Saturday, 18 May 2013
മദ്യം മഹാ വിപത്ത്
1085 ചിങ്ങ മാസത്തിലെ വിവേകോദയം മാസികയില്‍ കുമാരനാശാന്‍ എഴുതിയ ലേഖനം.
പുതിയ പരിഷ്ക്കാരത്തിന്റെ ദോഷഫലങ്ങളില്‍ പ്രധാനമായ ഒന്ന് നമ്മുടെ ജനങ്ങള്‍ പുകയായും പാനീയമായും ലഹരിപദാര്‍ഥങ്ങള്‍ പൂര്‍വാധികം ഉപയോഗിപ്പാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളതാണ്. സിഗരറ്റും ചുരുട്ടും വലിക്കുന്നവരുടെയും മദ്യപാനികളുടെയും സംഖ്യ ചെറുപ്പക്കാരുടെ ഇടയില്‍ത്തന്നെ വളരെയധികമുണ്ട്. പല ദിക്കുകളില്‍ ഈ ദുശ്ശീലം ഭയകരമാംവണ്ണം വര്‍ദ്ധിച്ചുവരുന്നുതായി കാണുന്നു. ലഹരി ഉപയോഗിച്ച് ബുദ്ധി ദുഷിച്ചവരോട് അതിന്റെ ദോഷത്തെപ്പറ്റി എത്രതന്നെ പറഞ്ഞാലും ഫലം ഉണ്ടാവാന്‍ പ്രയാസം. എങ്കിലും ഇത് ഒരു അപരിഹാര്യമായ ദുശ്ശീലമല്ലെന്ന് പലര്‍ക്കും അറിയാം. അതുകൊണ്ട് അതുപോലെ തന്നെ ഇതിനെ തടുപ്പാനുള്ള ശ്രമവും ലോകത്ത് വര്‍ദ്ധിച്ചാണ് വരുന്നതെന്ന് കാണുന്നതില്‍ സന്തോഷിക്കേണ്ടിയിരിക്കുന്നു.
മദ്യലഹരിയെപ്പറ്റി മാനസതത്ത്വശാസ്ത്രീയമായ അന്വേഷണം നടത്തുന്നതില്‍ പ്രഥമഗണനീയനായ ഡോക്ടര്‍. ജോര്‍ജ് കട്ട്ളര്‍ എന്ന മാനസശാത്ര പണ്ഡിതര്‍ വളരെക്കാലത്തെ പരിശോധനയുടെ ശേഷം ഈയിടെ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. മദ്യലഹരി സിരകളേയും തലച്ചോറിന്റെയും പ്രധാന ഭാഗങ്ങളെ വികലമാക്കുന്നു. സിരകളുടെ ശക്തി ക്ഷയിച്ചു പോകുന്നതോടുകൂടി ശ്രമസാദ്ധ്യമായ പ്രവര്‍ത്തികള്‍ക്ക് മനുഷ്യന്‍ യോഗ്യനല്ലാതെ തീരുന്നു. എന്നാല്‍ മദ്യപാനിയുടെ മിഥ്യയായ വിശ്വാസം പാനംകൊണ്ട് താന്‍ വളരെ ഹൃദ്യയോന്മേഷത്തേയും ശക്തിയേയും അനുഭവിക്കുന്നു എന്നാണുതാനും. കുടി വര്‍ദ്ധിച്ചു വരുന്നതോടുകൂടി ഏറ്റവും ഉല്‍കൃഷ്ടമാതൃകയിലുള്ള സ്ത്രീപുരുഷന്മാരുടെ അഭാവം നേരിടുന്നതായി അദ്ദേഹം അനുതപിക്കുകയും സ്വരാജ്യാഭിമാനികള്‍ ഈ വിഷയത്തില്‍ പ്രത്യേകം ദൃഷ്ടിവയ്ക്കണമെന്ന് ഉപദേശിക്കുകയും കൂടി ചെയ്യുന്നു.
മദ്യങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് ചുങ്കം ഏര്‍പ്പെടുത്തുന്നത് കുടി കുറപ്പാനായിട്ടാകുന്നു. എന്നാല്‍ ഇതിങ്ങനെ വില കൂട്ടീട്ട് ഉദ്ദേശിച്ച ഫലമുണ്ടാകുന്നില്ല, ഗവണ്‍മെന്റിന് ഇതുകൊണ്ട് ആദായം വര്ധിക്കുന്നുവെന്നു മാത്രമേയുള്ളൂ.
മദ്രാസ് സംസ്ഥാനത്തെ മദ്യപാന വര്‍ദ്ധനയെപ്പറ്റി കണക്കു കാണിച്ചിട്ട് ഈയിടെ പാര്‍ലമെന്റു സഭയില്‍ ഒരു മെമ്പര്‍ ഈ വര്‍ദ്ധനയെ തടുക്കാന്‍ ഗവണ്‍മെന്റ് എന്ത് ചെയ്‌വാന്‍ പോകുന്നുവെന്ന് ചോദിക്കുകയുണ്ടായി. ഇതിനു ഷാപ്പുകളുടെ സംഖ്യ ചുരുക്കാനും, നാട്ടുമദ്യങ്ങളുടെ ചുങ്കം വര്‍ദ്ധിപ്പിക്കാനും, ലഹരിയേറിയ മദ്യങ്ങളുടെ ചെലവ് ചുരുക്കാനുമായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മദ്രാസ് ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നതായി സ്റ്റേറ്റ് സെക്രട്ടറി അറിയുന്നു എന്നാണ് അണ്ടര്‍ സെക്രടറി അപ്പോള്‍ മറുപടി പറഞ്ഞത്. ഇപ്പോള്‍ മദ്യഷാപ്പുകളുടെ സംഖ്യയേയും അവ സ്ഥാപിക്കപ്പെടെണ്ട സ്ഥലങ്ങളെയും സംബന്ധിച്ച് എക്സൈസ് കമ്മറ്റിയുടെ ശുപര്‍ശയിന്മേല്‍ ഒരു അന്വഷണം നടത്തപ്പെടുകയും അതിന്‍റെ ഫലമായി ഷാപ്പുകളുടെ സംഖ്യ മുന്‍ കൊല്ലത്തേതിനെ (1907-08) അപേഷിച്ച് പത്തിനൊന്നു കണ്ട് കുറവ് ചെയ്യേണ്ടതാണെന്ന് ആലോചിച്ചുവരികയും ചെയ്യുന്നുവത്രേ.
ചെറുപ്പക്കാരുടെ സിഗരറ്റുവലി മുതലായ ദുശ്ശീലങ്ങളും ഈയിടെ പാര്‍ലമെന്റിന്റെ ദൃഷ്ടിയില്‍ എത്തീട്ടുണ്ട് . കുട്ടികളോട് മാതാപിതാക്കന്മാര്‍ക്കുണ്ടായിരുന്ന സഹജമായ സ്വാതന്ത്ര്യങ്ങളെ കൂടി ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി കുറച്ചുകളഞ്ഞിരിക്കുന്ന ഇക്കാലത്ത് ഈ വക കാര്യങ്ങളില്‍ എല്ലാം ഗവണ്‍മെന്റു തന്നെ തലയിടുന്നത് സ്വാഭാവികവും മുറയുമാണല്ലോ. സെര്‍മൂറിലെ രാജാവും ആ സംസ്ഥാനത്തില്‍ ഈയിടെ ഇതിനെ angസംബന്ധിച്ച് ഒരു നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിന്‍പ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ ചുരുട്ടോ സിഗരറ്റോ പുകയിലയോ മറ്റേതെങ്കിലും ലഹരിസാധനങ്ങളോ വലിക്കുകയും ഏതു പ്രകാരത്തിലെങ്കിലുമുള്ള മദ്യങ്ങള്‍ ഉപയോഗിക്കുകയും സമ്മതിക്കപ്പെട്ട ഒരു വൈദ്യന്റെ കുറുപ്പിന്‍ പ്രകാരമല്ലാതെ ഏതെങ്കിലും ലഹരി സാധനങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍ യഥാക്രമം തടവ് പിഴയും അടിയും ശിക്ഷ വിധിക്കപ്പെടുന്നതാണത്രെ.
നമ്മുടെ നാട്ടിലും ഇങ്ങനെ വല്ലതും ഒരു ചട്ടം ഏര്‍പ്പെടുത്തേണ്ട കാലം ആസന്നമായിരിക്കുകയല്ലയോ എന്ന് ചില ദിക്കിലെ ചെറുപ്പക്കാരുടെ അവസ്ഥ കണ്ടാല്‍ തോന്നും.
1 comments:
Іts not my fiгst time to pay a quick visit this web site, i am browsing this website
dailly and obtain good information from here every day.
find this : Top Encryрtion Software Choices & 10 Wɑys To Hօw To Encrypt
A Passworԁ For Free Without Breaking Your Piggy Вank
Post a Comment