Friday 5 July 2019

ശ്രീനാരായണ ഗുരുദേവൻ കൽപ്പിച്ച പുല ആചരണത്തിന്റെ ശാസ്ത്രീയതയും പ്രയോജനവും എന്ത്?

ബന്ധുക്കളുടെ മരണശേഷം കുടുംബാംഗങ്ങൾ നടത്തുന്ന പുല ആചരണം കൊണ്ടുള്ള പ്രയോജനം എന്താണ്? പുല ആചരണത്തിന്റെ പിന്നിലെ ശാസ്ത്രീയത എന്താണ്?
ശ്രീനാരായണ ധർമ്മം എന്ന കൃതിയിൽ നവമ സർഗ്ഗത്തിൽ ഗുരുദേവൻ പുല ആചരണത്തെക്കുറിച്ച് വീണ്ടും ഇപ്രകാരം കൽപിച്ചിരിക്കുന്നു
" പതിനൊന്നാം ദിവസത്തെ ഹോമാദികർമ്മങ്ങളും വിധിപ്രകാരമുള്ള കുളിയും പുണ്യാഹവും ചെയ്താൽ പരിശുദ്ധമായി. പ്രേതത്തെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ ആയി യാതൊന്നും ചെയ്യേണ്ട ആവശ്യം ഇല്ല."
ശ്രീനാരായണ ഗുരുദേവൻ ഇവിടെ വിധി പ്രകാരം ഉള്ള പത്ത് ദിവസത്തെ പുല ആചരണവും ഒടുവിൽ പതിനൊന്നാം ദിവസത്തെ ശുദ്ധികർമ്മവും അനിവാര്യമാണ് എന്നും പരേതാത്മാവിനായി ഇത് ഏറ്റവും അത്യന്താപേക്ഷിതം ആണ് എന്നും വ്യക്തമാക്കിയിരിക്കുന്നു. മരിച്ചു പോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും നന്മക്ക് ഉതകുന്ന അഥവാ പ്രയോജനം തരുന്ന കാര്യങ്ങളെയാണല്ലോ ഗുരുദേവനെ പോലുള്ള മഹാഗുരുക്കന്മാർ ചെയ്യണം വിധിക്കുക
അതുകൊണ്ട് പുല ആചരണം കൊണ്ട് ഉള്ള പ്രയോജനങ്ങൾ എന്തെന്ന് ചിന്തിക്കാം.
1.ഒരു വ്യക്തിയുടെ മരണത്തോടെ മൃതദേഹം ജീർണ്ണിക്കുവാൻ തുടങ്ങും . തീർച്ചയായും രോഗാണുക്കളും ഒപ്പം വളരെ ടോക്സിക് ആയ ബയോകെമിക്കൽസും പുറത്തു വരും. ഇവയെല്ലാം അടുത്തിടപഴകുന്ന ബന്ധുക്കൾക്ക് പകർന്ന് കിട്ടും . സ്വഭാവികമായും ബന്ധുക്കൾ രോഗാണു വാഹകർ ആകും. ഈ പ്രകാരം രോഗാണു വാഹകർ ആയ അടുത്തബന്ധുക്കൾ മരണം നടന്ന ഉടനെ തന്നെ സമൂഹത്തിൽ ഇടപഴകുന്നത് രോഗങ്ങൾ സൂഹത്തിൽ പടർന്ന് പിടിക്കുവാൻ സാധ്യതയുണ്ടാക്കും. അങ്ങനെ ഉണ്ടായേക്കാവുന്ന ആരോഗ്യപരമായ വലിയ സാമൂഹിക ദുരന്തത്തെ തടയുന്നതിനായി പുല ആചരണം സഹായിക്കും. കാരണം ഈ പത്ത് ദിവസം സമൂഹവുയുമായി ഇടപഴകന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും എല്ലാദിവസവും അടിച്ച് നനച്ച് കുളിക്കുകയും ചെയ്യണം അല്ലോ. ഇപ്രകാരം ചെയ്യുന്നതിലൂടെ രോഗാണുക്കൾ നശിക്കുകയും രോഗം പകരുന്ന ഒരു കാലഘട്ടം ഏകദേശം പത്ത് ദിവസം കൊണ്ട് കഴിയുകയും ചെയ്യും . അടിച്ചു നനച്ചുള്ള കുളിയാലും നിശ്ചിത ദിവസം സമൂഹത്തിൽ നിന്ന് മാറി നിൽക്കുന്നതിനാലും സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുക എന്ന ഒരു വലിയ പ്രയോജനം പുല ആചരണത്തിനുണ്ട്. വിശേഷിച്ച് ഇന്നത്തെ പോലെ ആരോഗ്യരംഗത്ത് ആധുനിക ചികിത്സാ സംവിധാനങ്ങൾ ഇല്ലാതിരുന്ന പഴയ കാലത്തെ സംബന്ധിച്ചിടത്തോളം പുല ആചരണം എന്നത് , സമൂഹത്തിന് ആരോഗ്യപരമായ ഒരു വലിയ സുരക്ഷാ കവചം തന്നെ ആയിരുന്നു. ഇന്നും ഈ സുരക്ഷാ കവചത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടുമില്ല.
2.സ്ട്രസ് രണ്ടു തരം ആണല്ലോ മുഖ്യമായും. മൈൽഡ് സ്ട്രസ്സും സിവിയർ സ്ട്രസ്സും. അടുത്ത ബന്ധുവിന്റെ മരണം ഒരു വ്യക്തിയിൽ ഉണ്ടാക്കുക സിവിയർ സ്ട്രസ് ആണല്ലോ. സ്ട്രസ് മാനേജ്മെന്റ് വിദഗ്ദ്ധർ സിവിയർ സ്ട്രസ് ശരീരത്തിനും മനസിനും ഒരു പോലെ ഏറ്റവും ഹാനികരം ആണ് എന്ന് പറയുന്നു. അതിനാൽ തന്നെ സിവിയർ സ്ട്രസ് ഉണ്ടായാൽ അത് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുമാണ് . അല്ലാത്ത പക്ഷം അത് സ്ട്രസ്സ് ഡിസോർഡറിന് കാരണമാകും എന്നും അതുവഴി ഗുരുതരമായ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്കും മസ്തിഷ്ക്ക നാശത്തിനും പിന്നീട് അത് ഇടയാക്കും എന്നും ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ സിവിയർ സ്ട്രസ് ഉണ്ടായാൽ അത് എത്രയും പെട്ടെന്ന് വരിഹരിക്കേണ്ടതുമാണ്
പുല ആചരണത്തിന്റെ ഭാഗമായി പ്രയപ്പെട്ടവരുടെ വിയോഗം കൊണ്ട് അമിതമായ സ്ട്രസ്സിന്, ദു:ഖത്തിന് അടിപ്പെട്ടിരിക്കുന്നവർ ഒരുമിച്ചു 10 ദിവസം ഒരുമിച്ചു ജീവിക്കുന്നു. മറ്റെല്ലാ വ്യവഹാരങ്ങയും ഒഴിവാക്കിയിരിക്കുന്നു. രണ്ടു നേരവും ചിട്ടയായി പ്രാർത്ഥിക്കുന്നു. സദാ ഈശ്വര സ്മരണയോടെ പരേതാത്മാവിന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു. ഇത്രയും കാര്യങ്ങൾ ഒന്നിച്ച് സംഭവിക്കുന്നതിനാൽ എത്രയും വേഗം സിവിയർ സ്ട്രസ്സിൽ നിന്നും മോചനം നേടാൻ കഴിയുന്നു. അമിത സ്ട്രസ്സ് ദിവസങ്ങളോളം നിലനിന്നാൽ ഉണ്ടാകാമായിരുന്ന , സ്ട്രസ്സ് ഡിസോർഡർ കൊണ്ട് സംഭവിക്കാവുന്ന ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിൽ നിന്നം പുല ആചരണം പരിരക്ഷ നൽകുന്നു.
3. അമിതമായ സ്ട്രസിനാൽ, ദുഃഖത്താൽ ഈ കാലയളവിൽ ശാരീരിക ക്ഷമതയും മാനസീക ബൗദ്ധീക ശേഷിയും കാത്തിരിക്കും എന്നതിനാൽ തൊഴിൽ മേഖലകളിൽ പ്രവേശിച്ചാൽ അത് ഗുണകരം ആകണം എന്നില്ല. വിശേഷിച്ച് പെട്ടെന്ന് നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടതായ ഉയർന്ന പോസ്റ്റുകളിൽ ഇരിക്കുന്നവർ അമിത
സ്ട്രസ്സുള്ളപ്പോൾ എടുക്കുന്ന തീരുമാനത്തിൽ ഗുരുതരമായ വീഴ്ച സംഭവിക്കാനുള്ള സാധ്യതയും ഉണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾ പുല ആചരണത്തിന്റെ ഭാഗമായി തൊഴിലിൽ നിന്ന് വിട്ട് നിൽക്കുന്നതു എത്രയോ ശരിയായ തീരുമാനം ആണ് എന്ന് കാണാം.
ഇത്രയും കാര്യങ്ങൾ ലൗകീക മനുഷ്യന്റെ ബുദ്ധിക്ക് സുഗ്രഹം ആണ്. ഇനി പറയുന്നവ യൗഗീക മനസുള്ള ഋഷിമാർക്ക് മാത്രം ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ്. ലൗകീക മനസിനും ബുദ്ധിക്കും അതിന്റെ നിജസ്ഥിതി തൽക്കാലം പ്രത്യക്ഷമല്ലാത്തതിനാൽ ഋഷീശ്വരന്മാരെ വിശ്വസിക്കുകയും അതിനെ പിന്തുടരുകയും മാത്രമേ നിവൃത്തിയുള്ള എന്ന് ആമുഖമായി സൂചിപ്പിക്കട്ടെ. ഇനി താഴെ കാര്യം പറയാം
4. അടുത്ത ബന്ധുവിന് മരണം സംഭവിക്കുന്നതോടെ സൂക്ഷ്മമായ അശുദ്ധി പ്രാണശക്തിയുടെയും ഗുണ മണ്ഡലങ്ങൂടെയും തലത്തിൽ ഉണ്ടാവും . (പ്രാണശക്തി എന്നത് ഓക്സിജൻ പോലെ സ്ഥൂലമായ ഒന്നല്ല ) . (പത്തശക്തിയുടെ സ്പന്ദനത്തിൽ വ്യത്യാസം വരും. ഗുണ മണ്ഡലത്തിന്റെ തലത്തിൽ രണ്ട്സും തമസും അധികരിക്കും. സൂക്ഷ്മ ശരീരത്തിൽ സംഭവിക്കുന്ന ഈ മാറ്റങ്ങളാണ് സൂക്ഷ്മമായ ഈ അശുദ്ധിയുടെ കാരണം. അതിനാൽ ദേവതകളെ ആവാഹിച്ച് ഇരുത്തി താന്ത്രിക കർമ്മങ്ങൾ ചെയ്യുന്നതിൽ ( ക്ഷേത്രത്തിലെ ദേവത പൂജ ആകടെ താൽക്കാലികമായ ദേവതയെ ആവാഹിച്ച് വീട്ടിലും മറ്റും ചെയ്യുന്ന സാത്വിക പൂജകൾ ആകട്ടെ ) ബന്ധപ്പെട്ടാൽ പുലയുള്ളവരുടെ ഈ അശുദ്ധി ദേവതകൾക്കും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കുകയും അത് പുലയുള്ളവർക്കും പരേതാത്മാവിനും ദോഷകരമായി ഭവിക്കുകയും ചെയ്യുന്നു. അതിനാൽ പുല ഉള്ളപ്പോൾ ക്ഷേത്രങ്ങളിൽ നിന്നം ദേവതാ പൂജകളിൽ നിന്നും വിട്ടു നിൽക്കുവാനുള്ള ഋഷീശ്വരന്മാരുടെ ഉപദേശം സൂക്ഷ്മമായി പരേതാത്മാവിനും ബന്ധുക്കൾക്കും നന്മക്കതകുന്നതാണ്.
5. യാതൊരു ആദ്ധ്യാത്മിക ബുദ്ധിയും സാധനയും ഭക്തിയും വിശ്വാസവും ഒന്നും ഇല്ലാതെ ദേഹം വിടേണ്ടി വരുന്ന പരമ ലൗകീകമാരായവരുടെ മരണാനന്തരസ്ഥിതി വളരെ കഷ്ടമായിരിക്കും. താൻ തന്റേതാണ് എന്ന് വിശ്വസിച്ചിരുന്ന എല്ലാ ബന്ധുക്കളും ലോക വിഷയങ്ങളും എല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടുന്നു. ഒപ്പം താൻ ആണ് എന്ന് ദിവസവും കണ്ണാടിയിൽ നോക്കി ഉറപ്പിച്ചു വച്ചിരുന്ന ദേഹം താൽ അല്ലാത്ത ഒന്നാണ് എന്ന് അനുഭവപ്പെടുത്തിക്കൊണ്ട് താൻ ദേഹത്തിൽ നിന്നും വേർപ്പെട്ട പോന്നിരിക്കുന്നു. ഇക്കാര്യങ്ങൾ പരേതാത്മാവിൽ വലിയ ആഘാതം ഉണ്ടാക്കുകയും ദു:ഖം കൊണ്ട് തീ പിടിച്ച പോലെ ഭയാനകമായ അസ്വസ്ഥയുളമാക്കുകയും ചെയ്യും. അതിനാൽ പത്ത് ദിവസം പുല ആചരണത്തിന്റെ ഭാഗമായി നടക്കുന്ന വൈദീക ചടങ്ങുകളാലും ബന്ധുക്കളുടെ കൂട്ടായ പ്രാർത്ഥനകളാലും ഭഗവാൻ പ്രസാദിക്കുകയും പരേതാത്മാവിന് മരണം കൊണ്ട് വന്ന് ഭവിച്ച ഭയാനകമായ അസ്വസ്ഥതകളെ നീക്കി ശാന്തിയേകുകയും ചെയ്യുന്നു. പുല ആചരണത്തിന്റെ ഏറ്റവും മുഖ്യമായ പ്രയോജനം ഏറ്റവും ഒടുവിൽ പറഞ്ഞതായ ഇക്കാര്യമാണ്.

0 comments:

Post a Comment