ഒരേ സൂര്യ പ്രകാശത്തില്‍ കണ്ണുചിമ്മിയുണര്‍ന്നവര്‍
ഒരെയൊരാകാശ വൃക്ഷത്തണലില്‍ തല ചായ്ക്കുവോര്‍
ഒരേ ഭൂമി ചുരത്തും പാലമൃതം നുകരുന്നവര്‍ ,
ഒരേ മര്‍ത്ത്യകുടുംബം നാമെന്ന നേരിന്‍റെ നേര്‍മൊഴി
ഹൃദയത്തകിടില്‍ തങ്കലിപിയില്‍ ചാര്‍ത്തിവച്ചൊരെന്‍
ഗുരോ ! നീയാണെന്റെ സൂര്യന്‍ എന്നാത്മാവില്‍ ജ്വലിപ്പവന്‍
മറ്റുള്ളോര്‍ക്കന്നമായ്‌ത്തീരാന്‍ മണ്ണില്‍ വേര്‍പ്പു വിതയ്ക്കുവോര്‍
അന്നത്തി,ന്നക്ഷരത്തിന്നുമവകാശമെഴാത്തവര്‍ ,
അര്‍ദ്ധനഗ്നര്‍ ,നിഷേധിക്കപ്പെട്ട മര്‍ത്ത്യത മീളുവാന്‍
അറിവാമായുധം നേടാന്‍ അരുളിച്ചെയ്തിനെന്‍ ഗുരു.
മനീഷികള്‍ നേടിവച്ച മഹാസമ്പത്തശേഷവും
മടിക്കുത്തിലൊളിപ്പിച്ചു മാലോകര്‍ക്കന്യമാക്കിയോര്‍
താലോലിച്ചു വളര്‍ത്തീടുമസമത്വമകറ്റുവാന്‍,
അസ്പൃശ്യതയ്ക്കന്ത്യമേകാന്‍ നിസ്തന്ദ്രംയത്നമാളുവാന്‍,
ഭോജനത്തിന്നു വെവ്വേറെ പന്തിയില്ലാതെയാക്കുവാന്‍
ലോകാനുരാഗത്തിലൂടെ കൈവല്യം കൈവരിക്കുവാന്‍
മനോവാക്കര്‍മ്മങ്ങളെല്ലാമേകധാരയിലാകുവാന്‍
ആത്മാവില്‍ തൊട്ടരുള്‍ചെയ്തൊരാര്‍ദ്രകാരുണ്യമെന്‍ ഗുരു
മത്സരിക്കനല്ല,നാനാ തത്ത്വബോധികളോടു നീ
അറിയാ,നറിയിക്കാനും സംവാദത്തിനൊരുങ്ങിയോന്‍ ,
" നിന്നെ നീ കാണ്‍ക " യെന്നെന്‍റെ മുന്നില്‍ കണ്ണാടിയായവന്‍
പുത്തന്‍ മനുഷ്യോദയത്തില്‍ ശുക്രനക്ഷത്രമായവന്‍
"ഭ്രാന്താലയം" തന്നില്‍ രോഗ ശാന്തിക്കൌഷധമായവന്‍ ;
പുഴയില്‍ നിന്നെടുത്തോരു ശിലയെ ശിവനാക്കിയോന്‍;
ഗുരോ, നീയാണെന്റെ സൂര്യന്‍!! !!!!എന്നാത്മാവില്‍ ജ്വലിപ്പവന്‍!
വരൂ വീണ്ടും തമോഗര്‍ത്തം തന്നില്‍ താഴുകയാണിവര്‍ !
മതത്തിന്‍ പേരിലിന്നെന്തു മദാന്ധത ! മനസ്സില്‍ നീ
ഉദിപ്പിച്ച നവോഷസ്സിന്‍ മുഖം കാര്‍മുകില്‍ മൂടവേ ,
അറിവിന്നിന്നു കമ്പോളവില ലക്ഷങ്ങളാകവേ,
അന്നം പോലറിവും മണ്ണിന്‍ മക്കള്‍ക്കപ്രാപ്യമാകവേ ,
മാനുഷാകാരമാര്‍ന്നുള്ള ഹിംസ്രജന്തുക്കളേറവേ ,
ഇന്ത്യയേതോ പുരാകാല ഭ്രാന്തമന്ദിരമാകവേ ,
പിന്നെയും ജാതിയാല്‍ ,ജാതി കൃതമാം വൈകൃതങ്ങളാല്‍
ഭിന്നിച്ചു മര്‍ത്ത്യര്‍ തന്‍ വംശം ജീര്‍ണ്ണകോശങ്ങളാകവേ
മൃത്യുഞ്ജയമഹാമന്ത്ര മോതും മകുടിയായ് വരൂ !
അറിവും കര്‍മ്മവും ചേരും അദ്വൈത പ്രഭയായ് വരൂ
മനുഷ്യ ജാതി നാമൊന്നേയൊന്നെന്നോതിത്തരാന്‍ വരൂ !
മനുഷ്യനില്‍ മനുഷത്വ മുയിര്‍പ്പിക്കാന്‍ വരൂ വരൂ !
By : Syam Kumar : Posted in Facebook Group
1 comments:
The best poem about Guru
Post a Comment