Thursday 4 July 2019

ഗുരുവിനെഅറിഞ്ഞവർ ?




സ്വാമി തൃപ്പാദങ്ങൾക്ക് സഞ്ചരിക്കുവാൻ ശിവഗിരിയിൽ ഒരു കാർ വാങ്ങുകയുണ്ടായി...

തിരുവനന്തപുരം നന്ദൻകോട്ടുള്ള ജനാർദ്ധനനായിരുന്നു കാർ ഡ്രൈവർ, ഒരിക്കൽ സ്വാമികളെയും കൊണ്ട് ജനാർദ്ധനൻ ശിവഗിരിയിൽ നിന്ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തിലെയ്ക്കുള്ള യാത്രയിലാണ്.റോഡിലൂടെ നടന്നു പോകുന്ന മലയാള മനോരമ പത്രാധിപർ ശ്രീ.മാമൻ മാപ്പിള ഗുരുവിന്റെ വാഹനം കണ്ട് ഗുരുവിന്റെ കാറിൽ കയറുവാനുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിച്ച് നടന്നു.വാഹനം അടുത്ത് എത്തിയപ്പോൾ പത്രാധിപർ ഗുരുവിനെ വണങ്ങി. മാമൻ മാപ്പിളയുടെ ഭക്തിനിർഭരമായ നമസ്കാരം സ്വീകരിച്ച് കാർ നിർത്തുവാൻ ജനാർദ്ധനന്നോടു ഗുരു പറഞ്ഞു.ഗുരുവിനോപ്പം സഞ്ചരിക്കുവാൻ ആഗ്രഹിച്ച മാമൻ മാപ്പിളയെ ആഗ്രഹനിവൃത്തി വരുത്തിക്കൊണ്ട് കാറിൽ കയറ്റി നഗമ്പടം ക്ഷേത്രത്തിൽ എത്തുകയും തൃപ്പാദങ്ങൾ അവിടെ ഇറങ്ങിയതിനു ശേഷം പത്രാധിപരെ യഥാസ്ഥാനത്ത് എത്തിക്കുവാൻ ജനാർദ്ധനനു ഗുരു നിർദ്ദേശം നല്കി. ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളോട് അതിരറ്റ ഭക്തിയും വിശ്വാസവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ശ്രീ.മാമൻ മാപ്പിള ....

ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങൾക്ക് തമിഴ്നാട്ടിൽ ഒട്ടേറെ ഭക്തജനങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഗുരുവിന് ആശ്രമം സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവന നല്കിയവരിൽ ചെട്ടിയാർ സമുദായത്തിലെ ഒരു പ്രമുഖനുമുണ്ടായിരുന്നു. അദ്ദേഹത്തിന് മക്കളില്ലായിരുന്നു. ഈ സങ്കടം തൃപ്പാദസമക്ഷം അറിയിച്ചപ്പോൾ ഇരട്ടക്കുട്ടികൾ ജനിക്കുമെന്നായിരുന്നു ഗുരുവിന്റെ മറുപടി.....അധികം താമസിയാതെ അദ്ദേഹത്തിന് രണ്ട് ആൺകുട്ടികൾ ഉണ്ടായി. അതിലെ ഒരു കുട്ടിയുടെ മകനാണ് പിന്നീട് കേന്ദ്ര മന്ത്രിയായ പി. ചിദംബരം .അദ്ദേഹം കേന്ദ്ര മന്ത്രിയായിരിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ശ്രീനാരായണ ഗുരുദേവന്റെ നാണയം പുറത്തിറക്കിയത്....

മഹാഗുരുക്കന്മാരുടെ ജീവിതപഥം സാധാരണക്കാർക്കു സുഗ്രാഹ്യമല്ല. അതിനാൽ അവരുടെ ദിവ്യ ചരിതാമൃതം യഥാർത്ഥമായി നുകുരുവാൻ സാധാരണ ജനങ്ങൾക്ക് സാധിക്കുന്നില്ല... എഴുപത്തിമൂന്നു വർഷക്കാലം സമൂഹമദ്ധ്വത്തിൽ നിറഞ്ഞു ജീവിച്ച ഭഗവാൻ ശ്രീ നാരായണ പരമഹംസദേവന്റെ യഥാർത്ഥമായ ചരിതം അപ്രമേയമായി തീരുവാനുള്ള കാരണമിതാണ്. മാത്രമല്ല സാധാരണ മനസ്സുകൾക്ക് കണ്ടെത്താൻ സാധിക്കുന്നതിലും അതിതമായ മേഖലയിൽ വിഹരിക്കുന്ന ഗുരുചരിതം സാധാരണക്കാർക്കു വിശ്വസിക്കുവാനും സാധിക്കയില്ല.... 

തൃപ്പാദങ്ങളുടെ ജീവചരിത്രമെഴുതുവാൻ ശ്രമിച്ച നടരാജഗുരുവിനോടും, ടി.കെ മാധവനോടും ഗുരു ഇപ്രകാരം മൊഴിഞ്ഞു. "നമ്മുടെ ചരിതമെഴുതിയാൽ ആളുകൾ വിശ്വസിക്കുമോ ?? എന്ന് അതെ, അടുക്കും തോറും ,അടുക്കും തോറും ആരാധന വർദ്ധിച്ചു വരുവാൻ പോരുന്ന അദ്ഭുതകരമായി വ്യക്തി വൈശിഷ്ട്യത്തിന്റെ ഉടമയായിരുന്നു സ്വാമി തൃപ്പാദങ്ങൾ......

ഗുരുവിനെ നേരിൽ കണ്ട പുണ്യപുരുഷൻമാരുടെ വാക്കുകളിലൂടെ നമുക്കൊന്നായ് സഞ്ചരിക്കാം....

1) ഭഗവാന്റെ ദിവ്യമായസ്നേഹ വാത്സല്യങ്ങൾ ജീവിതത്തിലുടനീളം നേരിട്ടനുഭവിക്കാൻ ഭാഗ്യമുണ്ടായ അരുവിപ്പുറത്തിനടുത്തുള്ള മാരായി മുട്ടത്തുകാരൻ കൊച്ചപ്പിപ്പിള്ള ഗുരുവിന്റെ സംന്യാസ ശിഷ്യൻമാരിൽ അഗ്രമസ്ഥാനീയനായപ്പോൾ അവിടുന്നു ദിവ്യശ്രീ
ശിവലിംഗദാസ സ്വാമിയായി ആ മഹാപുരുഷനാണ് ആദ്യമായി മഹാഗുരുവിന്റെ ദൈവീക ഭാവത്തെ ഉപനിഷത്ത് സമാനമായ ആറു മന്ത്രങ്ങളിലൂടെ നമ്മോടു പറഞ്ഞുതന്നത്.

വരും തലമുറയിൽ ഗുരു ദൈവമാണോ അല്ലയോ എന്ന വാദങ്ങൾ ഉണ്ടാവും എന്നുദീർഘദർശിയായ ആ യോഗീശ്വരൻ കണ്ടിട്ടായിരിക്കാം ഗുരുഷട്ക്കത്തിന്റെ ആദ്യ മന്ത്രം ത്തിൽ ഗുരു ദൈവമാണന്ന് എഴുതിയത്
"ഓംബ്രഹ്മണേ മൂർത്തിമതേ
ശ്രിതാനാം ശുദ്ധി ഹേതവേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമ: "
സംശയത്തിന്റെ ഒരു ചെറുതരി പോലും ഇല്ലാതെയാണ് ഗുരുദേവൻ ദൈവമാണന്ന് സ്വന്തം അനുഭവത്തിൽ നിന്നും സ്വാമികൾ പറയുന്നത്.

"ഭഗവാനിഹ വന്നു ഗുരുത്തുമനായ് "എന്ന് ബാലവിജ്ഞാപനത്തി പാടിയിരിക്കുന്നു.
സാക്ഷാൽ ഭഗവാൻ തന്നെയാണ് ശ്രീനാരായണ ഗുരുദേവനായ് വന്നിരിക്കുന്നത് എന്ന് അത്യന്തം നിശ്ചയദാർഢ്യത്തോടെയാണ് ശിഷ്യൻ പറഞ്ഞു വച്ചിരിക്കുന്നത്.
മലപോലെ വളർന്നൊരഹം കൃതി പൂണ്ടലയുന്ന കുബുദ്ധികൾ സൽ ഗുരുവിൻ നിലയെ കണ്ടു പിടിപ്പാൻ സാധിക്കില്ലന്ന് സ്വാമികൾ ബാ ലോപദേശവിംശതി എന്ന കൃതിയിലൂടെ പറഞ്ഞു തന്നിരുന്നു.

2) കായിക്കരയിലെ കുഗ്രാമത്തിൽ ജനിച്ച കുമാരുവിനെ മഹാകവിയാക്കി മാറ്റി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപനിൽ നിന്നും പട്ടും വളയും വാങ്ങുവാൻ പ്രാപ്തനാക്കിയനുഗ്രഹിച്ചതന്റെ ജീവിത സർവ്വസ്വമായ മഹാഗുരുവിനെ പ്രകീർത്തിച്ചു കൊണ്ട് അണകവിഞ്ഞ് ഒഴുകിയഭക്തിയാൽ കവിപാടി 

"ഭാവിഭവ്യ ഭയനാശമൂലമെൻ
ജീവദേശികനെനിക്ക് 
ദൈവമേ! "

നേരാംവഴികാട്ടും ഗുരുവല്ലോ പര ദൈവം...

നമിക്കുവിൻ സഹജരേ, നിയതമീ ഗുരുപാദം
നമുക്കിതില്പരം ദൈവം നിനയ്ക്കിലുണ്ടോ?

സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം
എന്ന് ഉറക്കെ പാടിയ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമായ മഹാകവി കുമാരനാശാനാണ് പരമദൈവം ശ്രീനാരായാണ ഗുരുദേവനാണന്ന് പാടിയത് 

യൂറോപ്യനായ ക്രിസ്ത്യൻപാതിരി(ചർച്ച് ഓഫ് ഇംഗ്ലണ്ട് ) ആയിരുന്ന സി.ഫ്. ദീനബന്ധുആൻഡ്രൂസ് എന്ന മഹാപുരുഷൻ ഗുരുദേവനിൽ സാക്ഷാൽ ദൈവത്തെയാണ് ദർശിച്ചത്.

"ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽകണ്ടു ആ ചൈതന്യ മൂർത്തി ഇന്ത്യയുടെ തെക്കെ അറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുദേവനല്ലാതെ മറ്റാരുമല്ല"

എന്തുകൊണ്ട്, ഞാൻ നവോത്ഥാന നായകനെ നേരിൽ കണ്ടു എന്ന് ഈ സുകൃതികൾ ആരും തന്നെ പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ വിപ്ലവകാരിയെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ സാമൂഹ്യ പരിഷ്ക്കർത്താവിനെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല. "ദൈവത്തിന്റെ തിരു: സ്വരൂപം എന്ന് തന്നെ പറഞ്ഞു" 
ഗുരുവിന് അറിഞ്ഞ് അനുഭവിക്കാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതികളുടെ ഹൃദയത്തിൽ നിന്നും നിന്നും ഊറിവന്ന വാക്കുകളിൽ ഗുരുവിന് അപ്പുറം ഒരു ദൈവമില്ലായിരുന്നു.

മരണശേഷം ദൈവങ്ങളായി ഉയർത്തപ്പെട്ടവർ ചരിത്രഗതിയിൽ അനേകമുണ്ടായേക്കാം. എന്നാൽ ഭഗവാൻ ശ്രീനാരായണപരമഹംസന്റെ പാവന ജീവിതത്തിൽസംഭവിച്ചത് അതല്ല.അവിടുന്നു ഇവിടെ തിരു അവതാരം ചെയ്തിരുന്ന വേളയിൽ തന്നെ ഒരു ജനതതിയുടെ പരമഗുരുവും പരമ ദൈവവുമായി പരക്കെ ആരാധിക്കപ്പെട്ടിരുന്നു. അതിനു മതിയായ തെളിവായി കുളത്തൂർ കോലത്തു കരയിൽ ലോകത്തിലെ ആദ്യ ഗുരുദേവക്ഷേത്രംവും സ്ഥിതിചെയ്യുന്നു. ഇതു പോലെ ഒരു ആരാധനാലയം ഏതെങ്കിലും അവതാര പുരുഷന്റെ അവതാരകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നുകൂടി നാം ചിന്തിക്കണം.

കടപ്പാട്: അജിത്ത് കുമാർ, കൊല്ലം

0 comments:

Post a Comment