Friday, 5 July 2019

ശിവഗിരി മഠത്തിന്റെ മുഖപത്രമായിരുന്ന ധർമ്മം പത്രത്തിന്റെ കഥ.

ശ്രീനാരായണ ഗുരുദേവന്റെ അനുവാദത്തോടെ, അനുഗ്രഹത്തോടെ ശിവഗിരി മഠത്തിന്റെ മുഖപത്രമായി ശിവഗിരിയിൽ നിന്നും 1927 ൽ ആരംഭിച്ച ധർമ്മം പത്രം
..........................................
ഗുരുദേവ ധർമ്മം പ്രചരിപ്പിക്കാൻ തിരുവനന്തപുരത്ത് നിന്നും 1904 മുതൽ എസ്എൻഡിപി യോഗത്തിന് നാവായ് വിവേകോദയം മാസികയും കോഴിക്കോട് 1913 മുതൽ സി കൃഷ്ണൻറെ മിതവാദി മാസികയും ഉണ്ടായിരുന്നു. എന്നാൽ ഗുരുദേവന്റെ ഉപദേശങ്ങളും സംഭാഷണങ്ങളും തത്വചിന്തയും, ശിവഗിരി മഠവും ശ്രീനാരായണ ഗുരുദേവനും ആയി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും, ആധികാരിക സ്വഭാവത്തോടെ ജനങ്ങളെ അറിയിക്കുവാൻ ശിവഗിരി മഠത്തിന് അഥവാ ശ്രീനാരായണ ധർമ്മസംഘത്തിന് സ്വന്തമായ ഒരു പ്രസിദ്ധീകരണം ഉണ്ടായിരുന്നില്ല . ആ കുറവ് പരിഹരിക്കാനായി ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ 1927 ഒക്ടോബർ 8 മുതൽ ശിവഗിരിയിൽ നിന്നും ആരംഭിച്ചതാണ് ധർമ്മം പത്രം . മഹാത്മാഗാന്ധിയുടെ " യങ് ഇന്ത്യ " പോലെ ഫുൾസ്കേപ്പ് വലിപ്പത്തിൽ 8 പുറം ആയിരുന്നു ഒരു ലക്കം. ശിവഗിരി വാർത്തകൾക്ക് ആയിരുന്നു പ്രാധാന്യം. ഇങ്ങനെ ഒരു പത്രം ശിവഗിരിയിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു എന്ന കാര്യം ഇന്ന് അധികം പേർക്ക് അറിവുണ്ട് എന്ന് തോന്നുന്നില്ല. നടരാജഗുരു. സ്വാമി ധർമ്മതീർത്ഥർ, മൂർക്കോത്തു കുമാരൻ ഇങ്ങനെ പ്രഗത്ഭമതികളായ വ്യക്തികൾ പത്രാധിപ സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന പത്രമാണ് ധർമ്മം പത്രം.
ധർമ്മം പത്രത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും ഉള്ളടക്കത്തെക്കറിയും മനസിലാക്കുവാൻ ധർമ്മം പത്രത്തിന്റ തന്നെ മുഖക്കുറിപ്പിൽ നിന്നും ചില ഭാഗങ്ങൾ താഴെ തുടർന്ന് കൊടുക്കുന്നു.
"ജാതി വ്യത്യാസങ്ങൾ മൂലവും മതവിരോധം മൂലവും ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്യാപത്തുകളിൽ ഒരു നിവൃത്തിമാർഗ്ഗം കാട്ടിത്തരികയാണ് സ്വാമിപാദങ്ങൾ ചെയ്തിട്ടുള്ളതായകാര്യം. സ്വാമികളുടെ ആദർശങ്ങൾ അൽപ്പ കാലത്തിനുള്ളിൽ കേരളത്തിൽ വലുതായ ഒരു മാറ്റം ഉണ്ടാക്കി തീർത്തിട്ടുണ്ട്. അവ ഭാവി ലോകത്തെ നിയന്ത്രിക്കുന്ന ഒരു പ്രധാന ശക്തിയായിരിക്കും എന്ന് നിസ്സംശയം പറയാം. അതുകൊണ്ട് സ്വാമികളുടെ ആശയങ്ങളും ആദർശങ്ങളും പഠിച്ച് അറിയുവാനും പ്രചരിപ്പിക്കുവാനും നാമോരോരുത്തരും ശ്രമിക്കേണ്ടത് ആകുന്നു. അതിനുള്ള ഒരു മാർഗ്ഗമാക്കി വെക്കണം എന്നുള്ളതാകുന്നു ഞങ്ങളുടെ പ്രഥമമായ ഉദ്ദേശ്യം "
"സർവ്വ ജനസമ്മതനായ സ്വാമികളെ പറ്റിയുള്ള വർത്തമാനങ്ങളും സ്വാമിയുടെ സംഭാഷണങ്ങളും അറിയുവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരിക്കുന്നു. ഈ ആഗ്രഹത്തെ സാധിക്കുന്നതിനായി പറയത്തക്ക യാതൊരു സൗകര്യവും ഇപ്പോഴില്ല. ഈ ന്യൂനതയെ പരിഹരിച്ച് സ്വാമികളെ പറ്റിയുള്ള വർത്തമാനങ്ങളും സംഭാഷണങ്ങളും ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുവാനും ധർമ്മം ശ്രമിക്കുന്നതാണ് "
"സ്വാമികളുടെ വക ശിവഗിരിമഠം മുതലായ സ്ഥാപനങ്ങളുടെ ഭരണം, അവയുടെ ഇന്നത്തെ സ്ഥിതി, മേലാൽ അവിടെ ചെയ്യേണ്ട ശ്രമങ്ങൾ, സ്വാമികൾക്കായി ഭക്തജനങ്ങൾ കൊടുക്കുന്ന ധനം ഏതുവിധം വിനിയോഗിക്കപ്പെടുന്നു, ഏതെല്ലാം കാര്യങ്ങൾക്ക് ധന സഹായം ആവശ്യമുണ്ട്, എന്നിങ്ങനെയുള്ള സംഗതികൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും ധർമ്മം ഉപകരിക്കുന്നതാകുന്നു".
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിക്ക് ശേഷം താമസിയാതെ ധർമ്മം പത്രം നിലച്ചുപോയി. 


0 comments:

Post a Comment