Wednesday 29 May 2013

ആനന്ദം നൽകുന്ന ഗുരുവിന്റെ വഴി


 


എൺപത്തിയാറ് വർഷം മുമ്പ് ഇതുപോലൊരു മേയ്മാസത്തിലാണ് ശ്രീനാരായണഗുരുദേവനും ശിഷ്യരും മീനച്ചിലാറിന്റെ തീരത്തുള്ള പാലായിലെ ഇടപ്പാടിയിലെത്തിയത്.

അന്ന് പരിയാരത്ത് കൊച്ചിക്കയെന്ന ഭക്തന്റെ നേതൃത്വത്തിൽ ഇടപ്പാടിദേശം അതിന്റെ ഹൃദയപത്മത്തിലേക്ക് തൃപ്പാദങ്ങളെ ആനയിച്ചിരുത്തി. പൊതു ആരാധനാലയങ്ങളിൽനിന്ന് ആട്ടിയകറ്റപ്പെട്ട മണ്ണിന്റെ മക്കൾക്കായി ഗുരുദേവൻ അവിടത്തെ പാറത്തടത്തിൽ ഒരു വേൽ പ്രതിഷ്ഠിച്ചു. തൃപ്പാദങ്ങളുടെ കരങ്ങളിൽനിന്ന് താമരക്കൂമ്പിനെ അനുസ്മരിപ്പിക്കുന്ന ആ വേൽരൂപത്തെ ഭൂമീദേവി നെഞ്ചോട് ചേർത്തുപിടിച്ചു. അപ്പോൾ അവിടമാകെ എന്തെന്നില്ലാത്ത ആനന്ദം പരന്നു. ഗുരു തന്റെ ആ പ്രതീകപ്രതിഷ്ഠയെ ആനന്ദഷൺമുഖൻ എന്നു വിളിച്ചു. ഷൺമുഖന് ആറ് മുഖം. അത് ജ്ഞാനസമ്പാദനത്തിനായി തരണംചെയ്യേണ്ട ഷഡാധാരങ്ങളെ പ്രതീകവത്കരിക്കുന്നു. ജ്ഞാനം പ്രകാശിക്കുമ്പോൾ ആനന്ദമുണ്ടാകുന്നു. അറിവാണ് ദൈവം എന്നൊരിക്കൽക്കൂടി പറയാതെ പറഞ്ഞ് തൃപ്പാദങ്ങൾ ശിഷ്യസഞ്ചയവുമായി മുന്നോട്ടുനടന്നു.

എൺപത്തിയാറ് വർഷങ്ങൾക്കിപ്പുറം ആ തൃക്കാലിണയെ പുല്കിപ്പതിഞ്ഞ മൺതരികൾ തേടിയുള്ള യാത്രയിൽ ഇടപ്പാടിയിലെത്തുമ്പോൾ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആനന്ദഷൺമുഖന് അഭിമുഖമായിട്ട പന്തലിൽ ജ്ഞാനദാഹികളായി കാത്തിരിക്കുകയായിരുന്നു. അവർ കരഘോഷം മുഴക്കി വരവേല്ക്കുമ്പോൾ മനസ് ഗുരുദേവന്റെ പുണ്യപാദസ്പർശമേറ്റ മണൽത്തരികൾക്കോരോന്നിനും പ്രണാമം ചൊല്ലിക്കൊണ്ടേയിരുന്നു. ആകാശത്തേക്ക് കൂമ്പി സർവം സമർപ്പിച്ചു നില്ക്കുന്ന വേൽരൂപമായി ആനന്ദഷൺമുഖൻ ശ്രീകോവിലിനുള്ളിൽ അമർന്നിരിക്കുന്നു. തൃപ്പാദങ്ങളുടെ കരസ്പർശമേൽക്കാൻ ഭാഗ്യം സിദ്ധിച്ച ആ വേൽരൂപം ഒരുമാത്ര ദർശിച്ചപ്പോൾ തന്നെ മേധയിലൊരു മിന്നലാട്ടം. `ആനന്ദഷൺമുഖനേ, ജ്ഞാനച്ചെന്തീക്കനലേ.. എന്താണ് ഈ കുരുന്നുകൾക്കായി അടിയൻ നിവേദിക്കേണ്ടത്'എന്നുചോദിച്ചു പ്രാർത്ഥിക്കുമ്പോൾ ഒരു മഹാമൗനംകൊണ്ട് ഭഗവാൻ ആ വേൽരൂപം ഒന്നുകൂടി ഉയർത്തിക്കാണിക്കുന്നു. മൂലാധാരംമുതൽ ആജ്ഞാചക്രംവരെ സത്യസ്വരൂപത്തിലേക്ക് സമർപ്പിക്കുവാൻ പറയുംപോലെ.

എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനും കേരളകൗമുദിയും ചേർന്ന് സംഘടിപ്പിച്ച `ആനന്ദം 2013' എന്ന ത്രിദിന വെക്കേഷൻ ക്യാമ്പിൽ കുട്ടികൾക്ക് ഗുരുദേവകഥാമൃതം പകർന്നുനൽകാനുള്ള ദൗത്യനിർവഹണമാണ് മുന്നിൽ. അതിനായി ഈശ്വരനിൽ സമർപ്പിക്കാനും അറിവിനെ മാത്രം പൂജിക്കാനും ഉപദേശരൂപേണയുളള ഗുരുദേവകഥകൾ ചേർത്ത് ഒരു ചെറുനിവേദ്യം തയ്യാറാക്കി. അത് പാനം ചെയ്യാൻ വെമ്പിനിന്ന പുതുതലമുറയോട് ആദ്യം സ്വയം വേൽരൂപമാകാൻ പറയാനാണ് തോന്നിയത്. അവർ അറുന്നൂറോളം പേർ മുകളിലേക്ക് കൈകൂപ്പി ശ്രദ്ധയെ കൂപ്പുകൈയുടെ അഗ്രത്തിലേക്കുറപ്പിച്ച് ആനന്ദഷൺമുഖനു മുന്നിൽ വേൽരൂപങ്ങളായി. `തിന്മയുടെ വിളനിലമായ ആധുനിക സമൂഹത്തിൽ നന്മയെ പുനഃപ്രതിഷ്ഠിക്കാൻ മഹാഗുരുവേ അങ്ങേയ്ക്കിതാ നൂറുകണക്കിന് സമർപ്പിത വേൽരൂപങ്ങൾ തൃപ്പടിദാനം ചെയ്യുകയാണെന്നു' പറഞ്ഞ് പ്രാർത്ഥിക്കുമ്പോൾ മൂടിക്കെട്ടിനിന്ന അന്തരീക്ഷം ഇളവെയിൽ പൊഴിച്ച് ആനന്ദിച്ചു.

അറിവിനെ ദൈവമായി ആരാധിക്കാൻ മൊഴിഞ്ഞ തൃപ്പാദങ്ങളുടെ വാക്കുകൾ പിന്തുടർന്ന് ഇടപ്പാടിയിൽ ഒരു ശ്രീനാരായണ പഠനകേന്ദ്രം തുടങ്ങാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് മീനച്ചിൽ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. അതിനായി അവർ സർക്കാർ ഗ്രാന്റും നേടിക്കഴിഞ്ഞു. വിലപിടിച്ച ഒരു ശ്രമത്തിന്റെ കല്ലിടൽ ചടങ്ങുപോലെയാണ് കുട്ടികൾക്കായി നടത്തിയ ത്രിദിന പഠനക്യാമ്പ്. ഗുരുസാഹിത്യം പാർശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ഗുരുവിനെ സ്വതന്ത്രബുദ്ധിയും സമർപ്പിതഭക്തിയും കൊണ്ട് തിരിച്ചറിയുന്ന ഒരു പഠനസമ്പ്രദായംതന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. സിലബസ് പഠനത്തിനപ്പുറം ഗുരുവിനെ ഇളം തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന കേന്ദ്രങ്ങൾ ലോകത്താകമാനം ഉയർന്നുവരേണ്ടിയിരിക്കുന്നു. ജാതിയും മതവും ദേശവും കാലവും ഭാഷയുമൊന്നും അതിർവരമ്പുതീർക്കാത്ത അറിവിന്റെ കേന്ദ്രങ്ങളായിരിക്കണം അവിടങ്ങൾ. എല്ലാറ്റിനെയും ശരിയായതലത്തിൽ സ്വീകരിക്കാനുള്ള മനസോടെവേണം വിദ്യാദാനവും വിദ്യാസ്വീകരണവും നടത്തേണ്ടതെന്ന് ഗുരു തന്നെ പലപ്പോഴായി മൊഴിഞ്ഞിട്ടുണ്ട്.

ഒരിക്കൽ മൂലൂർ പത്മനാഭപ്പണിക്കരോട് സംസാരമദ്ധ്യേ വൃക്ഷത്തിന്റെ പര്യായമായ `അനോകഹ'ത്തിന്റെ പ്രക്രിയ വിശദമാക്കാൻ ഗുരു ആവശ്യപ്പെട്ടു. `അനസഃ അകം ഹന്തി ഇതി അനോകഹഃ എന്ന് ലിംഗഭടീയത്തിൽ പറയുന്നു' എന്നായിരുന്നു മൂലൂരിന്റെ മറുപടി. വൃക്ഷം എന്നാൽ രഥത്തിന്റെ ഗതിക്ക് തടസം നിൽക്കുന്നത് എന്നാണ് ഇതുപ്രകാരമുള്ള അർത്ഥം. പ്രകൃതിയിലെ നന്മയുടെ നിറകുടങ്ങളായ വൃക്ഷങ്ങളെ ശകടത്തിന് തടസം നിൽക്കുന്ന ഒരു സാധനം എന്ന മട്ടിൽ സൂചിപ്പിക്കുന്ന പര്യായപ്രയോഗത്തോട് തൃപ്പാദങ്ങൾ യോജിച്ചില്ല. അങ്ങനെ പറയുന്ന ഭാഷാശാസ്ത്രം എത്ര പുരാതനവും മഹത്തരവുമായാലും അതംഗീകരിക്കാൻ ഗുരുവിന് വൈമനസ്യം തോന്നി. ഒരു നിമിഷം മൗനമായിരുന്നിട്ട് ഗുരു ഇങ്ങനെ മൊഴിഞ്ഞു; `അനോരൂപേണ അകം ഹന്തി ഇതി അനോകഹഃ എന്ന വ്യുല്പത്തിയല്ലേ കുറേക്കൂടി ദുർഘടമല്ലാതായിരിക്കുന്നത്?' അതുകേട്ട് മൂലൂർ ഗുരുവിന്റെ കാൽക്കൽ നമിച്ചുപോയി. ശകടരൂപത്തിൽ വന്ന് ദുഃഖം അഥവാ ക്ളേശം ഇല്ലാതാക്കുന്നത് വൃക്ഷം എന്നാണ് അതിന്റെ അർത്ഥം. തടികൊണ്ടാണല്ലോ രഥചക്രം ഉണ്ടാക്കുന്നത്. അപ്പോൾ ശകടരൂപത്തിൽവരുന്നത് വൃക്ഷം തന്നെയാണ്. അത് മനുഷ്യന്റെ യാത്രാക്ളേശം പരിഹരിക്കുന്നു എന്നാണ് തൃപ്പാദങ്ങൾ ഉദ്ദേശിച്ചത്.

പൂർണ്ണമായും നെഗറ്റീവാകുന്ന ഒരു പരാമർശത്തെ അതിന്റെ തന്നെ ഭാഷകൊണ്ട് പോസിറ്റീവാക്കിമാറ്റുന്ന ഭാഷാപഠനവഴിയാണ് ഗുരു കാട്ടിത്തരുന്നത്. സാഹിത്യത്തിലും ശാസ്ത്രവിഷയങ്ങളിലും വേദഭാഷ്യങ്ങളിലും ഇതുപോലെ വിശുദ്ധിയുടെ ഭാഗത്തുനിന്ന് പൊളിച്ചെഴുത്ത് ആവശ്യമായിട്ടുണ്ട്. അതിനായി ഗുരു പകർന്ന മാർഗത്തിൽ ബുദ്ധിയെ സ്വതന്ത്രമാക്കാൻ ശ്രമിക്കണം. ഇന്ന് കണ്ടുവരുന്ന പ്രവണത പക്ഷേ, നേരെ വിപരീതമാണ്. കാരണവർ അടുപ്പിൽ വിസർജിച്ചാൽ പിന്നാലെ വരുന്നവരും അതുതന്നെ ചെയ്യുന്നതാണ് പൈതൃകപാലനം എന്നമട്ടിലാണ് പഴകിയ വിശ്വാസങ്ങളെ വീണ്ടും എഴുന്നള്ളിച്ചുകൊണ്ടുവരുന്നത്. അതിനു മറുപടി പറയേണ്ട ദൗത്യം ഇനി ശ്രീനാരായണപഠനകേന്ദ്രങ്ങൾ ഏറ്റെടുക്കണം. അതിന് അവർ സ്വയം സജ്ജരാകണം.

ഒരിക്കൽ സൂര്യകാലടി മനയിൽ സംസ്കൃതപഠനം നടത്തിവന്ന കുറിച്ചിത്താനംകാരനായ പരമേശ്വരൻ നമ്പൂതിരി ഗുരുവിനെ കണ്ടു വണങ്ങാനെത്തി. `ഭട്ടോജി ദീക്ഷിതരുടെ സിദ്ധാന്തകൗമുദി'യാണ് താൻ പഠിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഗുരു അതിലെ ഒരു ശ്ളോകം ചൊല്ലിയിട്ട് ഇതറിയാമോ എന്നു ചോദിച്ചു. `അത്രയ്ക്ക് ആയിട്ടില്ല' എന്ന് പറഞ്ഞ് നമ്പൂതിരി വിനയാന്വിതനായി. `കുറച്ചു കഠിനമാണ്. ക്ളേശം സഹിച്ച് ശ്രദ്ധവച്ച് പഠിക്കണം. ഇടയ്ക്കുവച്ച് നിറുത്താനിടയാകരുത് ' എന്ന് നമ്പൂതിരിയെ ഉപദേശിച്ചു. ഗുരുവിന്റെ പഠനകേന്ദ്രം തുടങ്ങുമ്പോൾ മൂലധനമായി സൂക്ഷിക്കണം ഈ വാക്കുകൾ. ക്ളേശം സഹിച്ച് ശ്രദ്ധയോടെ മുന്നേറണം. വഴി തെറ്റരുത്. ഇടയ്ക്കുവച്ച് നിറുത്താനുമിടയാകരുത്.


http://news.keralakaumudi.com/news.php?nid=42950d4099e671b8a3abbf2ba4b89da8

0 comments:

Post a Comment