Friday, 5 July 2013

ഗുരുവിന്റെ ജീവിതവും സന്ദേശവും.

[ശ്രി നാരായണ ഗുരുദേവന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ദിനപത്രത്തില്‍ എഡിറ്റര്‍ ശ്രീ.ദക്ഷിണാമൂര്‍ത്തി ആഗസ്റ്റ് 31 ന് പേരു വച്ചെഴുതിയ ലേഖനം]

                         ആധുനിക കേരളത്തിന്റെ സമൂഹഘടനയില്‍ അതിപ്രധാനമായ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ മഹത്തായ പങ്കു വഹിച്ച ശ്രീ നാരായണഗുരുവിന്റെ 158 -)0 ജന്മദിനമാണ് ഇന്ന്.ജാതിരഹിത - മതനിരപേക്ഷ കേരളം മനസ്സില്‍ കണ്ട സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം.അതുകൊണ്ടു തന്നെ ശ്രീ നാരായണഗുരു കേരളത്തിന്റെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കും എന്നതില്‍ സംശയമില്ല.1856 ല്‍ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി ഗ്രാമത്തിലാണ് ജനനം.കുട്ടിക്കാലത്തു തന്നെ ആത്മീയതയിലും ഭക്തിയിലും തല്‍പ്പരനായിരുന്ന അദ്ദേഹം അന്ത്യം വരേയും യഥാര്‍ത്ഥ സന്യാസജീവിതം നയിച്ചു.സംസ്കൃതഭാഷയിലും ഹൈന്ദവദര്‍ശനങ്ങളിലും പാണ്ഡിത്യം നേടിയ ഗുരു ഈഴവരുടേയും മറ്റു പിന്നോക്കവിഭാഗക്കാരുടേയും സാമൂഹ്യമായ മറ്റു പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ചു.സവര്‍ണമേധാവിത്വത്തിനെതിരായി പ്രത്യേകിച്ചും, ബ്രാഹ്മണാധിപത്യത്തിനെതിരായി അതിശക്തമായ പോരാട്ടമാണ് ശ്രീ നാരായണഗുരു നടത്തിയത്.

                           1888 ല്‍ അരുവിപ്പുറത്ത് ശിവക്ഷേത്രം സ്ഥാപിക്കുകയും ശിവനെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തു.ശിവപ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്കുമാത്രമാണെന്നു കരുതിയ അന്നത്തെ സാമൂഹ്യഘടനയില്‍ സുപ്രധാനമായ മാറ്റത്തിന് തിരി കൊളുത്തിയ സംഭവമായിരുന്നു അത്.ഇതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം ചുട്ട മറുപടി നല്‍കി.താന്‍ ബ്രാഹ്മണശിവനെയല്ല ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് വിമര്‍ശകരോട് അദ്ദേഹം തിരിച്ചടിച്ചു.അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥക്ക് തന്നെ കടുത്ത പ്രഹരമേല്‍പ്പിക്കുകയാണ് ചെയ്തത്.1904 ല്‍ ശിവഗിരി ക്ഷേത്രവും 1913 ല്‍ ആലുവയില്‍ അദ്വൈതാശ്രമവും ആരംഭിച്ചു.1924 ല്‍ ആലുവയില്‍ സര്‍വമത സമ്മേളനവും വിളിച്ചു ചേര്‍ത്തു.കേരളത്തിന്റെ പലഭാഗത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ശാന്തിക്കാരായി ഈഴവരെ നിശ്ചയിച്ചു.ക്ഷേത്രത്തോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു.വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന് വഴി തെളിക്കുമെന്ന് അദ്ദേഹം കരുതി.1928 സെപ്തംബര്‍ 20 ന് വര്‍ക്കലയില്‍ ശ്രീ നാരായണഗുരു അന്തരിച്ചു.

                                 ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിലേക്ക് വെളിച്ചം വീശുന്നതാണ്.മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരു സന്ദേശം ഇന്ന് വളരെ പ്രസക്തവുമാണ്.പ്രത്യേകിച്ച് തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ടു കൂടായ്മയും കൊടികുത്തിവാണ ഭ്രാന്താലയം എന്ന പേരുകേള്‍പ്പിച്ച കേരളത്തില്‍.കേരളത്തിനു പുറത്ത് ഇന്ത്യയുറ്റെ മിക്കഭാഗങ്ങളിലും ജാതിവ്യവസ്ഥയും ജാതിസ്പര്‍ദ്ധയും അനാചാരവും അന്ധവിശ്വാസവും നിലനില്‍ക്കുകയാണെന്ന വസ്തുതയും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്.ഇതൊക്കെ നിലനിര്‍ത്തുന്നതിലാണ് ഭരണവര്‍ഗത്തിനു താല്പര്യം.ജനങ്ങളുടെ യോജിപ്പല്ല,ഭിന്നിപ്പാണ് അവര്‍ക്കാവശ്യം.ജാതി ചോദിക്കരുത് വിചാരിക്കരുത് പറയരുത് എന്ന ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ സന്ദേശം ബോധപൂര്‍വം നിരാകരിച്ച് ജാതി ഉച്ചത്തില്‍ പറയണം എന്നുപോലും ആഹ്വാനം ചെയ്യാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്നുപറയുന്നവര്‍ക്ക് മടിയില്ല എന്നത് ഖേദകരം തന്നെ.

                        ശ്രീ നാരായണഗുരുവിനെ ഇപ്പോഴും സ്മരിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ  ജന്മദിനവും ചരമദിനവും അവധിദിനമായി പ്രഖ്യാപിക്കപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളീയര്‍ പരാജയപ്പെടുകയാണ്.ഇക്കാര്യത്തില്‍ കേരളീയര്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നതിനെപ്പറ്റി ആത്മപരിശോധന ആവശ്യമായ ഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കാന്‍ ശ്രമം നടക്കുന്നു.ജാതിവ്യത്യാസം നിലനിര്‍ത്താന്‍ മാത്രമല്ല  വര്‍ഗീയ വികാരം ശക്തിപ്പെടുത്താനും അങ്ങിങ്ങായി ആലോചനകള്‍ നടക്കുന്നു.ഹിന്ദുരാഷ്ട്രവാദവും ഹിന്ദുവര്‍ഗീയതയും സംഘപരിവാറിന്റെ അടിസ്ഥാനമുദ്രാവാക്യമാണ്.എന്നാല്‍ മുസ്ലീം ലീഗിനു പകരം ഹിന്ദു ലീഗ്  രൂപീകരിക്കണമെന്ന ചിന്ത ആരെ സഹായിക്കാന‍ാണെന്ന് അതിന്റെ വക്താക്കള്‍ വിശദീകരിക്കേണ്ടതുണ്ട്.ശ്രീ നാരായണഗുരുവോ ചട്ടമ്പി സ്വാമികളോ ഇത്തരത്തില്‍ ഒരു ചിന്ത വച്ചു പുലര്‍ത്തിയതായി കേട്ടിട്ടില്ല.അവര്‍ എല്ലാത്തരം വര്‍ഗീയതകള്‍ക്കും എതിരായിരുന്നു എന്നതാണ് വാസ്തവം.എല്ലാ മുസ്ലീങ്ങളും യോജിക്കണമെന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആവശ്യപ്പെടുന്നത്.മതന്യൂനപക്ഷത്തിന്റെ പേരില്‍ കടുത്ത വിലപേശലിലൂടെ അഞ്ചാം മന്ത്രിസ്ഥാനം പിടിച്ചുവാങ്ങി.അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ മുസ്ലീം ലീഗിന്റെ മുന്നില്‍ പഞ്ചപുഛമടക്കി കീഴടങ്ങിയ കോണ്‍ഗ്രസ്സിനെ രക്ഷിക്കാനാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുലീഗിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്.സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിലപേശിവാങ്ങി വിദ്യാഭ്യാസം കച്ചവടചരക്കാക്കി മാറ്റുന്ന പ്രക്രിയയിലാണ് പലരും ഏര്‍പ്പെട്ടിരിക്കുന്നത്.വിദ്യ നേടി സ്വതന്ത്രനാകാനാണ് ശ്രീ നാരായണഗുരു ഉപദേശിച്ചതെങ്കില്‍ വിദ്യയോടൊപ്പം അടിമത്വം വിലയ്ക്കു വാങ്ങാനാണ് ചില മതനേതാക്കളും സമുദായനേതാക്കളും ആവശ്യപ്പെടുന്നത്.

                               ഈ പ്രത്യേക സാഹചര്യത്തില്‍ ശ്രീ നാരയണഗുരുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം മുറുകെ പിടിക്കാനും പ്രാവര്‍ത്തികമാക്കുവാനുമാണ് കേരളീയര്‍ ശ്രമിക്കേണ്ടത്.ഗുരുവിനെ ഓര്‍ക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സന്ദേശം നിരാകരിക്കുകയല്ല സ്വാംശീകരിക്കുകയാണ് വേണ്ടത്.ജാതിഭേദവും മതദ്വേഷവുമില്ലാതെ ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന കേരളമാണ് ഗുരു സങ്കല്‍പ്പിച്ചത്.അതിനു ഭംഗം വരുത്തുന്ന ഒന്നുംതന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല തന്നെ.

0 comments:

Post a Comment