വിശ്വത്തിനു മുഴുവൻ മാതൃകയും വഴികാട്ടിയുമായ ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും സന്ദേശങ്ങളും കൃതികളും തെലുങ്ക് ജനതയുടെ മനസ്സിലേക്ക് പകരാൻ കാൽ നൂറ്റാണ്ടു മുൻപാരംഭിച്ച ദൗത്യം അക്ഷീണം തുടരുകയാണ് ആന്ധ്രപ്രദേശിന്റെ മരുമകൾ കൂടിയായ മലയാളി അദ്ധ്യാപിക സത്യഭായി ശിവദാസ്.തെലുങ്കാനയിലും ആന്ധ്രയിലും ചിന്തകരിലും ബുദ്ധിജീവികളിലും സാമൂഹ്യ പ്രവർത്തകരിലും ഗുരു സന്ദേശങ്ങൾ എത്തിച്ചു. സാധാരണക്കാരായ ജനങ്ങളിലേക്കും ഗുരുവിനെ പരിചയപെടുത്താനുള്ള ശ്രമത്തിലാണ് സത്യഭായി ശിവദാസും ശ്രീനാരായണ ഗുരുധർമ്മപ്രചരണ സഭയും. ഗുരുദേവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ശിവഗിരിക്കു സമീപം കായിക്കരയിലെ തൈ വിളാകം കുടുബാംഗമാണ് സത്യഭായി.അറുപത് വർഷം മുൻപ് ആന്ധ്രാപ്രദേശിൽ അധ്യാപിക ആയി എത്തി.ഗുണ്ടൂർ വിമൻസ് കോളേജിൽ ആയിരുന്നു ആദ്യ നിയമനം.ഇംഗ്ലീഷ് ആയിരുന്നു വിഷയം.വിജയവാഡ, കുർണൂൽ കാക്കിനഡ എന്നിവടങ്ങളിൽ ജോലി ചെയ്ത് 1968 ൽ ഹൈദ്രാബാദിലെത്തി.ഗുരുദേവനുമായി സത്യഭായിയുടെ മുത്തഛൻ സബ് രജിസ്ട്രാർ വേലായുധന് അടുത്ത ബന്ധമായിരുന്നു.ഗുരുവായിരുന്നു അദ്ദേഹത്തിനു വഴികാട്ടി. കായിക്കരയിലെ പഴയ തറവാട്ടുവീട്ടിൽ ഗുരുദേവൻ പല തവണ വന്നിട്ടുണ്ട്. ഗുരുദേവൻ വിശ്രമിച്ച വീട് ഇപ്പോഴും പഴമ നഷ്ടപെടാതെ സംരക്ഷിച്ചിട്ടുണ്ട്. മുത്തച്ചൻ ശിവഗിരിയിൽ പോകുമ്പോൾ സത്യഭായിയെ ഒപ്പം കൂട്ടും. റേഞ്ചറായിരുന്ന ശിവദാസ് പിതാവും കല്യാണി അമ്മയുമാണ്.
സത്യഭായി വിവാഹം കഴിച്ചിരിക്കുന്നത് ആന്ധ്ര സ്വദേശിയെ ആണ്. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന പ്രഭാകർ റാവുവാണ് ഭർത്താവ്.1995 ൽ വിരമിച്ചെങ്കിലും സത്യഭായി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവം ആണ്. തെലുങ്കിൽ പ്രമുഖ ചാനൽ സംവിധാനകായ മഞ്ജുള നായിഡു, തിരക്കഥാ കൃത്തായ ബിന്ദു നായിഡു, അമേരിക്കയിൽ സോഫ്റ്റുവെയർ എഞ്ചിനീയർ ആയ ശാരദ എന്നിവരാണ് മക്കൾ.
സത്യഭായി എത്തുന്ന കാലത്ത് ആന്ധ്രയിൽ ജാതിയുടെയും വേർതിരിവുകളുടെയും ഭീതിതമായ കാലമായിരുന്നു. ഗുരുദേവന്റെ ജീവിതവും സന്ദേശവും ആ നാട്ടിൽ വളരെ പ്രസക്തമാണെന്നു തിരിച്ചറിഞ്ഞു.ഗുരുദേവനെക്കുറിച്ച് അവിടുള്ളവർക്ക് കാര്യമായ അറിവില്ല. ഗുരുദേവന്റെ അനുഗ്രഹം ലഭിച്ച കുടുംബാംഗം എന്ന നിലയിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വളർന്നു.1994 ൽ അംബേദ്ക്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അധ:സ്ഥിതരുടെ ഉയർച്ച എന്ന വിഷയത്തിൽ ഹൈദരാബാദിൽ യു.ജി.സി. സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു.ശ്രീനാരായണ ഗുരുദേവൻ അധഃസ്ഥിതരുടെ ഉന്നമനത്തിനും ജാതിക്കെതിരെയും നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രബന്ധത്തിനു വലിയ അംഗീകാരം ആണ് ലഭിച്ചത്. ആന്ധ്രയിലെ ബൗദ്ധീകസമൂഹം ഗുരുവിനെ തിരിച്ചറിയാൻ സഹായിച്ച പ്രബന്ധം പുസ്തകമാക്കണമെന്ന് ഉസ്മാനിയ സർവ്വകലാശാലയിലെ പ്രൊ.എഫ്.ഡി. വക്കീൽ സത്യഭായിയോടു നിർദ്ദേശിച്ചു.ഗുരുദേവനെക്കുറിച്ചു പഠിച്ച പാഴ്സി ആയിരുന്നു പ്രൊ. വക്കീൽ .ഗുരുദേവന്റെ സന്ദേശങ്ങൾ ആന്ധ്രയിൽ പ്രചരിപ്പിക്കാൻ സത്യഭായിക്കാണ് നിയോഗമെന്ന് അദ്ദേഹം അറിയിച്ചു.
" ശ്രീനാരായണ ഗുരു ദി പ്രാക്ടിക്കൽ ഫിലോസഫർ ഇൻ കേരള ' എന്ന ഇംഗ്ലീഷ് പുസ്തകം ഹൈദ്രാബാദ് ബുക്ക് ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്.ഗവേഷകരും ചിന്തകരും പുസ്തകം ശ്രദ്ധിച്ചു.
ഗജ്‌വേൽ കോളേജിൽ പ്രൊഫസറായിരുന്ന പാലാ സ്വദേശിനി മറിയക്കുട്ടി ജോസഫിനെയും സെമിനാറിൽ പരിചയപ്പെട്ടു. സെക്കന്തരാബാദിലെ ശ്രീനാരായണ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി ഭാരവാഹികളെ പ്രൊഫ. മറിയക്കുട്ടി സത്യഭായിക്ക് പരിചയപ്പെടുത്തി. പ്രസിഡന്റായിരുന്ന കൊച്ചയ്യപ്പൻ, ഡോ.സി.കെ. ദിവാകരൻ, കോളേജ് പ്രിൻസിപ്പലായിരുന്ന കോമളം, ഡോ. അംബുജാക്ഷൻ എന്നിവർ ഗുരുവിനെക്കുറിച്ച് കൂടുതൽ അറിവുകൾ നൽകി. സൊസൈറ്റിയുടെ പ്രവർത്തകയായ സത്യഭായി വിരമിച്ച ശേഷം സെക്രട്ടറി സ്ഥാനവും ഏറ്റെടുത്തു. തെലുങ്ക് ഭാഷയിൽ ഗുരുവിനെ പരിചയപ്പെടുത്തുന്ന പുസ്തകവും ഹൈദരാബാദ് ബുക്ക് ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പ്രൊഫ.കെ. ആനന്ദന്റെ സഹായത്തോടെ ഗുരുദേവന്റെ ജീവിതകഥ തയ്യാറാക്കി. ദൈവദശകം, നാരായണസംസ്‌കൃതി എന്നിവ തെലുങ്കിലേക്ക് വിവർത്തനം ചെയ്തു. 2000 ൽ ഉസ്മാനിയ സർവകലാശാലയിൽ ഗുരുദേവനെക്കുറിച്ച് ദേശീയ സെമിനാർ സംഘടിപ്പിച്ചു. പിന്നീട്, കുപ്പം ദ്രാവിഡ സർവകലാശാല, ഹൈദരാബാദിലെ തെലുങ്ക് സർവകലാശാല, തിരുപ്പതിയിലെ പത്മാവതി മഹിളാ സർവകലാശാല, വെങ്കടേശ്വര സർവകലാശാല, ഹൈദരാബാദ് സെൻട്രൽ സർവകലാശാല എന്നിവിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു.
''ആന്ധ്രയിലെ ബുദ്ധിജീവികൾക്കും ചിന്തകർക്കുമിടയിൽ ഗുരുവിനെ പരിചയപ്പെടുത്തുകയാണ് പ്രധാനമെന്ന തിരിച്ചറിവിലാണ് ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. ജാതിയും സാമൂഹ്യപ്രശ്നങ്ങളും കുഴഞ്ഞുകിടന്ന ആന്ധ്രയിൽ സാധാരണ ജനങ്ങളിൽ സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ പോലും ഗുരുവിനെ എത്തിക്കുക എളുപ്പമല്ലായിരുന്നു.'' ആന്ധ്രയിലെ മന്ത്രിയായിരുന്ന ദേവേന്ദ്രഗൗഡയെ ശിവഗിരിയിൽ കൊണ്ടുവന്നു. ജയന്തി സമ്മേളനത്തിൽ പങ്കെടുത്തതോടെ അദ്ദേഹം ഗുരുവിന്റെ പ്രാധാന്യം ഉൾക്കൊണ്ടു. അദ്ദേഹത്തിന്റെ പിന്തുണയോടെ ഹൈദരാബാദ് ദൂരദർശനിൽ ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ ഗുരുദേവനെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കി സംപ്രേഷണം ചെയ്തു. 'മാനവതാവാദി നാരായണഗുരു' എന്ന ഡോക്യുമെന്ററി ഗുരുദേവജയന്തി ദിവസങ്ങളിൽ ഇപ്പോഴും ദൂരദർശൻ കാണിക്കാറുണ്ട്. കുല നിർമൂലന സമിതിയുടെ പിന്തുണയോടെ ആന്ധ്ര മുഴുവൻ സെമിനാറുകൾ സംഘടിപ്പിച്ചു. ജാതിരഹിത സമൂഹം സൃഷ്ടിക്കാൻ ഗുരുദേവ സന്ദേശങ്ങളാണ് വഴികാട്ടിയെന്ന് വിവരിച്ചു.
ശിവഗിരിയോട് ഇടമുറിയാത്ത ബന്ധം
ശിവഗിരിമഠത്തോട് ഇടമുറിയാത്ത ബന്ധം ഇന്നും തുടരുകയാണ് സത്യഭായി. എല്ലാ വർഷവും തീർത്ഥാടന കാലത്ത് കുടുംബസമേതം ശിവഗിരിയിലെത്തും. ഭർത്താവ് പ്രഭാകർ റാവുവും ഗുരുദേവ ഭക്തനാണ്. ശിവഗിരിമഠത്തിന്റെ കീഴിലെ ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭയുടെ ഹൈദരാബാദ് യൂണിറ്റ് സ്ഥാപിച്ച് 2011 മുതൽ പ്രവർത്തിക്കുന്നു. ഗുരുധർമ്മം പ്രചരിപ്പിക്കാൻ പരിപാടികൾ സംഘടിപ്പിക്കുന്നു. ഗുരുദേവ ജയന്തിയിൽ വിപുലമായ സമ്മേളനങ്ങൾ സംഘടിപ്പിക്കും. ആന്ധ്രയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് പരിപാടികളിൽ പങ്കെടുക്കാൻ ഒഴുകിയെത്തുകയെന്ന് സത്യഭായി പറഞ്ഞു. നിരവധി സാംസ്‌കാരിക സാമൂഹിക സംഘടനകൾ സഭയുമായി സഹകരിക്കുന്നുണ്ട്. പാട്ടുകൾ, ചെറിയ പുസ്തകങ്ങൾ, പ്രസംഗങ്ങൾ തുടങ്ങിയവ വഴി ഗുരുസന്ദേശങ്ങൾക്ക് പരമാവധി പ്രചാരണം നൽകുകയാണ് ലക്ഷ്യം.
''ഗുരുദേവനെപ്പോലെ എടുത്തുപറയാവുന്ന ഒരു ഗുരുവോ സാമൂഹ്യപരിഷ്‌കർത്താവോ തെലുങ്കർക്കില്ല. ജാതിവിവേചനം ഉൾപ്പെടെ ഗുരുദേവൻ കേരളത്തിൽ ഇല്ലാതാക്കിയ പലതും ഇന്നും ആന്ധ്രയിലും തെലങ്കാനയിലും നിലനിൽക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തെ മഹത്വ്യക്തിയെ അംഗീകരിക്കാൻ തെലുങ്കർക്ക് മടിയാണ്. ഗുരുദേവന് അർഹിക്കുന്ന അംഗീകാരം ആന്ധ്രയിൽ ലഭിക്കാത്തതിന് കാരണവുമതാണ്.'' സത്യഭായി പറയുന്നു.
''ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും സാമൂഹ്യപരിഷ്‌കരണ വിപ്ലവങ്ങളും അവർക്ക് മനസിലായിട്ടില്ല. ഗുരുദേവനെ സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിലാണ് ആന്ധ്രയിലെ ബുദ്ധിജീവികൾ പോലും കാണുന്നത്. അദ്ദേഹത്തിന്റെ ആത്മീയതയ്ക്ക് വേണ്ടത്ര അംഗീകാരം ഇപ്പോഴും ലഭിച്ചിട്ടില്ല. സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിൽ പോലും പാഠപുസ്തകങ്ങളിൽ ആന്ധ്രയിൽ ഗുരുദേവന് ഇടം ലഭിച്ചിട്ടില്ല. ഉസ്മാനിയ, കക്കാതിയ, ഹൈദരാബാദ് സെൻട്രൽ സർവകലാശാലകളിൽ സോഷ്യോളജി, ഫിലോസഫി സിലബസുകളിൽ ഗുരുദർശനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുദർശനങ്ങൾ വിഷയമാക്കി ഡോക്ടറേറ്റ് നേടിയവരും ആന്ധ്രയിലുണ്ട്. തെലുങ്കിൽ വെബ്‌സൈറ്റ് ഉൾപ്പെടെ നിരവധി പദ്ധതികൾ ഗുരുധർമ്മ പ്രചരണസഭയും ശ്രീനാരായണ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ശ്രീനാരായണധർമ്മം, നാരായണസ്തുതി തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലും തെലുങ്കിലും വിവർത്തനം ചെയ്തിട്ടുണ്ട്. ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ നാടോടിപ്പാട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. വിശ്വഗുരുവായ ശ്രീനാരായണഗുരുവിന്റെ ജീവിതത്തിന്റെയും സന്ദേശങ്ങളുടെയും ഗുണഭോക്താക്കളാണ് നമ്മൾ. ഗുരുദർശനം പ്രചരിപ്പിക്കുന്നത് ആ കടം വീട്ടൽ കൂടിയാണ്. എത്ര തലമുറകൾ ചെയ്താലും അത് മതിയാവില്ല.'' അവർ പറഞ്ഞു.
കൊച്ചിയിൽ സഹോദരൻ ഡോ.എസ്.ഡി. സിംഗിന്റെ വീട്ടിൽ കാണുമ്പോൾ സത്യഭായി ഇടമുറിയാതെ പറഞ്ഞതെല്ലാം ഗുരുദേവനെക്കുറിച്ചായിരുന്നു. ഗുരുധർമ്മ പ്രചരണസഭ, ശ്രീനാരായണ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി എന്നിവയുടെ സജീവപ്രവർത്തകയായ സത്യഭായി ശിവഗിരി ഇംഗ്ലീഷ് മാസികയുടെ ചീഫ് എഡിറ്റർ കൂടിയാണ്.
സത്യഭായിയുടെ ഫോൺ: 9618777714
ഇമെയിൽ : sathyabaisivadas@yahoo.in
എം.എസ്.സജീവൻ.
(കേരളകൗമുദി ഫീച്ചർ)
0 comments:
Post a Comment