Tuesday, 28 May 2013

“ദൈവദശകം” വിഭജനവേദാന്തമോ?

© ഉദയഭാനു പണിക്കർ

ഓർമ്മവച്ചനാൾ മുതൽ എന്റെ വഴികാട്ടിയായി, എനിക്കു ആത്മീയതയുടെ ബാലപാഠങ്ങൾ മുതൽ പഠിക്കാൻ സഹായിച്ചതും,ഇന്നും സഹായിച്ചു കൊണ്ടിരിക്കുന്നതും ഗുരുദേവകൃതികളാണു്.അവയിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്നതു ദൈവദശകവും ആണു്.

ഏതാനും ദിവസം മുമ്പ് ദൈവദശകത്തെപ്പറ്റി എഴുതപ്പെട്ട ഒരു ഭാഗീകമായ വിശദീകരണം അഥവാ വിശകലനം “ഗുരുദേവൻ” എന്ന കൂട്ടയ്മയിൽ ഒരു സ്നേഹിതൻ ചേർക്കുകയുണ്ടായി. ദൈവദശകം ഒരു പ്രത്യേകവിഭാഗം ജനങ്ങൾക്കുവേണ്ടിയും മറ്റൊരുവിഭാഗം ജനങ്ങൾക്കെതിരായും എഴുതിയതാണെന്നാണു ഇതിൽ ലേഖനകർത്താവ് അവകാശപ്പെടുന്നതു്.  അതു വായിച്ചപ്പോൾ ഗുരുദേവന്റെ ആദർശങ്ങളെയും ഗുരുദേവന്റെ വാക്കുകളെയും മനുഷ്യർ എത്രമാത്രം ദുർവ്യാഖ്യാനം ചെയ്യുന്നു എന്തു ചിന്തിച്ചുപോയി. അതെപ്പറ്റി എനിക്കു പറയാനുള്ള ചിലകാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.

ദൈവദശകത്തെ “വിശ്വപ്രാർത്ഥന”, എന്നു പലരും വിശേഷിപ്പിക്കാറുണ്ടു്, “വിശ്വപ്രാർത്ഥന” എന്നതുതന്നെ വളരെ ഔന്ന്യത്തമാർന്ന ഒരു പദവിയാണെന്നറിയാം. എന്നാലും അതുതന്നെയും ദൈവദശകത്തോടും അതിനെ നമുക്കു പ്രസാദമായി നല്കിയ ഗുരുദേവനോടും ചെയ്യുന്ന അവഹേളനവും നിന്ദയും ആണെന്നു കരുതുന്നയാളാണു ഞാൻ. കാരണം ഞാൻ ദൈവദശകത്തെ കാണുന്നത് ഒരു പ്രാർത്ഥന ആയിമാത്രം അല്ല; ഒരു ഉപനിഷത്തിനു സമാനമായ കൃതിയായിട്ടാണു്; അല്ല ഒരു ഉപനിഷത്തായിത്തന്നെ ആണതിനെ കാണുന്നതു് എന്നതു തന്നെ. അതിൽ കുറഞ്ഞ എന്തെങ്കിലുമാണു ദൈവദശകം എന്നു പറഞ്ഞാൽ, അതു് ആ കൃതിക്കും അതിന്റെ രചയീതാവിനും നാം കൊടുക്കാവുന്ന ഭീമമായ ഒരു തരംതാഴ്ത്തലായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ.

ചിലർ ദൈവദശകത്തെ “ജെനെരിൿ പ്രയർ” (Generic prayer) എന്ന വിശേഷണം ചേർത്തു പറയാറുണ്ട്. ജെനേരിൿ (Generic) എന്ന വാക്കിനു്General, Broad, Common, Basic, Nonspecific, Standard, Universal, All-purpose എന്നെല്ലാം അർത്ഥം ഉണ്ടെങ്കിലും ജീവശാസ്ത്രത്തിൽ ‘ഒരുവർഗ്ഗത്തെ സംബന്ധിക്കുന്ന’ എന്നാണർത്ഥം. അപ്പോൾ ഈ ലേഖനകർത്താവു പറയുമ്പോലെ ഒരുവിഭാഗത്തിനുവേണ്ടി എഴുതിയതെന്നാവകാശപ്പെടലിനു സാധൂകരണം കൊടുക്കലാകും ദൈവദശകത്തെ   “ജെനെരിൿ പ്രയർ” (Generic prayer)  എന്നു വിശേഷിപ്പിക്കുന്നതിൽക്കൂടി നാം ചെയ്യുക.  “ജെനെരിൿ” (Generic) എന്ന വിശേഷണം പാശ്ചാത്യവൈദ്യശാസ്ത്രത്തിൽ, ശരിയായ മരുന്നിനു പകരം ഉപയോഗിക്കുന്ന - ഔദ്യോഗികമായി മുഴുവനായും അംഗീകരിക്കപ്പെടാത്ത- അതായത് ‘ആംഗീകരിക്കപ്പെട്ടതിനു പകരമായി വേണമെങ്കിൽ ഉപയോഗിക്കാനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള, എന്നാൽ മുഴുവനായ ഗുണം ലഭിക്കാത്ത’ എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. മുകളിൽ പറഞ്ഞ രണ്ടിൽ ഏതർത്ഥത്തിൽ ഉപയോഗിച്ചാലും ശരി, അതു രണ്ടും “വിശ്വപ്രാർത്ഥന”, എന്നതിലുംവലിയ ഒരു തരം താഴ്ത്തലാണുതാനും. ദൈവദശകം മറ്റൊന്നിനും പകരമായുള്ളതല്ല, പകരവയ്ക്കാൻ മറ്റൊന്നില്ലാത്ത, അതുല്ല്യമായ്  ഒരു മൂലകൃതിതന്നെയാണു് ദൈവദശകം. മറ്റൊന്നിലും ഇല്ലാത്ത ഗുണമേന്മയുംആത്മീയസന്ദേശങ്ങളും ദൈവദശകത്തിനുണ്ടു്, ദൈവദശകത്തിലുണ്ടു്.അപ്പോൾ അതു ഒരിക്കലും ഗുണമേന്മ കുറഞ്ഞ ഒരു പകരക്കാരനും അല്ല.

ദൈവദശകം ഒരു പ്രത്യേക വർഗ്ഗത്തിനു വേണ്ടിയോ, ഇനി മറ്റൊരു പ്രത്യേക വിഭാഗത്തിനെതിരായോ എഴുതിയതും അല്ല. ഒരു ജാതിക്കാർക്കു വേണ്ടിയോ ഒരു മതക്കാർക്കുവേണ്ടിയോ, മതം ഇല്ലാത്തവർക്കു വേണ്ടിയോ, എഴുതിയതും അല്ല. ഈ ലോകത്തുള്ള സകലചരാചരങ്ങൾക്കും വേണ്ടി എഴുതിയതാണു് ദൈവദശകം. അതിലെ“ഞങ്ങളെ” എന്ന സംജ്ഞകൊണ്ട് അർത്ഥമാക്കുന്നതു് അതാണ്. ആ“ഞങ്ങളെ” എന്ന സംജ്ഞ ഈ ലോകത്തുള്ള സകലചരാചരങ്ങൾക്കും വേണ്ടി എഴുതിയതാണെന്നാണു് “ഞങ്ങളെ” എന്ന ആ പദപ്രയോഗം കാട്ടുന്നതും. ജീവനുള്ളതിനും ഇല്ലാത്തതിനും, മനുഷ്യേന്ദ്രീയങ്ങളാൽ ഗോചരീഭവിക്കാവുന്നവയ്ക്കും അല്ലാത്തവയ്ക്കും, എല്ലാത്തിനും എല്ലാവർക്കും വേണ്ടി എഴുതിയിട്ടുള്ളതാണു് ദൈവദശകം. അതിനുള്ള തെളിവുകൾ ദൈവദശകത്തിൽത്തന്നെ കാണാം.  ആ “ഞങ്ങളെ” എന്ന പദപ്രയോഗത്തിനു മുമ്പു തന്നെ, അതും ഒന്നിലധികം തവണ. ആ പദപ്രയോഗത്തിനു പിൻപും കാണാം അത്തരം തെളിവുകൾ.

ഈ വ്യാഖ്യാനം വായിച്ചപ്പോൾ എനിക്കു തോന്നിയ കുറെ കാര്യങ്ങൾ കൂടി എഴുതട്ടെ. ഭാരതത്തിന്റെ ആത്മീയശാസ്ത്രത്തിലെ അന്തസത്തയെ മുഴുവനും ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ കൊച്ചു മലയാളനാട്ടിലെ ഇളം ഭാഷയായ മലയാളത്തിൽ (നാടു് വലിപ്പത്തിൽ ചെറുതും ഭാഷ പ്രായത്തിൽ കുറഞ്ഞാതും ആണെങ്കിലും ലോകഭാഷകളിൽ മലയാളത്തിനു് ഉന്നതമായ ഒരു സ്ഥാനം ഉണ്ടെന്നും ഓർക്കുക)ലോകോത്തരഭാഷയായി കണക്കാക്കപ്പെടുന്ന സംസ്കൃത ഭാഷാകൃതികളായ ഉപനിഷത്തുക്കളുടെ സത്തുമഴുവനും ഊറ്റിയെടുത്ത്,തനിനാടൻ മലയാളത്തിൽ ഗുരുദേവൻ നമുക്കു നല്കിയ ദൈവദശകം ചില വർഗ്ഗക്കാരോടുള്ള വിരോധം കാട്ടാൻ എഴുതിയതാണു് എന്നു പറഞ്ഞാൽ അതില്പ്പരം ഒരു വിഡ്ഡിത്തം ഉണ്ടോ എന്നു തോന്നുന്നില്ല.

ഉപനിഷത്തുക്കൾ ഒന്നിനേയും ആരേയും അകത്തി നിറുത്തിയിട്ടില്ല.അതിനെ തെറ്റായി വ്യാഖ്യാനിച്ച ചിലർ, അങ്ങനെ ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിച്ചു. അതവരുടെ അധികാരദുർമോഹം, അല്ലങ്കിൽ പാകപ്പിഴ. ആ തെറ്റിനെ എതിർക്കുക, തെറ്റുചെയ്തവരെ തിരുത്തുക,നല്ലതിനെ സ്വീകരിക്കുക. അതാണു ഗുരുദേവൻ പഠിപ്പിച്ചതു്, അതും സ്വന്തം കർമ്മത്തിലൂടെ. ആർക്കും ഒരു പീഠയും വരുത്താതെ,ഉറുമ്പിനുപോലും; ആണു ഗുരുദേവൻ സമൂഹത്തിൽ വിപ്ളവാത്മകമായ തിരുത്തലുകൾ നടത്തിയതും ഇന്നും നടത്തിക്കൊണ്ടിരിക്കുന്നതും. ആ ആത്മീയവാണികളെ ശരിയായി മനസ്സിലാക്കി  പ്രായോഗികമാക്കിയാൽ വ്യക്തിഗതമായ ആത്മബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കും എന്നതു് എന്റെ ജീവിതാനുഭവം എന്നെ പഠിപ്പിക്കുന്നു. അങ്ങനെയുണ്ടാകുന്ന ആ വ്യക്തിബന്ധങ്ങൾ;ലോകസാഹോദര്യത്തിന്റെ ആ വിത്തുകൾ, പാകിമുളപ്പിച്ചു  വളർത്തി ഫലവത്താക്കി വിളയിപ്പിക്കാനും സാധിക്കും എന്നതു് സംശയമറ്റ സത്യം മാത്രം ആണു്. ആ ബന്ധങ്ങൾ ലോകമാനവികതയുടെ ഉത്തുംഗ ശൃംഗങ്ങൾ കെട്ടിപ്പടുക്കാനുള്ള ഇഷ്ടികകളാക്കാൻ തീർച്ചയായും സാധിക്കും. എന്നാൽ കക്ഷിരാഷ്ട്രീയക്കാരുടെ കപടഗുരുഭക്തിയും ഗുരുദേവഭക്തന്മാരുടെ അന്ധമായ ഭക്തിയും ഇതിനുപകരിക്കയില്ല. (ഗുരുദേവവാണികളുടെ ശരിയായ പൊരുൾ മനസ്സിലാക്കതെ ഗുരുദേവനിൽ അന്ധമായി വിശ്വസിക്കുന്നതിനെയാണിവിടെ “അന്ധമായ ഭക്തി”എന്നതുകൊണ്ടുദ്ദേശിക്കുന്നതു്.) ഇതു സാധിതമാകണമെങ്കിൽ ജനം ഗുരുദേവവാണികളുടെ അനന്തമായ ജ്ഞാനസാഗരം അറിയണം.

ദൈവദശകത്തിലെ നാലാം മന്ത്രത്തെപ്പറ്റി എഴുതിയിരിക്കുന്ന ഭാഗത്ത്“അഴി”യും തിരയും കാറ്റും ആഴവും” തമ്മിലുള്ള ബന്ധം എങ്ങനെയോ അതുപോലെയാണു് “ഞങ്ങളും മായയും നിന്മഹിമയും നീയും”തമ്മിലുള്ള ബന്ധം എന്നു വിവരിച്ചിട്ട് അവിടെ ഗുരുദേവൻ പറയുന്ന“ഞങ്ങൾ”, “സമ്പത്തുല്‍പ്പാദിപ്പിക്കുന്നവരായ അടിസ്ഥാനവര്‍ഗ്ഗം” മാത്രം ആണെന്നാണു് ലേഖനകർത്താവിന്റെ വിശകലനം. എന്നാൽ “അഴി”യും തിരയും കാറ്റും ആഴവും” തമ്മിലുള്ള ബന്ധം എങ്ങനെയോ അതുപോലെയാണു് “ഞങ്ങളും മായയും നിന്മഹിമയും നീയും”തമ്മിലുള്ള ബന്ധം; “അഴിയും തിരയും കാറ്റും ആഴവും” എങ്ങനെ ഒന്നിന്റെ തന്നെ ഭാഗങ്ങളാണോ, അഥവാ ഒന്നുതന്നെയാണോ;അതേപോലെ തന്നെ, “ഞങ്ങളും മായയും നിന്മഹിമയും നീയും” ഒന്നിന്റെ തന്നെ വിവിധ രൂപങ്ങളാണെന്ന സത്യം; അതായതു് ഒന്നു തന്നെയാണെന്ന സത്യം, ഗുരുദേവൻ തന്നെ സമ്മതിച്ചിട്ടുള്ളതുമാണു്.അദ്വൈതവേദാന്തമാണവിടെ ഗുരുദേവൻ കാട്ടിത്തരുന്നത്, അല്ലാതെ“വിഘടനാവേദാന്ത”മല്ല. അദ്വൈതത്തിൽ ശങ്കരന്റെ പിൻഗാമിയാണു ഗുരുദേവൻ എന്നു ഗുരുദേവൻ സ്വയം തന്നെ പറഞ്ഞിട്ടും ഉണ്ട്. ആ ഗുരുദേവൻ അരുളിച്ചെയ്യുന്നതിനെ ദുർവ്യാഖ്യാനം ചെയ്തു് ഗുരുദേവൻ ദൈവദശകത്തിൽ പറയുന്ന “ഞങ്ങൾ”, “സമ്പത്തുല്‍പ്പാദിപ്പിക്കുന്നവരായ അടിസ്ഥാനവര്‍ഗ്ഗം” മാത്രം ആണെന്നു തെറ്റിദ്ധരിപ്പിക്കാനാണു ലേഖനകർത്താവിന്റെ ശ്രമം. ഈ ശ്രമത്തിനു പിന്നിലെ പ്രചോദനം എന്തെന്നു പറയാതെ തന്നെ  വായനക്കാർക്കു മനസ്സിലാക്കാവുന്നതാണു്.കക്ഷിരാഷ്ടീയക്കാർ വളരെ മുമ്പുതന്നെ ഗുരുദേവനെ അവരുടെ സമ്മതിദാന വ്യവസായത്തിലെ കരുവാക്കിക്കഴിഞ്ഞതാണെന്നവിവരം ആർക്കാണറിയാൻ പാടില്ലാത്തത്. “സമ്പത്തു് ഉല്‍പ്പാദിപ്പിക്കുന്നവരായ അടിസ്ഥാനവര്‍ഗ്ഗ”ത്തിനു വേണ്ടി മാത്രം ഒരു ദൈവമോ!!! അപ്പോൾ ഈ“സമ്പത്തുല്‍പ്പാദിപ്പിക്കുന്നവരായ അടിസ്ഥാനവര്‍ഗ്ഗ”വും ഒരു മതമായിരിക്കണമല്ലോ? അതോ ജാതിയോ!!!
ഈ ലേഖനത്തിലെ മറ്റൊരു ഭാഗത്ത്, “ഹിന്ദുമത നീതിശാസ്ത്രമനുസരിച്ച് ഭാഷാശാസ്ത്രത്തിലെ ദൈവം രാജാവാണ്. ദൈവം രാജാവും രാജാവ് ദൈവവും” എന്നെഴുതിക്കണ്ടു. “ദൈവം രാജാവും രാജാവ് ദൈവവും”ആണെന്നൊരു ശാസ്ത്രവും പറയുന്നില്ല. അഥവാ ഒരുകാലത്തു ചിലർ അങ്ങനെ പറയാൻ ശ്രമിച്ചിരിന്നു എങ്കിൽതന്നെ യാതൊരുവിധമായ ശാസ്ത്രസാധൂകരണവും അതിനില്ലെന്നുള്ള സത്യം ഈ ലേഖനകർത്താവിനറിയില്ല എന്നു വേണം ചിന്തിക്കാൻ. അഥവാ ഉണ്ടെങ്കിൽ അതിനെ മറച്ചു വച്ചുകൊണ്ട് ഇങ്ങനെ ദുർവ്യാഖ്യാനം നടത്തുകയാണെന്നുവേണം മനസ്സിലാക്കേണ്ടതു്. ദൈവം ഒരിക്കലും രാജാവല്ല. രാജാക്കന്മാരുടെ രാജവെന്നു ചിലർ പറയാറുണ്ടെങ്കിലും ഭാരതത്തിന്റെ ആത്മീയതയിൽ അങ്ങനെയല്ല. രാജാവിനെ ദൈവത്തിന്റെ പ്രത്നിധിയായി കരുതപ്പെടാറുണ്ടായിരിന്നു. അല്ലാതെ“ദൈവം രാജാവും രാജാവ് ദൈവവും” ആയി കരുതപ്പെട്ടിരുന്നില്ല. ‘മാതാപിതാഗുരു ദൈവം’ എന്നാണു നമ്മുടെ സംസ്കൃതി ഉദ്ഘോഷിക്കുന്നത്; ‘മാതാപിതാഗുരുരജാ(വ്) ദൈവം’ എന്നല്ല. ചില രാജാക്കന്മാർക്കു അങ്ങനെ ആഗ്രഹം ഉണ്ടായിരിന്നു. അവരങ്ങനെ ആകാൻ ശ്രമിച്ചിട്ടും ഉണ്ട്. കൂടാതെ “ഹിന്ദുമതം” എന്നൊരു മതം ഇല്ല എന്ന ഗുരുദേവ വചനങ്ങളും ഈ ലേഖനകർത്താവിനറിവില്ല. നമ്മുടെ ആത്മീയത അഥവാ “ആത്മവിദ്യ” അല്ലെങ്കിൽ “ബ്രഹ്മവിദ്യ” എന്താണെന്ന് ഗുരുദേവന്റെ കൃതികൾ ശരിയായി പഠിച്ചാൽ മനസ്സിലാക്കം. കൂടാതെ ഗുരുദേവ ശിഷ്യനായ നടരാജഗുരു അതെന്താണെന്നു വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്.
“ആര്യനെ ശ്രേഷ്ഠനായി വര്‍ണ്ണിക്കു”ന്നതായും ഈ ലേഖനത്തിൽകാണുകയുണ്ടായി. ആര്യനെ ശ്രേഷ്ടനായി വർണ്ണിക്കുകയല്ല, മറിച്ച്, “ആര്യൻ” എന്ന പദത്തിന്റെ അർദ്ധമാണു “ശ്രേഷ്ഠൻ” എന്നത്.മധ്യേഷ്യയിൽ നിന്നും വന്നൂ എന്നു പറയപ്പെടുന്നവരല്ല “ആര്യന്മാർ”. “ആര്യ” എന്ന വാക്കിന്റെ അർഥം അറിയാഞ്ഞിട്ടോ, അറിഞ്ഞിട്ടും അറിയില്ലാ എന്നു നടിച്ചു്, മനുഷ്യരെ വഴിതെറ്റിക്കാനായിട്ടോ അങ്ങനെ ചില കഥകൾ ഉണ്ടാക്കപ്പെട്ടു. ആര്യന്മാർ എന്നൊരുകൂട്ടർ എവിടെ നിന്നോ(മദ്ധ്യ എഷ്യയിൽ നിന്നാകാം) ഭാരതത്തിൽ വന്നു എന്നും അവർ ഭാരതത്തിലുണ്ടായിരുന്ന ജനങ്ങളെയെല്ലാം അടിമകളാക്കി എന്നുമുള്ള കഥ, വെറും കെട്ടുകഥ മാത്രം ആണെന്നു തെളിഞ്ഞു കഴിഞ്ഞിട്ടും, ‘ആര്യന്മാർ വന്നു കീഴടക്കി’ എന്ന സായിപ്പിന്റെ കള്ളകഥയിൽ കുടുങ്ങിക്കിടക്കയാണീ ലേഖനകർത്താവ്, ഇന്നും. ഭാരതത്തിന്റെ ആത്മീയതയുടെ ഉറവിടം, അങ്ങനെ വന്നു എന്നു സങ്കല്പിക്കപ്പെട്ട, “ആര്യന്മാർ” എന്ന സങ്കല്പവർഗ്ഗം അല്ലാ എന്നും; മറിച്ച് കറുത്തതൊലിയുള്ള “ദ്രാവിഡർ” എന്നിപ്പോൾ പറയപ്പെടുന്നവരാണന്നും ഇനിയും ഈ ലേഖനകർത്താവിനു മനസ്സിലായിട്ടില്ലാ എന്നാണു് ഈ ലേഖനം തെളിയിക്കുന്നതു്. ഇന്ന് ജനിതശാസ്ത്രം തെളിയിച്ചു കഴിഞ്ഞകാര്യമാണു് ആര്യന്മാരെന്ന ഒരുകൂട്ടർ ഭരതത്തിലേക്കുവന്നിട്ടില്ലാ എന്നത്. തന്നെയുമല്ല, ലോക ഭാഷകളിലേറ്റവും നന്നെന്നു പ്രകീർത്തിക്കപ്പെടുന്ന സംസ്കൃത ഭാഷപോലും കറുത്ത തൊലിക്കാരായ ദ്രാവിഡർ എന്ന ഓമനപ്പേരിൽ ഇന്നു് അറിയപ്പെടുന്നവരുടെ സംഭാവനയാണെന്നും അത് അവരുടെ പുരാതന ഭാഷയിൽ നിന്നും ഊരുത്തിരിഞ്ഞുണ്ടായതാണെന്നതും ഈ ലേഖനകർത്താവിനു് അറിയില്ലെന്നും തോന്നുന്നു. അതോ വീണ്ടും അറിഞ്ഞിട്ടും അറിയില്ലാ എന്നു നടിക്കയാണോ? സംസ്കൃത ഭാഷപോലും കറുത്ത തൊലിക്കാരായ ദ്രാവിഡർ എന്ന ഓമനപ്പേരിൽ ഇന്നു് അറിയപ്പെടുന്നവരുടെ സംഭാവനയാണെന്നും, അത് അവരുടെ പുരാതന ഭാഷയിൽ നിന്നും ഊരുത്തിരിഞ്ഞുണ്ടായതാണെന്ന സത്യവും ആദ്യമായി പറഞ്ഞതും നമ്മുടെ കൊച്ചു മലയാളത്തിലെ ഒരു മഹാനായിരിന്നു എന്നും ഇദ്ദേഹത്തിനറിയില്ലായിരിക്കാം.

“ആയിരക്കണക്കിന് ദേവീ-ദേവന്മാരുണ്ടായിട്ട് ആദൈവങ്ങളെയൊന്നും പ്രതിഷഠിക്കാതെ അരുവിപ്പുറത്ത് ആദി മഹസ്സിനെപ്രതിഷ്ഠിച്ചു കൊണ്ടാണ് ശ്രീനാരായണഗുരു നവോത്ഥാനത്തിന് തുടക്കമിട്ടത്” എന്നു ഈ ലേഖനത്തിൽ കണ്ടു. ഗുരുദേവൻ നവോദ്ധാനത്തിനു തുടക്കമിട്ടതു് ആദിമഹസ്സിനെ പ്രിതിഷ്ടിച്ചു കൊണ്ടെങ്കിൽ, പിന്നീട് ഈ ആയിരക്കണക്കിനുള്ള ദൈവങ്ങളിൽ ചിലതിനെ പ്രതിഷ്ടിച്ചതു് എന്തിനെന്നു മനസ്സിലാകുന്നില്ല. അപ്പോൾ അതു് ആ നവോദ്ധാനത്തിൽ നിന്നും ഉള്ള തിരിച്ചു പോക്കല്ലേ എന്നൊരു സംശയം.

സത്യത്തിൽ ഗുരുദേവൻ ആദിമഹസ്സിനെ എങ്ങും പ്രതിഷ്ടിച്ചില്ല.ശിവലിംഗം ശിവന്റെ അടയാളമാണു്, ആദിമഹസ്സല്ല. ആദിമഹസ്സ് പ്രതിഷ്ടിക്കാൻ പറ്റുന്ന ഭൌതികവസ്തുവല്ലാ എന്നും ഇദ്ദേഹത്തിനറിയില്ല. അതു് തേജസ്സാണെന്ന സത്യം അറിയാതെയാണിദ്ദേഹം എഴുതിയിരിക്കുന്നത്. ആദിമഹസ്സിന്റെ ആദിരൂപമാണു ഗുരുദേവൻ പ്രതിഷ്ടിച്ചതെന്നു പറയാം. എന്തായാലും ആദി മഹസ്സിനെയല്ല. പ്രതിഷ്ട്ടിക്കപ്പെടുന്നതെല്ലാം ആ ആദിമഹസ്സിന്റെ പ്രതിനിധാനങ്ങൾ മാത്രം ആണെന്നസത്യവും ഈ ലേഖനകർത്താവിനു് അറിയില്ലേ? അതോ വീണ്ടും അറിയാമായിരുന്നിട്ടും അറിയില്ലാ എന്നു നടിച്ചു വായനക്കാരെ വിഡ്ഠികളക്കാൻ ശ്രമിക്കയാണോ? ഒരു പക്ഷേ;ദൈവം, ദേവത, ആദി പുരുഷൻ, ശക്തി, പരബ്ർഹ്മം, ആത്മാവ്,തുടങ്ങിയ സംജ്ഞകൾ തമ്മിലുള്ള അന്തരവും ഇദ്ദേഹത്തിനു മനസ്സിലായിട്ടില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആ  വ്യത്യാസം മനസ്സിലാകാതെ ആശയക്കുഴപ്പത്തിലും ആകാം, എല്ലാം ചേർന്ന ഒരു മായാലോകത്തിൽ. എങ്കിൽ ‘’മായയെ നീക്കാൻ’ കഴിവുള്ള ആ ആദിമഹസ്സിനെത്തന്നെ അഭയം പ്രാപിക്കയായിരിക്കും അതിനുള്ള ഏറ്റവും നല്ല പ്രതിവിധി. അതിനു ഏറ്റവും പറ്റിയ ഉപകരണമാണു ദൈവദശകം.  പക്ഷെ അതിനു് അതിന്റെ (ദൈവദശകത്തിന്റെ)പൊരുളറിഞ്ഞു മനനം ചെയ്യണം; “മനം” അറിഞ്ഞു മനനം ചെയ്യണം.അപ്പോൾ പൊരുൾ തനിയെ മനസ്സിലായിക്കൊള്ളും. പക്ഷേ, ഈ വ്യാഖ്യാനത്തിലെഴുതിയിരിക്കും പോലെ മനസ്സിലാക്കിയാൽ അതു സാധിക്കയില്ല.

Posted by 

2 comments:

This comment has been removed by the author.

ആര്യന്മാരുടെ പ്രവേശം നടന്നത് കലിയുഗാരംഭത്തിനു ശേഷമാണെന്ന ഒരു കാലഗണന വച്ചാണ് അതേപ്പറ്റിയുള്ള പഠനങ്ങളെല്ലാം നടന്നിട്ടുള്ളത്. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ത്രേതായുഗത്തിൽ നടന്ന ശ്രീരാമ കഥയുടെ കാലം മുതൽക്കു തന്നെ ഈ വംശ വിവേചനം കാണാൻ കഴിയും. അന്ന് ദക്ഷിണേന്ത്യ മുഴുവൻ കുരങ്ങൻമാരെക്കൊണ്ട് നിറഞ്ഞിരുന്നു. ആ കുരങ്ങന്മാർ മനുഷ്യരെപ്പോലെ സംസാരിക്കുകയും രമ്യ ഹർമ്യങ്ങൾ പണിതു ആഡംബരത്തോടെ കഴിയുന്നവരും ആയിരുന്നു. ശ്രീലങ്കയിലാകട്ടെ, മുഴുവൻ രാക്ഷസരെക്കൊണ്ട് നിറഞ്ഞിരുന്നു. ഉത്തരേന്ത്യൻ ജനുസ്സുകളായ സൂര്യവംശവും അതുപോലുള്ള കുറെ വംശക്കാർ മാത്രമേ മനുഷ്യരായി ഉണ്ടായിരുന്നുള്ളൂ. ഇതൊക്കെ നമ്മുടെ അടിയുറച്ച വിശ്വാസങ്ങളായി എല്ലാ കർക്കടകത്തിലും നമ്മൾ പാടിയുറപ്പിക്കുന്നതല്ലേ?
ഈ കുരങ്ങന്മാർ ദ്രാവിഡരായി അറിയപ്പെട്ടു തുടങ്ങിയത് എന്ന് മുതലാണ്‌? ഈ രാക്ഷസന്മാരെല്ലാം സിംഹളന്മാരായി മാറിയതെങ്ങനെയാണ്?
സംസ്കൃത ഭാഷ ദ്രാവിഡരുടെ സ്വന്തം ഭാഷയായിരുന്നെങ്കിൽ ഇതു പോലൊരു അധിക്ഷേപത്തിന് അവർ ഇരയാകുമായിരുന്നോ? എന്തേ ദ്രാവിഡ രക്തം ഉത്തരേന്ത്യയിൽ വേരൂന്നിയില്ല?
ജനിതക പരിശോധനയിലൂടെ കണ്ടുപിടിക്കവുന്നതിനും അപ്പുറമാണ് കാര്യങ്ങളുടെ വ്യാപ്തി. എങ്കിലും അധര വ്യായാമം ആരോഗ്യത്തിനു നല്ലത് തന്നെ.

Post a Comment