Thursday 4 July 2019

🌹പാൽക്കാപ്പിപ്രസാദം🌹

മംഗലാപുരത്തെ ഗോകർണ്ണനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ഗുരുദേവൻ ഒരു ദിവസം ക്ഷേത്രാങ്കണത്തിൽ ഇരിക്കുകയായിരുന്നു. ചൈതന്യസ്വാമി ,ഗുരുപ്രസാദ് സ്വാമി ,കൊരഗപ്പ തുടങ്ങിയിട്ടുള്ള നാട്ടുപ്രമാണിമാരും അപ്പോൾ അടുത്തുണ്ടായിരുന്നു. ആ നേരത്തു ഗുരുദേവന് കുടിക്കാനായി ഒരാൾ പാൽ ചേർത്ത് ഒരു കപ്പ് കാപ്പി അവിടേക്ക് കൊണ്ടുവന്നു. ഗുരുദേവൻ കാപ്പിയോ ചായയോ കുടിക്കുമായിരുന്നില്ല. എങ്കിലും കാപ്പി കൊണ്ടുവന്നിരുന്ന തിനാൽ അതിൽ നിന്നൊരു കവിൾ കുടിച്ചിട്ട് ബാക്കി അവിടെ തന്നെ വച്ചു.
ആ സമയത്തു ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്ന ഒരു ഭക്തൻ ഒരു ബാലികയും ആയി ഗുരുവിനടുത്തു എത്തുകയുണ്ടായി. ആ കുട്ടി ഗുരുവിൻ്റെ പാദങ്ങളിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു . ഓമനത്തം തുളുമ്പുന്ന ആ ബാലികയെ ഗുരുദേവൻ അടുത്ത് വിളിച്ച് ഒന്ന് തലോടി. എന്നിട്ട് ഗുരുദേവൻ ചോദിച്ചു.
''നിൻ്റെ പേര് എന്താണ് ?"
അവൾ ഒന്നും മിണ്ടിയില്ല. ഗുരുദേവൻ ഒരിക്കൽ കൂടി ചോദിച്ചു എന്താണ് നിൻ്റെ പേര് ?
അപ്പോൾ ആ ബാലികയെയും കൂട്ടി വന്നിരുന്നയാൾ സങ്കടത്തോടെ പറഞ്ഞു.
"അവൾ ജന്മനാമൂകയാണു സ്വാമി' "
അയാളുടെയും ബാലികയുടെയും സങ്കടം കണ്ടപ്പോൾ അവിടെ കൂടി നിന്നവർക്കെല്ലാം വലിയ പ്രയാസം ഉണ്ടായി .
ഗുരുദേവൻ ഒരു പുഞ്ചിരിയോടെ നേരത്തെ കുടിച്ചിട്ടുണ്ട് ബാക്കിവെച്ചിരുന്നു ആ പാൽ കാപ്പി രണ്ടുമൂന്നു തവണ ആ ബാലികയുടെ നാവിലേക്ക് ഒഴിച്ചു കൊടുത്തു .അവൾ അത് നുണഞ്ഞു കുടിച്ചു എന്നിട്ട് പലപ്രാവശ്യം നാവു നുണയുകയും രുചിച്ചു നോക്കുന്നത് പോലെ നാവു ഇളക്കുകയും ചെയ്തു.
ഗുരുദേവനോടു പറ്റിച്ചേർന്നു നിന്ന അവളോടു ഗുരുദേവൻ വീണ്ടും ചോദിച്ചു "എന്താണ് നിൻ്റെ പേര് ?
കുട്ടി പെട്ടെന്ന് അവളുടെ പേരിൻറെ ആദ്യാക്ഷരം
ഉച്ചരിച്ചു .പിന്നെ മുഴുവനായും പറഞ്ഞു 'അത് കണ്ട് നിന്നവർ എല്ലാവരുംഅത്ഭുതപ്പെട്ടു..അതോടെ അവരെല്ലാം ഗുരുദേവൻ കുടിച്ചതിൻ്റെ ബാക്കിയിരുന്ന പാൽക്കാപ്പിക്കായി കൈനീട്ടി അപേക്ഷിച്ചു.
" അതിലുള്ളത് എല്ലാവർക്കും ഓരോ തുള്ളിയായി കൊടുക്കണം." ഗുരുദേവൻ ഗുരുപ്രസാദ് സ്വാമിയോട് കൽപ്പിച്ചു.ആ ഗുരുദേവ കല്പനയെ അനുസ്മരിച്ച് ഇന്നും ആക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നത് പാൽക്കാപ്പിയാണ്.
സ്നേഹത്തോടെ
കടപ്പാട് - മങ്ങാട് ബാലചന്ദ്രൻ
🌹

0 comments:

Post a Comment