(അവലംബം :- ശ്രീനാരായണഗുരു ജീവിത ചരിത്രം , കോട്ടൂക്കോയിക്കല്‍ വേലായുധന്‍ )
Friday, 5 July 2013
വാരണപ്പള്ളി ഭവനം.
.........അക്കാലത്തെ സുപ്രസിദ്ധ സംസ്കൃത പണ്ഡിതന്‍ ആയിരുന്ന കുമ്മന്‍ പള്ളി രാമന്‍ പിള്ള ആശാന്‍റെ അടുക്കല്‍ ഉപരി പഠനത്തിനായി ‘ഗുരുദേവനെ’ മാതാപിതാക്കള്‍ അയച്ചു. കായംകുളം പുതുപ്പള്ളിയിലെ പ്രസിദ്ധി ആര്‍ജ്ജി ച്ച വാരണപ്പള്ളി കുടുംബത്തിനു സമീപം ചെറുവണ്ണൂര്‍ ഭവനത്തില്‍ താമസിച്ച് കാവ്യനാടകാലങ്കാരാദികള്‍ ഉള്‍പ്പെടെ ഉല്‍കൃഷ്ട സംസ്കൃത ഗ്രന്ഥങ്ങള്‍ ആശാന്‍ പഠിപ്പിച്ചു വന്നു. മിക്കവാറും ഈഴവ വിദ്യാര്ഥികകള്‍ എല്ലാവരും തന്നെ വാരണപ്പള്ളിയിലായിരുന്നു താമസം. കുടുംബ കാരണവരായിരുന്ന കൊച്ചുകൃഷ്ണ പണിക്കര്‍ പണ്ഡിതനും വിശാലഹൃദയനും ആയിരുന്നു. കായംകുളം കായലില്‍ നിന്നും അഞ്ചു തെങ്ങിലേയ്ക്കുള്ള തോട് വാരണപ്പള്ളി ഭവനത്തിന്‍റെ പടിഞ്ഞാറു ഭാഗത്താണ്. കിഴക്ക് ഭാഗത്ത് അതി വിസ്തൃതമായ നെല്പ്പാടം . കായല്‍ തീരത്ത് വളരെ സമൃദ്ധിയില്‍ നിറഞ്ഞു നില്ക്കു ന്ന കേരവൃക്ഷങ്ങള്‍. നയന മനോഹരമായ ദൃശ്യം.പ്രധാന കെട്ടിടത്തിന്‍റെ തെക്ക് പടിഞ്ഞാറു ഭാഗത്ത് ഗുരുദേവന്‍ ദാഹശമനം വരുത്തിയ അച്ഛസ്ഫടികസങ്കാശയമായ ജലാശയം. തൊട്ടു കിഴക്ക് അവിടുന്ന് പഠിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉപയോഗിച്ച് വന്നതും ഇപ്പോള്‍ പുതുക്കി പണിതതുമായ കെട്ടിടം അതിഭംഗിയില്‍ സൂക്ഷിച്ചിരിക്കുന്നു. അവിടുന്ന് നട്ടു വളര്ത്തിയതെന്നു വിശ്വസിക്കുന്ന വരിക്കപ്ലാവ് തൊട്ടു സമീപം തല ഉയര്ത്തി നില്പ്പുണ്ട്. കിഴക്ക് ഭാഗത്തായി അതിമനോഹരവും ഉന്നതവുമായ ഗുരുമന്ദിരം. ഇടതു വശത്തായി വാരണപ്പള്ളിയിലെ പുരാതന വിശ്വനാഥ ക്ഷേത്രം. പ്രധാന കെട്ടിടത്തിന്‍റെ പൂമുഖം കൂടുതല്‍ ആള്ക്കാര്‍ക്ക് സൌകര്യമായി ഇരിക്കാവുന്നത്ര വിശാലമാണ്. അനേകം സാഹിത്യ ചര്ച്ച കള്‍, പലേ വിധ പാരായണങ്ങള്‍, വാദ പ്രതിവാദങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിച്ചതും ശ്രീനാരായണ ഗുരുവിന്‍റെ പാദസ്പര്ശ ത്താല്‍ പരിപൂതമാക്കപ്പെട്ടതുമാണ് ഈ സ്ഥലം. പ്രധാന കെട്ടിടത്തെ തുടര്ന്ന് ഇടനാഴി, അനവധി മുറികളോടുകൂടിയ വടക്കേത്, അതിനു വടക്കേത്, രണ്ടിനും മദ്ധ്യേ വിസ്തൃതമായ ഭക്ഷണശാല. പടിഞ്ഞാറു ഭാഗത്ത് സ്ത്രീകള്‍ക്കു ള്ള വിശ്രമ സ്ഥലങ്ങള്‍. ഇവയ്ക്കെല്ലാം കിഴക്ക് വശം വെണ്മണല്‍ നിറഞ്ഞ വിസ്തൃത മുറ്റം. അതിനുമപ്പുറം കുളിക്കുന്നതിനുള്ള വലിയ കുളം. (ഗുരുദേവന്‍ വളരെ കാലം സ്നാനം ചെയ്തിട്ടുള്ളത്). വിശ്വനാഥ ക്ഷേത്രത്തിനു മുന്‍ വശം വളരെ പരപ്പേറിയ കോമ്പൌണ്ട്. തറകള്‍ കെട്ടിയ പല ജാതി ഉന്നത വൃക്ഷങ്ങള്‍. 15 ഏക്കര്‍ വരുന്ന ദേവസ്വം പറമ്പ്. ഇവ ആകെ കൂടിയതാണ് ഒറ്റ നോട്ടത്തില്‍ ദൃശ്യമാകുന്ന വാരണപ്പള്ളി ഭവനം. ഉപരി പഠനാര്ത്ഥം കായല്‍ മാര്ഗം വള്ളത്തില്‍ വന്ന ഗുരുദേവന്‍ പടിഞ്ഞാറു ഭാഗത്ത് കൂടിയാണ് ഇവിടെ പ്രവേശിച്ചത്. വളരെ കാലം കഴിഞ്ഞ് പുനഃസന്ദര്ശനത്തിനു വന്നതും പടിഞ്ഞാറു ഭാഗത്ത് കൂടി തന്നെ ആയിരുന്നു. വാരണപ്പള്ളിയിലെ അറിയപ്പെടുന്ന പൂര്‍വി്കരില്‍ ഏറ്റവും ഉന്നതനായിരുന്ന ലോകനാഥപ്പണിക്കര്‍ കാശി യാത്ര കഴിഞ്ഞു വന്നു സ്ഥാപിച്ചതാണ് വിശ്വനാഥ ക്ഷേത്രം. കായംകുളം രാജാവിന്‍റെ സൈന്യത്തെ നയിച്ചു പേരെടുത്ത യോദ്ധാക്കളും ഈ കുടുംബത്തില്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളത്രേ ‘ ചെമ്പെന്ന് കരുതി ഇരുമ്പിനു കാലു കളഞ്ഞു ’ എന്ന പഴമൊഴിക്ക് കാരണക്കാരന്‍. ഇവിടെ താമസിക്കുമ്പോള്‍ ആണത്രേ ഗുരുദേവന് ശ്രീ കൃഷ്ണ ഭഗവാന്‍റെ ദര്‍ശനം ഉണ്ടായതും തുടര്ന്ന് അവിടുന്ന് പ്രസിദ്ധമായ “ശ്രീകൃഷ്ണ ദര്‍ശനം” എന്ന ലഘു കൃതി രചിച്ചതും എന്നു പറയപ്പെടുന്നു. വെളുത്തേരി കേശവനാശാനും പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരും അന്നവിടെ സതീര്‍ഥ്യര്‍ ആയിരുന്നു. അങ്ങനെ തൃപ്പാദങ്ങള്‍ വസിച്ച ഈ മംഗള ഭവനത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ.
Posted by : K.g. Mohan Kunnel on Facebook Group...
0 comments:
Post a Comment