Friday, 19 July 2019

വർഷം ഒന്നു കഴിഞ്ഞല്ലോ.


തലശ്ശേരി ജഗന്നാഥക്ഷേത്രം സ്ഥാപിച്ചപ്പോൾ തന്നെ ജാതിഭേദം നോക്കാതെ എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം എന്നതായിരുന്നു ഗുരുദേവന്റെ അഭിലാഷം. എന്നാൽ ചിലർക്കെല്ലാം ഹരിജനങ്ങളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായം ആണുള്ളത് എന്ന് ഗുരുദേവൻ അറിയാനിടയായി .ഒരു കാര്യത്തിലും നിർബന്ധമോ വിദ്വേഷമോ പുലർത്തുക എന്ന ശീലം ഗുരുദേവന് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ തർക്കവും, ക്ഷോഭവും ജനങ്ങൾക്കിടയിൽ വേർതിരിവ് ശക്തമാകുമെന്ന് ഗുരുവിനു അറിയാമായിരുന്നു. അതുകൊണ്ട് ഗുരുദേവൻ ഒരു സ്ഥാനം നിർണയിച്ച് കൊടുത്തിട്ട് " അവർ തൽക്കാലം ഇവിടം വരെ വന്നു കൊള്ളട്ടെ " എന്ന് കൽപ്പിച്ചു ആർക്കും അതിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ല"
പക്ഷേ കുറച്ചു കാലം കഴിഞ്ഞപ്പോൾ ചില യാഥാസ്ഥിതികന്മാർ ഒന്നിച്ചുകൂടി ആ സാധുക്കളെ ഗുരുദേവൻ അടയാളപ്പെടുത്തിയിരുന്നു സ്ഥാനത്തുനിന്നും കുറേക്കൂടി ദൂരത്തേക്ക് ആട്ടിയകറ്റി .ആ സംഭവമറിഞ്ഞ് ഗുരുദേവൻ തലശ്ശേരിയിൽ എത്തി. ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ ഒരു സഭ വിളിച്ചു കൂട്ടുവാൻ ആജ്ഞാപിച്ചു. അതനുസരിച്ച് ഗുരുദേവ സാന്നിധ്യത്തിൽ കൂടിയ സഭയിൽ പ്രമുഖരായ, കൊറ്റ്യത്തു കൃഷ്ണൻ വക്കീൽ, മല്ലിശ്ശേരി കണാരൻ, മൂർക്കോത്ത് കുമാരൻ ,അറക്കളത്തു രാഘവൻ റൈട്ടർ,തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു' ആ യോഗത്തിൽ. ഹരിജനങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്നു ഗുരുദേവൻഅഭിപ്രായപ്പെട്ടു. എന്നാൽ ഒരു വിഭാഗം പേർക്ക് അതിനോട് യോജിപ്പില്ലെന്നും മനസ്സിലാക്കിയ ഗുരുദേവൻ എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു
" നിങ്ങളെ ഹൊ, , ഹൊ, എന്ന് വിളിച്ചുകൂവി ഉയർന്ന ജാതിക്കാർ ആട്ടി അകറ്റുമ്പോൾ നിങ്ങൾക്ക് വിഷമവും വിദ്വേഷവും ഉണ്ടാവില്ലേ അത് ഓർത്താൽ അധഃകൃതർ എന്ന് പറഞ്ഞ് ആരെയും നിങ്ങൾക്കും ആട്ടിയകറ്റാൻ തോന്നുകയില്ല. അതിനാൽ അവരെയും അടുത്തുവരാനും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനും അനുവദിക്കയാണു വേണ്ടത്. "
അപ്പോൾ ആറക്കളത്ത് രാഘവൻ റൈറ്റർ ഒച്ച താഴ്ത്തി ഗുരുദേവന്റെ മുഖത്തേക്ക് നോക്കാതെ ഇപ്രകാരം പറഞ്ഞു ഒരുവർഷം കഴിഞ്ഞ് ഇക്കാര്യം ആലോചിച്ച് തീരുമാനിക്കാം."
അത് കേട്ടിട്ട് ഗുരുദേവൻ " ഉം "എന്ന് പലതവണ മൂളുകയും "ഒരുവർഷത്തിനുശേഷം അല്ലേ " എന്ന് ചോദിക്കുകയും ചെയ്തു.
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല എല്ലാവർക്കുമിടയിൽ നിശബ്ദത മാത്രം കനത്തുനിന്നു. അല്പനേരത്തിനുള്ളിൽ എങ്ങുനിന്നോ ഒരു ശീതക്കാറ്റ് വന്നു എല്ലാവരെയും തണുപ്പിച്ചു .ആ തണുപ്പ് കൂടി കൂടി വന്നു .അതിനിടയിൽ മഴക്കാലം അല്ലാതിരുന്നിട്ടും പെട്ടെന്നൊരു മഴ പെയ്തു.
കാലാവസ്ഥയിൽ പൊടുന്നനവേ വന്ന ആ മാറ്റം അവിടെ ഇരുന്നിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി. അതൊന്നും ശ്രദ്ധിക്കാതെ ചെറിയൊരു മന്ദഹാസം ചൊരിഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു ഗുരുദേവൻ. അല്പസമയത്തിനകം ആ മഴ തോർന്നു. അപ്പോൾ ഗുരുദേവൻ രാഘവൻ റൈട്ടറെ നോക്കി പറഞ്ഞു
" എന്താ വർഷം ഒന്ന് കഴിഞ്ഞല്ലോ ഇനി ആ സാധുക്കളെ പ്രവേശിപ്പിച്ചു കൂടെയോ?
സംഭ്രമം വിട്ടുമാറാതെ നിന്നിരുന്ന രാഘവൻ റൈറ്റർ അതിനു സമാധാനം എന്ന നിലയിൽ പറഞ്ഞു "സ്വാമി പൊറുക്കണം ഞാൻ ഒരു വർഷം എന്ന് പറഞ്ഞത് ഒരാണ്ടിനെ ഉദ്ദേശിച്ചാണ്."
റൈറ്ററുടെ ആ വിശദീകരണത്തിൽ ഗുരുദേവന് അൽപവും തൃപ്തി ഉണ്ടായിരുന്നില്ല. തുടർന്ന് അവിടുന്ന് " ക്രമേണ ആകാം " എന്ന് പറഞ്ഞു അതോടുകൂടി ഗുരു ഹിതമനുസരിച്ച് ഹരി ജനങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കുകയും കാണിക്ക അർപ്പിക്കുകയും ചെയ്തു. എന്നിട്ട് ഗുരുദേവ തൃപ്പാദങ്ങളിൽ പഴവും കൽക്കണ്ടവും മറ്റും കാഴ്ചവച്ചു അവർ സാഷ്ടാംഗം നമസ്കരിക്കുകയും നിലത്ത് ഉരുണ്ട് പ്രതിക്ഷണം വെയ്ക്കുകയും ചെയ്തു .ആ സാധുജനങ്ങളുടെ ഭക്തിയും വിശ്വാസവും കണ്ട് ഗുരുദേവൻറെ കണ്ണുകളിൽനിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞു വീണു. അത്യന്തം വികാരഭരിതമായ ആ രംഗത്തിനു സാക്ഷിയായി നില്ക്കുകയായിരുന്ന മൂർക്കോത്തു കുമാരനും അപ്പോൾ ഗുരുദേവ പാദങ്ങളിൽ വീണു ദണ്ഡനമസ്ക്കാരം ചെയ്തു.
കടപ്പാട് - മങ്ങാട് ബാലകൃഷ്ണൻ:
ഗുരുദേവ കഥാസാഗരം.

0 comments:

Post a Comment