Thursday, 16 May 2013

നമ്മുടെ സാമൂഹിക ജീവിതത്തിനായി ഗുരു അരുളിയ സാമാന്യധര്‍മ്മങ്ങള്‍ എന്തെല്ലാം.


മനുഷ്യന്റെ സാമൂഹിക ആത്മീയ ജീവിത വിജയത്തിന്‌ അതിപ്രധാനമായിട്ടുള്ളതാണ്‌ സാമാന്യധര്‍മ്മങ്ങള്‍. അഹിംസ, സത്യം, അസ്‌തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം ഇങ്ങനെ 5 സാമാന്യ ധര്‍മ്മങ്ങളാണ്‌ ഗുരു സാമൂഹികവും ആത്മീയവുമായ ഉന്നതിക്കായി അരുളിയിട്ടുള്ളത്‌.

അഹിംസ: മനസാവാചാ കര്‍മ്മണാ യാതൊരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക എന്നതാണ്‌ അഹിംസാ ധര്‍മ്മം. ധര്‍മ്മങ്ങള്‍ അഹിംസയിലും അധര്‍മ്മങ്ങള്‍ ഹിംസയിലും വര്‍ത്തിക്കുന്നു എന്ന്‌ ധര്‍മ്മജ്ഞാനികള്‍ പറയുന്നു. അഹിംസാധര്‍മ്മം പാലിക്കുന്നവനെ സര്‍വ്വപ്രാണികളും സന്തോഷത്തോടെ സ്വമാതാവിനെ എന്നപോലെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

അഹിംസാവ്രതശീലേ തു ഹിംസ്രാഹിംസ്രാഹി ജന്തവഃ
വിശ്വാസമുപഗച്ഛന്തി മാതരീവ പ്രമോദതഃ

അഹിംസാ ധര്‍മ്മത്തില്‍ സ്‌നേഹം, കരുണ, ത്യാഗം, സാഹോദര്യം, സത്യം തുടങ്ങിയ സര്‍വ്വധര്‍മ്മങ്ങളും സൂക്ഷ്‌മഭാവത്തില്‍ സ്ഥിതിചെയ്യുന്നു. ഇപ്രകാരംതന്നെ ഹിംസയില്‍ ദ്വേഷം, ക്ഷോഭം, അഹന്ത, വെറുപ്പ്‌, സ്വാര്‍ത്ഥത, നശിപ്പിക്കല്‍ തുടങ്ങിയ സര്‍വ്വ അധര്‍മ്മങ്ങളും സ്ഥിതിചെയ്യുന്നു.

സത്യം: സത്യം സനാതനമായ ബ്രഹ്മമാകുന്നു. ഉള്ളത്‌ സത്യം മാത്രമാകുന്നു. ഈ ലോകം സത്യത്തില്‍ നിലകൊള്ളുന്നതിനാല്‍ സത്യമേ പറയാവൂ. കള്ളം പറയരുത്‌.

അസത്യം മനുഷ്യമനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. മനസ്സ്‌ അസ്വസ്ഥമായാല്‍ അത്‌ കര്‍മ്മമണ്ഡലത്തെ ബാധിക്കും. അസത്യം പറയുമ്പോള്‍ അത്‌ നാം അറിയാതെ മറ്റുപലതിനേയും ദോഷകരമായി ബാധിക്കുന്നുണ്ട്‌. മറ്റുള്ളതിനെ ദ്രോഹിക്കുമ്പോള്‍ നാമറിയാതെ നമ്മില്‍ അത്‌ അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കും. 

അസ്‌തേയം: അന്യന്റെ ധനത്തെ അപഹരിക്കാതിരിക്കുകയും അവയെക്കുറിച്ച്‌ ചിന്തിക്കാതെയിരിക്കുന്നതുമാണ്‌ അസ്‌തേയം. മഹത്തുക്കള്‍ മനസാ വാചാ കര്‍മ്മണാ മോഷണത്തെ ഉപേക്ഷിക്കുന്നു. 

അവ്യഭിചാരം, മദ്യവര്‍ജ്ജനം: മദ്യപാനവും വ്യഭിചാരവും മനുഷ്യരിലെ ആത്മാഭിമാനത്തെ ഇല്ലാതാക്കുന്നതും മനശക്തിയെ നശിപ്പിക്കുന്നതും സമ്പത്തിനെ ഇല്ലാതാക്കി അവനെ നിത്യ ദുരിതത്തിലാഴ്‌ത്തുന്നതുമായ സ്വഭാവദൂഷ്യങ്ങളാണ്‌.
വ്യഭിചാര കര്‍മ്മത്തെ ചെയ്യുന്ന പുരുഷന്‌ പകലും കൂരിരുട്ടായി അനുഭവപ്പെടുന്നു. അവന്‌ പ്രകൃതിദത്തമായിരിക്കുന്ന ഏതൊരു സുഖവും ഉണ്ടാകുന്നതല്ല. കല്ലും മണ്ണും കമ്പിയും സിമന്റും മരവും കൊണ്ടൊക്കെ നിര്‍മ്മിക്കുന്ന ഒരു കെട്ടിടം കേവലം ജഡവസ്‌തുവാണ്‌. ഇങ്ങനെയുള്ള ജഡവസ്‌തുവിനെ ജീവനുള്ള വീടാക്കിമാറ്റുന്നത്‌ ചില മാനവീക മൂല്യങ്ങളുടെ കൂടിച്ചേരലുകളാണ്‌. ഈ മൂല്യങ്ങളെ പ്രകാശിപ്പിക്കുന്ന ധര്‍മ്മങ്ങള്‍ ആചരിക്കുന്നവരുടെ കൂട്ടായ്‌മയിലാണ്‌ ഒരു വീട്‌ യഥാര്‍ത്ഥ കുടുംബമായിത്തീരുന്നത്‌. കുടുംബത്തിലെ ആരെങ്കിലും ഈ ധര്‍മ്മങ്ങള്‍ ലംഘിച്ചാല്‍ അത്‌ കുടുംബഭദ്രതയെ താറുമാറാക്കും.

എല്ലാവരും അവരവരുടെ ഇഷ്‌ടത്തിനനുസരിച്ചല്ലേ ജീവിക്കുന്നത്‌. ഒരാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ക്ക്‌ എന്താണ്‌ പ്രശ്‌നം? നിങ്ങള്‍ നല്ലവനായി ജീവിച്ചോ. എന്റെ ജീവിതത്തില്‍ ഇടപെടേണ്ട. ഇത്‌ എന്റെ ജീവിതമാണ്‌. എനിക്ക്‌ ഇഷ്‌ടമുള്ളത്‌ ഞാന്‍ ചെയ്യും. എന്ന്‌ ചിലര്‍ പറയുമായിരിക്കും.

ശരിയാണ്‌. ഇത്‌ അയാളുടെ ജീവിതം. പക്ഷേ അയാളുടെ ദുഷ്‌പ്രവര്‍ത്തികള്‍കൊണ്ട്‌ മറ്റ്‌ മനുഷ്യരുടെ സ്വര്യജീവിതത്തിന്‌ അത്‌ ദോഷകരമാകുന്നെങ്കിലോ? മദ്യപിച്ച്‌ കാറോടിക്കുന്ന ഒരുവന്‍ ലക്ഷ്യബോധമില്ലാതെ കാറ്‌ റോഡരുകിലെ വീട്ടിലേക്ക്‌ ഇടിച്ചുകയറ്റുമ്പോള്‍ എത്രപേര്‍ക്കാണ്‌ ദോഷം സംഭവിക്കുന്നത്‌. നിങ്ങളുടെ പ്രവര്‍ത്തികള്‍ എന്നേയും എന്റെ പ്രവര്‍ത്തികള്‍ നിങ്ങളേയും ബാധിക്കുന്നു. ഈ ഭൂമി പങ്കുവയ്‌ക്കുന്ന നാം കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം.
എന്റെ ജീവിതമാണ്‌, എനിക്ക്‌ ഇഷ്‌ടമുള്ളത്‌ ചെയ്യും എന്ന മനോഭാവം ഗുണത്തേക്കാളേറെ ദോഷമാണ്‌ സമൂഹത്തിന്‌ ചെയ്യുന്നത്‌. ശരിയായ സത്ത ഉള്‍ക്കൊള്ളാത്തവരാണ്‌ അവരവരുടെ സൗകര്യമനുസരിച്ച്‌ വാക്കുകളെ വ്യാഖ്യാനിക്കുന്നത്‌. നമ്മളാരും ഒറ്റയ്‌ക്കല്ല ജീവിക്കുന്നത്‌ എന്ന വസ്‌തുത അവര്‍ വിസ്‌മരിക്കുന്നു. അപ്രതീക്ഷിതമായ പ്രശസ്‌തിയിലേക്ക്‌ ഉയര്‍ന്ന ചില ചാനല്‍പരിപാടിക്കാര്‍ ഇത്തരത്തില്‍ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. ഞാന്‍ ഇങ്ങനെയാണ്‌. ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യും. ആരും ചോദ്യംചെയ്യേണ്ട. സൗകര്യമുള്ളവര്‍ എന്റെ പരിപാടി കണ്ടാല്‍മതി. എന്നെല്ലാമുള്ള ധിക്കാരം ഇവരെക്കൊണ്ട്‌ പറയിച്ചതും അവരെ ധിക്കാരികളും അഹങ്കാരികളും ആക്കിയതും പ്രേക്ഷകരാണ്‌. മൂല്യബോധമില്ലാത്തവരുടെ കൂത്തുകള്‍ നാം കാണുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും അനുകരിക്കുകയും അതാണ്‌ ഇപ്പോഴത്തെ സാന്മാര്‍ഗ്ഗീകത എന്ന്‌ ധരിക്കുകയും ചെയ്യുന്നു.

ദുഃസ്വാധീനങ്ങളില്‍നിന്നും വിട്ടു നില്‌ക്കുക.
പ്രായപൂര്‍ത്തിയായവരുടെ പെരുമാറ്റത്തെയും മാധ്യമങ്ങളുടെ പ്രചാരണങ്ങളെയും അനുകരിക്കാനുള്ള പ്രവണത ചെറുപ്പക്കാരില്‍ ധാരാളമായി കണ്ടുവരുന്നു. സമപ്രായക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദം ചെറുപ്പക്കാരിലും മുതിര്‍ന്നവരിലും ഒരേപോലെ ബാധിക്കുന്ന ഘടകങ്ങളാണ്‌

https://www.facebook.com/groups/sreenarayananjanasameksha3/permalink/342153189240800/

0 comments:

Post a Comment