Wednesday, 3 July 2013

കേരളകൗമുദിയുടെ ദൗത്യം ഗുരുദേവ നിയോഗം: വെള്ളാപ്പള്ളി

Posted on: Wednesday, 03 July 2013 

കൊല്ലം: എസ്.എൻ.ഡി.പി യോഗവുമായി സഹകരിച്ച് 'ദൈവദശകം പഠനപദ്ധതി' സംസ്ഥാന വ്യാപകമായി നടപ്പാക്കാനുള്ള 'കേരളകൗമുദി'യുടെ ദൗത്യം ഗുരുദേവ നിയോഗമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം ചാത്തന്നൂർ യൂണിയൻ ഹാളിൽ ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തവരെല്ലാം ഈ സംരംഭം ആദ്ധ്യാത്മിക ബോധമണ്ഡലത്തിൽ നവ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ഗുരുദേവ ദർശനം സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങൾ അനുസ്മരിച്ച വെള്ളാപ്പള്ളി , അതിൽ കേരളകൗമുദി ഇന്നും വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്ന് പറഞ്ഞു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സാമുദായിക സംവരണം ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ അതിനെ ആശയപരമായി നേരിടുന്നതിനും
നില നിറുത്തുന്നതിനും കേരളകൗമുദി ലാഭനഷ്ടങ്ങൾ നോക്കാതെ നിലപാടെടുത്തു. പിന്നാക്ക സമുദായ താല്പര്യം സംരക്ഷിക്കാനുള്ള ഈ നിലപാട് പലപ്പോഴും പത്രത്തിന്റെ സർക്കുലേഷനെപ്പോലും പ്രതികൂലമായി ബാധിച്ച ഘട്ടങ്ങളുണ്ടായി. അത്തരം സന്ദർഭങ്ങളിലും പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് അല്പം പോലും വ്യതിചലിക്കാൻ കേരളകൗമുദി തയ്യാറായില്ല. ആശയ പ്രചാരണത്തിന് കേരളകൗമുദി പോലെ ഇത്രയും ശക്തമായ ഒരുപാധിയില്ലായിരുന്നെങ്കിൽ സംവരണത്തിന്റെ അവസ്ഥ എന്താകുമായിരന്നുവെന്ന് ഓർക്കണം. പത്രാധിപരുടെ കുളത്തൂർ പ്രസംഗത്തിന്റെ പ്രതിധ്വനികൾ ഇപ്പോഴും സംവരണ വ്യവസ്ഥയുടെ രക്ഷാകവചമാണ്- വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുദേവ ദർശനത്തിന്റെ പ്രചാരത്തിൽ പുത്തൻ സന്ദേശമാണ് ദൈവ ദശകം പഠനപദ്ധതി നൽകുന്നതെന്ന് മുഖ്യാചാര്യനായ ശിവഗിരി മഠത്തിലെ സ്വാമി വിദ്യാനന്ദ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ഇത്തരമൊരു സംരംഭത്തിന് എസ്.എൻ.ഡി.പി യോഗവും കേരളകൗമുദിയും കൈകോർത്തത് ഗുരുദേവന്റെ നിയോഗം തന്നെയാണ്. കേരളത്തിന്റെ പൊതുസമൂഹത്തിന് ഈ സംരംഭം മികച്ച സംഭാവന നൽകും. ജാതിമതങ്ങൾക്ക് അപ്പുറത്തുള്ള ദിവ്യസാന്നിദ്ധ്യമാണ് ദൈവദശകമെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയും കേരളകൗമുദിയും നൽകിയ ആദ്ധ്യാത്മികവും ധാർമ്മികവുമായ അടിത്തറയാണ് യോഗ പ്രവർത്തനത്തിനുള്ള തന്റെ മുഖ്യപ്രചോദനമെന്ന് എസ്.എൻ മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ:ജി.ജയദേവൻ പറഞ്ഞു. കേരളകൗമുദിയിലൂടെ അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചു തുടങ്ങി.

നിരന്തരമുള്ള ശിവഗിരി തീർത്ഥാടനത്തിലൂടെ ലക്ഷ്യബോധം നേടി. ഇന്നും ഇവ രണ്ടുമാണ് തന്റെ തിരച്ചറിവ്. കേരളകൗമുദി വായിക്കാതെ ഗുരുദേവ ദർശനത്തിന്റെ സാമൂഹ്ിക പശ്ചാത്തലം ഗ്രഹിക്കാനാവില്ലെന്നും ഡോ:ജയദേവൻ പറഞ്ഞു. പിന്നാക്ക ക്ഷേമ പ്രവർത്തനങ്ങൾക്ക് കേരളകൗമുദി എന്നും വഴികാട്ടിയാണെന്ന് സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പ് ഡയറക്ടർ വി.ആർ. ജോഷി പറഞ്ഞു.

http://news.keralakaumudi.com/news.php?nid=a1116485f42f9bac2356cd68768c4449#.UdQqgfVyYCM.facebook

0 comments:

Post a Comment