Monday, 22 July 2013
ഗുരുപൂര്‍ണ്ണിമ - എന്റെ ജീവിതത്തിന് ധന്യതയേകിയ പുണ്യദിനം
By Subha Kumari Thulasidharan
ഞാന്‍ ഇന്ന് ധന്യയാണ്. എന്റെ ജീവിതം ശാന്തിയുടേയും ജ്ഞാനത്തിന്റേയും പുണ്യലോകത്തിലേക്ക് ഒഴുകിയിറങ്ങിക്കൊണ്ടിരിക്കുന്നു . ഗുരുദേവന്‍ മൊഴിഞ്ഞ ആത്മസുഖം എന്തെന്ന് ഞാന്‍ അനുഭവിക്കുന്നു. അതിന് നിമിത്തമായതും ആ പുണ്യാത്മാവിന്റെ വിശ്വജ്ഞാനകൃതിയായ ആത്മോപദേശ ശതകവും.
ഞാന്‍ അവിചാരിതമായാണ് ആ മഹത്‌ഗ്രന്ഥം വായിക്കാന്‍ ഇടയായത്. വായിക്കുന്തോറും ഏതോ ഉണര്‍വിന്റെ ലോകത്തിലേക്ക് മെല്ലെമെല്ലേ അടുക്കുന്നതായി തോന്നു. ഭൗതികലോകത്തിന്റെ മാസ്‌മരികതയില്‍ രമിച്ച് ആര്‍ഭാടങ്ങളുടെ സുഖഭോഗങ്ങള്‍ ആവോളം അനുഭവിച്ച എന്റെ മനസ്സിനെ ശാന്തിയുടെ അവാച്യമായ കുളിര്‍ത്തെന്നല്‍ തഴുകിയപ്പോള്‍ ഞാന്‍ അന്നേവരെ അനുഭവിച്ച ആര്‍ഭാടസുഖങ്ങള്‍ നശ്വരമായി തോന്നി. പെട്ടെന്ന് ആ പുസ്‌തകത്തിന്റെ രചയിതാവ് ആരെന്ന് തിരഞ്ഞു. ആദ്യപേജ് മറിച്ചുനോക്കി...
സ്വാമിസുധി...
ആ നാമം എന്റെ മനസ്സില്‍ ഗുരുസ്ഥാനത്തേക്ക് പ്രതിഷ്‌ഠിക്കപ്പെട്ടു. ഞാന്‍ അറിയാതെ.
പിന്നീട് ഞാന്‍ ശിവഗിരിയില്‍ ചെന്ന സമയം. അവിടെ ഒരു വെള്ളവസ്‌ത്രധാരിണിയായ സ്‌ത്രീയുടെ ജനനീ നവരത്‌നമഞ്‌ജരിയുടെ പ്രഭാഷം നടക്കുന്നു. ഞാന്‍ അത് ശ്രവിച്ചു. എന്റെ മനസ്സിനെ അത് കീഴടക്കി. പ്രഭാഷം കഴിഞ്ഞ് അവരോട് പരിചയപ്പെട്ടു. അവര്‍ തിരക്കിലായിരുന്നു. എങ്കിലും അന്ന് അവര്‍ നല്‍കിയ ഫോണ്‍നമ്പരില്‍ പിന്നീട് ഞാന്‍ വിളിച്ചു. മറുഫോണില്‍നിന്ന് ഒരു പുരുഷശബ്ദം. ഞാന്‍ ചോദിച്ചു...മാ നിത്യചേതന ഉണ്ടോ.... ആ പുരുഷശബ്ദം ശാന്തസുന്ദരവും അവാച്യവുമായ ശബ്ദത്തില്‍ മൊഴിഞ്ഞു... നിത്യ പുറത്തുപോയിരിക്കുന്നു.... പിന്നെ വിളിക്കു..
ഞാന്‍ തിരിച്ചു ചോദിച്ചു... അങ്ങ് ആരാണ്... പെട്ടെന്ന് മറുപടിവന്നു... ഞാന്‍ സ്വാമി സുധിയാണ്.
അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിത്തരിച്ചുപോയി...എന്റെ മനസ്സിന്റെ ഗുരുപീഠത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടിരിക്കുന്ന പുണ്യപുരുഷന്‍... ഹൃദയം തുറന്ന് ഭക്തിയും സന്തോഷവും അടക്കാനാവാതെ ഞാന്‍ ഉറക്കെ പറഞ്ഞു.... സ്വാമീ........അവിടുന്ന് എന്റെ ഗുരുവാണ്. ഞാന്‍ അവിടുത്തെ ഗുരുസ്ഥാനത്ത് പ്രതിഷ്‌ഠിച്ചിട്ട് കുറെ കാലമായി. അവിടുത്തെ കാണാനും സംസാരിക്കാനുമാണ് ഞാന്‍ വിളിച്ചത്...
ഫോണിന്റെ മറുതലയ്‌ക്കല്‍നിന്ന് ശാന്തമായ ഒരു ചിരി അത് എന്റെ മനസ്സിനെ പെട്ടെന്ന് ശാന്തമാക്കി. അവിടുത്തെ സമക്ഷം ചെല്ലുവാന്‍ അനുവാദവും നല്‍കി. പറഞ്ഞദിവസം ഞാന്‍ എന്റെ കുടുംബവുമൊന്നിച്ച് സ്വാമിയെ ചെന്നു കണ്ടു. പിന്നീടുണ്ടായ മാറ്റം ഗുരുദേവന്റെ കാരുണ്യത്തിന്റെ കഥകളായിരുന്നു. ഞാന്‍ അറിഞ്ഞതും എന്റെ ജീവിതചര്യകളും ആഗ്രഹങ്ങളും അനുഭവങ്ങളും അന്ന് സ്വാമികളോട് വിശദമാക്കി. കൂടുതല്‍ അറിയാനുള്ള ആഗ്രഹങ്ങളും പറഞ്ഞു.
പിന്നീട് സ്വാമികളുടെ ആശ്രമവുമായി പലപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നു. 2012 ജൂലൈ മാസം സ്വാമിയുടെ മഠത്തില്‍നിന്ന് ഫോണ്‍വന്നു. എനിക്ക് മന്ത്രദീക്ഷ സ്വീകരിക്കാന്‍ സമയമായിരിക്കുന്നു എന്ന്. അതേക്കുറിച്ച് ഒന്നും അറിയില്ല. എങ്കിലും എന്റെ ഗുരുനാഥന്‍ പറഞ്ഞത് അനുസരിക്കും. അങ്ങനെ ഞാനും കുടുംബവും 2012 ജൂലൈമാസം 3ന് സ്വാമിയുടെ ആശ്രമത്തില്‍ എത്തി. അന്ന് ഗുരുപൂര്‍ണ്ണിമാ ദിനമാണ്. അന്ന് അവിടെ വിശേഷപ്പെട്ട പല കാര്യങ്ങളും നടക്കുന്നു. ഞാന്‍ ആ പരിപാടികളില്‍ സംബന്ധിച്ചു. ഒരു പ്രത്യേക ഉണര്‍വ്വ് എന്നിലുണ്ടായി.
ആ ദിനത്തിന്റെ ഒരു പുണ്യമൂഹൂര്‍ത്തത്തില്‍ സ്വാമികള്‍ പലര്‍ക്കും മന്ത്രസദീക്ഷനല്‍കിയ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. മന്ത്രദീക്ഷ രഹസ്യമാണ്. അത് ഗുരു ശിഷ്യന്മാര്‍ക്ക് മാത്രം ഒതിക്കൊടുക്കുന്നതുമാണ്. അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ കണ്ടെത്തി അത് ഗുരുവില്‍നിന്നും തന്നെ നേടണം. അല്ലാതെ ആരില്‍നിന്നെങ്കിലും നേടേണ്ടതുമല്ല.
മന്ത്രദീക്ഷ സ്വീകരിച്ച് ഗുരുനാഥന്‍ പറഞ്ഞപ്രകാരം എല്ലാം അനുഷ്‌ഠിച്ചു അതിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്ന അനുഭൂതികള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്.
സത്യത്തില്‍ ഇന്ന് പലരും പറയും മത്സ്യം മാംസം, മദ്യം ഇതെല്ലാം ഉപേക്ഷിക്കണം അതിന് ശ്രമിക്കണം എന്നെല്ലാം. ഇതെല്ലാം നിര്‍ബന്ധപൂര്‍വ്വം പിടിച്ചുകെട്ടി നിരോധിക്കേണ്ടതല്ല എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. കാരണം ചെറുപ്പംമുതല്‍ ആര്‍ഭാട ജീവിതം നയിച്ചവളാണ്. സാഹചര്യം അതായിരുന്നു. വിദേശഭക്ഷണത്തിന്റെ രുചികള്‍ മാത്രമേ ഞാന്‍ അറിഞ്ഞിട്ടുള്ളൂ. മത്സ്യം മാംസം ഇവയില്ലാതെ ഒരു നേരവും ഭക്ഷണം കഴിക്കില്ലായിരുന്നു. ഞാന്‍ കഴിച്ച അത്ര വിവിധതരത്തിലുള്ള ഇത്തരം ഭക്ഷണങ്ങള്‍ വേറേ ആരെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് സംശയം. എന്തിന് ഞാന്‍ പാകം ചെയ്യുന്നപോലെ മത്സ്യവും മാംസവും മറ്റ് ആരും പാകം ചെയ്യില്ല. അതെല്ലാം ചെറുപ്പംമുതലുള്ള വിദേശത്തെ ജിവിതത്തില്‍നിന്ന് പരിശീലിച്ചിരുന്നു. എന്നാല്‍ മന്ത്രദീക്ഷ സ്വീകരിച്ച് ഗുരുനാഥന്‍ പറഞ്ഞത് അനുഷ്‌ഠിച്ചതോടുകൂടി എന്നില്‍നിന്ന് ഞാന്‍ അറിയാതെ, പ്രത്യേക നിഷ്‌കര്‍ഷയോ വിരോധമോ ഇല്ലാതെ അതെല്ലാം സ്വയം നീങ്ങിപ്പോയി. ഇത് ഇന്ന് എന്റെ കുടുംബത്തിലുള്ളവര്‍ക്ക് അത്ഭുതകരമായ കാര്യമാണ്.
ഇന്ന് ഈ ദിനത്തില്‍ ഞാന്‍ മന്ത്രദീക്ഷയുടെ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു. അത് ഗുരുനാഥന്‍ അറിയിക്കുന്നതും കാത്ത്. സമയമാകുമ്പോള്‍ ഗുരു അത് നല്‍കും. എന്റെ ജീവിതത്തില്‍ ഒരിക്കലും ഈ ഗുരുപൂര്‍ണ്ണിമയെ മറക്കില്ല. ആ ദിനം എന്റെ ജീവിതത്തെ ധന്യമാക്കിയ ദിനമാണ്. ഞാന്‍ എന്നെ അറിഞ്ഞ ദിനം. എന്റെ മനസ്സ് ഇന്ന് വിഷയവാസനകളില്‍ രമിക്കുന്നില്ല. ഞാന്‍ ഒരു നല്ല ഭാര്യയും അമ്മയും എല്ലാമായി ഗൃഹസ്ഥയായിരിക്കുന്നതൊടൊപ്പം ആത്മസുഖത്തിന്റെ അനിര്‍വചനീയതയും അനുഭവിക്കുന്നു. കാര്യങ്ങളെ നിര്‍ദ്ദാരം ചെയ്യാന്‍ കൂടുതല്‍ കരുത്ത് നേടിയിരിക്കുന്നു. ഭൗതിസ സുഖഭോഗങ്ങളും ആര്‍ഭാടങ്ങളും എന്നെ രമിപ്പിക്കുന്നില്ല. എവിടെയും സമനില നിലനിര്‍ത്താന്‍ എനിക്ക് കഴിയുന്നു.
ഇത്തരം ദിനങ്ങള്‍ വരുമ്പോള്‍ പിന്നോട്ട് ചിന്തിച്ചു പോകും.... ദൈവമേ.... ഞാന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ... അന്നുകണ്ട ഈ ലോകവും ഇതിലെ മായക്കാഴ്‌ചകളും സത്യത്തില്‍ ഋഷികള്‍ പറഞ്ഞ ഭ്രമങ്ങള്‍ മാത്രമല്ലേ. മരുഭൂമിയിലെ മായക്കാഴ്‌ചകള്‍... സത്യം.
ഗുരുപൂര്‍ണ്ണിമ. അതിന്റെ തത്ത്വങ്ങള്‍ എന്തുമാകട്ടെ. ഞാന്‍ ജീവിതത്തില്‍ അതിന് കാണുന്ന മഹത്ത്വം എന്റെ അനുഭവത്തിന്റെ തലത്തിലുള്ളതാണ്.
ഗുരുപാദങ്ങളില്‍ പ്രണാമം.
Posted on Facebook Group by Subha Kumari Thulasidharan
0 comments:
Post a Comment