Friday, 5 July 2019

ഗുരുദേവ ഭക്തന്മാർ, ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, നിർബന്ധമായും വായിച്ചറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം


ഗുരുദേവ സന്നിധിയിൽ ഭക്തന്മാരായി പോകുന്നവർക്കും ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ പ്രവർത്തകരായി പോകുന്നവർക്കും മഹാകവി കുമാരനാശാൻ നൽകുന്ന മുന്നറിയിപ്പ്
...................................................
യൗവ്വനത്തിന്റെ യവനപാദങ്ങളിൽ തന്നെ ശ്രീനാരായണ ഗുരുദേവ സന്നിധിയിൽ വന്നു ചേരാൻ സാധിച്ച മഹാ സുകൃതിയാണ് കുമാരനാശാൻ.. 1891- മുതൽ 1924ൽ പല്ലനയാറിൽ ശരീരം വെടിയും വരെ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ കൂടെ നിഴൽ പോലെയുണ്ടായിരുന്ന ആശാൻ എഴുതിയ ഗുരുപാദദശകം എന്ന ഗുരുദേവനെ സ്തുതിക്കുന്ന കൃതിയുടെ ആദ്യ പദ്യത്തിന്റെ പൂർവ്വാർദ്ധത്തിൽ തന്നെ പറഞ്ഞിരിക്കുന്നത് നോക്കൂ
പ്രീതിക്കാളാകിൽ ഓരാതഖിലമഹിമയും
ഭൂതിയും നൽകും ഏതോ
ചൈതന്യം പൂണ്ടും അപ്രീതിയിൽ അപജയം
ഉണ്ടാക്കിയും നിൽക്കയാലേ
ശ്രീനാരായണ ഗുരുദേവന്റെ പ്രീതിക്ക് പാത്രമാകുവാൻ കഴിഞ്ഞാൽ അവിടുത്തെ അനുഗ്രഹത്താൽ എല്ലാ വിജയങ്ങളും ഒരു ജീവന് വന്നു ചേരും. എന്നാൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അപ്രീതിക്ക് പാത്രമായാൽ ജീവിതത്തിന്റെ ഏത് മേഖലയിലും അപജയവും അഥവാ പരാജയവും ജീവന് വന്നു ചേരും
ശ്രീനാരായണ ഗുരുദേവന്റെ കൂടെ അനേകം ദശകങ്ങൾ ജീവിക്കുകയും ഗുരുദേവനിൽ നിന്നും ലോകർക്ക് ഉണ്ടായ അനുഭവങ്ങളെ സൂക്ഷ്മമായി അടുത്ത് നിന്നറിയുവാൻ ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ആശാനാണ് ഇക്കാര്യം പറഞ്ഞു തരുന്നത് എന്നതോർക്കണം
അതിനാൽ അത് ഗുരുദേവ സന്നിധികളിൽ ഭക്തരായി പ്രാർത്ഥിക്കുവാൻ പോകുമ്പോഴും, ശ്രീനാരായണ ഗുരുദേവ പ്രസ്ഥാനങ്ങളിൽ , (വിശേഷിച്ച് ഗുരുദേവൻ തൃക്കൈകൊണ്ട് സംസ്ഥാപനം ചെയ്ത പ്രസ്ഥാനങ്ങളിൽ ) പ്രവർത്തകരായി പോകുമ്പോഴും വളരെ സൂക്ഷിക്കണം ശ്രദ്ധിക്കണം.
ശിവഗിരി മഠത്തിലും മഹാസമാധിയിലും അരുവിപ്പുറം മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും എല്ലാം നാം പോകുമ്പോൾ
അതെല്ലാം ശ്രീനാരായണ ധർമ്മസംഘം എന്ന പ്രസ്ഥാനത്തിന്റെ ഭാഗം ആണ്.
SNDP ശാഖാ യോഗങ്ങളിലും ശാഖാ യോഗം വക ഗുരുമന്ദിരങ്ങളിലും എല്ലാം
പോകുമ്പോൾ
അതെല്ലാം ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ഭാഗമാണ്
ശ്രീനാരായണ ധർമ്മസംഘവും ശ്രീനാരായണ ധർമ്മ പരിപാലന യോഗവും എല്ലാം ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകൊണ്ട് സംസ്ഥാപനം ചെയ്യപ്പെട്ടവയാണ്
അതിനാൽ തന്നെ ഈ മഹാ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നവർ വളരെ സൂക്ഷിക്കണം, ശ്രദ്ധിക്കണം
കാരണം ഈ പ്രസ്ഥാനങ്ങൾക്ക് പിന്നിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ എന്ന നിഗ്രഹാനുഗ്രഹ ശക്തി സ്വരൂപൻ
വിലാസം ചെയ്യുന്നുണ്ട്.
അതിനാൽ ഈ പ്രസ്ഥാനങ്ങൾ എല്ലാം അഗ്നി പോലെ ശ്രദ്ധിച്ച് ഇടപെടേണ്ടവയാണ്. അഗ്നിയില്ലാതെ ജീവിക്കുവാൻ വയ്യ. എന്നാൽ തെറ്റായി ഇടപെട്ടാൽ അഗ്നി ആപത്തിന് കാരണം ആകുകയും ചെയ്യും
പറഞ്ഞതിന്റെ ചുരുക്കം ഇതാണ്
മുൻപറഞ്ഞ
ശിവഗിരി മഠം, ശാഖാ യോഗം, ശാഖാ ഗുരുമന്ദിരം
എന്നിവയടങ്ങിയ
ശ്രീനാരായണ ധർമ്മസംഘം , ശ്രീനാരായണ ധർമ്മ പരിപാലന യോഗം
എന്നീ മഹാ പ്രസ്ഥാനങ്ങേളോട്
ഇടപെടുമ്പോൾ
ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണം
ശ്രീനാരായണ പ്രസ്ഥാനം എന്ന മഹാ വൃക്ഷത്തിന്റെ തായ്തടിയായ മുൻ പറഞ്ഞ പ്രസ്ഥാനങ്ങൾക്കോ പ്രസ്ഥാനം നയിക്കുന്നവർക്കോ ദോഷകരമായ പരാമർശങ്ങൾ പൊതുജന മദ്ധ്യത്തിലോ, ഓൺലൈൻ / ഓഫ് ലൈൻ മാധ്യമങ്ങളിലോ നടത്താതിരിക്കുക.
ഈ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തുക.
പ്രസ്ഥാനവുമായി ബന്ധപ്പെട്ട പണം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഏതെങ്കിലും തരത്തിൽ പ്രസ്ഥാനത്തിന്റെ പണം നഷ്ടപ്പെടാനോ, അപഹരിക്കപ്പെടാനോ കാരണക്കാരാകാവുന്നവർക്ക് ഉറപ്പായും ഗുരുതരമായ ദു:ഖം, ദുരിതം നേരിടേണ്ടി വരും എന്നതും ഓർത്തിരിക്കുക.
ഈ പ്രസ്ഥാനങ്ങളുടെ നില നിൽപ്പിനും വളർച്ചക്കും വേണ്ട സഹായ സഹകരണങ്ങൾ നൽകുക.
ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നിലനിൽപ്പും തന്റെ ജീവിതത്തിന്റെ വിജയവും തമ്മിൽ ബന്ധം ഉണ്ട് എന്ന തിരിച്ചറിവോടെ നിങ്ങളുടെ പ്രദേശത്തുള്ള ശ്രീനാരായണ പ്രസ്ഥാനത്തിനായി കുറച്ചു സമയം ജീവിതത്തിൽ സ്ഥിരമായി മാറ്റി വക്കുക.
പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരുന്ന് നയിക്കുന്നവരേയും പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരേയും സ്നേഹിക്കുവാനും ബഹുമാനിക്കുവാനും അനുസരിക്കുവാനും തെയ്യാറാവുക.
അവരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ വന്നു പോയാൽ പ്രസ്ഥാനത്തിന്റെ നന്മയെ കരുതി ക്ഷമിക്കുവാനും സഹിക്കാനും എല്ലാം മറന്ന് സഹകരിക്കുവാനും സന്മനസ് കാണിക്കുക.
കഴിയുന്നതും ഈ സന്നിധികളിൽ ചെന്ന് ആരുമായും വഴക്കിലും ഏറ്റുമുട്ടലിലും ഏർപ്പെടാതിരിക്കുക.
പറഞ്ഞു തീർക്കാവുന്ന ചെറിയ കാര്യങ്ങൾക്ക് പോലും ബഹളവും വഴക്കും കേസും എല്ലാം ഉണ്ടാക്കുന്ന രീതി ഉപേക്ഷിക്കുക. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥനാപൂർവ്വം ശാന്തമായി പ്രസ്ഥാനങ്ങളിൽ പോകാനും പ്രവർത്തിക്കാനും പരിശ്രമിക്കുക.
ഗുരുദേവ ഭക്തിയും ഗുരുദേവ സംബന്ധമായ ജ്ഞാനവും നിറഞ്ഞ പരിപാടികൾ തുടർച്ചയായി എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളിലും നടത്തുക. ഈ ചടങ്ങുകൾക്കായി ശിവഗിരി മഠത്തിലെ അഥവ ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള ആശ്രമങ്ങളിലെ സന്യാസിശ്രേഷ്ഠന്മാരെ പരമാവധി ക്ഷണിച്ചു വരുത്തുക.
ഇപ്രകാരം ശ്രദ്ധയോടെ പ്രവർത്തിച്ചാൽ , ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ എല്ലാ അനുഗ്രഹങ്ങളും നമ്മുക്ക് ലഭിക്കും




0 comments:

Post a Comment