Wednesday, 31 July 2013

ഗാരി ഡേവിസ്


ശ്രീനാരായണഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരുദൈവം മനുഷ്യന് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഏകലോകം എന്ന ആശയം വിഭാവനം ചെയ്ത് പ്രവർത്തിച്ചുവന്ന ഗാരി ഡേവിസ്, ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ടാണ് ഏകലോകത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി ലോകഗവൺമെന്റ് എന്ന പ്രസ്ഥാനവും തുടങ്ങിയിരുന്നു. രാഷ്ട്രീയ വേര്‍തിരിവുകളില്ലാത്ത ഒരു ലോകത്ത് യുദ്ധങ്ങളുണ്ടാവില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഇ.ബി. വൈറ്റ്, ജീന്‍ പോള്‍ സാര്‍ത്ര് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഏകലോകമെന്ന ആശയം പങ്കുവെച്ചപ്പോള്‍ ലോക പൗരന്മാരുടെ ലോക ഭരണകൂടത്തിനു തന്നെ ഡേവിസ് രൂപംനല്‍കി.

രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ ബോംബർ വിമാനത്തിന്റെ പൈലറ്റായിരുന്നു ഗാരി. ജർമ്മനിയിലെ ആശുപത്രികൾക്കുമുകളിൽ ബോംബുവർഷിക്കേണ്ടിവന്നതിൽ മനംനൊന്ത് 1948 മെയ് 25ന് പാരിസിലെ അമേരിക്കന്‍ എംബസിയിലെത്തി അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചുകൊണ്ട് താൻ ലോകപൗരനാണെന്ന് പ്രഖ്യാപിച്ചു. ലോക പൗരത്വത്തിനു വാദിച്ച ആദ്യ വ്യക്തി ഡേവിസ് അല്ലെങ്കിലും അതിനുവേണ്ടി പരസ്യമായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. തുടര്‍ന്നുള്ള ദശകങ്ങള്‍ പോരാട്ടത്തിന്റേതായിരുന്നു. പൗരത്വമില്ലാത്ത കാരണത്താൽ ഒരു രാജ്യത്തും പ്രവേശനം ഇല്ലാതെവന്നതിനെത്തു‌ടർന്ന് പാരീസിലെ യു. എൻ കേന്ദ്രത്തിനുള്ളിൽ കൂടാരമടിച്ച് താമസിച്ചു. ഫ്രാൻസ് സർക്കാർ അദ്ദേഹത്തെ അമേരിക്കയിലേക്ക് തിരികെ നാടുകടത്തി. ആ യാത്രയിൽ കപ്പലിൽവച്ചാണ് നടരാജഗുരുവിനെ പരിചയപ്പെടുന്നത്. ലോകത്തെ ഒന്നായി കാണുന്നത് തെറ്റാണോ എന്നു ചോദിച്ചപ്പോൾ അത് തെറ്റാണെങ്കിൽ എന്റെ ഗുരു പഠിപ്പിച്ചതും തെറ്റായിവരും എന്നായിരുന്നു നടരാജഗുരുവിന്റെ പ്രതികരണം. അങ്ങനെയാണ് ഗാരി ഡേവിസ് നടരാജഗുരുവിന്റെ ഗുരുവായ ശ്രീനാരായണഗുരുവിനെക്കുറിച്ച് അറിയുന്നത്. അതിനുശേഷം ഗാരി വേൾഡ് പാസ്പോർട്ട് ഉണ്ടാക്കി ആവശ്യക്കാർക്ക് അയച്ചുകൊടുത്തു. ഈ പാസ്പോർട്ടിന്റെ നിയമസാധുത ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചിട്ടുള്ള യു. എൻ ചാർട്ടറിലെ വകുപ്പുകൾ തന്നെയാണ്. പക്ഷേ, ലോക പാസ്പോർട്ടുമായി സഞ്ചരിച്ച ഗാരി നിരവധി രാജ്യങ്ങളിൽ ജയിലിൽ കിടന്നു. ഇന്ത്യയിലെത്തി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനും ലോക പാസ്പോർട്ട് കൊടുത്തു. നെഹ്രു ഗാരിക്ക് ആശയപരമായ പിന്തുണ നല്കിയിരുന്നു. പല തവണ ഇന്ത്യ സന്ദർശിച്ച ഗാരി നടരാജഗുരുവിനു ശേഷം ശിഷ്യൻ ഗുരു നിത്യചൈതന്യ യതിയുമായും പിന്നീട് ഗുരു മുനി നാരായണപ്രസാദുമായും അടുത്ത ബന്ധം പുലർത്തി. ദി വേൾഡ് ഈസ് മൈ കൺട്രി, പാസ്പോർട്ട് ടു ഫ്രീഡം, വേൾഡ് ഗവൺമെന്റ് റെഡി ഓർ നോട്ട്, ഡിയർ വേൾഡ് എ ഗ്ളോബൽ ഒഡിസി എന്നിവയാണ് പ്രധാന കൃതികൾ.

അര്‍ബുദ രോഗത്തോടു പോരാടുമ്പോള്‍ പോലും അദ്ദേഹം സജീവ ജീവതം നയിച്ചു. മരിക്കുന്നതു വരെ അതു തുടരുകയും ചെയ്തു.  2013 ജൂലൈ  31-നു‍ ഗാരി ഡേവിസ് അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് യാത്രയായി.




2 comments:

ആദരാഞ്ജലികള്‍

ലോകമേ തറവാട്...

Post a Comment