രാജേഷ് കാവുംപാടം
http://www.janayugomonline.com/php/newsDetails.php?nid=1008102&cid=52#.UZJ-MtkXwCk.facebook
Tuesday, 14 May 2013
ലേഖനം : നിത്യചൈതന്യയതി ദര്‍ശനങ്ങളിലൂടെ നടന്ന ബഹുമുഖപ്രതിഭ
വ്യത്യസ്ത ആശയങ്ങളിലൂടെ നടക്കുന്നവരുടെ ഒത്തുചേരലായിരുന്നു നിത്യ ചൈതന്യ യതിയുടെ സൗഹൃദങ്ങള്‍. മതങ്ങള്‍ വരച്ചിടാത്ത ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും അഗാധമായ അറിവുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതിക്ക് ലോകത്തിന്റെ നാനാഭാഗത്തും ശിക്ഷ്യന്മാരുടെ നീണ്ട നിരയുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റ് പണ്ഡിതന്മാരില്‍നിന്നും വ്യത്യസ്തനാക്കുന്നത്.
വിദ്യാര്‍ഥിയായിരുന്ന കാലത്ത് ക്ലാസില്‍വെച്ചുണ്ടായിരുന്ന അനുഭവം വായിച്ചാല്‍ മാത്രം മതി യതിയുടെ ദര്‍ശനം ലളിതമായി മനസിലാക്കാന്‍. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെങ്കിലും സന്യാസം സ്വീകരിച്ചതോടെ യതിയായി മാറുകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ പ്രചാരകനും പ്രയോക്താവുമായിരുന്ന നടരാജഗുരുവിനു ശേഷം ശ്രീനാരായണ ദര്‍ശനങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു യതി. സന്ന്യാസിയായിരുന്നെങ്കിലും വിവിധ മതപണ്ഡിതന്മാരുടെ ഇടയില്‍ യതിയുടെ പഠനങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. ‘ഭൗതികം, ആദ്ധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം പാണ്ഡിത്യം നേടുകയും പഠിപ്പിക്കുകയും ചെയ്തു. പ്രാചീന കാലഘട്ടം, മദ്ധ്യകാലഘട്ടം, ആധുനിക കാലഘട്ടം തുടങ്ങിയ വിവിധ കാലഘട്ടങ്ങളിലെ ദര്‍ശനങ്ങളെക്കുറിച്ച് യതി പഠനം നടത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ വകയാറില്‍ 1924 നവംബര്‍ 2നാണ് ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം വീടുവിട്ട് സാധുവിനെപ്പോലെ ‘ഭാരതത്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. ഈ യാത്രക്കിടെ ഗാന്ധിജിയുമായും പ്രശസ്തരായ നിരവധി വ്യക്തികളുമായും അടുത്ത് ഇടപഴകാനും അവരില്‍നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്നാണ് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചത്.
സൂഫി ഫക്കീറുമാര്‍, ജൈന സന്ന്യാസികള്‍, ബുദ്ധമത സന്യാസിമാര്‍, രമണ മഹര്‍ഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിന്‍ അടുത്ത ബന്ധമുണ്ടായിരുന്നു.
പലസ്ഥലങ്ങളിലും സഞ്ചരിച്ചശേഷം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യു സി കോളേജില്‍ തത്ത്വശാസ്ത്രം പഠനത്തിനായി ചേര്‍ന്നു.
അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രവും മനശാസ്ത്രവും പഠിച്ചു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഈ സമയത്ത് വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങള്‍, സാഹിത്യം എന്നിവ പഠിച്ചു. നടരാജ ഗുരുവിന്റെ മരണത്തിനു ശേഷം നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളിലും ശിഷ്യരെ സ്വന്തം കര്‍മമാര്‍ഗം തിരഞ്ഞെടുക്കുവാന്‍ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകള്‍ വരെയും വ്യാപൃതനായിരുന്നു.
അദൈ്വത വേദാന്തത്തിന്റെയും ‘ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയില്‍ മൂന്നാമനായ നിത്യ ചൈതന്യ യതി കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു.
ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാര്‍ശനികര്‍ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ‘ഭാഷയില്‍ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 80 പുസ്തകങ്ങളും രചിച്ചു. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സര്‍വകലാശാല ചെയര്‍പേര്‍സണായും ലോക പൗരന്മാരുടെ ലോക ഗവണ്‍മെന്റ്’ എന്ന സംഘടനയുടെ മേല്‍നോട്ടക്കാരനായും പ്രവര്‍ത്തിച്ചു. 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ താമസിക്കുമ്പോഴാണ് യതി വിടപറഞ്ഞത്.
ഭഗവദ്ഗീത, മഹര്‍ഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അര്‍പ്പണവും, ഇതോ അതോ അല്ല ഓം, നാരായണഗുരുവിന്റെ ആത്മോപദേശശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങള്‍, ദര്‍ശനമാലയുടെ മനശാസ്ത്രം, അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം, ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മനശാസ്ത്രം, യതിചരിതം, ആത്മകഥ, സ്‌നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുര്‍ആന് ഹൃദയാഞ്ജലി, ലാവണ്യനുഭവവും സൗന്ദര്യനുഭൂതിയും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.
0 comments:
Post a Comment