Wednesday, 2 October 2013

രണ്ട് മഹാരഥന്മാര്‍ കണ്ടുമുട്ടിയപ്പോള്‍


gandhi-sreenarayanaguru
ലോകത്തിന് വെളിച്ചം നല്‍കാന്‍ വൈവിദ്ധ്യമാര്‍ന്ന സ്ഥലകാല വ്യവസ്ഥകളില്‍ സമാനമായ സിദ്ധാന്തത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാരഥന്‍മാരായിരുന്നു ഗാന്ധിജിയും ശ്രീനാരായണ ഗുരുവും. ഇരുവരുടെയും ദര്‍ശനങ്ങള്‍ വിശ്വമാനവികതയ്ക്കു നല്കിയ സംഭാവനകള്‍ നിസ്തുലവും എന്നും പ്രസക്തവുമാണ്. അതില്‍ ഗുരുവിന്റെ സമാധിദിനവും പതിനൊന്നു ദിവസങ്ങള്‍ക്കുശേഷം ഗാന്ധിജയന്തിയും വന്നുചേരുന്ന സാഹചര്യത്തില്‍ ഇരുവരും തമ്മില്‍ നടന്ന ഒരു കൂടിക്കാഴ്ചയെക്കുറിച്ച് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. വൈക്കം സത്യാഗ്രഹകാലത്തായിരുന്നു ആ കൂടിക്കാഴ്ച.

1099 കുംഭം 29ാം തീയതി വര്‍ക്കല ഗാന്ധി ആശ്രമത്തില്‍വച്ചാണ് മഹാത്മജിയുംഗുരുദേവനുമായി ഈ സംഭാഷണം നടന്നത്. വൈക്കം സത്യാഗ്രഹം, അയിത്തോച്ചാടനം, മതം, മതപരിവര്‍ത്തനം, മോക്ഷമാര്‍ഗ്ഗം തുടങ്ങി പലതും ഈ സംഭാഷണത്തിനു വിഷയമായി. സംഭാഷണം പരിഭാഷപ്പെടുത്തി ഇരുവരെയും കേള്‍പ്പിച്ചത് കോട്ടയം ജില്ലാ ജഡ്ജി ആയിരുന്ന എന്‍ കുമാരന്‍ ബി.എ.ബി.എല്‍ ആയിരുന്നു.
ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്കറിവുണ്ടോ?
സ്വാമി: ഇല്ല.
ഗാന്ധിജി: അയിത്തം ഇല്ലാതാക്കുവാന്‍ വൈക്കത്തു നടത്തുന്ന സത്യാഗ്രഹ പ്രസ്ഥാനത്തില്‍ സ്വാമിജിക്കു ഭിന്നാഭിപ്രായം ഉണ്ടോ?
സ്വാമി: ഇല്ല.
ഗാന്ധിജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ വല്ല മാറ്റവും വരുത്തണമെന്നോ അഭിപ്രായം ഉണ്ടോ?
സ്വാമി: ഇല്ല. അതു ശരിയായി നടക്കുന്നുണ്ടെന്നാണ് അറിവ്. അതില്‍ മാറ്റം വല്ലതും വരുത്തണമെന്നഭിപ്രായമില്ല.
ഗാന്ധിജി: അധഃകൃതവര്‍ഗ്ഗക്കാരുടെ അവശതകളെ തീര്‍ക്കുന്നതിനു അയിത്തോച്ചാടനത്തിനു പുറമെ മറ്റ് എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം.
സ്വാമി: അവര്‍ക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ വേണമെന്നു പക്ഷമില്ല. നന്നാവാനുള്ള സൗകര്യം എല്ലാവരേയുംപോലെ അവര്‍ക്കുമുണ്ടാകണം.
ഗാന്ധിജി: അക്രമരഹിതമായ സത്യാഗ്രഹംകൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിനു ബലപ്രയോഗംതന്നെയാണു വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിയുടെ അഭിപ്രായം എന്താണ്.
സ്വാമി: ബലപ്രയോഗം നന്നാണെന്നു തോന്നുന്നില്ല.
ഗാന്ധിജി: ബലപ്രയോഗം ഹൈന്ദവശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ?
സ്വാമി: രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്. സാധാരണ ജനങ്ങളെ സംബന്ധിച്ച് ബലപ്രയോഗം ന്യായമായിരിക്കയില്ല.
ഗാന്ധിജി: മതപരിവര്‍ത്തനം ചെയ്യണമെന്നും അതാണു സ്വാതന്ത്ര്യലബ്ധിക്കു ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവദിക്കുന്നുണ്ടോ?
സ്വാമി: മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചു വരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
ഗാന്ധിജി: ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്നു സ്വാമിജി വിചാരിക്കുന്നുണ്ടോ!
സ്വാമി: അന്യമതങ്ങളിലും മോക്ഷമാര്‍ഗ്ഗം ഉണ്ടല്ലോ?
ഗാന്ധിജി: അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ. ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?
സ്വാമി: ആദ്ധ്യാത്മികമായ മോക്ഷലാഭത്തിന് ധാരാളം പര്യാപ്തം തന്നെ. ലൗകികമായ സ്വാതന്ത്ര്യത്തെ ആണല്ലോ ജനങ്ങള്‍ അധികം ഇച്ഛിക്കുന്നത്.
ഗാന്ധിജി: അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലേ, അതിരിക്കട്ടെ ആദ്ധ്യാത്മികമോക്ഷത്തിനു മതപരിവര്‍ത്തനം ആവശ്യമെന്നു സ്വാമിജിക്കഭിപ്രായമുണ്ടോ?
സ്വാമി: ആദ്ധ്യാത്മിക മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.
ഗാന്ധിജി: ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അതു സഫലമാകാതെ വരുമോ?
സ്വാമി: അതു സഫലമാകാതെ വരില്ല. അതിലെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്കു മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരും.
ഗാന്ധിജി: (ചിരിച്ചുകൊണ്ട്) എന്റെ ആയുഷ്‌കാലത്തില്‍ തന്നെ അതു സഫലമാകുമെന്നാണ് എന്റെ വിശ്വാസം. അധഃകൃതവര്‍ഗ്ഗക്കാരില്‍ തന്നെ അയിത്താചാരം ഉണ്ടല്ലോ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?
സ്വാമി: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുലയക്കുട്ടികളും ശിവഗിരിയില്‍ മറ്റുള്ളവരോടൊപ്പം ഊണുകഴിച്ചു താമസിച്ചു പഠിക്കുന്നുണ്ട്. ആരാധനകളിലും സംബന്ധിക്കുന്നുണ്ട്.
ഗാന്ധിജി: വളരെ സന്തോഷം.

0 comments:

Post a Comment