ഗുരുദർശനത്തെ കുടുംബബന്ധങ്ങളുടെ പരിചിതമായ പശ്ചാത്തലങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഒരു പ്രസംഗവേദിയിൽ. ഗുരുവിന്റെ സത്യദർശനത്തോട് പൊരുത്തപ്പെടാത്തതെന്തെങ്കിലും നാവിൽനിന്നു വീണുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആ സത്യസ്വരൂപനോട് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച് വേദിവിട്ടിറങ്ങുമ്പോഴാണ് അയാൾ പെട്ടെന്ന് അടുത്തേക്ക് വന്നത്. ഗൗരവഭാവത്തോടെ അയാൾ ചോദിച്ചു.: "അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്? ഗുരു ഈഴവശിവനെന്നാണോ അതോ നമ്മുടെ ശിവനെന്നാണോ പറഞ്ഞത്?' ചെണ്ടപ്പുറത്ത് ആദ്യത്തെ കോൽവീഴുമ്പോൾ സംഭവിക്കുന്ന ഒരു ഞെട്ടലുണ്ടല്ലോ, അതാണ് ഈ ചോദ്യം കേൾക്കുമ്പോൾ ഉള്ളിൽ മിന്നുന്ന ആദ്യവികാരം. ചോദ്യകർത്താവിന് സംശയമില്ല. അയാൾ ഇതിൽ ഏതെങ്കിലും ഒരു പക്ഷത്ത് നിലപാടുറപ്പിച്ച വ്യക്തിയാണ്. അതിന് ഉപോദ്ബലകമായി ഗുരു ഈഴവ ശിവനെന്നു പറഞ്ഞതിന്റെയോ നമ്മുടെ ശിവൻ എന്നു പറഞ്ഞതിന്റെയോ തെളിവുകൾ ധാരാളം കൈവശവുമുണ്ടാകും ഇത്തരക്കാർക്ക്. കക്ഷിക്ക് അറിയേണ്ടത് ഇതിൽ നമ്മൾ ഏതുഭാഗത്താണ് നില്ക്കുന്നതെന്നാണ്. അതനുസരിച്ച് വേണം അടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ. സ്വന്തം പക്ഷത്താണെന്നു തെളിഞ്ഞാൽ പിന്നെ വലിയ സ്നേഹമാണ്. മറുഭാഗത്താണെന്നു വന്നാൽ ദ്വേഷവും. ഇത്തരം സന്ദർഭങ്ങളിൽനിന്ന് രക്ഷനേടാൻ സത്യാന്വേഷികൾക്ക് അന്തക്കരണത്തിലിരുന്ന് ഗുരു ഉപദേശിക്കുന്ന ഒരു മാർഗമുണ്ട്. ചോദ്യകർത്താവിന്റെ മനസ് അറിഞ്ഞ് അദ്ദേഹത്തിന് അനുകൂലമായ ഉത്തരംകൊടുത്ത് സ്നേഹവും വിശ്വാസവും ആർജിക്കുക. അങ്ങനെവന്നാൽ തുടർന്നും നാം പറയുന്നതും എഴുതുന്നതും അയാൾ ശ്രദ്ധിക്കും. അല്ലായെങ്കിൽ നമ്മൾ ശരിയല്ല എന്ന് അന്നുമുതൽക്ക് പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. അത് ധർമ്മപ്രചാരണത്തിന്റെ പാതയിൽ ചെറുതായെങ്കിലും തടസം തീർക്കും. ഇതുപോലെ വേറെയും ചോദ്യങ്ങളുണ്ട്. ഗുരുവിന്റെ യഥാർത്ഥ ജനനവർഷം ഏത്? ഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനോ സതീർത്ഥ്യനോ? ഗുരു ഹിന്ദുസന്യാസിയോ അല്ലയോ? ഇപ്പോൾ ഏറ്റവും ലേറ്റസ്റ്റ് ചോദ്യം മോഡി ശിവഗിരിയിൽ വന്നത് ശരിയോ തെറ്റോ? അവസാനത്തെ ചോദ്യമാണ് കഠിന പരീക്ഷ. ഓരോ ധർമ്മപ്രചാരകനും അതിനുമുന്നിൽനിന്ന് വെള്ളം കുടിക്കും. മോഡി വന്നതിനെ അനുകൂലിച്ചാൽ ഹിന്ദു ഭീകരവാദി, എതിർത്താൽ മാർക്സ്‌വാദി.
ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നുമായി ഒരാൾ മുന്നിൽ വരുമ്പോൾ പണ്ട് മുതിർന്നവർ പറഞ്ഞുതന്ന കുട്ടിക്കഥയിലെ രാജകുമാരന്റെ അവസ്ഥയാണ് ഓർമ്മവരിക. രത്നംതേടി ഗുഹയിൽ കടന്ന രാജകുമാരനെ വഴിതെറ്റിക്കാനും ഭ്രമിപ്പിച്ച് അടിമയാക്കാനും ഭൂതഗണങ്ങൾ കാത്തുനില്ക്കും. അവർ ഉച്ചത്തിൽ ചെണ്ടകൊട്ടുന്നുണ്ടാവും. ചിന്തയെയും പ്രജ്ഞയെയും മരവിപ്പിച്ച് ഭ്രമജാലത്തിൽപ്പെടുത്തുന്നവിധത്തിലാവും ആ രൗദ്രതാളം. അതിൽപ്പെട്ടുപോയാൽ പിന്നെ മോചനമില്ല. യഥാർത്ഥവഴി മറന്ന് രത്നം ഒരിക്കലും കരഗതമാകാത്ത വിഫലജന്മമായിത്തീരും. ഗുരുവിനെ അറിയാൻ ശ്രമിക്കുന്ന സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം ഇതുതന്നെയാണ് അവസ്ഥ. കഥയിലെ രാജകുമാരനെപ്പോലെ പരീക്ഷകളെ അതിജീവിച്ച് ഗുരുവരുൾ എന്ന രത്നത്തിലേക്ക് എത്തണമെങ്കിൽ ഈ പ്രതിബന്ധങ്ങൾ തരണംചെയ്യണം.
"നാം ശരീരമല്ല, അറിവാണ്. ഈ ശരീരമുണ്ടാകുന്നതിനുമുമ്പും നാമിവിടെ ഉണ്ടായിരുന്നു. അതില്ലാതായാലും നാം പ്രകാശിച്ചുകൊണ്ടേയിരിക്കും' എന്നു വെളിപ്പെടുത്തിയ ഗുരുവര്യന് പിന്നെ ജനനവും സമാധിയും എവിടെ? ഹിന്ദുത്വവും മതേതരത്വവും എവിടെ? ഈഴവനും ബ്രാഹ്മണനുമെവിടെ? അതൊക്കെ താൻ വെറും ശരീരമാണെന്നു കരുതുന്ന `ജളന്റെ വിലേശയ' ഭ്രമങ്ങൾ മാത്രം.
ജിജ്ഞാസുവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. പരീക്ഷിക്കാൻ ചോദ്യവുമായെത്തുന്നവരെ തിരികെ പരീക്ഷിച്ചു വിടുകയെന്നതായിരുന്നു തൃപ്പാദങ്ങളുടെ രീതി. അതുപക്ഷേ, തൃപ്പാദങ്ങൾക്ക് മാത്രം കഴിയുന്ന സിദ്ധിയായിരുന്നല്ലോ?
ഇവിടെ നമ്മുടെ അരുവിപ്പുറം ചോദ്യകർത്താവ് പോയിട്ടില്ല. പെട്ടെന്ന് ഒരു വെളിപാടുപോലെ അയാളോടു പറഞ്ഞു, "അരുവിപ്പുറത്ത് ഈഴവ ശിവനെയല്ല, പറയ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് തോന്നുന്നത്.' ചോദ്യകർത്താവ് അതുകേട്ട് ഒന്നു ഞെട്ടി. "അതെന്താ? അതിതുവരെ കേട്ടിട്ടേ ഇല്ലല്ലോ? താങ്കൾ ചരിത്രം വളച്ചൊടിക്കുകയാണോ?' എന്നിങ്ങനെ ചോദ്യങ്ങളുടെ പെരുമഴയായി.
"അരുവിപ്പുറത്തെ ശിലയെ താങ്കൾ കണ്ടിട്ടുണ്ടോ?' "ഉണ്ട്.' "അത് നല്ല കരിപോലെ കറുത്തല്ലേ ഇരിക്കുന്നത്?' "അതെ.' "ഈഴവരിൽ അത്ര കറുപ്പുള്ളവർ ഉണ്ടായിരുന്നോ?'
"ഇല്ല. പക്ഷേ...'
"ആ ശില ഗുരു എടുത്തത് എവിടെ നിന്നാണ്?' "ശങ്കരൻ കുഴിയിൽനിന്ന്.' "അതായത് നദിയും സൂര്യനും പച്ചപ്പുള്ള അന്തരീക്ഷവും കാണാൻ ഭാഗ്യമില്ലാതെ നദിയുടെ അടിയിൽ ചെളിക്കെട്ടിൽ ആണ്ടുകിടക്കുന്ന ഒരു ലോകത്തുനിന്ന്. അന്നത്തെ സാമൂഹ്യ അവസ്ഥയിൽ ഈഴവൻ അത്ര താഴെയല്ലായിരുന്നു. അവർ നദിക്കുമുകളിൽ നായരും നമ്പൂതിരിയും ശ്വസിക്കുന്ന അതേ വായു ശ്വസിച്ച് നടക്കുന്നവരായിരുന്നു. അവർക്ക് ഒരു നല്ല ദൈവത്തിന്റെ കുറവുണ്ടായിരുന്നു. അതിനായി വിളക്കുംകൊളുത്തി മംഗളവാദ്യങ്ങളോടെ അവർ നദിക്കരയിൽ കാത്തുനിന്നു. അവരുടെ ആഗ്രഹസാദ്ധ്യത്തിനായി ഗുരു നദിയുടെ ആഴങ്ങളിലേക്കിറങ്ങി ചെളിയിൽ പുതഞ്ഞുകിടന്ന കറുത്ത ശിലയെ എടുത്തുകൊണ്ടുവന്ന് ശിവനെന്നുവിളിച്ച് തുറസായ ലോകത്ത് പ്രതിഷ്ഠിച്ചു. പൂജിക്കണമെങ്കിൽ ഈ സമൂഹത്തിന്റെ അടിത്തട്ടിലെ അടിസ്ഥാനമനുഷ്യനെ പൂജിക്കണം എന്നല്ലേ അതിന്റെ അർത്ഥം? പാതാളത്തിലേക്ക് ചവിട്ടേറ്റുവീണവരെ താൻ ഈ ജീവിതംകൊണ്ട് ദൈവത്തോളം ഉയർത്തുമെന്ന പ്രഖ്യാപനമല്ലേ ഗുരു അവിടെ നടത്തിയത്? ഏറ്റവും മുകളിൽ ബ്രാഹ്മണനും ഏറ്റവും അടിത്തട്ടിൽ പറയനും എന്ന മട്ടിൽക്കിടന്ന ജാതി ശൃംഖല വച്ചുനോക്കിയാൽ അത് പറയശിവനാകാനേ വഴിയുള്ളൂ.' ചോദ്യകർത്താവ് ആശയക്കുഴപ്പത്തിലായി. "എന്താ ഇങ്ങനെയൊരു വാദവും നമുക്ക് കൊണ്ടുവന്നുകൂടേ?' എന്നു ചോദിച്ചു. അയാൾ പിന്നെ ഒന്നും മിണ്ടിയില്ല.
ഈ ലോകത്ത് നമ്മൾ മനുഷ്യർ ഓരോരുത്തരും ഇങ്ങനെ സ്വന്തം വാദഗതികളുമായി നിൽക്കുന്ന ചെണ്ടമേളക്കാരാണ്. ഉള്ളിൽ കൊട്ടിത്തിമിർക്കുന്ന വാദങ്ങളുടെ ചെണ്ടമേളം കാരണം മറ്റുള്ളവർ പറയുന്നതെന്താണെന്ന് കേൾക്കാനോ ചിന്തിക്കാനോ സാധിക്കുന്നില്ല.
ഒരു ശിവരാത്രികാലത്ത് രാത്രി ആലുവ പുഴക്കരയിൽ ചെറുതുരുത്തുകൾ പോലെ നിന്ന് പിതൃതർപ്പണക്കാർ ചെണ്ടമേളം നടത്തുന്നത് കേട്ടിരിക്കുകയാണ് ഗുരു. ഗുരു എന്തെങ്കിലും മൊഴിഞ്ഞാൽ അത് തന്റെ ജ്ഞാനമാർഗത്തിന് ഒരു കൈത്തിരിയാകും എന്ന ആഗ്രഹത്തോടെ അക്ഷമനായി കാത്തിരിക്കുകയാണ് ശിഷ്യൻ നടരാജൻ.
ഏറെനേരത്തെ മൗനം ഭഞ്ജിച്ച് ഗുരു ശിഷ്യനോട് ചോദിച്ചു; "അവിടെ ആ ചെണ്ടമേളം കേൾക്കുന്നില്ലേ? അത് അടുത്തകാലത്തെങ്ങും തുടങ്ങിയതല്ല. അത് ഇങ്ങനെ തന്നെയായിരുന്നു, എക്കാലത്തും...
http://news.keralakaumudi.com/news.php?nid=3e6dac96321ef79b4bc5d483f27a34bd
0 comments:
Post a Comment