Wednesday 1 May 2013

പ്രാര്‍ത്ഥന എന്ത്‌? എന്തിന്‌?


ഈശ്വര സാക്ഷാത്‌കാരത്തിന്‌ സാധാരണ ജനം അവലംബിക്കുന്ന മാര്‍ഗ്ഗമാണ്‌ പ്രാര്‍ത്ഥന. പ്രര്‍ത്ഥന അര്‍ത്ഥനയാണ്‌. ഇഷ്‌ടദേവതാ രൂപത്തെ സങ്കല്‌പിച്ച്‌ അവരുടെ സ്വരൂപത്തെയും കഴിവുകളേയും നാമത്തെയും വര്‍ണ്ണിച്ച്‌ ഭക്തന്‍ തന്റെ അഭീഷ്‌ടങ്ങള്‍ അവര്‍ക്കുമുമ്പില്‍ അവതരിപ്പിച്ച്‌ പരിഹാരമാര്‍ഗ്ഗം തേടാന്‍ ശ്രമിക്കുന്നു. കോലതീരശ സ്‌തവത്തില്‍ രോഗാദികളെല്ലാം ഒഴിവാക്കേണമേ, ദാരിദ്ര്യമഹാദുഃഖം അണയാതിരിക്കേണമേ എന്നെല്ലാം പ്രാര്‍ത്ഥിക്കുന്നത്‌ ശ്രദ്ധിക്കുക. മനസ്സിന്റെ ഏകാഗ്രതക്ക്‌ ലളിതമായി ആചാര്യന്മാര്‍ തയ്യാറാക്കിയിരിക്കുന്ന മാര്‍ഗ്ഗമാണ്‌ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയിലൂടെ മനസ്സ്‌ ഏകാഗ്രമായി പിന്നീട്‌ അത്‌ ധ്യാനത്തിലെത്തും. 

മഹാരാഷ്‌ട്രയില്‍ തുക്കാറാം എന്നൊരു മഹാഭക്തനും ജ്ഞാനിയുമായ യോഗിവര്യനുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതൊന്നും ഭാവിക്കാറില്ല. സദാ രാമ...രാമ... എന്ന്‌ ജപിച്ച്‌ അലഞ്ഞുനടക്കും. രാമനാമം ഉരുവിടുന്നതിന്‌ പ്രത്യേക സമയമൊന്നും അദ്ദേഹത്തിനില്ല. കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോഴും എല്ലാം തുക്കാറാം രാമ..രാമ എന്നു ജപിച്ചുകൊണ്ടേയിരിക്കും.

ഒരിക്കല്‍ മഹാനായ ഒരു താപസന്‍ തുക്കാറാമിനെ കണ്ടു. തുക്കാറാം അദ്ദേഹത്തെനോക്കിയും രാമ മന്ത്രം ഉരുവിട്ടതല്ലാതെ മറ്റൊരു കുശലപ്രശ്‌നവും നടത്തിയില്ല. പിന്നീട്‌ ഒരു കുറ്റിക്കാട്ടിന്റെ മറവിലിരുന്ന്‌ മലവിസര്‍ജ്ജനം നടത്തുന്നവേളയിലും തുക്കാറാം രാമ മന്ത്രം ഉരുവിടുന്നത്‌ താപസന്‍ കണ്ടു. അദ്ദേഹത്തിന്‌ കലശലായ കോപംവന്നു. ഏറ്റവും അശുദ്ധ കര്‍മ്മമായ മലവിസര്‍ജ്ജനസമയത്ത്‌ രാമനാം ജപിക്കുന്നത്‌ ഈശ്വരനെ അവഹേളിക്കലായി അദ്ദേഹം കരുതി.

കോപാക്രാന്തനായി താപസന്‍ തുക്കാറാമിനെ ശകാരിച്ചു.... വായടക്കടോ...മലവിസര്‍ജ്ജനം നടത്തുമ്പോഴാണോ രാമനാം ജപിക്കുന്നത്‌........

തുക്കാറാം പേടിച്ചുപോയി. അദ്ദേഹം വായ പൊത്തിപ്പിടിച്ചു. അപ്പോഴതാ തുക്കാറാമിന്റെ രോമകൂപങ്ങളില്‍നിന്നുവരെ രാമ....രാമ മന്ത്രം ഉയരുന്നു. ഒരായിരംപേര്‌ ഒന്നിച്ച്‌ ജപിക്കുന്നപോലെ തോന്നി താപസന്‌. ഇത്തവണ പേടിച്ച്‌ വിറച്ചത്‌ താപസനായിരുന്നു. തുക്കാറാം നദിക്കരയിലേക്ക്‌ പെട്ടന്ന്‌ നടന്നുപോയി ശൗചകര്‍മ്മങ്ങള്‍ നടത്തി. തിരികെ വന്നു. അപ്പോഴും വായ പൊത്തിപ്പിടിച്ചിരുന്നു. ശരീരത്തില്‍നിന്നും രാമന്ത്രം ഒഴുകുന്നുണ്ടായിരുന്നു. താപസന്‍ ഓടിച്ചെന്ന്‌ തുക്കാറാമിന്റെ കാല്‍ക്കല്‍വീണു ക്ഷമയാചിച്ചു.

നാമജപം നടക്കേണ്ടത്‌ മനസ്സിലാണ്‌. ശരീരത്തിന്‌ അതുമായി ബന്ധമൊന്നും ഇല്ല. ചുണ്ടുകള്‍ അതിനൊരു ഉപകരണമാകുന്നു എന്നുമാത്രം. ശുദ്ധിയും അശുദ്ധിയുമെല്ലാം ശരീരത്തിന്‌ മാത്രം ബാധകമാകുന്ന കാര്യങ്ങളാണ്‌. ആത്മാവിന്‌ അതൊന്നും ബാധകമല്ല.

നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ, നാമജപത്തിലൂടെ, മനസ്സിലെ ക്രമാതീതമായ സങ്കല്‌പങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും. സങ്കല്‌പങ്ങള്‍ ഒടുങ്ങുന്ന മനസ്സ്‌ ക്രമേണ ധ്യാനത്തിലേക്ക്‌ പ്രവേശിക്കും. ധ്യാനത്തിലൂടെ കുണ്ഡലിനീശക്തിയുണര്‍ന്ന്‌ ഷഢാധാരങ്ങളിലൂടെ കടന്ന്‌ അത്‌ സഹസ്രാരത്തില്‍ വന്ന്‌ വിളങ്ങുന്നു. അങ്ങനെ സമ്പൂര്‍ണ്ണ സത്യമായ ബ്രഹ്മപ്രാപതിയെന്ന ആത്മാവിന്റെ ലക്ഷ്യം യഥാസമയം സാക്ഷാത്‌കരിക്കുന്നു.

പ്രാര്‍ത്ഥന മനസ്സിനെ ഏകാഗ്രപ്പെടുത്തുന്നതിനുള്ള ഏറ്റവും ആദ്യത്തെ പടിയാണ്‌. പ്രാര്‍ത്ഥനയില്‍ നില്‍ക്കരുത്‌. ലക്ഷ്യസാക്ഷാത്‌കാരത്തിന്റെ അടുത്ത പടിയായ ധ്യാനത്തിലേക്ക്‌ പ്രവേശിക്കണം.

യാചിക്കാത്തവന്‌ ജ്ഞാനം ലഭ്യമല്ല. യാചന മനസ്സിലെ അഹംഭാവത്തെ ഇല്ലായ്‌മചെയ്യാന്‍ പറ്റിയ സാധനയാണ്‌. സന്യാസിമാര്‍ ഭക്ഷണം യാചിച്ചാണ്‌ ആഹരിക്കുന്നത്‌. താന്‍ ഈ ലോകത്തോട്‌ കടപ്പെട്ടിരിക്കുന്നു. ഓരോ ജീവിയോടും കടപ്പെട്ടിരിക്കുന്നു എന്ന്‌ മനസ്സിലാക്കാത്തവര്‍ക്ക്‌ അഹംഭാവം നിശ്ചയം. ഇന്ന്‌ പ്രകടമായി കാണുന്നതും അത്തരം സ്വഭാവമാണ്‌. അതാണ്‌ പല കലഹങ്ങള്‍ക്കും അരാജകത്വത്തിനും ഹേതു. ഇന്നത്തെ വിദ്യാസമ്പന്നരില്‍ അഹംഭാവം കലശലാണ്‌. അവര്‍ ആരേയും വകവയ്‌ക്കില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ << നീ പോടാ.... നിന്നെയൊന്നും ഞാന്‍ വകവയ്‌ക്കില്ല. നിന്റെയൊക്കെ ചിലവിലാണോ ഞാന്‍ കിടക്കുന്നത്‌. >> എന്ന ഭാവം. അത്‌ ഇല്ലേ എന്ന്‌ സ്വയം ഓരോരുത്തരും വിലയിരുത്തട്ടെ. വാക്കിലും പ്രവര്‍ത്തിയിലും എല്ലാം അത്‌ സ്‌ഫുരിക്കുന്നത്‌ നമുക്ക്‌ ഫേസ്‌ബുക്കിലെ കമന്റുകളില്‍കൂടിതന്നെ വ്യക്തമാകും. ശ്രദ്ധിച്ചാല്‍മതി. യാചന, പാദനമസ്‌കാരം ഇവയെല്ലാം നമ്മുടെ അഹംഭാവത്തെ ഇല്ലായ്‌മചെയ്യാന്‍ സാധിക്കുന്ന സാധനകളാണ്‌. എല്ലാവര്‍ക്കും സാധിക്കില്ലെങ്കിലും ജ്ഞാനമാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്ക്‌ അത്‌ സാധ്യമാണ്‌. 

കടപ്പാട് : Suresh Babu Madhavan [ https://www.facebook.com/groups/sreenarayananjanasameksha3/doc/335398743249578/]

0 comments:

Post a Comment