Tuesday 14 May 2013

സഹോദരന്‍ അയ്യപ്പന്‍

വൈപ്പിന്‍ ദ്വീപിലെ ചെറായിയില്‍ കുമ്പളത്തുപറമ്പില്‍ എന്ന കുടുംബത്തില്‍ ജനിച്ചു. പിതാവ്‌ കൊച്ചാപ്പു വൈദ്യന്‍ അയ്യപ്പന്റെ ബാല്യത്തില്‍തന്ന മരിച്ചു. മാതാവ്‌ ഉണ്ണൂലിയുടേയും ജ്യേഷ്‌ഠന്‍ അച്ചുതന്‍ വൈദ്യരുടേയും സംരക്ഷണയില്‍ ചെറായിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പറവൂര്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജില്‍ ചേര്‍ന്ന്‌ ഇന്റര്‍മീഡിയറ്റ്‌ പാസായി. കോഴിക്കോട്‌ വച്ച്‌ ആത്മവിദ്യാസംഘത്തിന്റെ പരിഷ്‌കരണ സംരംഭങ്ങള്‍ നേരിട്ടറിഞ്ഞതുകൊണ്ട്‌ ഇക്കാലത്ത്‌ സാമൂഹ്യ പരിഷ്‌കാരത്തെക്കുറിച്ച്‌ പ്രസംഗിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ്‌ ശ്രീനാരായണഗുരുവുമായി അടുത്ത്‌ പരിചയപ്പെടാന്‍ ഇടയായത്‌. ഗുരുവിന്റെ പ്രേരണയാല്‍ പഠിപ്പ്‌ തുടര്‍ന്നു. തിരുവനന്തപുരം മഹാരാജാസ്‌ കോളേജില്‍ സംസ്‌കൃതവും ഇന്ത്യാചരിത്രവും ഐച്ഛികവഷയമായെടുത്ത്‌ ബി.എ.ക്കു ചേര്‍ന്നു. ഇക്കാലത്ത്‌ പ്രസംഗം, ലേഖനമെഴുത്ത്‌, സംഘടനാപ്രവര്‍ത്തനം കവിതയെഴുത്ത്‌ എന്നിവയായിരുന്നു പ്രധാനം. കുമാരനാശാനുമായി പരിചയപ്പെടാന്‍ ഇടയായത്‌ സാമുദായിക പരിഷ്‌കരണം ലക്ഷ്യമാക്കിയുള്ള കവിതകള്‍ എഴുതാന്‍ പ്രേരണയായി. ബി.എ. പാസ്സായശേഷം അയ്യപ്പന്‍ ബി.എ. എന്ന്‌ പരക്കെ അറിയപ്പെട്ടു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പിഴുതെറിയാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായി. ചെറായിയില്‍ ഏതാനും ചെറുപ്പക്കാരെയും പുലയ ചെറുക്കന്മാരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി. 1917 മേയ്‌ 30ന്‌ മിശ്രഭോജന പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു. അതോടെ പുലയനയ്യപ്പന്‍ എന്ന പേരും വീണു.

കൊല്ലവര്‍ഷം 1096 ഇടവം 16 ന്‌ നടന്ന മിശ്രഭോജനത്തോടുകൂടി സഹോദരസംഘം എന്ന സംഘടന രൂപീകരിച്ചു. മിശ്രവിവാഹവും മിശ്രഭോജനവും വഴിയുള്ള ജാതിനശീകരണം എന്നതായിരുന്നു സഹോദരസംഘത്തിന്റെ പ്രധാനലക്ഷ്യം. അയ്യപ്പന്റെ ജാതിനശീകരണ പ്രസ്ഥാനം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നു. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ എല്ലാം സഹിച്ചു. 1919 ല്‍ മട്ടാഞ്ചേരിയില്‍നിന്ന്‌ ആരംഭിച്ച സഹോദരന്‍ പത്രം 1956 വരെ നിലനിന്നു. കേരള പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ ഉജ്ജ്വലമായ അധ്യായമാണ്‌ സഹോദരന്‍ പത്രം. 1928 ല്‍ ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യത്തെ പത്രാധിപര്‍ അയ്യപ്പനായിരുന്നു. കൊച്ച നിയമസഭയിലെ ഡെപ്യൂട്ടി പ്രസിഡന്റായും കൊച്ചിയില്‍ ഉത്തരവാദഭരണം സ്ഥാപിതമായശേഷം ജനകീയ മന്ത്രിസഭയില്‍ രണ്ടുപ്രാവശ്യം അംഗമായും തിരു-കൊച്ചിയിലെ ആദ്യമന്ത്രിസഭയിലും അംഗമായി തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌.

ഒരിക്കല്‍ പലസ്ഥലങ്ങളിലും യാത്രചെയ്‌ത്‌ ക്ഷീണിച്ച്‌ ശിവഗിരിയില്‍ എത്തിയ അയ്യപ്പനെകണ്ട്‌ ഗുരുദേവന്‍ മറ്റുള്ളവരോടായി പറഞ്ഞു.... അയ്യപ്പന്‍ ക്ഷീണിച്ചുപോയി അല്ലേ? ഇടതടവില്ലാതെ യാത്രചെയ്യണം. ക്ഷണിച്ചുകൊണ്ടുപോകുന്നവര്‍ വേണ്ടതൊന്നും സൗകര്യപ്പെടുത്തുകയില്ലായിരിക്കാം. കഷ്‌ടമാണ്‌ എന്ന്‌.

1968 മാര്‍ച്ച്‌ 6ന്‌ അദ്ദേഹം നിര്യാതനായി.

ശ്രീനാരായണഗുരു ആലുവ സന്ദര്‍ശിച്ച സമയങ്ങളില്‍ സഹോദരന്‍ അയ്യപ്പനോടൊപ്പം വന്നിരുന്നു വിശ്രമിച്ച സ്ഥലമാണ്‌ പില്‍ക്കാലത്ത്‌ ശ്രീനാരായണഗിരിയായി വളര്‍ന്നത്‌. അവിടെ പാര്‍വ്വതീ അയ്യപ്പന്റെ നേതൃത്വത്തില്‍ തുടങ്ങിയ ശ്രീനാരായണ സേവിക സമാജം ഉയര്‍ന്നുവന്നു. ഇതിനുകീഴില്‍ ശാന്തിമന്ദിരം, ബാലവാടി, സ്‌കൂള്‍, തൊഴില്‍ പരിശീലനകേന്ദ്രം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു.


0 comments:

Post a Comment