Wednesday 29 May 2013

നാളെ വരുന്നവർ നമ്മെ ശപിക്കുമോ?

 


ശങ്കരൻ പരദേശി ഇടയ്ക്കിടെ ശിവഗിരിയിൽ വരും. തൃപ്പാദങ്ങളോടൊത്ത് വേദാന്തവും ലോകകാര്യങ്ങളുമൊക്കെ ചർച്ചചെയ്ത് കുറച്ചുദിവസം തങ്ങും. ദിവസവും ഉദയസമയത്ത് അഗ്നിഹോത്രം നിർബന്ധമുണ്ട് അദ്ദേഹത്തിന്. ഒരിക്കൽ ശങ്കരൻ പരദേശി ശിവഗിരിയിലെ ഒരു പ്ളാവ് മുറിച്ച് അതിന്റെ കാതൽ എടുത്ത് വിറകുണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ഗുരുദേവൻ അതുവഴി ചെന്നു:

"എന്താണിതിന്റെ കാതൽമാത്രം എടുക്കുന്നത്. വെള്ളയും കത്തുമല്ലോ?'
"വെള്ള ഹോമത്തിന് എടുത്തുകൂ‌ടാ എന്നാണ് സ്മൃതിയിൽ പറഞ്ഞിരിക്കുന്നത്.'
അതുകേട്ട് ഗുരുദേവൻ ഗൗരവം പൂണ്ടു: "സ്മൃതി എഴുതിയ കാലത്ത് പ്ളാവിൻതടികൾ സുലഭങ്ങളായിരുന്നിരിക്കണം. ഇപ്പോൾ അവ കേവലം ദുർലഭങ്ങളാണ്. ഏതു നിയമങ്ങളെയും കാലാനുസരണം പരിഷ്കരിക്കുകതന്നെ വേണം.'
അതെങ്ങനെ സാദ്ധ്യമാകും എന്നായി ശങ്കരൻ പരദേശിയുടെ സംശയം. അതു മനസിലാക്കിയിട്ടെന്നവണ്ണം,

"പനസസ്യേന്ധനം ശുക്ളം
കലൗ ശ്രേയഃ പ്രകീർത്യതേ' എന്ന്, നമുക്കു സ്മൃതി പരിഷ്കരിക്കുന്നതു കാലോചിതമായിരിക്കും എന്നു മൊഴിഞ്ഞിട്ട് നടന്നുമറഞ്ഞു തൃപ്പാദങ്ങൾ. പ്ളാവിന്റെ കാതൽ ഉപയോഗിച്ചേ ഹോമം ചെയ്യാവൂ എന്ന സ്മൃതിവാക്യത്തെ പ്ളാവിന്റെ വെള്ള ഉപയോഗിച്ചും ഹോമം ആവാം എന്ന് തിരുത്തുകയായിരുന്നു ഗുരുദേവൻ. വേദങ്ങൾ അപൗരുഷേയമാണ്, അത് തിരുത്താനാവില്ല എന്ന വാദത്തോട് മറ്റൊരിക്കൽ തൃപ്പാദങ്ങൾ വിയോജിച്ചത് ശങ്കരൻ പരദേശി ഓർത്തു. അപൗരുഷേയം എന്നാൽ ഒരാൾ മാത്രം എഴുതിയതല്ല, പലകാലത്ത് പലർചേർന്ന് എഴുതിയതാണെന്നേ അർത്ഥമാക്കേണ്ടൂ എന്നായിരുന്നു അന്ന് തൃപ്പാദങ്ങൾ പറഞ്ഞത്. ഇന്നിപ്പോൾ സ്മൃതിവാക്യത്തെ കാലോചിതമായി തിരുത്തുകയും ചെയ്തിരിക്കുന്നു.

ഭൂമിക്കുമുകളിലൂടെ നടന്നുനീങ്ങുന്ന പ്രായോഗിക വേദാന്തത്തിന്റെ ആ മൂർത്തരൂപത്തെ നോക്കി നമിച്ചു നിൽക്കാനേ ശങ്കരൻ പരദേശിക്ക് കഴിഞ്ഞുള്ളൂ.
വേദവും ശാസ്ത്രവും ചിന്തകളും യുക്തിയുമെല്ലാം കാലോചിതമാവണം എന്നായിരുന്നു ഗുരുവിന്റെ മതം. പഴയ മാമൂലുകളിൽ പിടിച്ചുതൂങ്ങാതെ സ്വന്തം ബുദ്ധിയും മേധയും ഉപയോഗിച്ച് പൂർവികൻ പറഞ്ഞതിനപ്പുറത്തേക്ക് നടക്കാനുള്ള ആർജ്ജവമാണ് മനുഷ്യൻ നേടേണ്ടത്. ശിലായുഗത്തിലെ മാനവനെപ്പോലെ അവന്റെ പിൻഗാമി നിലനിന്നിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ അവസ്ഥ? ഓരോ തലമുറയിലും മനുഷ്യൻ ചിന്തകൊണ്ടും വിവേകംകൊണ്ടും മുന്നോട്ടുനടക്കാൻ ശ്രമിച്ചു. അങ്ങനെയാണ് അപൗരുഷേയങ്ങളായ വേദകാലം പോലും ഉണ്ടായത്. മുന്നോട്ടുപോകുമ്പോൾ പ്രായോഗികതയനുരിച്ച് അതിനുള്ളിലും പരിഷ്കാരങ്ങൾ ഉണ്ടാവണം.

ശിലായുഗത്തിലുള്ളവർ ശിലകളെ എങ്ങനെ ഉപയോഗിച്ചിരുന്നു എന്ന അറിവ് അവന്റെ പിൻഗാമിക്ക് ഉണ്ടായിരുന്നു. അതിനാൽ അവൻ ലോഹങ്ങൾ കണ്ടെത്തിയപ്പോൾ അത് മാനവസംസ്കൃതിയെ മുന്നോട്ടു തന്നെ നയിച്ചു. മാനവപുരോഗതിയിൽ പക്ഷേ, പൂർവികനും പിൻഗാമിയും തമ്മിൽ ഉണ്ടായിരുന്ന ഈ പാരസ്പര്യം നഷ്ടമായതാണ് ഇന്നത്തെ വികസനപ്രവർത്തനങ്ങളിൽ വൈകല്യം അനുഭവപ്പെടാൻ കാരണം. മനുഷ്യന് സംഭവിച്ച ഈ വൈകല്യം ഗുരുദേവൻ ചൂണ്ടിക്കാണിച്ചു. ഹോമം എന്ന കർമ്മത്തെയും അതിന്റെ വിധികളെയും തള്ളിപ്പറയുകയല്ല ഗുരു ചെയ്തത്, അതിനെ കാലോചിതമായി പരിഷ്കരിക്കുകയാണ്. ഹോമകർമ്മത്തെക്കുറിച്ചും അതിനുപയോഗിക്കുന്ന വേദമന്ത്രങ്ങളെക്കുറിച്ചും അവഗാഹം നേടിയതുകൊണ്ടാണ് ഗുരുവിന് സ്മൃതിവാക്യം തിരുത്താൻ കഴിഞ്ഞത്. ഒന്നിനെക്കുറിച്ച് അറിയാതെ രണ്ടെന്നെഴുതാൻ ശ്രമിക്കുന്നത് അടിത്തറയില്ലാതെ കെട്ടിടം പണിയാൻ ശ്രമിക്കുന്നതുപോലെയാണ്.

മറ്റൊരു സന്ദർഭത്തിൽ ആലുംമൂട്ടിൽ ചാന്നാരുടെ വീട്ടിൽവച്ചും പ്രായോഗികതയുടെ വിശ്വാസപരിഷ്കാരം ഗുരുദേവൻ നടത്തുന്നത് കാണാം. ചാന്നാരുടെ വീട്ടിൽ ഗുരുദേവൻ എത്തിയപ്പോൾ അവിടെ സർപ്പംപാട്ടു നടക്കുകയാണ്. കരിക്കിന്റെ കുലകൾ ധാരാളം വെട്ടിക്കൂട്ടിയിട്ടുണ്ടായിരുന്നു. തെങ്ങിന്റെയും കവുങ്ങിന്റെയും പൂക്കുലകൾ കെട്ടുകണക്കിന് ഇരിക്കുന്നു. കുലവാഴകൾ അലങ്കരിച്ച് നിറുത്തിയിട്ടുണ്ട്. മൺകുടങ്ങൾ നിരന്നിരിക്കുന്നു. വലിയ ചെലവു നടത്തി സർപ്പക്കളങ്ങൾ തീർത്ത് പുള്ളുവർ പാടുന്നു. സ്ത്രീജനങ്ങൾ കുറേപ്പേർ പൂക്കുല ചുഴറ്റി അവിടെയാകെ തുള്ളിനടക്കുന്നു. പൂക്കുല കൈയിൽ കൊടുത്താൽ "തുള്ളക്കാർ' നാലഞ്ചു മിനിട്ടു കൊണ്ടുനടന്നിട്ട് അത് താഴെക്കളയും. അപ്പോൾ വേറെ പൂക്കുല നൽകണം. അതു കണ്ടിട്ട് ഗുരു ചാന്നാരോടു പറഞ്ഞു: "തുള്ളക്കാർ കളയുന്ന പൂക്കുലതന്നെ എടുത്തുകൊടുക്കണം.'

ചാന്നാർ: "അതു മലിനമായി. ഇനി എടുത്തുകൊടുത്താൽ സ്വീകരിക്കില്ല.'
സ്വാമി: "എടുത്തുകൊടുക്കണം. സ്വീകരിക്കുമോ ഇല്ലയോ എന്ന് കാണാമല്ലോ.'
ചാന്നാർ എടുത്തുകൊടുത്തു. "തുള്ളക്കാർ' അതു സ്വീകരിച്ചു.
സ്വാമി: "ആ തുള്ളുന്നുണ്ടല്ലോ.'

ചാന്നാർ: "കാരണവരായ ഞാൻ എടുത്തുകൊടുത്തിട്ടാണ്.'

സ്വാമി: "അപ്പോൾ കാരണവർ എന്തുകൊടുത്താലും അവർ തുള്ളുമല്ലോ. ഇനി മാവിന്റെ തൂപ്പൊടിച്ച് കൊടുത്താൽ മതി. എന്തിനാണ് നല്ല അടയ്‌ക്ക ഉണ്ടാകുന്ന ഈ പൂക്കുലകൾ നഷ്ടപ്പെടുത്തുന്നത്. അവർക്ക് തലയിലൊഴിക്കാൻ രാമച്ചമിട്ട് തണുപ്പിച്ച വെള്ളം കൊടുത്താൽമതി. മൺകുടം വേണ്ട. അത് താഴെയിട്ടു പൊട്ടിക്കും. നല്ല ചെമ്പുകുടം വാങ്ങി വയ്ക്കുക. കരിക്കെല്ലാം തേങ്ങയാവട്ടെ.'

ഇക്കാര്യങ്ങൾ ഗുരുദേവൻ പറഞ്ഞതുകൊണ്ട് ചാന്നാർ നടപ്പാക്കി. എന്നാൽ നമ്മുടെ തലമുറയോ? നാട്ടിലില്ലാത്ത കരിക്കുകൾ അന്യസംസ്ഥാനത്തുനിന്ന് വൻചെലവുചെയ്ത് ഇറക്കി ഇളനീരാടുന്നു. കുലവാഴകളും കവുങ്ങിൻ പൂക്കുലകളും വൻവില കൊടുത്തുവാങ്ങി ആർഭാടം കാട്ടുന്നു.

ഏതെങ്കിലുമൊക്കെ മാർഗത്തിലൂടെ പണം ഉണ്ടാക്കുന്നവർ ഇന്നത്തെ സമൂഹത്തിൽ അധികമുണ്ട്. അവർക്ക് അതിനാൽ പണം ചെലവിടാൻ ഒരു മടിയുമില്ല. അപരന് ആഹാരം വാങ്ങിക്കൊടുക്കാനോ മരുന്നുവാങ്ങാനോ പഠിക്കാൻ പണമില്ലാത്തവന് അതു നിർവഹിച്ചുകൊടുക്കാനോ ചെലവിടില്ല. ഉത്സവങ്ങൾക്കും ആഘോഷത്തിനും എത്രവേണമെങ്കിലും പണമിറക്കും. വൈദ്യുതി ഇനി നാളേയ്ക്ക് ഇല്ല എന്നു പറഞ്ഞാലും വൈദ്യുതാലങ്കാരമില്ലാതെ ഒരു ആഘോഷവും ഇല്ല. കറന്റ്‌ചാർജ് എത്രയാണെന്ന് പറഞ്ഞോ തന്നേക്കാം എന്നാണ് ഭാവം. പണംകൊണ്ട് ഇല്ലാത്ത വെള്ളം ഉണ്ടാക്കാൻ സാധിക്കുമോ? ഇല്ലാത്ത പെട്രോൾ ഉണ്ടാക്കാൻ കഴിയുമോ? മരങ്ങൾ അത്യധികം ഉള്ളകാലത്ത് ഈട്ടിയും തേക്കുംകൊണ്ട് കെട്ടിടങ്ങൾ പണിതു. ഇന്നവയ്ക്ക് ക്ഷാമമുണ്ട്.

അപ്പോൾ ഏറെ പണംകൊടുത്ത് കിട്ടാവുന്നിടത്തുനിന്ന് അവകൊണ്ടുവന്ന് ഉപയോഗിക്കുകയല്ല വിവേകിയായ മനുഷ്യൻ ചെയ്യേണ്ടത്; ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയാണ്. പെട്രോളിനും വൈദ്യുതിക്കും പകരക്കാരനെ കണ്ടെത്തണം. ഉള്ള മരങ്ങൾ ഉപയോഗിച്ചു തീർക്കാതെ പുതിയവ നട്ടു വളർത്തണം. വെള്ളം ആവശ്യത്തിന് ഉപയോഗിച്ച് നാളേക്കായി കരുതി വയ്ക്കണം. അപ്പോഴാണ് നാം പൈതൃകം ഉള്ളവരാകുന്നത്. അല്ലെങ്കിൽ ഇടക്കാലത്ത് ഭൂമി സന്ദർശിച്ച ധൂർത്തപുത്രന്മാർ എന്ന ശാപവും പേറി മടങ്ങേണ്ടിവരും.


http://news.keralakaumudi.com/news.php?nid=ac0fb0448a2c9af3cbab08e874f7f8ba

0 comments:

Post a Comment