Wednesday 29 May 2013

തീത്തൈലം എടുക്കല്ലേ, ഗുരു ഇവിടെത്തന്നെയുണ്ട്

by  സജീവ് കൃഷ്ണൻ

കൊടുങ്ങല്ലൂരിലെ ഒരു ഭക്തന്റെ വസതിയിൽ ഇരിക്കുകയാണ് ഗുരുദേവൻ. അങ്ങോട്ടേക്ക് ഒരു വെളിച്ചപ്പാട് കടന്നുവന്നു. കട്യാവുടുത്ത്, കാപ്പുകെട്ടി, നെറ്റിയിൽ സിന്ദൂരവും മഞ്ഞൾപ്പൊടിയും പൂശിയാണ് വരവ്. ഒരു കൈയിൽ വലിയ വാൾ. മറ്റേക്കൈ ചുരുട്ടി അടച്ചുപിടിച്ചിരിക്കുന്നു. വന്നപാടെ അയാൾ ഒന്നലറി. ചുറ്റിനും നിന്ന ഭക്തർ അതുകേട്ട് കൈകൂപ്പി നിന്ന് വിറകൊണ്ടു. സ്വാമിക്കുമാത്രം ചാഞ്ചല്യമില്ല. വെളിച്ചപ്പാടിന്റെ ചുവന്നുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിയിട്ട് ഗുരുസ്വാമി ചോദിച്ചു;

"ആര്? എന്ത്?"

"എന്താ കണ്ടിട്ട് മനസിലായില്ലേ? ഭഗവതിയുടെ നിത്യദാസൻ"

"ആവട്ടെ, എന്തു വിശേഷം?"

"അമ്മയുടെ തിരുവുള്ളം അറിയണോ?"

"അതെന്താണ്?"

"അമ്മ വിളയാട്ടംതന്നെ. ഇതാ നോക്കൂ" വെളിച്ചപ്പാട് കൈയിൽ അടച്ചുപിടിച്ചിരുന്ന പൂക്കൾ ഊതിക്കളഞ്ഞിട്ട് കൈ നിവർത്തിക്കാട്ടി. അയാളുടെ ഉള്ളംകൈയിൽ പൊള്ളൽക്കുമിളകൾ. നോക്കി നിൽക്കെ അവ വർദ്ധിച്ചുവരുന്നു.

അതുകണ്ട്, "അയ്യോ... അമ്മേ ദേവീ രക്ഷിക്കണേ.." എന്നുവിളിച്ച് ചുറ്റിനും നിന്നവർ ഭീതിയോടെ കരഞ്ഞു. ഗുരു ചിരിച്ചു, "കൊള്ളാമല്ലോ വിളയാട്ടം കേമം തന്നെ. ഇനി അതൊന്ന് മായ്ച് കളയാമോ?" വെളിച്ചപ്പാട് ശരിക്കും കുടുങ്ങിപ്പോയി. നാണവും കോപവും ആ മുഖത്ത് മിന്നിമറഞ്ഞു. ഗുരു കാറ്റിലുലയാത്ത ദീപംപോലെ നിലകൊള്ളുകയാണ്. "ആകട്ടെ. ആ കൈ വേഗം ചുരുട്ടി അടച്ചു പിടിക്കുക. അല്ലെങ്കിൽ പൊള്ളൽ അധികരിക്കും." എന്ന് മൊഴിഞ്ഞു. വെളിച്ചപ്പാട് തലകുമ്പിട്ട് വേഗം അവിടെനിന്ന് നടന്നുമറഞ്ഞു.

കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന പൂക്കളിൽ തീത്തൈലം എന്ന ദ്രാവകം തളിച്ചിരുന്നു. അതുകൊണ്ടായിരുന്നു അമ്മവിളയാട്ടം. തീത്തൈലം പതിവിലും കൂടിപ്പോയതിനാലാണ് കുമിളകൾ കാണെക്കാണെ വലുതായതെന്ന് ഗുരുവിനു മനസിലായി. അത് ചുറ്റിനും നിന്നവർക്ക് തൃപ്പാദങ്ങൾതന്നെ വിശദമാക്കിക്കൊടുത്തു. അമളിപറ്റിയത് അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്. നൂറ്റാണ്ടുകൾകൊണ്ട് കറപിടിച്ച് അശുദ്ധമായ ഈശ്വരസങ്കല്പത്തെ ശുദ്ധീകരിക്കാൻവേണ്ടി നിർഭയനും അചഞ്ചലനുമായി നിന്നുകൊണ്ട് വിശ്വാസത്തട്ടിപ്പുകാരുടെ പൊടിക്കൈകൾ ഗുരുദേവൻ പൊളിച്ചടുക്കിയിട്ടുണ്ട്. അതൊക്കെ ഏതോകാലത്ത് നടന്ന പഴങ്കഥകൾപോലെ വിസ്മൃതമാവുകയാണിന്ന്.

ഗുരുവിന്റെ മഹാസമാധി സംഭവിച്ചിട്ട് നൂറ് വർഷം പോലും തികഞ്ഞിട്ടില്ല, അതിനുമുമ്പേ ആ ബീഭത്സരൂപങ്ങൾ കളം തിരികെ പിടിച്ചു.
പലവിധകാര്യങ്ങളിൽ മുഴുകി ജീവിതപ്രാരബ്ധങ്ങളുമായി നട്ടംതിരിയുന്നവർക്ക് കുറേ ചെണ്ടമേളവും ആർപ്പുകുരവയും മണിയടിയും വെളിച്ചപ്പാടിന്റെ അലർച്ചയും ചോരചിന്തലും ഭസ്മമെറിയലും ഒക്കെ കാണുമ്പോൾ ഭ്രമവും ഭയവും കലർന്ന് മറ്റുള്ള ചിന്തകളിൽനിന്ന് മനസ് കൈവിട്ടുകിട്ടും. ആ അവസ്ഥയിൽ വിശ്വാസികളെ എത്തിക്കാനുള്ള ട്രിക്കുകൾ തന്ത്രശാസ്ത്രത്തിൽ ഒട്ടേറെയുണ്ട്. അതുപയോഗിച്ചാണ് ഒരു വലിയ കാലഘട്ടത്തെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ജാതി അയിത്തത്തിലുമൊക്കെ തളയ്ക്കാൻ കഴിഞ്ഞത്. ഭയം എന്ന വികാരത്തെ മുതലെടുത്താണ് ഇവർ വിശ്വാസികളെ വഴിതെറ്റിക്കുന്നത്. പൗരോഹിത്യത്തിന്റെ വിശ്വാസചൂഷണങ്ങളിൽനിന്ന് ഈശ്വരഭക്തിയെയും ദൈവസങ്കല്പത്തെയും മോചിപ്പിച്ചുകൊണ്ടുള്ള ക്ഷേത്രാരാധനാരീതി ആവിഷ്കരിച്ച ഗുരു ശുദ്ധോപാസനയിലൂടെ ബ്രഹ്മപ്രാപ്തിക്കുള്ള മാർഗമാണ് കാണിച്ചുതന്നത്.

ഭക്തിയും ദൈവസങ്കല്പവും ഉണരേണ്ടത് ചിന്തകളുടെ കാലുഷ്യത്തെ അകറ്റി ശാന്തമാക്കിയ മനസിൽനിന്നാണെന്ന് ഗുരു മൊഴിഞ്ഞു. ദുഷിച്ച വിചാരങ്ങളും വികാരങ്ങളും അകറ്റാൻ വലിയപരിധിവരെ സഹായിക്കുന്ന ശുദ്ധിപഞ്ചകം നിത്യകർമ്മമാക്കി പഞ്ചധർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ശാന്തചിത്തരാകാൻ ഗുരു ഉപദേശിച്ചു. അമ്മദൈവം എന്ന സങ്കല്പത്തെ ശുദ്ധവിദ്യയായി ഉപാസിക്കാൻ ശ്രീശാരദയെ പ്രതിഷ്ഠിച്ചിട്ട് ഗുരു മൊഴിഞ്ഞത് ശാരദയ്ക്ക് ശുദ്ധജലവും പൂവുംമതി എന്നായിരുന്നു. അഞ്ചുതെങ്ങ് പാട്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠകഴിഞ്ഞ് ഭക്തരെ വിളിച്ചിട്ട് ഗുരു മൊഴിഞ്ഞു, ഇവിടെ പൂജാരികൾ ആവശ്യമില്ല. നിങ്ങളിൽ ഒരാൾ ദിവസവും കുളിച്ച് ശുദ്ധിവരുത്തി ശുഭ്രവസ്ത്രം ധരിച്ചുവന്ന് കുറച്ച് പച്ചരി നന്നായി കഴുകി വേവിച്ചെടുക്കണം. കുറച്ച് വെള്ളം തളിച്ച് പൂവും ചോറും ദേവന് എടുത്തുവയ്ക്കുക. എല്ലാവരും ഒരേമനസോടെ ഐശ്വര്യലബ്ധിക്കായി പ്രാർത്ഥിക്കുക. എന്നിട്ട് ആ ചോറ് ഭക്ഷിക്കുക. ഓരോ ദിവസവും ഓരോരുത്തർ ഇങ്ങനെ ചെയ്യുക.

പൗരോഹിത്യ കച്ചവടം അവസാനിപ്പിക്കാനും കൂടുതൽപേരെ ശുദ്ധോപാസന ശീലിപ്പിക്കാനുമുള്ള ശ്രമമായിരുന്നു അത്. ശുദ്ധദൈവസങ്കല്പം ശക്തിപ്രാപിക്കുമ്പോൾ ദുഷ്ടമൂർത്തികൾ പത്തിതാഴ്ത്തും എന്നും ഗുരു അരുൾചെയ്തു. നമുക്ക് ശുദ്ധദൈവത്തെ കാട്ടിത്തന്നിട്ട് അതേ സത്യസ്വരൂപത്തിൽ ലയിച്ച ഗുരുവിനെത്തന്നെ ഇന്ന് പുരോഹിതവിഭാഗം വരുമാനം കൊയ്യാനുള്ള മാർഗമാക്കുകയാണ്. ഗുരുവിനെ അറിയാനും അവിടന്ന് ഉപദേശിച്ച ശുദ്ധസങ്കല്പത്തിൽ ഗുരുവിനെത്തന്നെ പൂജിക്കാനും വേണ്ടിയിട്ടാണ് നമ്മുടെ നാട്ടിൽ ഗുരുമന്ദിരങ്ങളും പിന്നീട് ഗുരുക്ഷേത്രങ്ങളും ഉയർന്നുവന്നത്. എന്നാൽ ഗുരുമന്ദിരങ്ങൾ ക്ഷേത്രസങ്കല്പത്തിലേക്ക് മാറിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്.

വടക്കൻ കേരളത്തിൽ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ഒന്നാണ് ഇളനീരാട്ട് എന്ന ചടങ്ങ്. നായർ- തീയ വിഭാഗങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമായിട്ടാണ് അവിടെ അധിവസിച്ചിരുന്നത്. കിഴക്കുനിന്ന് പാലും പടിഞ്ഞാറുനിന്ന് ഇളനീരും വരട്ടെ എന്ന് സവർണർ അക്കാലത്ത് ഒരു ആചാരമുണ്ടാക്കി. തെങ്ങുമായി ബന്ധമുള്ളവർക്ക് ക്ഷേത്രത്തിൽ കൊണ്ടുവരാൻ പറ്റുന്ന ഏകസാധനം ഇളനീരാണല്ലോ. അതും അസഭ്യം വിളിച്ചു പറഞ്ഞുവേണം കൊണ്ടുവരാൻ. ഇതിനുബദലായി തലശേരി ക്ഷേത്രത്തിൽ `ഓം' എന്ന് ജപിച്ചുകൊണ്ട് ഇളനീരാടാൻ പറഞ്ഞു ഗുരുദേവൻ. ഇളനീരാടുക എന്നകാര്യം വിശ്വാസത്തിൽ അടിയുറച്ചുപോയതിനാൽ പെട്ടെന്ന് അത് തടയാൻ കഴിയില്ലെന്ന് ഗുരുവിനറിയാമായിരുന്നു. ഇളനീർവെട്ടി ആരുടെയും തലയിൽ ഒഴിക്കരുത് അവ തേങ്ങയാവട്ടെ എന്ന് പിന്നീട് ഗുരു മൊഴിയുകയുണ്ടായി. വടക്കൻ കേരളത്തിൽനിന്ന് ഇളനീരാട്ടം തെക്കോട്ട് വന്നിട്ട് കാലം കുറച്ചായി. ശിവക്ഷേത്രങ്ങളിൽ നടത്തിയിരുന്ന ഈ ചടങ്ങ് ഇപ്പോൾ ഗുരുദേവക്ഷേത്രത്തിലേക്കും വ്യാപിക്കുന്നു. ഇളനീർ തേങ്ങയാവട്ടെ എന്നുപറഞ്ഞ ഗുരുവിന്റെ തലയിൽതന്നെ അത് വെട്ടിയൊഴിച്ച് നിർവൃതി തേടുകയാണ് കഥയറിയാത്ത പാവം ഭക്തർ. ഗുരുവിനെ മൂർത്തീസങ്കല്പത്തിൽ പ്രതിഷ്ഠിച്ചാണത്രേ ഇത് ചെയ്യുന്നത്. ബ്രഹ്മസ്വരൂപനായി നില്ക്കുന്ന ഗുരുവിനെ മൂർത്തീസങ്കല്പത്തിലേക്ക് പിടിച്ചു താഴ്‌ത്തുന്നതുതന്നെയല്ലേ ഏറ്റവും വലിയ ഗുരുനിന്ദ? ഇക്കണക്കിനുപോയാൽ ഗുരുവിനെവച്ച് ശത്രുസംഹാരപൂജ നടത്തുന്നകാലവും വിദൂരമാവില്ല.

വിശ്വാസത്തട്ടിപ്പുകാർ പഴയ തീത്തൈലം കളഞ്ഞിട്ടില്ലെന്ന് വ്യക്തം. അവർ പലതരം `അമ്മവിളയാട്ടം' നടത്തുകയാണ്. ഉള്ളിൽ അചഞ്ചലനായി ചിരിച്ചരുളുന്ന ഗുരുസ്വരൂപത്തെ തിരിച്ചറിയാതെ "അയ്യോ ദേവീ" എന്ന് ഭയന്നുവിറച്ച് നമ്മളും.

http://news.keralakaumudi.com/news.php?nid=c4c5d723742f6e4a2cbc7d6f6dad63b0#.UaN1fHkBU1w.facebook

0 comments:

Post a Comment