1. പുല സംബന്ധമായ അശുദ്ധി പത്ത് ദിവസമാണ് ബന്ധുക്കൾക്ക് ഗുരുദേവൻ വിധിച്ചിരിക്കുന്നത്.
2. ഈ പത്ത് ദിവസം അടുത്ത ബന്ധുക്കൾ സമൂഹികമായ വ്യവഹാരങ്ങളിൽ നിന്നും സമൂഹത്തിൽ ഇടപെടുന്നതിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കണം
3. വീട്ടിൽ പരേതാത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥനാദി കാര്യങ്ങൾ ബന്ധുക്കൾ എല്ലാവരും ഒരുമിച്ചു ചേർന്ന് രണ്ടു നേരവും ചിട്ടയായി നടത്തണം.
4. ശ്രീനാരായണ ഗുരുദേവപരമ്പരയിൽ പെട്ടവരും വിധിപ്രകാരം വൈദീകം പഠിച്ചവരുമായ ശ്രീനാരായണ വൈദീകന്മാരെ ലഭിക്കുമെങ്കിൽ 10 ദിവസവും വൈദീക കർമ്മങ്ങയ്യും പ്രാർത്ഥനയും അവരുടെ നേതൃത്വത്തിൽ നടത്താൻ കഴിഞ്ഞാൽ നല്ലത്. ( സാന്ദർഭികമായി ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. ഗുരുദേവഭക്തന്മാർ വൈദീക പരമായ ഏത് ആവശ്യങ്ങൾക്കും ശ്രീനാരായണ ഗുരുദേവ ഭക്തന്മാരായ, ശ്രീനാരായണീയരായ വൈദീകന്മാരെ തന്നെ വിളിക്കുവാൻ, ആശ്രയിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് വളരെ ഗൗരവം ഉള്ള ഒന്നാണ്. ഇക്കാര്യത്തിന്റെ പ്രാധാന്യം ഗുരുദേവൻ തന്നെ എടുത്ത് പറഞ്ഞിട്ടുള്ളതാണ്. )
5. ഈ കാലയളവിൽ ക്ഷേത്ര ദർശനം മുതലായവ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. ( എന്നാൽ വീട്ടിലിരുന്ന് ജപം ധ്യാനം പ്രാർത്ഥ ഇവ ചെയ്യുന്നതിന് തടസമില്ല )
6. പുല ആചരിക്കുന്നവരായ അടുത്ത ബന്ധുക്കൾ അല്ലാത്തവർക്ക് പുലയുള്ള വീട്ടിൽ നിന്നും ഭക്ഷണം നൽകുന്നതും പുലയുള്ള വീട്ടിൽ നിന്നും പുലയില്ലാത്തവർ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നതും നിഷിദ്ധമാണ്.
7. അതിനാൽ തന്നെ പുല ആചരണ കാലത്ത് സഞ്ചയനം എന്ന പേരിൽ നാട്ടുകാരെ വിളിച്ച് ആഹാരം നൽകുന്നതും ആ അവസ്ഥയിൽ പുലയുള്ള വീട്ടിൽ നിന്നും ആഹാരം കഴിക്കുന്നതും നിഷിദ്ധമാണ്. കർശനമായും ഒഴിവാക്കേണ്ടതാണ്. സഞ്ചയനത്തിന് തരുന്ന ദക്ഷണം സ്വീകരിക്കുന്നതും നിഷിദ്ധമാണ്.
8. ഈ കാലയളവിൽ പരേതന്റെ അടുത്ത ബന്ധുക്കൾ ഇപ്രകാരം എല്ലാ ലോകവ്യവഹാരങ്ങളും, ലോകവുമായുള്ള ഇടപെടലുകളും പരമാവധി ഒഴിവാക്കി പരേതാത്മാവിന്റെ സദ്ഗതിക്കായി പ്രാർത്ഥനാ നിർഭരരായി ഈശ്വര സ്മരണയോടെ , ജപദ്ധ്യാനാദികളോടെ സമയം ചെലവഴിക്കേണ്ടതാണ്. ( ബന്ധുക്കൾ എല്ലാം ഒത്തുകൂടി ടി.വി യും കണ്ട് ലോക വിശേഷങ്ങളും പറഞ്ഞ് സമയം കളയാനുള്ളതല്ല ഈ പത്ത് ദിവസം എന്നർത്ഥം)
9. പുലയുള്ളവർ പുലയില്ലാത്തവരുടെ വീടുകളിൽ കയറുന്നതും അടുത്തിടപഴകുന്നതും കഴിയുന്നത്ര ഒഴിവാക്കേണ്ടതാണ്
10. പുല ആചരിക്കുന്നവർ മത്സ്യ മാംസാദികൾ , മദ്യം മുതലായവ ഉപയോഗിക്കാൻ പാടില്ല.
മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഇന്നത്തെ കാലത്ത് പ്രായോഗികം ആണോ എന്ന സംശയം ചിലപ്പോൾ ചിലർക്ക് വന്നേക്കാം. പുല ആചരണത്തിന്റെ വിധി നിഷേധങ്ങൾ എല്ലാവരുടെയും അറിയിലേക്ക് പറഞ്ഞതാണ്. പാലിക്കാൻ കഴിയുന്നത്ര പാലിക്കുക. ശ്രീനാരായണ ഗുരുദേവനിലും വൈദീക സംസ്ക്കാരത്തിലും വിശ്വാസമുള്ളവർ ഇക്കാര്യങ്ങൾ ചിട്ടയായി പാലിക്കുന്നത് തന്നെയാണ് നല്ലത്. സ്ഥൂല ലോകം മാത്രമല്ല. സൂക്ഷ്മ ലോകം കൂടി ഉണ്ട് എന്ന് ഗുരുദേവൻ പറഞ്ഞിട്ടുള്ളത് മറക്കരുത്. സ്ഥൂല ലോകത്തെ താൽക്കാലിക സൗകര്യത്തിനായി വിധി നിക്ഷേധങ്ങളെ ലംഘിച്ചാൽ സൂക്ഷ്മ ലോകത്ത് നിന്നും ദോഷങ്ങൾ ഉണ്ടായേക്കാം എന്നതും ഓർക്കുന്നത് നന്നായിരിക്കും. അതിനാൽ പരമാവധി ഈ വിധി നിഷേധങ്ങളെ പാലിക്കുന്നതാണ് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും നല്ലത്.
Posted in:
0 comments:
Post a Comment