Tuesday 2 July 2013

ശ്രീനാരായണ ധര്‍മ്മം- പഞ്ചധര്‍മ്മങ്ങള്‍

1925 - ല്‍ ശിവഗിരി മഠത്തില്‍ വെച്ച് ഗുരുദേവന്‍ അരുളി ചെയ്ത ഉപദേശങ്ങള്‍  ആണ് ശ്രീനാരായണ ധര്‍മ്മം. ഈ ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ എഴുതി ഗുരുവിനെ  കാണിച്ചു അന്നന്ന് തിരുത്തിയിരുന്നത്‌ ആത്മാനന്ദ സ്വാമികള്‍ ആയിരുന്നു.  ഗുരുശിഷ്യന്‍മാര്‍  തമ്മിലുള്ള ചോദ്യോത്തര രൂപത്തിലാണ് ഇതിന്‍റെ രചന.  എന്താണ് ശ്രീനാരായണധര്‍മ്മം എന്ന് ചുരുക്കത്തില്‍ മനസിലാക്കാന്‍ കഴിയുന്ന  സംസ്കൃതത്തിലുള്ള കൃതിയാണിത്. പത്തു സര്‍ഗ്ഗങ്ങള്‍  ആയാണ് ഇതിന്‍റെ രചന.  ആമുഖം കഴിഞ്ഞു ധര്‍മ്മാധര്‍മ്മ വിവേചനം, ജാതിമതദൈവവിചാരം, സാമാന്യധര്‍മ്മം,  ശുദ്ധിപഞ്ചകം, സൂതകം, ബാലോപചരണം, വിദ്യാരംഭം, ആശ്രമാധര്‍മ്മം,  ബ്രഹ്മചര്യം, ഗാര്‍ഹാസ്ത്യം, പഞ്ചമഹായജ്ഞ്ജം,അപരക്രീയ, സംന്യാസം എന്നിങ്ങനെ  ഒരു മനുഷ്യജീവിതത്തിന് ആവശ്യമുള്ളതെല്ലാം ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നു.

യാജ്ഞവല്ക്യസ്മൃതി,  പരാശരസ്മൃതി, മനുസ്മൃതി എന്നിങ്ങനെ ഓരോരോ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന  ആചാരങ്ങളുടെയും നടപടികളുടെയും നിയമാവലികള്‍ ആയിരുന്നു മനുഷ്യജീവിതത്തെ  നിയന്ത്രിച്ചിരുന്നത്.  ശ്രീനാരായണധര്‍മ്മം ഇരുപതാം നൂറ്റാണ്ടിലെ  ശ്രീനാരായണ സ്മൃതി ആണെന്ന് പറയാം. പഴയ സ്മൃതികളൊക്കെ  മനുഷ്യനെ വര്‍ണ്ണവും  ജാതിയും പുരുഷനും സ്ത്രീയുമൊക്കെയായി തിരിച്ച് മനുഷ്യകുലത്തിനു ദോഷമായും  ഭവിചിടുണ്ട്. ആ തെറ്റ് തിരുത്താനാണ് ശ്രീനാരായണ മഹര്‍ഷി ഈ പുതിയ സ്മൃതി  എഴുതിയത്. ജാതിമതവര്‍ഗ്ഗഭേതങ്ങള്‍ ഒന്നും കൂടാതെ മനുഷ്യരായ മനുഷ്യരൊക്കെ  ഒന്നിച്ചു കഴിയാനുള്ള നിര്‍ദേശമാണ് ഗുരുവിന്‍റെ ഈ പുതിയ ധര്‍മ്മശാസ്ത്രം  നമ്മോടു പറയുന്നത്. ഒപ്പം വ്യക്തിജീവിതം സമ്പുഷ്ടമാക്കാന്‍ നാം  അറിഞ്ഞിരിക്കേണ്ട ജീവിതചര്യകളെയും  പ്രതിപാദിച്ചിരിക്കുന്നു. ആധുനിക  മനുഷ്യന് സാമൂഹ്യ ജീവിതത്തിനുള്ള ഒരു ധര്‍മ്മകവചമാണ് ശ്രീനാരായണധര്‍മ്മം.

ശ്രീനാരായണധര്‍മ്മത്തിനു പത്തു സര്‍ഗ്ഗങ്ങള്‍ അഥവാ അദ്യായങ്ങള്‍ ആണുള്ളത്.  പത്തു സര്‍ഗ്ഗങ്ങളും കൂടി ആകെ 295  ശ്ലോകങ്ങള്‍ ഉണ്ട്. പ്രഥമ  സര്‍ഗ്ഗത്തില്‍ വര്‍ക്കലയുടെ മാഹാത്മ്യം, ശിവഗിരിയുടെ വര്‍ണ്ണന,  ആചാര്യസമര്‍തഥനം എന്നിവയുടങ്ങുന്നു. ദ്വിതീയ സര്‍ഗ്ഗത്തില്‍ ധര്‍മ്മത്തെയും  അധര്‍മ്മത്തെയും വിവേചിച്ചറിയുവാനുള്ള  ഉപദേശങ്ങള്‍ ആണുള്ളത്. ജാതി  വ്യവസ്ഥിതിയുടെ  സ്തിഥിഭേതങ്ങള്‍, തീണ്ടല്‍, തൊടീല്‍, തുടങ്ങിയ  അനാചാരങ്ങള്‍, പരമതനിന്ദ, ദൈവവിശ്വാസതിലുള്ള സ്തിഥിഭേതങ്ങള്‍ എന്നിവയും ഈ  അത്ദ്യായത്തില്‍ വിവരിക്കുന്നു. കൂടാതെ മനുഷ്യന്‍ ധര്‍മ്മത്തെ അറിഞ്ഞും  വിചാരിച്ചും അനുഷ്ട്ടിച്ചും ജീവിക്കണമെന്നും നീചവും അധമവുമായ  പ്രവൃത്തികള്‍  ആരും ചെയ്യരുതെന്നും ഉപദേശിക്കുന്നു.

തുടര്‍ന്ന് ജാതി എന്തെന്നും ജാതിയുടെ ലക്ഷണം എന്തെന്നും ശാസ്ത്രീയമായി  ദൃഷ്ടാന്ത സഹിതം വെളിപ്പെടുത്തുന്നു. മതം വിഭിന്നങ്ങളായി  തോന്നുന്നതെന്തുകൊണ്ട് ആണെന്നും മതങ്ങളുടെ പ്രധാന തത്വങ്ങള്‍ തമ്മില്‍  ഭേതമില്ലാത്തതുകൊണ്ട് മതം ഒന്നെയുള്ളുവെന്നും അതുകൊണ്ട് മതം അനേകം  ആണെന്നുള്ള വാദകോലാഹലങ്ങള്‍ നിരര്ഥകമാണ് എന്നും വ്യക്തമാക്കുന്നു. ദൈവം രണ്ടെന്നോ അനെകമെന്നോ ഒരു മത തത്വങ്ങളിലും പ്രതിപാദിക്കപ്പെടാതതുകൊണ്ട് ജാതിയും  ഒന്ന് മതവും ഒന്ന് എന്നത് പോലെ ദൈവവും ഒന്ന് തന്നെയെന്നു സിദ്ധമാകുന്നതായി  പ്രഖ്യാപിച്ചുകൊണ്ട് രണ്ടാം സര്‍ഗ്ഗം അവസാനിക്കുന്നു.

തൃതീയ സര്‍ഗ്ഗത്തില്‍ സാമാന്യ ധര്‍മ്മങ്ങളുടെ വിവരണമാണ് ഉള്ളത്.  ജീവിതത്തിന്‍റെ ശ്രേയസ്സിനായി അനുഷ്ട്ടിക്കേണ്ട ധര്‍മ്മങ്ങളെ അഞ്ചായി  തിരിച്ച് ആദ്യം  പ്രതിപാദിക്കുന്നു.

അഹിംസ, സത്യം, ആസ്തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം എന്നിവയാണ്  പഞ്ചധര്‍മ്മങ്ങള്‍.

മനസ്സാ വാചാ കര്‍മ്മണാ യാതൊരു ജീവിയേയും  ഉപദ്രവിക്കാതിരിക്കുക എന്ന ആഹിമ്സാധര്‍മ്മമാണ് സര്‍വ ധര്‍മ്മങ്ങളിലും  ശ്രേഷ്ട്ടമായിടുള്ളത്.

സത്യം സനാതനവും ശ്വാശ്വതവുമാകയാല്‍ സത്യം പറയണം.  സത്യത്തെ മുന്‍നിര്‍ത്തി ജീവിക്കുന്നവന്‍ യഥാര്‍ത്ഥ യോഗി ആകുന്നു.  അത്തരമൊരാള്‍ എന്ത് തന്നെ പറഞ്ഞാലും അത് ഫലിക്കുന്നു.

അന്യന്‍റെ ധനത്തെ  അപഹരിക്കുന്നതും അതെക്കുറിച്ച് ചിന്തിക്കുന്നതും മോഷണമാണ്. അത് സകല  ആപത്തുകളെയും വരുത്തിവെയ്കുന്നതും മാനഹാനി ഉണ്ടാക്കുകയും ചെയ്യുന്നതാണ്.  മോഷ്ടാവിനെ ആളുകള്‍ പേപ്പട്ടിയെന്നപോലെ ദൂരേക്ക്‌ ആട്ടിപ്പായിക്കുന്നു.  ആകയാല്‍ ആരും മോഷ്ട്ടിക്കരുത്. മോഷ്ട്ടിക്കാതിരിക്കലാണ് ആസ്തേയം.

കാമ  സങ്കല്പങ്ങളോടെ അന്യസ്ത്രീകളെ നോക്കുന്നതും അവരുമായി സംസാരിക്കുന്നതും  ഇടപെടുന്നതുമെല്ലാം വ്യഭിചാരവൃത്തിയാകുന്നു. വ്യഭിചാര കര്മ്മത്താല്‍  സ്ഥാനം, മാനം, ധനം, ജ്ഞാനം, ആചാരം, കുലം, പ്രാണന്‍, ഇവെയ്കെല്ലാം അകാലനാശം  ഉണ്ടാകുന്നതാണ്.

മദ്യം ശരീരത്തിന് ദുര്‍ഗ്ഗന്ധവും ബുദ്ധിക്കു ഭ്രമവും മഹാപാപത്തെ  ഉണ്ടാക്കുന്നതുമാണ്‌. കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില അടങ്ങിയതെല്ലാം  മദ്യത്തിന്റെ പട്ടികയില്‍ പെടുന്നതാകെയാല്‍ അവ ഉണ്ടാക്കുകയോ വില്‍ക്കുകയോ  വാങ്ങുകയോ ശേഖരിക്കുകയോ ചെയ്യരുത്. മദ്യപാനിയെ അവന്‍റെ മാതാപിതാക്കളും  സന്താനങ്ങളും സഹോദരങ്ങളും  ഭാര്യയും ഈശ്വരന്‍ പോലും വെറുക്കുന്നു.  മദ്യപന്റെ തുണിയും വീടും നാറുന്നതാണ്.അവന്‍ തൊടുന്നതെല്ലാം   ദുര്‍ഗ്ഗന്ധമുള്ളതായിത്തീരും. അതുകൊണ്ട് ആരും മദ്യപിക്കരുത്.

ഇങ്ങനെ  പഞ്ചധര്‍മ്മങ്ങളെ ഓരോന്നോരോന്നായി വിശദീകരിച്ചും അവയുടെ ഗുണദോഷങ്ങള്‍  വ്യക്തമാക്കിയും ഈ സര്‍ഗ്ഗം അവസാനിപ്പിക്കുന്നു.

By Jalaja Mohan  Posted in Facebook Group 

0 comments:

Post a Comment