Wednesday, 10 July 2013
സദ്ഗുരു മഹര്‍ഷി മലയാള സ്വാമികള്‍
ഓം നമോ ഭഗവതേ ശ്രീ മലയാള യതീന്ദ്രായ
ഭാരതീയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരില്‍ ആത്മജ്ഞാനികളായ സന്യാസിവര്യന്മാര്‍ ഏറെയാണ്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരുസ്വാമികള്‍ എന്നിവരുടെ പേരുകള്‍ ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആന്ധ്രയുടെ ആത്മീയവും ഭൗതികവുമായ ഉണര്‍വ്വിന്റെ ആചാര്യന്‍ ശ്രീ സദ്ഗുരു മഹര്‍ഷി മലയാള സ്വാമികള്‍ ആണെന്ന് പറയാം.
ലോകം മുഴുവന്‍ അറിയപ്പെടുന്ന ഇന്ത്യയിലെ തന്നെ മഹത് ക്ഷേത്രങ്ങളില്‍ തെക്കേ ഇന്ത്യയിലെ പ്രസിദ്ധ ക്ഷേത്രമായ കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ശ്രീ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് 12 കിലോമീറ്റര്‍ തെക്കുഭാഗത്ത് നീങ്ങി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമം. കിഴക്കുഭാഗത്തുകൂടി ഒഴുകി വടക്കുഭാഗത്തുകൂടി പടിഞ്ഞാറ് അറബിക്കടലില്‍ ചെന്നു ചേരുന്ന കനോലി കനാലിനാല്‍ മൂന്നു ഭാഗവും ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ ഭൂപ്രകൃതിയുള്ള ഗ്രാമമാണ് ഏങ്ങണ്ടിയൂര്‍. ആ ഗ്രാമത്തില്‍ കനോലി കനാലിന്റെ തീരത്ത് വേട്ടയ്‌ക്കൊരു മകന്‍ കടവിനടുത്തായി സ്ഥിതിചെയ്യുന്ന മേലേടത്ത് തറവാട് എന്ന ഒരു സാധാരണ കുടുംബത്തിലാണ് വേലപ്പന്‍ എന്ന് പൂര്‍വ്വനാമമുള്ള മലയാളസ്വാമികളുടെ ജനനം. 1885 മാര്‍ച്ച് 27-ാം തിയ്യതി വെള്ളിയാഴ്ച ശ്രീ മേലേടത്ത് കറപ്പന്റെയും ശ്രീമതി നൊട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി ശ്രീ വേലപ്പന്‍ ഭൂജാതനായി. ഇദ്ദേഹമാണ് പിന്നീട് മലയാളസ്വാമികള്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന അസംഗാനന്ദഗിരി സ്വാമികള്‍ ആയത്. കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മൃദുവായ കിടക്കയില്‍ നിന്നു മാറി വെറും നിലത്തേയ്ക്ക് നീന്തിവന്ന് കിടക്കുമായിരുന്നു. ബാല്യകാലത്തുതന്നെ വേലപ്പന്‍ മറ്റു കുട്ടികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിട്ടാണ് കാണപ്പെട്ടിരുന്നത്. ഈശ്വരഭക്തി, പ്രാണികളോടുള്ള അനുകമ്പ, മനുഷ്യസ്‌നേഹം എന്നിങ്ങനെയുള്ള സാത്വികഗുണങ്ങളാണ് വേലപ്പനില്‍ നിറഞ്ഞ് നിന്നിരുന്നത്. മണിക്കൂറുകളോളം ആ കുട്ടി ധ്യാനനിരതനായി ഇരിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. കൗമാര പ്രായത്തിലേക്ക് പ്രവേശിച്ച വേലപ്പന്റെ ഭക്തി, പ്രായത്തോടൊപ്പം വര്‍ദ്ധിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം സാധാരണ പോലെ അഞ്ചാം വയസ്സില്‍ തിരുനാരായണ യു.പി. സ്‌കൂളില്‍വെച്ച് ആരംഭിച്ചു. നാട്ടിന്‍പുറത്ത് രാമായണമോ ഭാഗവതമോ പാരായണം ചെയ്യുന്നതു കേട്ടാല്‍ അവിടെ ചെന്ന് ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുക പതിവായിരുന്നു. കുട്ടിക്കാലത്തു തന്നെ സന്യാസിമാരെക്കുറിച്ചോ ശ്രേഷ്ഠവ്യക്തികളെക്കുറിച്ചോ ആശ്രമങ്ങളെക്കുറിച്ചോ കേട്ടാല്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും മാത്രമല്ല ജ്ഞാനികളെയും ഭിക്ഷാംദേഹികളെയും സാധുജനങ്ങളെയും കണ്ടാല്‍ വീട്ടില്‍ വിളിച്ചുവരുത്തി ഭക്തിപുരസ്സരം പരിചരിക്കുകയും കഴിയുംവിധത്തില്‍ ഭക്ഷണം നല്‍കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ശ്രീ വേലപ്പഭക്തന്‍ സിദ്ധശിവലിംഗദാസ സ്വാമികളെക്കുറിച്ച് കേള്‍ക്കാനിടയായി. സ്വാമികള്‍ അന്ന് ശ്രീനാരായണ ഗുരുദേവന്റെ ആജ്ഞയനുസരിച്ച് പെരിങ്ങോട്ടുകരയില്‍ ഒരു ആശ്രമം സ്ഥാപിച്ച് തദ്ദേശീയരുടെ മതപരവും ലൗകികവുമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച് വരികയായിരുന്നു. വേലപ്പഭക്തന്‍ ശിവലിംഗസ്വാമികളുടെ ശിഷ്യനായിത്തീര്‍ന്നു. സ്വാമികളില്‍ നിന്ന് അദ്ദേഹം ഉപനിഷത്തുക്കളും, ഗീതയും, ബ്രഹ്മസൂത്രവും പഠിച്ചു. അതിലുപരിയായി ശ്രീനാരായണഗുരുവിന്റെ മഹത്തായ ദര്‍ശനങ്ങള്‍ അദ്ദേഹം ഉള്‍ക്കൊണ്ടു.
ബ്രഹ്മശ്രീ ശിവലിംഗസ്വാമികള്‍ വേലപ്പഭക്തനെ തന്റെ ശിഷ്യനായി അംഗീകരിക്കുക മാത്രമല്ല അദ്ദേഹത്തിന് സിദ്ധോപദേശം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. ആ ഗുരുശിഷ്യബന്ധം വേലപ്പഭക്തരില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി. സംസ്‌കൃതപഠനത്തിനും അതുവഴി വേദാന്തധര്‍മ്മങ്ങളെപ്പറ്റിയും സര്‍വ്വമത സാരങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഏകദേശം 4 വര്‍ഷം അദ്ദേഹം പെരിങ്ങോട്ടുകര ആശ്രമത്തില്‍ ഗുരുകുലവാസം ചെയ്തു. ഇടയ്‌ക്കെല്ലാം നാരായണഗുരുവിന്റെ സന്ദര്‍ശനവും അവിടെയുണ്ടാവുക പതിവായിരുന്നു. ഗുരുവിന്റെ മഹാസന്ദേശങ്ങള്‍ വേലപ്പഭക്തരില്‍ വലിയ സ്വാധീനം ചെലുത്തി. അപരനുവേണ്ടി സഹര്‍നിശം പ്രയത്‌നിക്കാന്‍ പ്രേരണയുണ്ടായി അതിന്റെ വെളിച്ചത്തില്‍ വേലപ്പഭക്തര്‍ പെരിങ്ങോട്ടുകരയില്‍ ഒരത്താണി സ്ഥാപിച്ചു. ഒരു കിണര്‍ കുഴിപ്പിച്ചു. കന്നുകാലികള്‍ക്ക് വെള്ളം കുടിക്കാന്‍ ഒരു കരിങ്കല്‍ തൊട്ടി നിര്‍മ്മിച്ചു. യഥാര്‍ത്ഥത്തില്‍ അതൊക്കെ മാത്രമേ വേലപ്പഭക്തരുടെ സ്മാരക പ്രവര്‍ത്തനങ്ങളായി കേരളത്തില്‍ അവശേഷിക്കുന്നുള്ളൂ.
ബ്രഹ്മചാരിയെന്ന നിലയില്‍ ആശ്രമത്തില്‍ താമസിച്ച് പഠനം തുടര്‍ന്ന വേലപ്പന്‍ ശിവലിംഗസ്വാമികളുടെ നിര്‍ദ്ദേശപ്രകാരം ഒരിക്കല്‍ ശ്രീനാരായണഗുരുവിനെ ചെന്നുകണ്ട് അനുഗ്രഹം വാങ്ങുകയുണ്ടായി. ശ്രീനാരായണഗുരുവിന്റെ ദാര്‍ശനികവും പ്രായോഗികവുമായി സിദ്ധാന്തങ്ങള്‍ നാരായണാശ്രമത്തില്‍ നിന്നും പരിചയിച്ചിരുന്ന വേലപ്പന് ഈ കൂടിക്കാഴ്ച ഒരര്‍ത്ഥത്തില്‍ വരപ്രാപ്തിയായിരുന്നു. സന്യസിക്കുവാനുള്ള ആഗ്രഹം അടക്കാനാവാതെയായപ്പോള്‍ തന്റെ ഗുരുവായ ശിവലിംഗദാസ സ്വാമികളോട് ആഗ്രഹം തുറന്നുപറഞ്ഞു.
ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം രോഗാതുരയായ മാതാവിനെ പരിചരിക്കാന്‍ സ്വഗൃഹത്തിലേക്ക് തിരിച്ചുവന്ന വേലപ്പഭക്തര്‍ വീട്ടിലെത്തിയിട്ടും ഒരു സന്യാസജീവിതമാണ് നയിച്ചത്. മകന്റെ സന്യാസിഭാവം കണ്ട് മാതാപിതാക്കള്‍ വ്യാകുലപ്പെട്ടു. മൂത്ത ജ്യേഷ്ഠന്മാര്‍ രണ്ടുപേരും വിവാഹിതരായി കഴിഞ്ഞിരുന്നു. അടുത്ത ഊഴം തന്റേതാണെന്ന് യുവാവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഗൃഹാന്തരീക്ഷത്തില്‍ താമസിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ജീവിതത്തിന്റെ പരമമായ സത്യം താന്‍ ഏകാനായി അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആയതിനാല്‍ 18-ാം വയസ്സില്‍ ഒരര്‍ദ്ധരാത്രി സമയത്ത് അദ്ദേഹം വീടുവിട്ടിറങ്ങി നഗ്നപാദനായി ഭാരതം മുഴുവന്‍ സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ദീര്‍ഘമായ യാത്രയിലാണ് അദ്ദേഹം ഏര്‍പ്പെട്ടത്.
കര്‍ണ്ണാടകയിലാണ് ആദ്യമായി അദ്ദേഹം എത്തിച്ചേര്‍ന്നത്. ഉടുപ്പിയില്‍ മാധവാചാര്യരുടെ ആശ്രമത്തില്‍ കുറേനാള്‍ താമസിച്ച് അദൈ്വതം പഠിച്ചു. പിന്നീട് പശ്ചിമതീരത്തുകൂടി മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ചു. സൗകര്യമുള്ളിടത്ത് തങ്ങിയും വിശുദ്ധരും ജ്ഞാനികളുമായ ആചാര്യന്മാരെ സന്ദര്‍ശിച്ചും ആ യാത്ര തുടര്‍ന്നു. ഹരിദ്വാര്‍, ഋഷികേശ്, ബദരീനാഥ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാശി വഴി ഗംഗയിലും കൊല്‍ക്കത്തയിലും എത്തി. അവിടെ നിന്ന് ദക്ഷിണേന്ത്യ ലക്ഷ്യമാക്കി തീര്‍ത്ഥാടനം തുടര്‍ന്നു. അവസാനം തിരുപ്പതിയിലെത്തി. അവിടെ ഗോഗര്‍ഭ പാണ്ഡവഗുഹയില്‍ തപസ്സനുഷ്ഠിച്ചു. പന്ത്രണ്ടര കൊല്ലം അവിടെ കഴിച്ചുകൂട്ടി. നാടും വീടും വിട്ട് എന്തിനുവേണ്ടി മഹാത്യാഗം ചെയ്തുവോ അതിന്റെ ശരിയായ ഫലം ആത്മസാക്ഷാത്ക്കാരം ആ സാധകന് കൈവന്നു. സര്‍വ്വരാലും ആരാധ്യനായ ഒരു മഹാത്മാവായി ആ ബ്രഹ്മചാരി രൂപാന്തരപ്പെട്ടു. തപസ്സനുഷ്ഠിക്കുന്ന സമയത്ത് തീര്‍ത്ഥാടനകേന്ദ്രമായ തിരുപ്പതിയില്‍ വരുന്നവരും അവിടെ തന്നെയുള്ളവരും ഗോഗര്‍ഭഗുഹയില്‍ തപസ്സിരിക്കുന്ന മുനിമാരും പേരറിയാത്തതിനാല്‍ കാഴ്ചയില്‍ മലയാളിയാണെന്ന് തോന്നിയതിനാലും അവര്‍ മലയാളസ്വാമിയെന്ന പേര് വിളിച്ചുതുടങ്ങി. അങ്ങനെയാണ് മലയാളസ്വാമി എന്ന നാമം അദ്ദേഹത്തിന് ലഭിച്ചത്. ഈ കാലയളവില്‍ അദ്ദേഹം രചിച്ച പ്രധാന ഗ്രന്ഥങ്ങളിലൊന്നായ ശുഷ്‌കവേദാന്ത തമോഭാസ്‌കരം എന്ന കൃതി എഴുതി ഭക്തര്‍ക്ക് നല്‍കിയത്. പല പണ്ഡിതന്മാരും മറ്റുള്ളവരും അത് വായിച്ച് സ്വാമിയുടെ കഴിവ് മനസ്സിലാക്കിയതോടെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സ്വാമിയുടെ അനുയായികളായി മാറി.
നിത്യവും വെങ്കിടേശ്വര തിരുപ്പതി ക്ഷേത്രത്തില്‍ ചെന്ന് സ്വാമി ധ്യാനിക്കുമായിരുന്നു. വെങ്കിടേശ്വരന് തുളസിമാല സമര്‍പ്പിക്കാനായി അവിടെ ധാരാളം തുളസിച്ചെടികള്‍ സ്വാമിജി വളര്‍ത്തിയിരുന്നു. സ്വാമികളുടെ ഭക്ഷണം ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന നിവേദ്യമായിരുന്നു. ചിലപ്പോള്‍ ഗുഹാപരിസരത്തുള്ള ഭക്തന്മാര്‍ ഭക്ഷണം പാകംചെയ്ത് നല്‍കും. വെങ്കിടേശ്വര ക്ഷേത്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി, അവിടങ്ങളില്‍ പിച്ചതെണ്ടുകയും ദൂഷിതവലയത്തില്‍ അകപ്പെടുവാന്‍ സാധ്യതയുള്ളവരുമായ കുട്ടികള്‍ക്കുവേണ്ടി ഒരു വിദ്യാലയം ആരംഭിക്കുവാന്‍ സ്വാമികള്‍ ഏര്‍പ്പാട് ചെയ്തു. വൈകീട്ട് 6 മണി മുതല്‍ 8 വരെയായിരുന്നു സ്‌കൂള്‍ സമയം. നിത്യവും ഹാജരാവുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ദൈനംദിന പാഠങ്ങള്‍ അന്നന്ന് മനപാഠമാക്കുക, പുകവലിക്കാതിരിക്കുക, ഇതായിരുന്നു സ്വാമിജി കുട്ടികള്‍ക്കു നല്‍കിയിരുന്ന ഉപദേശം. നാലം മാസം കഴിഞ്ഞപ്പോഴേക്കും നാലു കുട്ടികള്‍ ഒഴികെ മറ്റാരും വരാതായി. ഈ നാലുപേര്‍ക്കും സ്വാമി സംസ്‌കൃതം പഠിപ്പിച്ചു. ഇതൊരു തുടക്കമായിരുന്നു. ആന്ധ്രയില്‍ മലയാള സ്വാമികളുടെ വിദ്യാഭ്യാസപരവും സാമൂഹ്യപരിഷ്‌കരണപരവുമായ മഹാപ്രസ്ഥാനം തിരുപ്പതിയില്‍ നിന്നും ആരംഭിച്ചു.
കോട്ടബേഡു എന്ന സ്ഥലത്താണ് മലയാളസ്വാമി ആദ്യമായി ഒരു മഠം സ്ഥാപിച്ചത്. 1922ല്‍ അവിടുത്തെ ജനങ്ങള്‍ 6 ഏക്കര്‍ സ്ഥലം ദാനം നല്‍കി. എന്നാല്‍ നികുതി അടയ്ക്കാത്തതിനാല്‍ വെങ്കിടഗിരി രാജാവ് സ്വാമിജിക്കെതിരെ കേസെടുത്തു. എന്നാല്‍ സ്വാമിജിയുടെ പ്രശസ്തിയും മഹത്വവും മനസ്സിലാക്കി രാജാവ് കേസ് പിന്‍വലിക്കുകയും നികുതി സ്വയം അടയ്ക്കുകയും ചെയ്തു. ഗോഗര്‍ഭയില്‍ താമസിക്കുന്ന കാലത്താണ് സ്വാമിജി സുപ്രസിദ്ധമായ ശുഷ്‌ക്കവേദാന്ത തമോഭാസ്‌ക്കരം എന്ന സിദ്ധഗ്രന്ഥം എഴുതിയത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയേയും തെറ്റായ ആചാരങ്ങളേയും എതിര്‍ക്കുന്നതായിരുന്നു ഈ ഗ്രന്ഥം. വേദോപനിഷത്തുക്കള്‍ക്ക് സ്വാമിജി നല്‍കിയ വ്യാഖ്യാനം സവര്‍ണ്ണരെ ശുണ്ഠിപിടിപ്പിക്കുകയുണ്ടായി. ഈ ഉത്തമഗ്രന്ഥം കൂടാതെ ശ്രീ വെങ്കിടേശ്വരപൂജ, പഞ്ചരത്‌നമാല, ധ്യാനമൃതം എന്നീ പ്രസിദ്ധ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ശ്രീ തിരുപ്പതി വെങ്കിടേശ്വര പൂജ, ജാതിമതഭേദമില്ലാതെ ആര്‍ക്കും ചെയ്യാമെന്ന് അദ്ദേഹം എഴുതിയിരുന്നു. അത് അവിടത്തെ പുരോഹിതരെ കോപാകുലരാക്കി. ഇതുകൂടാതെ തെലുങ്കിലും സംസ്‌കൃതത്തിലുമായ 125ഓളം കൃതികള്‍ കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിനു പുറമെ കുറെ പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികള്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആശ്രമത്തില്‍ പണം മിച്ചം വരുമ്പോള്‍ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനായി അത് ചെലവഴിക്കും. പണം ഒരിടത്ത് സൂക്ഷിച്ചാല്‍ അത് കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോകും. പുസ്തകങ്ങള്‍ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ അത് നല്ല ഉപയോഗത്തിനായിരിക്കും എന്നത്രെ സ്വാമികളുടെ വാദം.
ജാതീയമായ വിഭാഗീയത വളരെ ആഴത്തില്‍ വേരോടിയിരുന്ന തെലുങ്കുദേശത്ത് മലയാളസ്വാമികളുടെ പരിഷ്‌കരണവാദത്തിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായി. തിരുപ്പതി സന്നിധാനത്തില്‍ വരുന്ന ജനങ്ങള്‍ ഗോഗര്‍ഭയിലേക്ക് ഒഴുകുവാന്‍ തുടങ്ങി. ക്ഷേത്രഭാരവാഹികള്‍ മലയാളസ്വാമികളെ തിരുപ്പതിമലയില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ പ്രവര്‍ത്തിച്ചു. അവസാനം 1926ല്‍ മലയാളസ്വാമി തിരുപ്പതി മലയില്‍ നിന്നും വലിയ ഒരു സംഘം ഭക്തന്മാരുടേയും ശിഷ്യന്മാരുടേയും ഒപ്പം മലയിറങ്ങി. തുടര്‍ന്ന് അതേ വര്‍ഷം തന്നെ ശ്രീകാളഹസ്തി താലൂക്കില്‍ യേര്‍പ്പേട് ഗ്രാമത്തിലുള്ള ശ്രീനന്ദിപര്‍വ്വത താഴ്‌വരയില്‍ 1926 ജൂണ്‍ 3ന് ആ മഹര്‍ഷി സത്തമന്‍ ശ്രീ വ്യാസാശ്രമം സ്ഥാപിച്ചു. അവിടെ ഒരു പുല്‍കുടീരം തീര്‍ത്ത് അതില്‍ താമസമാരംഭിക്കുകയും ചെയ്തു. കാളഹസ്തിയിലെ രാജാവ് ശ്രീകുമാര വെങ്കിടലിംഗമാണ് ആശ്രമത്തിന് വേണ്ട സ്ഥലം ദാനം നല്‍കിയത്. 1927ല്‍ വ്യാസാശ്രമത്തില്‍ നിന്നും സ്വാമികളുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ ഭാരതി എന്ന പേരില ഒരു മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. ഇന്നും അത് മുടങ്ങാതെ പ്രസിദ്ധീകരിച്ചുവരുന്നുണ്ടെന്ന് മാത്രമല്ല അത് അച്ചടിക്കുന്നതിനുവേണ്ടി ഒരു ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ്സ് തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്.
മലയാളസ്വാമിയെന്ന ലോകഗുരു ആര്‍ഷസംസ്‌കാരത്തെ, യഥാര്‍ത്ഥ സനാതന ധര്‍മ്മങ്ങളെ അത്യന്തം പരിപാലിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ശ്രമിക്കുകയുണ്ടായി. തപോബലം കൊണ്ടുണ്ടായ യോഗജ്ഞാനം ലോകനന്മയ്ക്കായി കാഴ്ചവെക്കാന്‍ സ്വാമികള്‍ ബദ്ധശ്രദ്ധനായി. സാധാരണ ജനങ്ങളില്‍ യഥാര്‍ത്ഥമായ ആത്മീയബോധം ഉളവാക്കുവാന്‍ വേണ്ടി സനാതന വേദാന്തജ്ഞാനസഭ എന്ന പേരില്‍ സ്വാമിജി മുന്‍കൈയെടുത്ത് അനേകം സമ്മേളനങ്ങള്‍ നടത്തി. ഇന്നും അത്തരം വേദാന്തസമ്മേളനങ്ങള്‍ ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലായി കൊല്ലംതോറും നടന്നുവരുന്നു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആ സമ്മേളനങ്ങളില്‍ വെച്ച് ഗീതയും, ഉപനിഷത്തുക്കളും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും വിവരിച്ചുകൊടുത്തുകൊണ്ടിരുന്നു. ഇന്നും അത് വളരെ ഭംഗിയായി നടന്നുവരുന്നു.
മലയാള സ്വാമികളുടെ പ്രവര്‍ത്തനങ്ങളിലൊന്നുംതന്നെ ജാതീയമായ പരിഗണന ഉണ്ടായിരുന്നില്ല. ദൈവം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്; ദൈവം ഒരു സമുദായത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രത്തിന്റെയോ മാത്രമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സുവ്യക്തദര്‍ശനം. 1948ല്‍ നടത്തിയ ചാതുര്‍മാസ്യവ്രതത്തില്‍ പങ്കെടുത്ത ഹരിജനങ്ങള്‍ എഴുതിയ കത്ത് ഇപ്രകാരമായിരുന്നു. പരമദയാലുവായ സ്വാമിജി, പറയത്തക്ക യാതൊരു ആഗ്രഹവും കൂടാതെ അവിടുന്ന് ഞങ്ങളെ തത്വജ്ഞാനം പഠിപ്പിച്ചു. കേള്‍ക്കുവാനും പഠിക്കുവാനുമുള്ള അവസരം മാത്രമല്ല ഇവിടെ ഒന്നിച്ച് ഭക്ഷിക്കുവാനും താമസിക്കുവാനും എല്ലാ ചടങ്ങുകളിലും ഒന്നിച്ച് കൂടുവാനും അത് അവസരം ഉണ്ടാക്കിത്തന്നു.
ശ്രീനാരായണഗുരുവിനെപ്പോലെ മലയാളസ്വാമിയും വിദ്യാഭ്യാസത്തിന് പരമമായ സ്ഥാനമാണ് നല്‍കിയത്. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസംകൊണ്ട് മാത്രം സ്വാമികള്‍ സംതൃപ്തനായില്ല. ആത്മീയ വികാസത്തിന് സംസ്‌കൃത വിദ്യാഭ്യാസം അനുപേക്ഷണീയമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആന്ധ്രയില്‍ താഴ്ന്ന ജാതിക്കാര്‍ക്കും സ്ത്രീകള്‍ക്കും സംസ്‌കൃതം പഠിക്കുവാന്‍ അവകാശം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലേക്ക് അവര്‍ക്ക് പ്രവേശിക്കുവാനും കഴിഞ്ഞിരുന്നില്ല. മലയാളസ്വാമികളാണ് അവര്‍ക്കിടയില്‍ ആദ്യമായി സംസ്‌കൃത വിദ്യാഭ്യാസം പ്രചരിപ്പിച്ചത്. വ്യാസാശ്രമത്തിലെ സംസ്‌കൃതസ്‌കൂളില്‍ നിന്ന് പഠിച്ചുപോയ പണ്ഡിതന്മാര്‍ ഇന്ന് ഇന്ത്യയില്‍ അത്യുന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്. സ്വാമികള്‍ ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം സ്ത്രീകളുടെ വിദ്യാഭ്യാസമായിരുന്നു. അഭ്യസ്തവിദ്യരായ അമ്മമാര്‍ക്ക് മാത്രമേ സ്വഭാവശുദ്ധിയും ഓജസ്സുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുവാന്‍ കഴിയുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഞാന്‍ നിങ്ങള്‍ക്ക് തരുന്ന അതേ നാണയം - സ്‌നേഹം - നിങ്ങള്‍ മറ്റുള്ളവര്‍ക്കും നല്‍കുക. സ്‌നേഹം ഒരു നാണയമാണ്; ഏതു രാജ്യത്തും വിനിമയമുള്ള നാണയം. ഈ ഉദ്‌ബോധനത്തില്‍ അദ്ദേഹത്തിന്റെ ജീവിത ദര്‍ശനം സുവ്യക്തമാണ്.
നാരായണഗുരുവിനെപ്പോലെ മലയാളസ്വാമികളും വെള്ളവസ്ത്രധാരിയായിരുന്നു. മലയാള സ്വാമികള്‍ക്ക് കാവിവസ്ത്രം ധരിക്കേണ്ടിവന്നത് തന്റെ ശിഷ്യന്മാരായ സന്യാസിമാരുടെ നിര്‍ബന്ധത്തിലാണ്. വിദ്യാഭ്യാസത്തിനും മറ്റുമായി ഉത്തരേന്ത്യയിലും മറ്റ് ആശ്രമങ്ങളിലും ചെന്ന ശിഷ്യന്മാര്‍ക്ക് ഗുരുവിന്റെ വെള്ള വസ്ത്രധാരണം പ്രയാസമുണ്ടാക്കി. വെള്ള വസ്ത്രം ധരിച്ച ഗുരുവിന്റെ ശിഷ്യന്മാരെ കാവിവേഷധാരികളായ സന്യാസിമാര്‍ സ്വീകരിച്ചില്ല. ഇക്കാരണത്താല്‍ മലയാളസ്വാമികള്‍ 1936ല്‍ സ്വാമിയുടെ ശിഷ്യന്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ശ്രീനാരായണഗുരുവിന്റെ പ്രധാന ശിഷ്യരില്‍ ഒരാളായ ശ്രീ ശങ്കരാനന്ദയതീശ്വര സ്വാമികളില്‍ നിന്ന് കാശിയില്‍ വെച്ച് സന്യാസം സ്വീകരിച്ചു. കൂടാതെ അസംഗാനന്ദഗിരി എന്ന സന്യാസനാമവും സ്വീകരിച്ചു.
36 സംവല്‍സരക്കാലം വ്യാസാശ്രമത്തില്‍ ആശ്രമ പ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും മുഴുകി ജീവിതം കഴിച്ചുകൂട്ടി. തന്റെ 77-ാം വയസ്സില്‍ 1962 ജൂലായ് 12-ാം തിയ്യതി (വിശാഖം നക്ഷത്രത്തില്‍) മഹാസമാധി പ്രാപിച്ചു. ആന്ധ്രയില്‍ ആദ്ധ്യാത്മിക രംഗത്ത് ഒരു അനശ്വര നക്ഷത്രമായി ഇന്നും മഹര്‍ഷി മലയാള സ്വാമികള്‍ എന്നറിയപ്പെടുന്ന അസംഗാനന്ദഗിരി സ്വാമികള്‍ വിരാചിക്കുന്നു.
160 ഏക്കര്‍ ഭൂമിയാണ് യേര്‍പ്പേഡ് ആശ്രമത്തിന്റെ വിസ്തൃതി. 145 ഏക്കര്‍ വയലാണ്. അവിടെ നിന്ന് ലഭിക്കുന്ന അരി ആശ്രമത്തില്‍ എത്തുന്ന ഭക്തര്‍ക്ക് അന്നദാനത്തിനായി ഉപയോഗിക്കുന്നു. 1985ല്‍ സ്വാമിജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ആശ്രമ പരിസരത്ത് 108 അടിയോളം ഉയരമുള്ള കാലടിയിലെ ശങ്കരാചാര്യ സ്തൂപത്തിനോട് സാദൃശ്യമുള്ള ഒരു സ്തൂപം പണികഴിപ്പിച്ചിട്ടുണ്ട്. ശതാബ്ദിയോടനുബന്ധിച്ച് ഏങ്ങണ്ടിയൂരിലെ ജന്മഗൃഹത്തിനോട് ചേര്‍ന്ന് ഒരു സ്മാരക മന്ദിരവും പണികഴിപ്പിച്ചിട്ടുണ്ട്. 2001 മാര്‍ച്ച് 9 മുതല്‍ 5 ദിവസം നീണ്ടുനിന്ന വ്യാസാശ്രമത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ആന്ധ്ര മുഖ്യമന്ത്രി, ഗവര്‍ണര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തുകൊണ്ട് ആഘോഷിക്കപ്പെട്ടു. രണ്ടു കോടി രൂപയായിരുന്നു അതിന് ചെലവ് കണക്കാക്കിയിരുന്നത്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആശ്രമപരിസരത്ത് 45 ലക്ഷം രൂപ ചെലവാക്കി മലയാളസ്വാമിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രപ്രദര്‍ശനവും ലൈബ്രറി എന്നിവയും അടങ്ങിയ ഒരു പ്രദര്‍ശനശാല ഒരു മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ സ്വാമികളുടെ സമ്പൂര്‍ണ്ണ ഗ്രന്ഥങ്ങളെ സമാഹരിച്ച് ശ്രീ മലയാള സദ്ഗുരു ഗ്രന്ഥാവലി എന്ന് നാമകരണം ചെയ്തിട്ടുള്ള പതിനായിരം പേജുകളുള്ള പുസ്തകം 20 വാല്യങ്ങളായി അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആന്ധ്ര, ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 150ല്‍ പരം ആശ്രമങ്ങളില്‍ ഇപ്പോഴും മലയാളസ്വാമികളുടെ പ്രതിമ വെച്ച് ദൈവതുല്യം ആരാധിച്ചുവരുന്നു. ആശ്രമങ്ങളോട് ബന്ധപ്പെട്ട് ഇപ്പോഴും പല സാമൂഹ്യ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കന്യാഗുരുകുലം, ആണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂള്‍, സംസ്‌കൃതസ്‌കൂള്‍, വൃദ്ധസദനം, എണ്ണമറ്റ പശുക്കളെ വളര്‍ത്തുന്ന ഗോശാല, ആശുപത്രി എന്നിവ വ്യാസാശ്രമത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഇപ്പോഴത്തെ വ്യാസാശ്രമ പീഠാധിപതി ശ്രീ സ്വാമി പരിപൂര്‍ണ്ണാനന്ദഗിരിയാണ്, മലയാളസ്വാമിജിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരു തെലുങ്കുചിത്രം നിര്‍മ്മിച്ചിട്ടുണ്ട് വ്യാസാശ്രമം. ഏങ്ങണ്ടിയൂരിലുള്ള അദ്ദേഹത്തിന്റെ ജന്മഗൃഹം സദ്ഗുരു മഹര്‍ഷി മലയാളസ്വാമി ആശ്രമം എന്ന പേരില്‍ നിലനില്‍ക്കുന്നു. അതിനോട് ചേര്‍ന്നുള്ള സ്മൃതി മന്ദിരത്തില്‍ സ്വാമികളുടെ രണ്ടര അടിയോളം ഉയരമുള്ള ഒരു വെണ്ണക്കല്‍ പ്രതിമ വരാണസിയില്‍ നിന്ന് പണികഴിപ്പിച്ച് കൊണ്ടുവന്ന്പ്രതിഷ്ഠിച്ച് നിത്യ പ്രാര്‍ത്ഥനയും നിത്യപൂജയും നടത്തി വരുന്നു. ജന്മശതാബ്ദി സ്മാരകമായി പ്രാര്‍ത്ഥനാഹാളും ഇരുപത്തിയഞ്ചോളം കുട്ടികള്‍ക്ക് ഗുരുകുല വിദ്യാഭ്യാസം നല്‍കുവാന്‍ ഉതകുന്ന രീതിയിലുള്ള ബാലമന്ദിരവും പണികഴിപ്പിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാഹാളില്‍ 2012 ഏപ്രില്‍ 2-ാം തിയ്യതി പ്രഭാതത്തില്‍ ഗണപതിപ്രതിഷ്ഠ നടത്തുന്നുണ്ട്. ജന്മദിനത്തില്‍ സ്മൃതി മന്ദിരത്തിന് മുകളില്‍ താഴികക്കുട പ്രതിഷ്ഠയും സ്മൃതി മന്ദിരത്തിനോട് ചേര്‍ന്ന് നടപ്പുര പണി കഴിപ്പിച്ചതിന്റെ സമര്‍പ്പണവും നടത്തുന്നുണ്ട്. ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകുന്നതിന് 31 മെമ്പര്‍മാരുള്ള ''മഹര്‍ഷി മലയാള സ്വാമി ഗുരുകുലം ട്രസ്റ്റ്'' രൂപികരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഇവിടെ ജന്മദിനവും സമാധി ദിനവും ഭംഗിയായി ആഘോഷിച്ചു വരുന്നു.
കേരളത്തില്‍ ജനിച്ച മഹത് വ്യക്തികളുടെ പുണ്യംകൊണ്ട് അനുഗ്രഹീതമായ, ഭാരതദേശത്തെ തന്നെ ആത്മീയതയുടെ കൊടുമുടി താണ്ടാന്‍ കഴിഞ്ഞിട്ടുള്ളതില്‍ അഭിമാനമായി മാറിയിട്ടുള്ള പുണ്യാത്മാക്കളില്‍ ഒരാളായ മഹര്‍ഷി മലയാളസ്വാമിയുടെ ജന്മം കൊണ്ട് പവിത്രമായി തീര്‍ന്ന ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തിലും കേരളദേശത്തും ജനിച്ച് ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച നമുക്കേവര്‍ക്കും ജന്മ പുണ്യമായിക്കരുതി കൊണ്ട് നിങ്ങളേവരുടെയും ഭാഗദേയം നിര്‍ണ്ണയിച്ച് ഈ ആശ്രമ മഹല്‍ സന്നിധിയില്‍ നമ്മളോരോരുത്തരും അര്‍പ്പണ മനോഭാവത്തോടെ എന്നും പങ്ക്‌ചേരണമെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം പ്രാപ്തമാക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു.
0 comments:
Post a Comment