ശ്രീനാരായണ ഗുരുദേവന് എന്ത് സമർപ്പിക്കുമ്പോഴും ഓർക്കുക ആ സമർപ്പണത്തിന്റെ ഭൗതീക മൂല്യത്തേക്കാൾ അവിടുന്ന് വിലമതിക്കുക ആത്മാർത്ഥമായ ഭക്തിയെ ആയിരിക്കും. ശ്രദ്ധയോടെ വായിച്ചാൽ ഭഗവാന്റെ വാത്സല്യത്തിനും കാരുണ്യത്തിനും മുൻപിൽ നമ്മുടെ കണ്ണു നിറഞ്ഞു പോകുവാൻ മാത്രം ഹൃദയസ്പർശിയായ മൂന്നു അനുഭവങ്ങൾ.
..........................................
ശ്രീനാരായണ ഗുരുദേവൻ എവിടെ വിശ്രമിക്കുമ്പോഴും ദുഃഖങ്ങളാൽ വലയുന്നവർ അവിടുത്തെ അനുഗ്രഹത്തിനായി ആ സന്നിധി തേടിയെത്തും. അവർ കാഴ്ചകൾ അർപ്പിച്ച് നമസ്ക്കരിക്കും. അവരുടെ സങ്കടങ്ങൾ പറയും. സ്വന്തം അച്ഛനോ അമ്മയോ കേൾക്കുന്നത്ര വാത്സല്യ ഭാവത്തോടെ അവിടുന്ന് ഓരോരുത്തരുടെയും വേദനകൾ കേൾക്കും. ആശ്വസിപ്പിക്കുകയും അവിടുത്തെ അനുഗ്രഹത്താൽ ആധിവ്യാധികൾ പരിഹരിക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ഓരോ വ്യക്തിയും എന്ത് സമർപ്പിക്കുമ്പോഴും അവരുടെ ഉള്ളിലെ ചേതോവികാരം എന്തെന്ന് ഗുരുദേവന് സൂക്ഷ്മമായി അറിയാൻ കഴിയുമായിരുന്നു.
വർക്കലക്ക് അടുത്തുള്ള വക്കം ഗ്രാമത്തിൽ ഗുരുദേവൻ വന്നപ്പോൾ ഗുരുദേവ ഭക്തകളായ മൂന്ന് സ്ത്രീകൾക്ക് ഉണ്ടായ അനുഭവം നോക്കുക. ശ്രദ്ധയോടെ വായിച്ചാൽ ഭഗവാന്റെ വാത്സല്യത്തിനും കാരുണ്യത്തിനും മുൻപിൽ നമ്മുടെ കണ്ണു നിറഞ്ഞു പോകുവാൻ മാത്രം ഹൃദയസ്പർശിയായ മൂന്നു അനുഭവങ്ങൾ. (സ്വാമി ധർമ്മാനന്ദജി എഴുതിയ ശ്രീനാരായണ പരമഹംസദേവൻ എന്ന ഗ്രന്ഥത്തിൽ നിന്നും )
"ശിവഗിരി ഹൈസ്കൂളും പണപ്പിരിവും ഒരു സ്ത്രീയുടെ അനുഭവം:
ശിവഗിരി ഹൈസ്കൂളിനുള്ള പണപ്പിരിവിനായി ശിവഗിരിക്ക് നാലുനാഴിക തെക്കുള്ള വക്കം എന്ന ഗ്രാമം ഒരിക്കല് ഗുരുദേവന് സന്ദര്ശിച്ചു. ഗുരുദേവന് ആ സ്ഥലത്തെത്തിയ ആവശ്യം ഗ്രാമക്കാര് മനസ്സിലാക്കിയിട്ട് ഓരോ വീട്ടിലുമുള്ള സ്ത്രീകള് മൂന്നോ നാലോ അഞ്ചോ രൂപാവീതം അവരവര്ക്കു കഴിവിനനുസരിച്ചുണ്ടാക്കി കുളിച്ചു ശുദ്ധമായി ഗുരുദേവസന്നിധിയില് കൊണ്ടുവച്ചു നമസ്ക്കരിച്ചു തുടങ്ങി. സ്ത്രീകള്ക്കു അവരുടെ ചില കഷ്ടപ്പാടുകള്ക്കോ സുഖക്കേടുകള്ക്കോ ഉള്ള നിവൃത്തിക്കുകൂടി അവസരം കിട്ടുമെന്നു കരുതിയാണ് സ്ത്രീകള്തന്നെ നേരിട്ടു സംഭാവനകള് കൊണ്ടുവച്ചു നമസ്ക്കരിച്ചു വന്നത്. ചുറ്റുമുള്ള വീട്ടുകാര് സംഭാവനകള് കാഴ്ചവച്ച് നമസ്ക്കിരിച്ചു വന്ന സ്ഥിതിക്ക് എന്തെങ്കിലും കൊടുക്കാതിരിക്കുന്നത് ധര്മ്മമല്ലെന്ന് വിചാരിച്ച് ഒരു പാവപ്പെട്ട സ്ത്രീ വീട്ടിലെ വിളക്ക് പണയം വച്ച് മൂന്നുരൂപയുണ്ടാക്കി മറ്റുള്ളവര്ക്കൊപ്പം മൂന്നു രൂപ കൊണ്ടുവച്ചു നമസ്ക്കരിച്ചു. തുകവാങ്ങി രസീതെഴുതാന് അടുത്തുണ്ടായിരുന്ന ആള് മൂന്നു രൂപയെടുത്തപ്പോള് രസീതെഴുതണ്ടാ എന്നു ഗുരുദേവന് പറഞ്ഞിട്ട് ആ മൂന്നു രൂപയും ആ സ്ത്രീക്കുതന്നെ മടക്കികൊടുക്കാന് കല്പ്പിച്ചു. ''നല്ല കാര്യത്തിന് ധര്മ്മം ചെയ്യുവാൻ തോന്നിയത് കൊള്ളാം'' സംഭാവന നാം സ്വീകരിച്ചു എന്ന് ഗുരുദേവന് ആ സ്ത്രീയോട് കല്പ്പിച്ചു. ആ സ്ത്രീ രൂപയും കൈയില് വാങ്ങിക്കൊണ്ട് ജനക്കൂട്ടത്തില് നിന്നു വിങ്ങി വിങ്ങി കരഞ്ഞു. പണയം മടക്കി എടുത്തില്ലെങ്കില് വിളക്കുകത്തിക്കുവാന് സാധിക്കുകയില്ലെന്ന് ഗുരുദേവനറിയാം. അതാണ് ആ പണം തിരിയെ ഏല്പ്പിച്ചത്.
രണ്ടാമതൊരു സ്ത്രീയുടെ അനുഭവം :
സംഭാവനയും കൊണ്ടുചെന്ന വേറൊരു സ്ത്രീ ഒരിക്കല് ശിവഗിരിയില് പോയി എന്തോ സുഖക്കേടിന് ആശ്വാസം നേടിയ ആളാണ്. ഗുരുദേവന് ചെന്ന സ്ഥിതിക്ക് അഞ്ചുരൂപയെങ്കിലും കൊടുക്കാതിരിക്കുന്നത് യുക്തമല്ലെന്നു വിചാരിച്ചു. എന്നാല്, ഒരുറുപ്പികമാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. അതിനാല് ഒരു കമ്മല് പണയംവച്ചു നാലുരൂപാ കൂടിവാങ്ങി തുക അഞ്ചാക്കി അതു ഗുരുദേവന്റെ സന്നിധിയില് വച്ചു നമസ്ക്കരിച്ചു. രസീതെഴുതുന്ന ആള് ആ അഞ്ചുരൂപയുമെടുത്ത് രസീതെഴുതാന് ഭാവിച്ചപ്പോള് ഒരു രൂപയ്ക്കുമാത്രം രസീതെഴുതിയാല് മതി, ബാക്കിനാലുരൂപായും ആ സ്ത്രീക്കുതന്നെ മടക്കി കൊടുക്കണമെന്ന് ഗുരുദേവന് ആജ്ഞാപിച്ചു. അപ്രകാരം നാലുരൂപയും മടക്കി കൊടുത്തു. പണയംവച്ച കമ്മല് മടക്കി എടുക്കാനാണ് അങ്ങനെ ചെയ്തത്. ഏത് പണം കണ്ടാലും അത് എങ്ങനെയുള്ളതാണെന്നു ഗുരുദേവന് അറിയാം.
മൂന്നാമതൊരു സ്ത്രീയുടെ അനുഭവം:
ഈ സ്ത്രീ പണമുള്ള ആളാണ്. അതുകൊണ്ടു നാലുരൂപാ സംഭാവന ചെയ്യാമെന്ന് ആദ്യമേതന്നെ തീരുമാനിച്ചു. എന്നാല് അതിൽ പകുതി കൊടുത്താൽ മതിയെന്ന് ആ സ്ത്രീയുടെ ഭര്ത്താവ് ഉപദേശിച്ചു. അവരുടെ സ്ഥിതിക്ക് അത് കുറവാണെന്ന് കരുതി നാലുരൂപായും ഗുരുദേവസന്നിധിയില്വച്ചു നമസ്കരിച്ചു. ആ നാലുരൂപായും എടുത്തു രസീതെഴുതാന് ഭാവിച്ചപ്പോള് ഒരു തമാശപോലെ ''പകുതിയ്ക്കെഴുതിയാല് മതിയായിരുന്നു'' എന്നു ഗുരുദേവന് കല്പിച്ചു. രസീത് നാലുരൂപായ്ക്കും എഴുതി, ഗുരുദേവന് കല്പ്പിച്ചത് ആ സ്ത്രീ കേട്ടിട്ട് പകുതി കൊടുത്താല് മതിയെന്നു ഭര്ത്താവ് പറഞ്ഞതു കൊണ്ടാണ് ഗുരുദേവന് അങ്ങനെ കല്പിച്ചതെന്ന് അടുത്തു നിന്ന സ്ത്രീകളോട് പറഞ്ഞു. എന്തുതന്നെ ഗോപ്യമായി ചെയ്താലും വിചാരിച്ചാലും, ഒന്നും ഗുരുദേവനെ മറച്ചു വയ്ക്കാന് സാധിക്കുകയില്ല. ഇമ്മാതിരി അനേകസംഭവങ്ങള് പലേയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. "
Posted in:
0 comments:
Post a Comment