Saturday 26 October 2013

ഗുരു ദര്‍ശനം - ജോസ് ചന്ദനപ്പള്ളി

ശ്രീനാരായണ ഗുരുവാണ് കേരളത്തിന്റെ സാമൂഹ്യ ബോധത്തെ കീഴ്‌മേല്‍ മറിച്ചത്. മൂര്‍ച്ചയേറിയ യുക്തിയും നര്‍മ്മവും അതിലേറെ കര്‍മ്മശക്തിയും ഇതിനായി അദ്ദേഹം ഉപയോഗിച്ചു. ഈഴവ ശിവനെയും കണ്ണാടിയും അരുവിപ്പുറത്ത് പ്രതിഷ്ഠിച്ച് അദ്ദേഹം വരേണ്യതയുടെയും പൗരോഹിത്യന്റെയും പൂച്ചുകള്‍ പൊളിച്ചു തീണ്ടാപ്പാടുകളെ തന്റെ അപ്രതിരോധ്യജ്ഞാനം കൊണ്ട് അളന്നു തീര്‍ത്തു.

കേരള നവോത്ഥാനത്തിന്റെ പിതാവെന്നറിയ്‌പ്പെടുന്ന ശ്രീനാരായണഗുരു തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തി ഗ്രാമത്തില്‍ വയല്‍വാരത്തു വീട്ടില്‍ മാടനാശന്റെയും കുട്ടിയമ്മയുടെയും ഇളയപുത്രനായി 1856 ആഗസ്റ്റ് 20-ന് (കൊല്ലവര്‍ഷം 1039 ചിങ്ങം 14) ജനിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടര്‍പഠനത്തിനായി 20-ാം വയസ്സില്‍ രാമന്‍പിള്ള ആശാന്റെ അടുത്തെത്തി. മൂന്ന് വര്‍ഷം ആശാന്റെ കീഴില്‍ സംസ്‌കൃതം, അദൈ്വത വേദാന്തം, ആയുര്‍വേദം, സാഹിത്യം എന്നിവ അഭ്യസിച്ചു. ഇക്കാലത്താണ് 'ഗജേന്ദ്രമോക്ഷം' എന്ന വഞ്ചിപ്പാട്ട് രചിച്ചത്. തുടര്‍ന്ന് നാട്ടില്‍ എത്തിയ നാരായണന്‍ 1878-ല്‍ ചെമ്പഴന്തിയിലെ കുടിപ്പള്ളിക്കുടത്തിലും 1880-ല്‍ നെടുങ്ങണ്ടയിലെ അഞ്ചുതെങ്ങില്‍ സംസ്‌കൃത അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. 1882-ല്‍ മുറപ്പെണ്ണ് കാളിയെ വിവാഹം കഴിച്ചുവെങ്കിലും ബന്ധം നീണ്ടുനിന്നില്ല. ജീവിത വിരക്തിപിടിപ്പെട്ട നാരായണന്‍ സന്യാസിയായി അലഞ്ഞു തിരിഞ്ഞു നടന്നു.
1884-ല്‍ ചട്ടമ്പിസ്വാമികളുമായും തൈക്കാട് അയ്യാ ഗുരുവുമായും പരിചയപ്പെടുന്നു. ഇവരുടെ ആശയങ്ങള്‍ നാരായണഗുരുവിനെ ഏറെ സ്വാധീനിക്കുകയും അയ്യാഗുരുവിന്റെ കീഴില്‍ യോഗ വിദ്യ അഭ്യസിക്കുകയും ചെയ്തു. മരുത്വാമലയില്‍ ഏകാന്ത തപസ്സ് നടത്തി. തുടര്‍ന്ന് ജനങ്ങള്‍ ഇദ്ദേഹത്തെ 'നാരായണഗുരു' എന്ന് വിളിക്കാന്‍ തുടങ്ങി. 1887ല്‍ തെക്കേ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ഹിന്ദു ധര്‍മ്മം പ്രചരിപ്പിച്ചു.

താന്‍ നേടിയ ആത്മീയ ശക്തി സാമൂഹിക മാറ്റത്തിനുള്ള മാര്‍ഗ്ഗമായി ഗുരു ഉപയോഗപ്പെടുത്തി. ജാതീയമായ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും ഗുരു എതിര്‍ത്തു. ജന്തുബലി നിര്‍ത്തലാക്കാന്‍ പ്രവര്‍ത്തിച്ചു. ഈഴവര്‍ക്കിടയിലെ പുളികുടി,'തീണ്ടിക്കുളി, താലികെട്ട്'മുതലായ ദുരാചാരങ്ങളെ അവസാനിപ്പിച്ചു. 1888-ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠയാണ് ഗുരുവിന്റെ ദൗത്യം വിളംബരം ചെയ്തത്.

ഈ ക്ഷേത്രത്തിന്റെ ചുവരില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്

1903-ല്‍ മെയ് 15ന് ഡോ. പല്‍പ്പുവിന്റെ സഹായത്തോടെ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ചു. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധം തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രമാണ്. 1908 ഫെബ്രുവരി മാസത്തിലായിരുന്നുണ ഇവിടെ പ്രതിഷ്ഠ നടത്തിയത്. എല്ലാ ക്ഷേത്രങ്ങളോടൊപ്പവും വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് ഗുരു ആഹ്വാനം ചെയ്തു. 'വായന ശാലയും വ്യവസായ ശാലയും' നാടിന്റെ നന്മയ്ക്കാവക്യമാണെന്ന് ഗുരു വിശ്വസിച്ചു. 1912-ല്‍ ശിവഗിരിയില്‍ (വര്‍ക്കല) ശാരദാ പ്രതിഷ്ഠനടത്തുകയും 1914-ല്‍ ആലുവയില്‍ അദൈ്വതാശ്രമം സ്ഥാപിക്കുകയും ചെയ്തു. 'ഓം സാഹോദര്യം സര്‍വ്വത്ര' എന്ന ആശയമാണ് ഈ ആശ്രമം മുന്നോട്ട് വയ്ക്കുന്നത്.

ശിവഗിരി ആശ്രമത്തില്‍ വച്ച് 1922-ല്‍ മഹാകവി ടാഗോറും 1925-ല്‍ ഗാന്ധിജിയും ഗുരുദേവനെ സന്ദര്‍ശിച്ചു. 1918-ല്‍ ഗുരു ശ്രീലങ്ക സന്ദര്‍ശിച്ച് തത്വവിചാരം ചെയ്തു.

1915-ല്‍ പുലയവിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ മിശ്രഭോജനം ഏറെ കോളിളക്കം സൃഷ്ടിച്ചു. 1920-ല്‍ മദ്യവര്‍ജ്ജന പ്രക്ഷോഭത്തിന് ഗുരുപ്രാരംഭം കുറിച്ചു. 1924-ല്‍ വൈക്കം സത്യാഗ്രഹത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ആലുവയില്‍ സര്‍വ്വമത സമ്മേളനം വിളിച്ചു ചേര്‍ത്ത് മതമൈത്രി പ്രഖ്യാപിക്കുകയും ചെയ്തു. 1915-ല്‍ അദൈ്വതാശ്രമത്തില്‍ ചേര്‍ന്ന ഒരു യോഗത്തിലാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം ലോകത്തിന് ഗുരു നല്‍കിയത്.

ആത്മോപദേശശതകം, ദര്‍ശനമാല, ജാതിമിമാംസ, നിര്‍വ്വതി പഞ്ചകം, അര്‍ധനാരിക്വര സ്‌തോത്രം, ശിവശതകം, കുണ്ഡലിനിപ്പാട്ട് എന്നിവ ഗുരുവിന്റെ പ്രധാന കൃതികളാണ്. 'സംഘടനകൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉപദേശിച്ചത് ശ്രീനാരായണ ഗുരുവാണ്.


0 comments:

Post a Comment