Thursday 4 July 2019

ചരിത്രം ഉറങ്ങുന്ന ചങ്ങനാശ്ശേരി ആനന്ദാശ്രമം

 ലോകമാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന ശ്രീ നാരായണ ധർമ്മ പരിപാലനയോഗത്തിന്റെ പ്രഥമ ശാഖാ യോഗമെന്ന ബഹുമതിയാണ് ആനന്ദാശ്രമം ശാഖയ്ക്കുള്ളത്. ചങ്ങനാശ്ശേരി താലൂക്കിലെ ഈഴവരാദി പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി കവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ നിർദേശപ്രകാരം കൊല്ലവർഷം 1085 മുതൽ ഇവിടെ "സദാചാര പ്രകാശിനി സഭ " എന്ന പേരിൽ ഒരു താലൂക്ക് സംഘടന പ്രവർത്തിച്ചിരുന്നു.കിഴക്ക് കറുകച്ചാൽ മുതൽ പടിഞ്ഞാറ് വെളിയനാട് വരെയും തെക്ക് പൂവം മുതൽ വടക്ക് കുറച്ചി വരെയുമായിരുന്നു പ്രവർത്തനമേഖല
ഈ കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ സ്വാമി സത്യവ്രതൻ ഇവിടെയെത്തി സംഘടനാ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. തുടർന്ന് ആനന്ദാശ്രമത്തിന് ശിലാസ്ഥാപനവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതും സത്യവ്രതസ്വാമിയാണ്. 1102 -ൽ 33- മാത്തെ വയസ്സിൽ
സത്യവ്രതസ്വാമികൾ സമാധിയായി. തുടർന്ന് ശ്രീനാരായണ തീർത്ഥർ സ്വാമികളുടെ നേതൃത്വത്തിലാണ് പണികൾ പൂർത്തീകരിച്ചത്.
1928-ൽ സ്വാമി തൃപ്പാദങ്ങൾ ഇവിടം സന്ദർശിച്ചു. ഭഗവാനു വിശ്രമിക്കുന്നതിനായി തീർത്ഥർ സ്വാമികൾ ഒരുമന്ദിരം ഇവിടെ പണി കഴിപ്പിച്ചു.ഈ മന്ദിരത്തിന്റെ അങ്കണത്തിലുള്ള തേന്മാവിന്റെ തണലിൽ വിശ്രമിച്ചിരുന്ന സ്വാമി തൃപ്പാദങ്ങൾ " ഇവിടെ ഇരിക്കുന്നത് വളരെ ആനന്ദകരമാണ്, ഇതൊരു ആനന്ദാശ്രമം ആയിക്കൊള്ളട്ടെ" എന്നരുൾചെയ്തു. ഇങ്ങനെയാണ് ഇവിടം പിൽക്കാലത്ത് ആനന്ദാശ്രമം എന്നറിയപ്പെട്ടത്. തൃപ്പാദങ്ങൾ ഇവിടെ വിശ്രമിച്ചപ്പോൾ ഉപയോഗിച്ചിരുന്ന ശയ്യോപകരണങ്ങൾ ഇന്നും ഒരു കണ്ണാടി പേടകത്തിൽ പവിത്രമായി സൂക്ഷിക്കുന്നു. സ്വാമി തൃപ്പാദങ്ങളുടെ മഹാസമാധിക്കു ശേഷം ഈ മന്ദിരം ഗുരുക്ഷേത്രമായി രൂപാന്തരപ്പെട്ടു.
ഇവിടെ താമസമാക്കിയാണ് സ്വദേശാഭിമാനി ടി.കെ മാധവൻ കുട്ടനാട്ടിലെയും കോട്ടയം ജില്ലയിലെയും സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.1092 മേടം 26 ന് സദാചാര പ്രകാശിനി സഭ എന്നത് എസ്.എൻ.ഡി.പി.1 എ.ആനന്ദാശ്രമം ശാഖയായി രജിസ്റ്റർ ചെയ്തു. കൊല്ലവർഷം 1109 മകരം 6 വെള്ളിയാഴ്ച്ച രാവിലെ 10.35ന് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി ആനന്ദാശ്രമത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ആനന്ദാശ്രമത്തിന്റെ മംഗളപത്രവും പണക്കിഴിയും നല്കി. ഉച്ചയ്ക്ക് 2 വരെ ഗാന്ധിജി ഇവിടെ വിശ്രമിച്ച ശേഷമാണ് മടങ്ങിയത്.
വൈക്കം സത്യാഗ്രഹ സമരകാലത്ത് ദേശീയ നേതാക്കളുടെയും സമുദായ നേതാക്കളുടെയും സങ്കേതമായിരുന്നു ആനന്ദാശ്രമം. സഹോദരൻ അയ്യപ്പനും സി.വി.കുഞ്ഞുരാമനും ഈഴവർ ഹിന്ദുമതം ഉപേക്ഷിക്കണം എന്ന ചരിത്രപ്രസിദ്ധമായ പ്രമേയത്തിന് രൂപം നൽകിയതും ഇവിടെ വച്ചാണ്. സിംഹള സിംഹം സി.കേശവന്റെ ആസ്ഥാനമനുസരിച്ച് സ്റ്റേറ്റ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ആർ.ശങ്കർ തൽസ്ഥാനം രാജിവച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിമാകുന്ന മഹത്തായ തീരുമാനം കൈക്കൊണ്ടതും ഇവിടെ വച്ചാണ്. പരബ്രഹ്മസ്വരൂപനായ മഹാഗുരുവിന്റെ പ്രിയശിഷ്യരായ സത്യവ്രതസ്വാമിയുടെയും, മാമ്പലം വിദ്വാനന്ദ സ്വാമികളുടെയും, ശ്രീനാരായണ തീർത്ഥ സ്വാമിയുടെയും സമാധി സ്ഥിതി ചെയുന്നത് ഇ ആശ്രമത്തിൽ ആണ്


https://www.facebook.com/100012581827750/videos/647068729055849/?t=26

0 comments:

Post a Comment