമേ "എന്നു അവസാനിക്കുന്ന ഒരു പ്രാർത്ഥന ഗദ്യരൂപത്തിൽ ഗുരുദേവൻ രചിച്ച് നമുക്കായി നല്കിയിട്ടുള്ളത് ഈ സത്യദർശനാനുഭവത്തിന്റെ നിരതിശയ മഹിമയിൽ നിന്നുകൊണ്ടാണ്.
ആസ്തികനായാലും നാസ്തികനായാലും പ്രത്യയശാസ്ത്രങ്ങളുടെയും ശാസ്ത്രസിദ്ധാന്തങ്ങളുടെയും ഉപജ്ഞാതാവായാലും വിപ്ലവകാരിയായാലും ഈ സത്യദർശനം നല്കുന്ന വെളിവിന്റെ, പരിധിയും പരിമിതിയുമില്ലാത്ത, സർവജ്ഞതയുടെ ആകാശത്തെ മറികടക്കാനാവുകയില്ല. ചിന്തയിലും ഭാഷയിലും കർമ്മങ്ങളിലും നമുക്ക് വിപ്ലവം തീർക്കാനാവും. എന്നാൽ ആ വിപ്ലവത്തിനു ശരീരമനസുകളെ സ്വാധീനിക്കാനാവുമെങ്കിലും പ്രാണനുമേൽ ഒരു സ്പർശനം പോലും നടത്താനാവില്ല. നമ്മുടെ എല്ലാ വിപ്ലവങ്ങളും നവോത്ഥാനങ്ങളും ഈശ്വരവിശ്വാസവും ഈശ്വരവിശ്വാസ നിഷേധങ്ങളും ഒക്കെത്തന്നെ അരങ്ങേറുന്നത് പ്രാണന്റെ വിളക്ക് തെളിഞ്ഞിരിക്കുന്നതു കൊണ്ടാണ്. ഈ സത്യത്തിന്റെ ബോധ്യത്തെ ഉറപ്പിക്കുന്നതിനുളളതാണു ഗുരുവിന്റെ ഗദ്യപ്രാർത്ഥനയെന്നു പറയാം.
ജനങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യേശുദേവനും ഈ സത്യം തന്നെയാണ് 'സ്വർഗസ്ഥനായ പിതാവേ...." എന്നു തുടങ്ങുന്ന പ്രാർത്ഥനാ വചനങ്ങളിലൂടെയും വിളംബരം ചെയ്യുന്നത്.
പ്രാർത്ഥന എപ്പോഴും ഒരുവനു അവന്റെ പ്രാണനെ നിലയറ്റതാക്കാതെ നിലനിറുത്തിക്കൊണ്ടിരിക്കുന്ന ഈശ്വരനു മുന്നിൽ തന്റെ ഹൃദയത്തെ പ്രകാശിപ്പിക്കാനുള്ള അവസരമാണെന്നറിയണം. എന്നാൽ മനുഷ്യൻ ഇന്നു പ്രാർത്ഥനയെ വെട്ടിച്ചുരുക്കി തനിക്കാവശ്യമുള്ളതും തനിക്കിഷ്ടമുള്ളതും നേടാനുള്ള ഒരുപായമോ അപേക്ഷയോ ആക്കിത്തീർത്തിരിക്കുകയാണ്. അതിലൂടെ ഈശ്വരനു മുന്നിൽ തന്റെ ഹൃദയം തുറന്നു വയ്ക്കുന്നതിനു പകരം ഹൃദയത്തെ മൂടിവെയ്ക്കുകയാണ്. അഹന്തയും വൈരവും കൊണ്ടാണിത്.
ആയിരം മന്ത്രങ്ങളുരുവിടുന്നതിനേക്കാൾ, ക്ഷേത്രങ്ങളിൽ കയറിയിറങ്ങി വഴിപാടുകൾ നടത്തുന്നതിനേക്കാൾ, ഒരു നിമിഷമെങ്കിലും സ്വന്തം ഹൃദയത്തെ പരമാത്മസ്വരൂപനു മുന്നിൽ തുറന്നു വയ്ക്കുന്നവനാണു യഥാർത്ഥഭക്തൻ. ആ ഭക്തിയുടെ നിറവുണ്ടായാൽ അവൻ പറയുന്നതെന്തും പ്രാർത്ഥനയായിത്തീരും. അവനുമേൽ ഈശ്വരാനുഗ്രഹം വർഷകാലത്തെ പെരുമഴപോലെ വർഷിക്കപ്പെടും. അങ്ങനെയൊരു ഹൃദയപരിപാലനം നമുക്കുണ്ടാവണം. അതിനു നമ്മെ പ്രാപ്തനാക്കാനാണു 'പരമപദം പരിചിന്ത ചെയ്തിടേണം' എന്നു ഗുരുദേവൻ ആത്മോപദേശ ശതകത്തിലൂടെ നിരന്തരം മനുഷ്യനെ ഓർമ്മിപ്പിക്കുന്നത്. ഏതൊരു തത്ത്വത്തിലാണോ അന്യമായതിനെ കാണാത്തതും കേൾക്കാത്തതും അറിയാത്തതുമായിരിക്കുന്നത് അതാണു പരമപദം. ആ പരമപദ ചിന്തയുണ്ടായാൽ ഒരാപത്തിനും ഒരു ദുരിതത്തിനും നമ്മെ കീഴ്പ്പെടുത്താനാവില്ല.
സ്വാമി വിശുദ്ധാനന്ദ
( പ്രസിഡന്റ്, ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് )
0 comments:
Post a Comment