Saturday, 18 May 2013
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്...!
പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. ഈ രൂപത്തെ സദ്‌ബുദ്ധികള്‍ ആയ കോടാനുകോടി മനുഷ്യര്‍ ഈശ്വരന്‍ ആയി ആരാധിക്കുകയും ചെയ്യുന്നു. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.
ശ്രീ ശങ്കരാചാര്യര്‍ ശിവാനന്ദ ലഹരിയിലും, ദശശ്ലോകീ സ്തുതിയിലും, പരമശിവന്റെ മഹിമയെ പ്രത്യേകിച്ച് വാഴ്ത്തുന്നു; മറ്റൊന്നിനോടും, മറ്റാരോടും താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത രീതിയില്‍...., മനോഹരമായി...!
ആത്മോപദേശ ശതകത്തില്‍ ത്രിഗുണമയം തിരുനീറണിഞ്ഞോരീശന്‍....,,,, മനമലര്‍ കൊയ്തു മഹേശ പൂജ ചെയ്യും... മുതാലായ വരികളിലും
ദൈവ ദശകത്തില്‍....,,, ജയിക്കുക മഹാദേവ, ദീനാവന പാരായണ.... എന്നും, ദാര്‍ശനിക കൃതികളില്‍ പോലും ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ പരമേശ്വരനെ വാഴ്ത്തുന്നു...
ഇവയൊന്നും കൂടാതെ നമ്മുടെ ഈ മഹാഗുരുക്കന്മാര്‍ രചിച്ച എണ്ണിയാല്‍ ഒടുങ്ങാത്ത ശിവസ്തുതികളും സ്തോത്രങ്ങളും ഉണ്ട്. പക്ഷെ ഈ ബ്രഹ്മര്ഷിമാര്‍ ശിവന്‍ എന്ന് വിശേഷിപ്പിക്കുന്ന തത്വത്തെ മനസ്സിലാക്കുവാന്‍, വെറും ഇന്ദ്രിയ സുഖം മാത്രം തേടി നടക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. കാരണം മനസ്സിനെ ഏകാഗ്രമാക്കി സത്യത്തില്‍ മാത്രം ശ്രദ്ധയെ ഉറപ്പിച്ചു നിര്‍ത്തി അനേക കാലം സത്യാന്വേഷണം നടത്തിയാല്‍ മാത്രമേ നമുക്ക് അത് സാധ്യമാകൂ...! ഓര്‍മ്മ വച്ച കാലം മുതല്‍ ഒരു അനന്യ ശിവഭക്തന്‍ ആയിരുന്ന ഞാന്‍ മനസ്സിലാക്കിയ കുറച്ച് അറിവുകള്‍ ഒരു പരിമിതിയില്‍ നിന്നുകൊണ്ട് ഇവിടെ "ചുരുക്കി" അവതരിപ്പിക്കാം...! സത്യം അന്വേഷിക്കുന്നവര്‍ക്ക് ഉപകാരപ്രദം ആയിത്തീരും എന്ന വിശ്വാസത്തോടെ...! പക്ഷെ ശ്രീ ശിവമഹാപുരാണം, സ്കന്ദ പുരാണം മുതലായ മഹാ പുരാണങ്ങള്‍ നിങ്ങള്‍ മുന്‍പ് വായിച്ചിട്ടുണ്ടെങ്കില്‍ നല്ലതാണ്; അങ്ങിനെ ഉള്ളവര്‍ക്ക് സത്യം പെട്ടെന്ന് പിടികിട്ടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം...
ആദ്യമായി എല്ലാവരും മനസ്സിലാക്കേണ്ട വസ്തുത നാം കരുതും പോലെ എവിടെയെങ്കിലും ഈ രൂപം ധരിച്ചുകൊണ്ട് ഇരിക്കുന്ന ഒരു ഈശ്വരന്‍ അല്ല ഈ പരമേശ്വരന്‍; മറിച്ച് നമ്മുടെയെല്ലാം സ്വയം അന്തരാത്മാവ് തന്നെയാണ്...! ഈശ്വരനെ രൂപത്തില്‍ ആരാധിക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ രൂപത്തില്‍ തന്നെ ആരാധിക്കാം; ഈ രൂപം തന്നെയാണ് ഏറ്റവും ശ്രേഷ്ഠവും, ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് ശ്രീ നാരായണ ഗുരുദേവന്‍ കൂടുതലും ക്ഷേത്രങ്ങളില്‍ പരമേശ്വരനായ ശിവനെ തന്നെ പ്രതിഷ്ഠിച്ചത്...!
മനസ്സ്; ബുദ്ധി, ബോധം അഥവാ mind, intellect, consciousness എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിക്കുന്നു. മനസ്സിനും ബുദ്ധിക്കും ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും പക്ഷെ അതിന്റെ ആദിയോ അന്തമോ അതായത് തുടക്കമോ ഒടുക്കമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ് ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും ശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. അടിക്കു പന്നിപോയി, നിന്‍ മുടിക്കൊരന്നവും പറന്നു..... എന്ന് തുടങ്ങി സദാശിവ ദര്‍ശനം എന്ന കൃതിയില്‍ ശ്രീ നാരായണ ഗുരുദേവന്‍ സ്തുതിക്കുന്നത് ബോധസ്വരൂപനായ ഈ ഭഗവാന്‍ ശിവനെ തന്നെ...! ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍., അതായത് മഹാദേവന്‍...... എന്നും അറിയുക.
അഹങ്കാരം ഉള്ള മനുഷ്യ മനസ്സിന്റെ പ്രതീകം ആണ് ദക്ഷന്‍., അവന്റെ ബുദ്ധിയുടെ, അഥവാ ശ്രദ്ധയുടെ പ്രതീകമാണ് മകള്‍ സതീദേവി. ഈശ്വരാര്‍പ്പണം കൂടാതെ നാം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദക്ഷയാഗം ആണ്, ദക്ഷന്‍ ശിവനെ ക്ഷണിക്കാതെ യാഗം നടത്തുന്നു. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള എല്ലാ കര്മ്മങ്ങളുടെയും ഫലം അവസാനം ദക്ഷയാഗം പോലെ; രോഗം, ഭയം, മരണം എന്നിവയില്‍ നശിച്ചുപോകുന്നു...! മാത്രമല്ല അഹങ്കാരി ആയ മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും ശിവനെ പ്രാപിക്കുവാന്‍ സാധ്യമല്ല, സാധിച്ചാല്‍ തന്നെ അവന്റെ അഹങ്കാരം ഒടുവില്‍ ബുദ്ധിയെ ഈശ്വരനില്‍ നിന്നും അകറ്റി സ്വയം നശിപ്പിക്കും. അതിനാലാണ് സതീദേവി ശിവനെ വിട്ട് ദക്ഷയാഗം കൂടുവാന്‍ പിതാവിന്റെ അടുത്തേക്ക് മടങ്ങുന്നതും അവസാനം യോഗാഗ്നിയില്‍ സ്വയം ശരീരം നശിപ്പിക്കേണ്ടി വരുന്നതും.
പക്ഷെ അഹങ്കാരി ആണെങ്കില്‍ കൂടി, ഈശ്വര ഭക്തി ഉണ്ടായിരുന്നാല്‍, അനേക ജന്മങ്ങള്‍ക്ക് ശേഷം പാപം മുഴുവന്‍ നശിച്ച് അഹങ്കാരം ഒട്ടുമില്ലാതെ ഒരു മനുഷ്യ ശരീരത്തില്‍ ജനിക്കാന്‍ ഇടവരുന്നു. അതായത് ഹിമവാന്റെ പുത്രിയായി പാര്‍വതീ എന്ന നാമത്തില്‍ സതീദേവി പുനര്‍ജ്ജനിക്കുന്നത് പോലെ. ഹിമവാന്റെ നിറം തന്നെ നോക്കൂ, നിര്‍മ്മലമായ ആ തൂവെള്ള നിറം പരിശുദ്ധിയെ സൂചിപ്പിക്കുന്നു. മാത്രമല്ല എല്ലാ ശുദ്ധിയും, ശാന്തിയും തേടി യോഗിമാര്‍ പോലും ചെന്നെത്തുന്നത് ഹിമാവാനില്‍ തന്നെ. അതിനാല്‍ ആ ഹിമവാന്‍ എത്ര പരിശുദ്ധനാണ് എന്നോര്‍ക്കുക. അങ്ങിനെ അഹങ്കാരം ഇല്ലാത്ത ഒരു ശരീരത്തില്‍ ജനിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ചെറുപ്പം മുതലേ ഈശ്വര ഭക്തി ഉണ്ടായിരിക്കും മാത്രമല്ല അവര്‍ ആ സത്യം പ്രാപിക്കുവാന്‍ അശ്രാന്ത പരിശ്രമം തുടരുകയും ചെയ്യും, പാര്‍വതീ ദേവി പരമ ശിവനെ ലഭിക്കാന്‍ നന്നേ ചെറുപ്പത്തിലേ തപസ്സു ചെയ്യുന്നത് പോലെ. പക്ഷെ ഈശ്വരനെ പ്രാപിക്കുവാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ കൊണ്ടോ മറ്റുള്ളവരുടെ സഹായം കൊണ്ടോ സാധ്യമല്ല എന്ന് കാമദേവന്റെ ശ്രമം വിഫലം ആകുന്നതില്‍ നിന്നും മനസ്സിലാക്കുക. മാത്രമല്ല, നമ്മെ മോഹിപ്പിച്ച് ഈ ശ്രമത്തില്‍ നിന്നും പിന്തിരിക്കുവാന്‍ ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും അതിനെ എല്ലാം ധീരമായി നേര്ടുന്ന വ്യക്തി, പാര്‍വതീ ദേവി പരമേശ്വരനെ പ്രാപിക്കുന്നത് പോലെ ആത്മ സക്ഷാത്കാരത്തെ പ്രാപിക്കുന്നു...! ഇതില്‍ നിന്നും, ആത്മ സാക്ഷാത്കാരത്തിന് ഭക്തിയും ശ്രദ്ധയും എത്രത്തോളം വേണം എന്ന് ഓരോരുത്തരും നല്ലവണ്ണം ചിന്തിച്ചു മനസ്സിലാക്കുക.
ഇങ്ങനെ നമ്മുടെ ബുദ്ധി ഈശ്വരനെ പ്രാപിച്ചു കഴിഞ്ഞാല്‍ ഈശ്വരന്‍ നമ്മുടെ ബുദ്ധിയുടെ തന്നെ പകുതി ഭാഗമായി മാറുന്നു. അതായത് പാര്‍വതീ ദേവിക്ക് പകുതി ശരീരം കൊടുത്തത് പോലെ നമ്മുടെ ബുദ്ധിയുടെ പകുതി ഈശ്വരന്‍ സ്വീകരിക്കുന്നു, ഈശ്വരന്റെ പകുതി നാം സ്വീകരിക്കുന്നു. അതായത് നാം സ്വയം ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട് തന്നെ ഈശ്വര സ്വരൂപികള്‍ ആകുന്നു എന്ന് സാരം. ശ്രീ ശങ്കരാചാര്യരും ശ്രീ നാരായണ ഗുരുദേവനും മറ്റും ഇങ്ങനെ മനുഷ്യ ശരീരത്തില്‍ ഇരുന്നുകൊണ്ട് തന്നെ ഈശ്വര സ്വരൂപികള്‍ ആയവരാണ്..,. അതിനാല്‍ അങ്ങിനെ ഉള്ള മഹാത്മാക്കള്‍ക്ക് പല സിദ്ധികളും ജനിക്കുന്നു അതായത് ശിവനും പാര്‍വതിക്കും സിദ്ധി വിനായകന്‍ ജനിക്കുന്നത് പോലെ. പക്ഷെ സിദ്ധികളില്‍ അഹങ്കരിക്കരുത് എന്നും അഹങ്കരിച്ചാല്‍ അവ നശിപ്പിക്കും എന്നും ഭഗവാന്‍ ഗണപതിയുടെ ശിരസ്സ് മുറിച്ച്, ശേഷം വീണ്ടും കൂട്ടിച്ചേര്‍ത്തു നമുക്ക് കാണിച്ചു തരുന്നു. അതിനു ശേഷം സര്‍വജ്ഞ ഭാവം കൈവരുന്നു; അതായത് സര്‍വജ്ഞാനവും അവരില്‍ വന്നു ചേരുന്നു; അഥവാ മുരുകന്‍ ജനിക്കുന്നു. ജ്ഞാനപ്പഴം നീയേ മുരുകാ.....! ശ്രീ നാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ എല്ലാ മുരുക ക്ഷേത്രങ്ങളും ഈ പരമജ്ഞാനത്തിന്റെ ശ്രീ കോവിലുകള്‍ തന്നെ ആണ് എന്ന് ഏവരും അറിഞ്ഞിരിക്കുക..! സിദ്ധിയും, ജ്ഞാനവും ഉപയോഗിച്ചുകൊണ്ട് ശ്രീ നാരായണ ഗുരുദേവനും ശങ്കരാചാര്യരും മറ്റും പല അത്ഭുതങ്ങളും നടത്തിയിട്ടുണ്ട് എന്നത് ഇത്തരുണത്തില്‍ സ്മരിക്കാവുന്നതാണ്.
ഇതിനെല്ലാം പുറമേ പരമേശ്വര ശരീരത്തില്‍ കാണുന്ന അടയാളങ്ങളും ആ തത്വവും എന്താണ് എന്ന് കുറച്ചു കൂടി ആഴത്തില്‍ മനസ്സിലാക്കാം...
ശ്മശാന വാസിയാണ് ഭഗവാന്‍., നാം എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ ഒരു ദിവസം ശ്മശാനത്തില്‍ എത്തിച്ചേരും. ഭാര്യയും ഭര്‍ത്താവും മക്കളും ബന്ധുക്കളും നമ്മെ അവിടെ ഉപേക്ഷിച്ചു തിരിച്ചു പോകുകയും ചെയ്യും. അങ്ങിനെ നാം സ്നേഹിച്ച എല്ലാവരും നമ്മെ ഉപേക്ഷിക്കുന്ന സമയത്ത്, നമ്മളെ സ്വീകരിക്കുവാന്‍ കാരുണ്യ വാരിധിയായ ഭഗവാന്‍ അവിടെ കാത്തിരിക്കുന്നു...! അതിനാല്‍ ആരൊക്കെ നമ്മെ ഉപേക്ഷിച്ചാലും ഭഗവാന്‍ നമ്മെ കൈവിടില്ല എന്ന് സൂചിപ്പിക്കുന്നു. അതായത് നമുക്ക് ആത്മാവിനെ വിട്ടു മറ്റൊരു അസ്തിത്വമില്ല എന്ന് അറിയുക.
ശവഭസ്മ ധാരിയാണ് ഭഗവാന്‍..., നമ്മള്‍ ഏവരും മരിച്ചാല്‍ ഭസ്മം തന്നെ, ഈ പ്രപഞ്ചം നശിച്ചാല്‍ അതും ഭസ്മം. ശവഭസ്മം ധരിക്കുന്നതിലൂടെ മരണശേഷം നാം ഭാഗവാനിലേക്ക് തന്നെ മടങ്ങുന്നു അഥവാ നമ്മെ ഭഗവാന്‍ ശരീരത്തില്‍ ധരിക്കുന്നു എന്ന് താല്പര്യം. ഇതിലൂടെ നാം ഭഗവാന്റെ അഥവാ ബോധത്തിന്റെ വിഭൂതിയാണ് എന്ന് മനസ്സിലാക്കുക.
ഭസ്മം, ഗംഗ, മൂന്നാം തൃക്കണ്ണ്‍. , ഡമരു, ചന്ദ്രക്കല എന്നിവ യഥാക്രമം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളെ സൂചിപ്പിക്കുന്നു. അതായത് ഈ പഞ്ച ഭൂതാത്മകമായ പ്രപഞ്ചത്തെ ഭഗവാന്‍ ധരിക്കുന്നു, അഥവാ ഇവ ഭഗവാനെ ആശ്രയിച്ചു നിലനില്‍ക്കുന്നു; എന്നാല്‍ ഭഗവാന്‍ അവയില്‍ ഒന്നിലും തന്നെ ഇല്ല. അതുപോലെ തന്നെ പഞ്ച ഭൂത നിര്‍മ്മിതമായ നമ്മുടെ ശരീരത്തെ ആത്മാവ് വെറുതെ ലീലാ മാത്രമായി ധരിച്ചിരിക്കുന്നു; ഈ ശരീരം ഇല്ലെങ്കിലും ആത്മാവ് ഒരു മാറ്റവും കൂടാതെ നിലനില്‍ക്കുന്നു...!
ദശാവതാരങ്ങള്‍ എല്ലാം തന്നെ ശിവ ഭക്തന്മാര്‍ ആയിരുന്നു എന്ന് അറിയുക. രാവണനെ യുദ്ധത്തില്‍ ജയിക്കുവാന്‍ വേണ്ടി ശ്രീ രാമദേവന്‍ പരമേശ്വരനെ പ്രതിഷ്ഠിച്ചു പൂജിച്ചതാണ് രമേശ്വര ജ്യോതിര്‍ ലിംഗം. അതുപോലെ ശ്രീ കൃഷ്ണന്‍ ശിവനെ പൂജിച്ച ക്ഷേത്രം ഗോപേശ്വരം എന്ന പേരിലും അറിയപ്പെടുന്നു. പരശുരാമനെയും നമുക്ക് ശിവഭക്തന്‍ ആയി തന്നെ മനസ്സിലാക്കാം. ഇവര്‍ എല്ലാം തന്നെ ആ പരമ ബോധസ്വരൂപനെ ആരാധിച്ചിരുന്നു; അറിഞ്ഞിരുന്നു നമ്മുടെ മഹാഗുരുക്കന്മാരെ പോലെ. മഹാവിഷ്ണുവിനുപോലും അസുരന്മാരെ വധിക്കാന്‍ ശേഷിയില്ലാതെ ശിവനെ തപസ്സു ചെയ്യുകയും, ജലന്ധരന്‍ എന്ന അസുരനെ വധിക്കാന്‍ പരമേശ്വരന്‍ തന്റെ കാലിന്റെ പെരുവിരല്‍ കൊണ്ട് സൃഷ്‌ടിച്ച സുദര്‍ശനം എന്ന ചക്രം വിഷ്ണുവിന് നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയുവാന്‍ ശ്രീ ശിവമഹാപുരാണത്തിലെ നായനാരവിന്ദ അര്‍ച്ചനം വായിക്കുക.
തിപുരാന്തകന്‍ അഥവാ പുരഹരന്‍ ആണ് ഭഗവാന്‍ ശിവന്‍, അതായത് ത്രിപുരങ്ങള്‍ എന്ന മൂന്നു ലോകങ്ങളില്‍ വസിച്ച മൂന്നു അസുരന്മാരെ ഒരൊറ്റ ബാണത്താല്‍ ഹരിച്ചവാന്‍ എന്നര്‍ത്ഥം. സത്വ, രജോ, തമോ ഗുണങ്ങള്‍ ആകുന്ന മൂന്നു അസുരന്മാര്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ ലോകങ്ങളിലായി നമ്മില്‍ വസിക്കുന്നു. ഒരുപാട് യുഗങ്ങള്‍; അതായത് ഒരുപാട് ജന്മങ്ങള്‍ കഴിഞ്ഞ്, മനസ്സ് ഏകാഗ്രമാക്കി ആത്മാവിനെ, അഥവാ ഈശ്വരനെ ധ്യാനിക്കുവാന്‍ ഉള്ള ശക്തി മനുഷ്യന് ലഭിക്കുമ്പോള്‍ ഈ മൂന്നു ഗുണങ്ങളും നേര്‍ രേഖയില്‍ വരുന്നു. അപ്പോള്‍ ആത്മാവാകുന്ന ശിവന്‍ ജ്ഞാനമാകുന്ന ബാണത്താല്‍ ഈ മൂന്നു ഗുണങ്ങളെയും ഹരിക്കുന്നു; അഥവാ വധിക്കുന്നു. മൂന്നു ഗുണങ്ങളും നശിച്ച മനുഷ്യന്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്ന മൂന്നു അവസ്ഥകളും കടന്നു തുര്യാവസ്ഥയില്‍ പ്രവേശിക്കുന്നു; അങ്ങനെ അവനു പരഗതി അഥവാ മോക്ഷം ലഭിക്കുന്നു...! ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തിലെ ത്രിഗുണമയം തിരുനീറണിഞ്ഞോരീശ-ന്നകമലരിട്ടു വണങ്ങിയക്ഷമാറി... എന്ന ശ്ലോകം വായിച്ചറിയുക.
പാലാഴി മഥനം കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും, മനുഷ്യ മനസ്സിലെ ദുര്‍ഗ്ഗുണങ്ങളും {അസുരന്മാര്‍)]]]} സദ്‌ഗുണങ്ങളും {ദേവന്മാര്‍} ഇരു ഭാഗങ്ങളില്‍ നിന്നുകൊണ്ട്; അഹങ്കാരം ആകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം. പക്ഷെ കുറച്ചു കഴിയുമ്പോള്‍ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി എന്ന് വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ കൂര്‍മ്മമാക്കി (വിഷ്ണുവിന്റെ കൂര്‍മ്മാവതാരം) ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. ഗുരുദേവന്റെ ഭാഷയില്‍ "അരണി കടഞ്ഞെഴും അഗ്നി പോലെ". അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം നമ്മിലെ തിന്മ മുഴുവന്‍ പുറത്തു പോകും; അതായത് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ്; പക്ഷെ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അത് തന്നെയാണ് കാളകൂടം. അതിനെ ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു. എല്ലാ ദേവന്മാര്‍ക്കും അമൃത് കൊടുക്കുവാന്‍ വേണ്ടി സ്വയം കാളകൂടം ഭുജിച്ച ഭഗവാന്റെ മഹിമയെ നാം എങ്ങിനെ വാഴ്ത്തും ? അതിനു എത്ര ജന്മങ്ങള്‍ വേണ്ടി വരും ?
പിന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ആരും അന്ധമായി വിശ്വസിക്കാതെ സ്വന്തം ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് സ്വയം ചിന്തിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക. വളരെയധികം ബൃഹത്തായ ഒരു വിഷയം ഒരുപാട് ചുരുക്കിയാണ് ഇവിടെ സമര്‍പ്പിക്കുന്നത്. അതിനാല്‍ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല, സമയം വരുമ്പോള്‍ മനസ്സിലാകും. പക്ഷെ താന്‍ വിശ്വസിച്ചത് സത്യം എന്ന് വൃഥാ വിളിച്ചു പറയാതെ യുക്തിവിചാരം അഥവാ മനനം ചെയ്തുകൊണ്ടേ ഇരിക്കണം എന്ന് മാത്രം.
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്...! എന്ന് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞത് എന്തുകൊണ്ടാണ് എന്നും, ശിവന്‍ ആരാണെന്നും "കുറച്ചെങ്കിലും" മനസ്സിലായിക്കാണും എന്ന് കരുതുന്നു...! സര്‍വ്വം ശിവമയം ജഗത് എന്ന് ശ്രീ ശങ്കാരാചാര്യര്‍ പറഞ്ഞത് എന്തുകൊണ്ട് എന്നും മനസ്സിലായല്ലോ ?
എന്റെ പേരിനോട് ചേര്‍ന്ന് നമ:ശ്ശിവായ എന്ന വാക്ക് എങ്ങിനെ വന്നു എന്ന് പലരും ചോദിക്കാറുണ്ട്. ഇപ്പോള്‍ അതും മനസ്സിലായിക്കാണുമല്ലോ
എന്റെ ജാതി നമ:ശിവായ, എന്റെ മതം നമ:ശിവായ, എന്റെ ദൈവം നമ:ശിവായ, ഞാനും നമ:ശിവായ...! നിങ്ങള്‍ ഏവരും, സര്‍വ ചരാചരങ്ങളും എനിക്ക് നമ:ശ്ശിവായ; അതായത് "സര്‍വ്വം ശിവമയം ജഗത്".
ഓം നമ: ശിവായ
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
--------------------------------------------------
by സുധീഷ് നമ:ശ്ശിവായ --
1 comments:
ഗുരുദേവന്‍ നാം നമ്മുടെ ശിവനെയാണ് പ്രധിഷ്ടിച്ചത് എന്ന് പറഞ്ഞതിന്റെ ശരിയായ അര്‍ഥം ഇപ്പോഴാണ് മനസ്സിലായത് . വളരെ നന്ദി
Post a Comment