വ്യാസജയന്തിയാണ് ഗുരുപൂര്‍ണിമയായി ആഘോഷിക്കുന്നത്. ഗുരുപരമ്പരയെന്നത് മനുഷ്യകുലത്തിന് മറക്കാന്‍ പാടില്ലാത്തതാണ്. ജീവിതത്തിന് നേര്‍വഴി കാട്ടിത്തരുന്ന ഗുരുക്കന്മാര്‍ ഗുരുപരമ്പരയെ അലങ്കരിക്കുന്നു. അറിവിന്റെ വെളിച്ചം കാണിച്ചുതരുന്ന ഈ ഗുരുക്കന്മാരെ നാം മാനിക്കണം.
വ്യാസമഹര്‍ഷിയുടെ ബ്രഹ്മസൂത്രം ശൂദ്രന് ബ്രഹ്മവിദ്യ നിഷേധിക്കുന്നുവെങ്കിലും വ്യാസനെ ബ്രഹ്മവിദ്യയുടെ പരമാചാര്യനായി കണക്കാക്കണം എന്നാണ് നടരാജഗുരുവിനെ പോലെയുള്ള ദാര്‍ശനികര്‍ പറഞ്ഞിരിക്കുന്നത്. ബ്രഹ്മവിദ്യക്ക് കെട്ടുറപ്പുള്ള ഒരടിത്തറ നിര്‍മിച്ചത് വ്യാസമഹര്‍ഷിയാണ്.
ഭഗവദ്ഗീതയിലൂടെ വ്യാസമഹര്‍ഷി പ്രദര്‍ശിപ്പിക്കുന്നത് ബ്രഹ്മവിദ്യയുടെ മൂല്യനവീകരണവും പുനപ്രതിഷ്ഠയുമാണ്. ഗീതയിലൂടെ അദ്വൈതദര്‍ശനം മൂല്യനവീകരണം ചെയ്ത് പുനഃപ്രതിഷ്ഠനടത്തിയ എല്ലാത്തരം ജീര്‍ണതകള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്നു. ഭാരതത്തില്‍ അതിപുരാതന കാലത്ത് നിലനിന്നിരുന്ന അഞ്ചുദര്‍ശനങ്ങളേയും ( ന്യായം- വൈശേഷികം,സാംഖ്യം- യോഗം, പൂര്‍വമിംമാംസ). വ്യാസന്‍ ചോദ്യം ചെയ്യുകയും വേദാന്തദര്‍ശനത്തിന് ചിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും ചെയ്യുന്നു. വ്യാസമഹര്‍ഷി ചോദ്യം ചെയ്ത് അഞ്ച് ദര്‍ശനങ്ങളും അടിസ്ഥാനപരമായി ദ്വൈത ദര്‍ശനങ്ങളാണ്. ഗീതയിലൂടെ വ്യാസന്‍ അദ്വൈതമാകുന്ന അമൃത് പ്രദര്‍ശിപ്പിക്കുന്നു.
ആറ് ദര്‍ശനങ്ങളെ ന്യായ-വൈശേഷികമെന്നും , സാംഖ്യ-യോഗമെന്നും, പൂര്‍വമീംമാംസ-ഉത്തരമീമാംസയെന്ന ും മൂന്ന് ജോടികളായിതിരിക്കാം. ഓരോ ജോടിയെയും പ്രത്യേകമെടുത്ത് പരിശോധിക്കുമ്പോള്‍ മനസ്സിലാക്കുന്നത് ജോടിയിലെ ആദ്യത്തെ ദര്‍ശനം സൈദ്ധ്യാന്തകപരമാണെങ്കില്‍ അടുത്തത് പ്രായോഗികപരമാണ്. ഭാരതീയ ചിന്തയുടെ വളര്‍ച്ചയെ പരിശോധിച്ചാല്‍ ജോടികളായി ഇനം തിരിച്ചു വച്ച ദര്‍ശനങ്ങള്‍ പരിണമിച്ച് വ്യാസന്റെ വേദാന്തദര്‍ശനത്തില്‍ എത്തിനില്‍ക്കുന്നതായി കാണാം. അനിഷേധ്യവും ആത്യന്തികവുമായ ദര്‍ശന സിദ്ധാന്തങ്ങള്‍ വേദാന്തത്തിലാണ് പ്രദര്ശിപ്പിക്കപ്പെട്ടിരിക്കു ന്നത്. ഗീതയിലെ ഓരോ അദ്ധ്യായത്തിലൂടെയും കടന്ന് പോകുമ്പോള്‍ ജീര്‍ണിച്ചുപോയ ദര്‍ശനങ്ങളുടെ മൂല്യ നവീകരണവും പുനപ്രതിഷ്ഠയും കാണാവുന്നതാണ്.
പരിശുദ്ധമായ തത്ത്വജ്ഞാനം അന്വേഷിക്കുമ്പോള്‍ വേദാന്തം ഒഴികെ മറ്റ് ദര്‍ശനങ്ങള്‍ തള്ളപ്പെടുന്നതായി കാണാം. ന്യായദര്‍ശനം വൈദികമായ മാമുലുകളെ തൊട്ടുനില്‍ക്കുന്നു. വൈശേഷികദര്‍ശനം മതപരം എന്ന നിലയിലേക്ക് തരം താണുപോയി. സാംഖ്യ-യോഗ ദര്‍ശനങ്ങളെ പരിശോധിച്ചാല്‍ സാംഖ്യം യുക്തിചിന്തക്ക് പ്രാമുഖ്യം കൊടുക്കുന്നുവെങ്കിലും യോഗത്തിലേക്ക് വരുമ്പോള്‍ ഈശ്വരനെ സങ്കല്‍പിക്കുകയാണ്. പൂര്‍വമീമാംസ വൈദികകര്‍മങ്ങളില്‍ പെട്ട് ശ്വാസം മുട്ടിയ ദര്‍ശനമാണ്. പരിശുദ്ധമായ തത്ത്വജ്ഞാനമാണ് വ്യാസന്‍ ഗീതയിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.
ഗുരുപൂര്‍ണിമ ആഘോഷിക്കുന്ന ഈ വേളയില്‍ ദര്‍ശനങ്ങളെ മൂല്യനവീകരണം ചെയ്ത് പുനപ്രതിഷ്ഠ നടത്തുന്ന അതീവസങ്കീര്‍ണമായ പ്രക്രിയയില്‍ മഹര്‍ഷി ശ്രീനാരായണന്റെ നിര്‍ണായകമായ ഇടപെടല്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നു. ശ്രീനാരായണഗുരുദേവന്‍ വേദാന്തത്തിന്റെ പരമോന്നതമായ ഹൃദയസ്പന്ദനം കേവലം 24 സൂത്രങ്ങള്‍കൊണ്ട് ആണ് പ്രദര്‍ശിപ്പിക്കുന്നത്. അദ്വൈതത്തിന് പൂണൂല്‍ അണിയിച്ച് കോലം കെട്ട കാലത്ത് ഈ കാലഘട്ടത്തിന്റെ ‘വ്യാസന്‍’ ഇടപെടുന്നു. നാരായണഗുരു വേദാന്തസൂത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നു; അഥ ച ദാത്മനോ ജിജ്ഞാസുസ്തഭിദം ബ്രഹ്മൈവാഹം ( ഇനി യാതൊന്നിനെ ലക്ഷ്യമാക്കിക്കൊണ്ടാണ് ഒരുവന്‍ ആത്മാവിനെ അറിയുവാന്‍ ജിജ്ഞാസയുള്ളവനായിരിക്കുന്നത് എന്ന് പറയാം. അതിതാണ്: ഞാന്‍ ബ്രഹ്മം തന്നെയാകുന്നു.) വേദാന്തം.
Posted on Facebook by : Prithviraj E Rajan
Posted in:
0 comments:
Post a Comment