കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ രണ്ടു ഉജ്ജ്വല നക്ഷത്രങ്ങള്‍- ശ്രീ നാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഒരേട് ആണ് താഴെ കൊടുത്തിരിക്കുന്നത്. കടന്നു വന്ന വിപ്ലവങ്ങള്‍ എല്ലാം വിസ്മരിച്ചു പുറകോട്ടു നടക്കുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാകട്ടെ ..
ഗുരു
ശ്രീ നാരായണ ഗുരു: അയ്യപ്പന്‍ , ഡോക്ടര്‍ ( പല്‍പ്പു) മതം മാറണമെന്ന് പറയുന്നല്ലോ.
അയ്യപ്പന്‍: മതം മാറണമെന്ന് ചിലര്‍ക്കെല്ലാം അഭിപ്രായമുണ്ട്
ശ്രീ: മനുഷ്യന്‍ നന്നായാല്‍ പോരായോ.? മതം മാറ്റം അതല്ലേ? അല്ലാതുള്ള മാറ്റമാണോ എല്ലാവരും പറയുന്നത്?
അയ്യപ്പന്‍:മനുഷ്യന്‍ നന്നാവാനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധ മതത്തില്‍ ആണ്.
ശ്രീ: ബുദ്ധ മതക്കാര്‍ എല്ലാം നല്ല മനുഷ്യര്‍ ആണോ? മല്‍സ്യം തിന്നുന്നവരും കള്ളുകുടിക്കുന്നവരും അസമത്വമാചരിക്കുന്നവരും ധാരാളമുണ്ടെന്നു നാം അറിയുന്നു
അയ്യപ്പന്‍: ഇപ്പോഴുള്ള ബുദ്ധ മതക്കാരില്‍ നല്ലവര്‍ വളരെക്കുറയും എന്നുവേണം പറയാന്‍.
ശ്രീ: അങ്ങനെയാണോ ? നാമും അത് കേട്ടു. ബുദ്ധ സന്യാസികള്‍ കിട്ടുന്നതെല്ലാം ഭക്ഷിക്കണം. മാംസമായാലും തിന്നും, കൊടുക്കുന്നതോന്നും വേണ്ടെന്നു പറയാന്‍ പാടില്ല .ഇല്ലേ ? അങ്ങനെ മാംസത്തിനു രുചി പിടിച്ച് അത്യധികം ഇഷ്ടമാകും. ആളുകള്‍ ഇഷ്ടം നോക്കി മാംസം തന്നെ കൊടുക്കും. ഇത് നല്ലതാണോ?
അയ്യപ്പന്‍:ഇടക്കാലത്ത് ബുദ്ധമതവും ദുഷിച്ചു. എങ്കിലും മനുഷ്യന്‍ നന്നാവാന്‍ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ല ഉപദേശമില്ല
ശ്രീ: ക്രിസ്തുവിന്‍റെ ഉപദേശം നന്നല്ലേ? മുഹമ്മദ് നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരില്‍ പെട്ട എല്ലാവരും യോഗ്യരാണോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം. അല്ലെങ്കില്‍ അധ:പതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. ഈ മൂന്നു വിധത്തിലും തെറ്റുകള്‍ വരരുത്. തെറ്റുകള്‍ വന്ന ശേഷം ഹേ ! തെറ്റിപ്പോയല്ലോ എന്ന് തിരുത്താന്‍ സംഗതി വരാത്ത വണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ജീവന്‍ മുക്താവസ്ഥ.
അയ്യപ്പന്‍: ബുദ്ധ മതക്കാര്‍ അതിനു നിര്‍വാണം എന്ന് പറയുന്നു.
ശ്രീ: അങ്ങനെയാണോ? ആയിരിക്കാം. ജാതി മനുഷ്യരില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരന്‍ ആണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസന്‍ തന്നെ ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് രണ്ടിടത് രണ്ടു വിധം പറഞ്ഞിരിക്കുന്നു. ജാതി കളയണം,അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്ക വിധം ജാതിയെ ഉപേക്ഷിക്കണം. മതം മാറ്റത്തെപ്പറ്റി കുമാരനാശാന്റെ അഭിപ്രായം എന്താണ്?
അയ്യപ്പന്‍: സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായമറിയാതെ മതം മാറുന്നത് സ്വാമിയെ പ്രത്യക്ഷത്തില്‍ അവഗണിക്കുന്നതായിരിക്കുമെന്നാണ്
ശ്രീ: അങ്ങനെയാണോ?
അയ്യപ്പന്‍: ഈ സംഗതിയില്‍ സ്വാമിയുടെ അഭിപ്രായം പ്രത്യേകം അറിയണമെന്നാണ് ആശാന് പറയുന്നത്.
ശ്രീ: നമ്മുടെ അഭിപ്രായം ഇതുവരെ അറിഞ്ഞിട്ടില്ലേ ? അയ്യപ്പനറിയാമോ നമ്മുടെ അഭിപ്രായം.
അയ്യപ്പന്‍: അറിയാം. തൃപ്പാദങ്ങള്‍ക്ക് ഒരു മതത്തോടും വെറുപ്പില്ല. മനുഷ്യന്റെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവര്‍ തമ്മില്‍ ഒരു സമുദായമായി കഴിയണമെന്നാണ് സ്വാമിയുടെ അഭിപ്രായം എന്നറിയാം.
ശ്രീ: അതാണ് നമ്മുടെ അഭിപ്രായം. മതം എന്ന് വച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. അതാണ് വേണ്ടത്. അത് സാധിക്കും. സത്യവ്രതനെ നോക്ക്. (സത്യവ്രത സ്വാമിയെപ്പറ്റി) സത്യവ്രതന് അശേഷം ജാതിയില്ല ഉണ്ടോ?
അയ്യപ്പന്‍: സത്യവ്രതസ്വാമിക്ക് അശേഷം ജാതിയില്ല.
ശ്രീ: നമുക്കാര്‍ക്കും അത്ര ജാതി പോയിട്ടില്ലെന്നു തോന്നുന്നു. ബുദ്ധനുകൂടി ഇത്ര ജാതി പോയിരുന്നോ എന്ന് നമുക്ക് സംശയമാണ്. സത്യവ്രതന് അത്ര വ്യത്യാസമില്ലാത്ത ആളാണ്. അങ്ങനെ ജീവിക്കാമല്ലോ.? അവര്‍ക്ക് ജാതിയില്ല.
അയ്യപ്പന്‍:തീയര്‍ മതം മാറുന്നു എന്ന് കേട്ട് സ്വാമിയോട് മറ്റുള്ളവര്‍ക്കെല്ലാം വളരെ ബഹുമാനമായിരിക്കുകയാണ്.
ശ്രീ: (ചിരിച്ചു കൊണ്ട്) അത് കൊള്ളാം, ബഹുമാനമുണ്ടാകുമല്ലോ.
അയ്യപ്പന്‍: ചിലര്‍ ചോദിക്കുന്നു, എന്തിനു മതം മാറുന്നു ? നമുക്ക് നാരായണ മതം പോരായോ? എന്ന്.
ശ്രീ: അതെന്തിന്? അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടല്ലോ. മതം ഏതുമാകട്ടെ.
അയ്യപ്പന്‍: സ്വാമിയുടെ മുമ്പേയുള്ള അഭിപ്രായം അതാണ്.
ശ്രീ: നമുക്കിപ്പോഴുള്ള അഭിപ്രായവും അതുതന്നെ. മതം മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം. മതം മാറുകയും പുറകേ കള്ളം പറയുകയും ചെയ്യുന്നത് കഷ്ടവും പാപവും ആണ്. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയായിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മത സ്വാതന്ത്ര്യം വേണ്ടതാണ്. അതാണ് നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?
അയ്യപ്പന്‍: പറയുന്നുണ്ട്. ഞാന്‍ ഈയിടെ ഒരു ആധാരത്തില്‍ ‘ബുദ്ധമതം ‘ എന്നു ചേര്‍ത്തു.
ശ്രീ: (ചിരിച്ചു കൊണ്ട്) ജാതി എഴുതിയില്ല അല്ലേ ? അത് കൊള്ളാം ജാതി വരരുത്: ഒരിടത്തും ജാതി ഉണ്ടായിരിക്കരുത്. മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം എല്ലായിടത്തും പരക്കണം. മനുഷ്യന്‍ ഒരു ജാതി. അതാണ് നമ്മുടെ മതം.
******************************
വിവേകോദയം മാസികയില്‍ പ്രസിദ്ധീകരിച്ചത്.
വിവേകോദയത്തില്‍ വന്ന അഭിമുഖത്തില്‍ ശ്രീ നാരായണ ഗുരു എന്നതിന് പകരം “സ്വാമി തൃപ്പാദങ്ങള്‍” എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.
നന്ദി: കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍
0 comments:
Post a Comment