Saturday 26 October 2013

ഈഴവരുടെ ആദ്യത്തെ ശിവക്ഷേത്രം.

കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് സവര്‍ണര്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല ക്ഷേത്ര പരിസരത്തില്‍ കൂടി സഞ്ചരിക്കുന്നതിനും അനുവദിച്ചിരുന്നില്ല. ഇതിനു പരിഹാരമായി ഈഴവര്‍ക്കുവേണ്ടി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കുവാന്‍ പണിക്കര്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഉത്തര കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേത്ര നിര്‍മ്മാണവും ആരാധനാ സമ്പ്രദായങ്ങളും ഉത്സവാദി ചടങ്ങുകളും ചോദിച്ചും കണ്ടും മനസ്സിലാക്കി മടങ്ങി വന്നതിനുശേഷം 1853-ല്‍ സ്വദേശമായ മംഗലത്ത് ഇടയ്ക്കാട്ട് മനോഹരമായ ഒരു ശിവക്ഷേത്രം പണിയിച്ചു. മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കളാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യത്തെ ശിവക്ഷേത്രമാണിത് (ശ്രീനാരായണ ഗുരു അന്ന് ഭൂജാതനായിട്ടില്ല) ഈഴവനായ വേലായുധപ്പണിക്കര്‍ ശിവക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തുന്നതില്‍ സവര്‍ണരിലെ ജാതിക്കോമരങ്ങള്‍ അരിശം കൊണ്ടു. പക്ഷെ പണിക്കരെ നേരിടാനുള്ള ആത്മബലം അവര്‍ക്കില്ലായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈഴവരുടെ വകയായ രണ്ടാമത്തെ ക്ഷേത്രം സ്ഥാപിച്ചത് ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണം കരയിലാണ്. ഈഴവര്‍ക്ക് ദേവന്മാരുടെ ക്ഷേത്രങ്ങള്‍ പണിത് ആരാധന നടത്താന്‍ അവകാശമില്ലെന്നും അതിനാല്‍ ഈ നടപടി തടയണമെന്നും കാണിച്ച് സവര്‍ണ പ്രമാണിമാര്‍ ഗവണ്‍മെന്റിന് പരാതി നല്‍കി. പരാതി ദിവാന്‍ജി നേരിട്ടുതന്നെ അന്വേഷിച്ചു. ഈഴവര്‍ ഇതിനുമുമ്പ് ശിവക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തുന്നു ണ്ടെന്നുള്ളതിനു തെളിവായി 1853-ല്‍ മംഗലത്ത് വേലായുധപ്പണിക്കര്‍ സ്ഥാപിച്ച ക്ഷേത്രമാണ് ചൂണ്ടിക്കാണിച്ചത്. പിന്നീട് ക്ഷേത്ര നിര്‍മ്മാണത്തിന് ദിവാന്‍ജി അനുവാദം നല്‍കി. അരുവിപ്പുറത്തെ ശിവക്ഷേത്രമാണ് മുന്നാമത്തേത്.

0 comments:

Post a Comment