Wednesday, 3 July 2013

ഗുരുസാഗരം - "മുപ്പത്തഞ്ച് നാല്പതു ഭക്തന്മാർ'

സജീവ് കൃഷ്ണൻ    Posted on: Monday, 18 February 2013 on

ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃതസ്കൂൾ പ്രശസ്തിയിലേക്കുയരുന്ന കാലം. നാനാജാതി മതസ്ഥർ അവിടെ പഠനത്തിന് എത്താൻ തുടങ്ങി. അദ്വൈതാശ്രമം അന്തേവാസിയായി എത്തിയ പി.ജി. ഈശോ എന്ന ക്രിസ്ത്യൻ വിദ്യാർത്ഥി ഒഴിവുസമയത്ത് ഗുരുവിന്റെ അടുത്തെത്തി. ആശ്രമത്തിലെ സസ്യാഹാരത്തോട് ഈ വിദ്യാർത്ഥി വിയോജിപ്പു കാട്ടുന്നതായി ഗുരുദേവന് വിവരം ലഭിച്ചിരുന്നു. അതിനാൽ ഈശോയെ കണ്ടപാടെ ഗുരു ചോദിച്ചു;

"മത്സ്യമാംസാദികൾ കഴിക്കുന്നത് നിർബന്ധമാണോ?'

"ഞങ്ങളുടെ മതം അതനുവദിച്ചിട്ടുണ്ട് സ്വാമീ.'

"ഓഹോ... അതെങ്ങനെയാണെന്ന് കേട്ടാൽ കൊള്ളാം.'

"യേശുക്രിസ്തു അയ്യായിരംപേരെ പോഷിപ്പിച്ചത് അപ്പവും മീനും കൊടുത്തുകൊണ്ടായിരുന്നു എന്ന് ബൈബിളിൽ പറയുന്നുണ്ട്. യേശുദേവന്റെ ഉയർത്തെഴുന്നേല്പിനുശേഷം ശിഷ്യർ കുലത്തൊഴിലായ മത്സ്യബന്ധനത്തിനുപോയി. ഒരു ദിവസം രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും മീൻ കിട്ടാതെ അവർ നിരാശരായി മടങ്ങി. അവർ കരയിലെത്തിയപ്പോൾ അതാ അവിടെ ഒരു ആൾരൂപം നില്ക്കുന്നു. അദ്ദേഹം ചോദിച്ചു. കുഞ്ഞുങ്ങളേ വല്ലതും ഉണ്ടോ? ഞങ്ങൾ രാത്രി മുഴുവൻ ശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല എന്ന് അവർ മറുപടി പറഞ്ഞു. നിങ്ങൾ വലതുഭാഗത്ത് വലയിറക്കുവിൻ എന്ന് അദ്ദേഹം അവരോടായി പറഞ്ഞു. അവർ അങ്ങനെ ചെയ്തു. ഒരു വലിയകൂട്ടം മീൻ വലയിൽപ്പെട്ടു. കരയിൽ നിന്ന് അവരെ ഉപദേശിച്ചത് യേശുദേവനായിരുന്നു എന്നവർ തിരിച്ചറിഞ്ഞു. ഈ കഥകളിൽനിന്നുതന്നെ മത്സ്യമാംസാദികൾ കഴിക്കാൻ യേശു വിശ്വാസികളെ അനുവദിച്ചിരുന്നു എന്ന മനസിലാക്കാമല്ലോ സ്വാമീ.'

സ്വാമി പി.ജി. ഈശോയെ നോക്കി മന്ദഹസിച്ചു. കുറച്ചുനേരം മൗനത്തിലിരുന്നു. പിന്നെ മന്ത്രിച്ചു; "അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിക്കുന്നു.'

അത് ബൈബിളിലെ ഒരു പ്രധാനവാക്യമായിരുന്നു. ചെവിക്ക് ഒരു നുളളുകിട്ടിയതുപോലെ അവിടെ നിന്ന് വിയർത്തു പി.ജി. ഈശോ എന്ന വിദ്യാർത്ഥി. "യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ ആക്ഷരികമായിട്ടല്ല ആത്മീയമായിട്ട് പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണം' എന്നാണ് ഗുരു ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി.

ഗുരുവിന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയാൽ മഹത്തുക്കളുടെ വാക്കുകൾ സ്വാർത്ഥതയ്ക്ക് വേണ്ടി ദുർവ്യാഖ്യാനം ചെയ്യുന്നതും കടപഭക്തികാട്ടുന്നതും ഭക്തിവ്യാപാരം നടത്തുന്നതുമെല്ലാം നിശിതമായ ഭാഷയിൽ വിമർശിക്കാൻ തൃപ്പാദങ്ങൾ മടിച്ചിരുന്നില്ല എന്നുകാണാം.

"യദാ തേ മോഹകലിലം
ബുദ്ധിർവ്യതിതരിഷ്യതി
തദാ ഗന്താസി നിർവേദം

ശ്രോതാവ്യസ്യ ശ്രുതസ്യ ച' എന്ന ഭഗവദ്ഗീതാശ്ളോകത്തിൽ "നിർവേദം' എന്ന പദത്തിന്റെ അർത്ഥമെന്താണെന്ന് തൃപ്പാദങ്ങൾ ഒരു ശിഷ്യനോട് ചോദിച്ചു. "വൈരാഗ്യം' എന്നാണ് ശങ്കരാചാര്യർ അർത്ഥം പറഞ്ഞിട്ടുള്ളത് എന്ന് ശിഷ്യൻ മറുപടി നൽകി. തൃപ്പാദങ്ങൾ അത് തിരുത്തി. "വൈദികമായ വിശ്വാസപ്രമാണങ്ങളിൽനിന്ന് മോചനം' എന്നാണ് നിർവേദത്തിന്റെ അർത്ഥം എന്നു പറഞ്ഞുകൊടുത്തു. "അർജുനാ, എപ്പോഴാണ് നിന്റെ ബുദ്ധി മോഹകാലുഷ്യത്തിൽനിന്നു കടന്നുപോകുന്നത് അപ്പോൾ നീ വൈദികമായ വിശ്വാസപ്രമാണങ്ങളിൽനിന്ന് മോചനം പ്രാപിക്കും' എന്ന് ഗുരു വിശദമാക്കുകയും ചെയ്തു. വേദം പഠിക്കുന്നവർ വേദത്തിൽത്തന്നെ ശിഷ്ടകാലം കിടക്കാതെ വേദാന്തത്തിലേക്ക് നടക്കണമെന്നും അവിടെനിന്നു വീണ്ടും സത്യദർശനത്തെ ലക്ഷ്യംവച്ച് യാത്രതുടരണമെന്നും മറ്റു ചില സന്ദർഭങ്ങളിൽ ഗുരു സൂചിപ്പിക്കുന്നുണ്ട്. ആചാരങ്ങളെ ചിലർ സ്വാർത്ഥതചേർത്ത് അനാചാരങ്ങളാക്കുന്ന ലോകത്ത് ബുദ്ധി മോഹകാലുഷ്യത്തിൽപ്പെട്ടുകിടന്നാൽ മോചനം ലഭിക്കില്ലെന്ന് ഗുരു മൊഴിയുന്നു.

മോഹകാലുഷ്യം ഉളളവരാണ് വിശ്വാസത്തട്ടിപ്പുകൾക്ക് ഇരകളാകുന്നത്. നിധി കിട്ടുക എന്ന മോഹകാലുഷ്യത്തിൽപ്പെട്ടുപോകുന്നതുകൊണ്ടാണ് ഒരാൾ മന്ത്രവാദിക്കുമുന്നിൽ ബലിജന്തുക്കളും കള്ളും പണവുമൊക്കെ വച്ച് പഞ്ചപുച്ഛമടക്കി നിൽക്കുന്നത്. ബുദ്ധി സ്വതന്ത്രമാക്കുവാനാണ് ഭക്തിയെ ഉപയോഗിക്കേണ്ടത്. അതിന് വിദ്യയെത്തന്നെ ഭക്തിപൂർവം സമീപിക്കണം. വിദ്യ നേടുമ്പോൾ ബുദ്ധി സ്വതന്ത്രമാകും. വിശ്വാസം ശുദ്ധവുമാകും.

"അൽ-ല്ല-ഹു' എന്ന മൂന്നു ധാതുക്കൾ ചേർന്ന വാക്കാണ് "അല്ലാഹു' എന്നത്. "അൽ' എന്നാൽ "തത്' അല്ലെങ്കിൽ "ആ' എന്ന ശബ്ദത്തെകൊടുക്കുന്നു. "ല്ല' എന്ന അക്ഷരം "ഇല്ല' എന്നതിനെ കാണിക്കുന്നു. "ഹു' എന്നാൽ "അവൻ'. "അല്ലാഹു' എന്നാൽ ഇല്ലാത്തതേതോ അവൻ തന്നെയാണ് എന്നർത്ഥം എന്ന് ഗുരു ഒരിക്കൽ മൊഴിയുകയുണ്ടായി.

ഭാരതദർശനത്തിലെ നിരാകാരനായ ദൈവംതന്നെയാണ് അല്ലാഹു എന്ന് തിരിച്ചറിയണം എന്നാണ് തൃപ്പാദങ്ങൾ ഉദ്ദേശിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇരുന്ന് ഗുരു മൊഴിഞ്ഞ ഈ സത്യം ഹിന്ദുവെന്നും മുസൽമാനെന്നും അഭിമാനിക്കുന്നവർ കേട്ടിരുന്നുവെങ്കിൽ സ്വതന്ത്ര ഇന്ത്യ മക്കളുടെ നിണമണിഞ്ഞ സ്വാതന്ത്ര്യപ്പുലരി ദർശിക്കേണ്ടിവരില്ലായിരുന്നു.

മക്കത്തായ, മരുമക്കത്തായ, മിശ്രദായ പക്ഷക്കാർ അവരുടെ വാദഗതികളാണ് ശരി എന്നു സമർത്ഥിക്കാൻ കൊണ്ടുപിടിച്ചു ശ്രമങ്ങൾ നടത്തുന്ന കാലം. മൂന്നുകൂട്ടരും ഗുരുവിനെ അവർക്കൊപ്പം നിറുത്താനായി ശ്രമിച്ചു. അവരുടെ യോഗങ്ങളിൽ പങ്കെടുക്കാനായി ഗുരുവിനെ നിർബന്ധിച്ച് കൊണ്ടുപോകുമായിരുന്നു. ഒരിക്കൽ മിശ്രദായക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ ഗുരുദേവൻ അടുത്തുനിന്ന ശിഷ്യനോടായി പറഞ്ഞു: "അവർക്ക് നമ്മോട് ഭക്തിയുണ്ടായിട്ടല്ല ഈ ചുമന്നുകൊണ്ടു നടക്കുന്നത്. നമ്മോട് ഭക്തിയുള്ള പാവങ്ങളെ കാണിക്കാൻവേണ്ടിയിട്ടാണ്.' പിൽക്കാല ചരിത്രം ഗുരുവിന്റെ വാക്കുകൾ ശരിവയ്ക്കുന്നത് കാണാം. ഭക്തി വില്പനച്ചരക്കാവുകയും ദൈവമെന്ന പദം സ്വാർത്ഥലക്ഷ്യങ്ങൾക്കും വരുമാനത്തിനും വേണ്ടി വില്ക്കപ്പെടുകയും ചെയ്യുന്നകാലം അതിവിദൂരമല്ലെന്ന് ഗുരു ദീർഘവീക്ഷണം ചെയ്തിരുന്നു എന്ന് വ്യക്തം. മറ്റുള്ളവരെ ബോധിപ്പിക്കാനുള്ള ഭക്തിമാർഗത്തിൽനിന്ന് ദൈവത്തെത്തന്നെ പറ്റിക്കാനുള്ള വിശ്വാസമാർഗത്തിലേക്കാണ് ലോകം നടന്നടുക്കുന്നത്.

പണ്ടൊരു ഭക്തൻ ഗുരുപ്രീതി നേടുക എന്ന ലക്ഷ്യവുമായി ഒരു വെള്ളിപ്പാത്രം വാങ്ങി ഗുരുവിനു സമർപ്പിക്കാനെത്തി. മുപ്പത്തഞ്ചുരൂപയായിരുന്നു അതിന്റെ വില. അത് തൃപ്പാദത്തിൽവച്ച് തൊഴുതിട്ട് അയാൾ ഗുരുവിന്റെ അനുഗ്രഹവചസുകൾക്കായി കാതോർത്തുനിന്നു. വെള്ളിപ്പാത്രത്തിൽ നോക്കിയിട്ട് ഗുരു ചോദിച്ചു: "ഇതുകൊള്ളാമല്ലോ. ഇതെത്ര രൂപയായി?'

മുപ്പത്തഞ്ച് എന്ന തുക മറച്ചുവച്ച് ഭക്തൻ പറഞ്ഞു; "ഇതിന് നാല്പതുരൂപയായി സ്വാമീ.'
"ഓഹോ... അപ്പോൾ മുപ്പത്തഞ്ചു നാല്പതു ഭക്തൻ അല്ലേ?' എന്ന് ചോദിച്ച് ഗുരു ചിരിച്ചു. ഭക്തൻ നിന്നു വിയർത്തുപോയി. കപടഭക്തിയും വിശ്വാസത്തട്ടിപ്പുമായി നടക്കുന്നവർ ഓർത്തിരിക്കേണ്ടതാണ് ഈ സന്ദർഭം. എന്നെങ്കിലും ഒരു ദിവസം ദൈവം എന്ന നിത്യസത്യത്തിനുമുന്നിൽനിന്ന് ഇതുപോലെ വിയർക്കേണ്ടിവരും.

Source : http://news.keralakaumudi.com/news.php?nid=a8352ece54602931551f4b72e65b70f1#.UdRDCgCvYBY.facebook

0 comments:

Post a Comment