Saturday 26 October 2013

കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത്ഥാനത്തിന്റെ രാജശില്പി

പൂയപ്പിളളി തങ്കപ്പൻ

ലേഖനം

ഭാരതത്തിന്റെ നവോത്ഥാനചരിത്രം സ്പർശിക്കുമ്പോൾ, അതിലുൾപ്പെടുന്ന കേരള നവോത്ഥാന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ചില സംഗതികൾ കാണാനാകും. ഭാരതത്തിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ വൈകിയാരംഭിച്ച നവോത്ഥാനപ്രക്രിയയുടെ ചരിത്രപരമായ പ്രത്യേകതയാണ്‌ അവയിലൊന്ന്‌. രണ്ടാമത്തേത്‌ ഭാരതത്തിലെ മറ്റു ഭാഗങ്ങളിൽ നടന്ന നവോത്ഥാനസംരംഭങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നത്‌ ഉന്നതകുലജാതരായ മഹാനുഭാവന്മാരായിരുന്നെങ്കിൽ, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അവർണ്ണജാതിയിൽ ജനിച്ച ശ്രീനാരായണനായിരുന്നു എന്നതാണ്‌. രാജാറാം മോഹന്റായ്‌ മുതൽ ശ്രീരാമകൃഷ്ണപരമഹംസൻ തുടങ്ങി, വിവേകാനന്ദൻ, ദയാനന്ദ സരസ്വതിവരെയുളള മഹാന്മാരായ നവോത്ഥാനശില്പികൾ, മതപരിഷ്‌ക്കരണപ്രസ്ഥാനങ്ങൾക്കാണ്‌ നേതൃത്വം നൽകിയിരുന്നതെങ്കിൽ, അടിസ്ഥാനപരമായ സാമൂഹിക വിപ്ലവമായിരുന്നു ശ്രീ നാരായണൻ ലക്ഷ്യമിട്ടിരുന്നത്‌; മതപരിഷ്‌ക്കരണധാരകളെ സാമൂഹിക പരിഷ്‌ക്കരണപ്രവർത്തനവുമായി സമന്വയിപ്പിക്കുകയും ചെയ്‌തു അദ്ദേഹം. നവോത്ഥാനനായകരിൽ ആ മഹാത്മാവിനെ വ്യത്യസ്തനാക്കുന്ന ഘടകമാണിത്‌. ആ നിലയിൽ ഭാരതീയ നവോത്ഥാനരംഗത്ത്‌ അനുപമമായ ഒരു സ്ഥാനമാണ്‌ ശ്രീനാരായണനുളളത്‌. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ശ്രീനാരായണനെ പല രൂപങ്ങളിൽ വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ പലരും ആ വ്യക്തിത്വത്തിൽ ചാർത്തിയിരിക്കുന്ന ദുർമേദസ്സ്‌ ഭയാനകമാണെന്ന്‌ പറയാതിരിക്കാനാവില്ല.

ശ്രീനാരായണ ദർശനത്തിന്റെ വ്യാഖ്യാതാവും പ്രചാരകനും വിശ്രുതചിന്തകനുമായ നിത്യചൈതന്യയതിയുടെ വാക്കുകൾ ശ്രദ്ധിക്കുകഃ-

“ശ്രീനാരായണനെ പലരും പ്രൊക്രൂസ്‌റ്റിയൻ കട്ടിലിൽ ആക്കിയിരിക്കുന്നു. ഓരോരുത്തരും അവർക്കിഷ്‌ടപ്പെട്ട കുറ്റിയിൽ ശ്രീനാരായണനെ പിടിച്ചുകെട്ടുന്നു.”

പല തത്വചിന്തകന്മാരും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്‌ ചരിത്രത്തിന്റെ തന്നെ വികലമായ ഒരു പ്രതിഭാസമാണ്‌. മറ്റൊരു വൈകല്യവും ഈ രംഗത്ത്‌ സംഭവിക്കാറുണ്ട്‌. അവരുടെ ദർശനങ്ങളുടെ, തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഭാഗമായിരിക്കും കൂടുതൽ പ്രചരിക്കപ്പെടുക. നല്ലൊരളവുവരെ ശ്രീനാരായണഗുരുവിനും ഇതുതന്നെയാണ്‌ സംഭവിച്ചിട്ടുളളത്‌.

ഈഴവ നേതാവ്‌, ഹൈന്ദവ സന്യാസി, സാമൂഹിക പരിഷ്‌ക്കർത്താവ്‌, അദ്വൈതവാദി-ഇങ്ങനെ നാലുതരത്തിൽ ശ്രീനാരായണനെ വിഭജിച്ച്‌, ഇതിൽ തങ്ങൾക്കിഷ്‌ടമായ വിഭാഗത്തിലായിരുന്നു അദ്ദേഹമെന്ന്‌ വ്യാഖ്യാനിക്കുന്നവരുണ്ട്‌. ചിലർ അവരുടെ വാദമാണ്‌ നൂറുശതമാനവും ശരിയെന്നു വിശ്വസിച്ച്‌, അതിനപ്പുറമുളള അഭിപ്രായങ്ങളും അപഗ്രഥനങ്ങളും തികഞ്ഞ തെറ്റാണെന്ന്‌ അച്ചട്ടായി പ്രഖ്യാപിച്ച്‌, മറ്റുളളവരുടെ സഹിഷ്‌ണുതയെ ചോദ്യം ചെയ്യുന്നിടം വരെ ചെന്നെത്തുന്നു.

വാസ്തവത്തിൽ ശ്രീനാരായണനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും പ്രവർത്തനങ്ങളെയും, രേഖപ്പെടുത്തപ്പെട്ടിട്ടുളള സംഭാഷണശകലങ്ങൾ, മറ്റു കുറിപ്പുകൾ, ചില പ്രഖ്യാപനങ്ങൾ-എന്നിവയെയും വസ്തുനിഷ്‌ഠമായി പഠിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക്‌ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌; മുൻപറഞ്ഞ നാലുഘടകങ്ങളും, അദ്ദേഹത്തിന്റെ വ്യക്തിത്വവിശേഷണങ്ങളായി കണ്ടെത്താനാവും എന്നതാണ്‌ ആ സത്യം. പക്ഷേ പ്രവർത്തനത്തിന്റെ പരിപക്വാവസ്ഥയിൽ എല്ലാ അതിർവരമ്പുകൾക്കും അതീതനായി യഥാർത്ഥ മനുഷ്യസ്നേഹിയും യഥാർത്ഥ അദ്വൈതിയുമാകാനും അദ്ദേഹത്തിന്‌ കഴിഞ്ഞു എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്‌. അതോടൊപ്പം അവശരും ആലംബഹീനരുമായ ജനവിഭാഗത്തെ ഉദ്ധരിക്കാൻ, ആ വിഭാഗത്തിൽ തന്നെ ജനിച്ച ഒരാൾ ആയുഷ്‌ക്കാലം പ്രയത്നിച്ചു എന്നുളളത്‌ ഭാരതത്തിൽ ശ്രീനാരായണനുമാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്‌. മഹാരാഷ്‌ട്രയിലെ ‘ഗോവിന്ദരാജഫൂലെ’യെ ഇതിന്‌ അപവാദമായി ചൂണ്ടിക്കാണിക്കാമെങ്കിലും ഇത്രയും വ്യാപകമോ, ഗഹനമോ ആയിരുന്നില്ല ഫൂലെയുടെ സേവനത്തിന്റെ വ്യാപ്തി. ശ്രീനാരായണനെ മനുഷ്യസ്നേഹികളായ മറ്റു പല തത്വജ്ഞാനികളിൽനിന്നും അകറ്റി, ഉന്നതമായ ഒരു സ്ഥാനത്തുനിർത്തുന്ന വിഭിന്ന വ്യക്തിത്വവും അതാണ്‌.

ഈഴവ നേതാവ്‌

1903-ൽ പുറത്തിറക്കിയ എസ്‌.എൻ.ഡി.പി. യോഗം ഭരണഘടനയുടെ ആമുഖത്തിൽ “സ്വജാതിയിൽ ഇത്ര യോഗ്യനായ ഒരു മതാചാര്യനെ ലഭിച്ചത്‌ നമ്മുടെ സമുദായത്തിന്‌ ഇപ്പോൾ ഉണ്ടായിട്ടുളള ഭാഗ്യങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുളള ഒന്നാണ്‌.” എന്ന്‌ മഹാകവി കുമാരനാശാൻ, ശ്രീനാരായണനെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. നമ്മുടെ സമുദായമെന്ന്‌ ആശാൻ പറയുന്നത്‌ ഈഴവ സമുദായത്തെയല്ലാതെ മറ്റൊന്നിനെയുമാവില്ലല്ലോ.

1908-ൽ, എസ്‌.എൻ.ഡി.പി. യോഗം വാർഷികത്തിന്‌ അയച്ച സന്ദേശത്തിൽ, “നമ്മുടെ സമുദായത്തിൽ വരുത്തേണ്ട ചില പരിഷ്‌ക്കാരങ്ങൾ”-എന്നു തുടങ്ങി ഗുരുതന്നെ കുറെ കാര്യങ്ങൾ വിവരിക്കുന്നുണ്ട്‌. ഈഴവ സമുദായത്തെയല്ലാതെ, നമ്മുടെ സമുദായമെന്ന്‌ മറ്റൊരു സമുദായത്തെ വിശേഷിപ്പിക്കുകയില്ലല്ലോ.

1911-ൽ ശ്രീനാരായണൻ, ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രം സന്ദർശിക്കുകയുണ്ടായി. അന്ന്‌ ശ്രീനാരായണ ഭക്തന്മാർ നൽകിയ മംഗളപത്രത്തിനു മറുപടി പറയുമ്പോൾ, “നമ്മുടെ സമുദായത്തിൽ ഇപ്പോൾ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ അഭിരുചി കാണുന്നു” എന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി.

ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ, ശ്രീനാരായണൻ സൂചിപ്പിച്ച സമുദായവും, ശ്രീനാരായണനെക്കുറിച്ച്‌ ആശാൻ സൂചിപ്പിച്ച സമുദായവും ഈഴവ സമുദായമല്ലാതെ മറ്റൊരു സമുദായമല്ലെന്ന്‌ വ്യക്തമാണല്ലോ.

ചുരുക്കത്തിൽ 1916-ൽ താൻ ജാതിയും മതവും വിട്ടു എന്നു പറയുന്നതുവരെ ശ്രീനാരായണൻ ഒരു സമുദായ നേതാവായിരുന്നു, ആ സമുദായം ഈഴവ സമുദായവുമായിരുന്നു. ഇത്‌ അപകൃഷ്‌ടമായ ഒരു അവസ്ഥയായിരുന്നു എന്ന്‌ ഈ ലേഖകന്‌ അഭിപ്രായമില്ല. അക്കാലത്ത്‌ അവശതയനുഭവിക്കുന്ന ഒരു സമുദായമായിരുന്നല്ലോ ഈഴവസമുദായവും. ഈ സമുദായത്തേക്കാൾ ദുര്യോഗങ്ങളനുഭവിച്ചിരുന്ന മറ്റു താഴ്‌ന്ന സമുദായങ്ങളുടെ സ്ഥിതി അതിലും ദയനീയവുമായിരുന്നു. അവരെക്കൂടി ഉദ്ധരിക്കുകയായിരുന്നു, ഒരു ഈഴവസമുദായ നേതാവായിരിക്കുമ്പോൾത്തന്നെ ശ്രീനാരായണൻ ചെയ്തത്‌. ഒരു സംഘടിത ശക്തിക്കുമാത്രമേ ഇത്തരം നികൃഷ്‌ട വ്യവസ്ഥിതിയെ തൂത്തെറിയാൻ കഴിയൂ എന്ന സത്യം അദ്ദേഹം ശരിക്ക്‌ മനസ്സിലാക്കിയിരുന്നു. അതിന്‌ സ്വന്തം സമുദായത്തെത്തന്നെ ആദ്യം സംഘടിപ്പിച്ചു. എസ്‌.എൻ.ഡി.പി.യിൽ എല്ലാ സമുദായക്കാർക്കും അംഗത്വം നൽകുന്ന വ്യവസ്ഥയും അദ്ദേഹം തുടങ്ങിവച്ചതാണല്ലോ. ഒരു സമുദായ നേതാവായിട്ട്‌ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത്‌ തന്റെ ആത്യന്തിക ലക്ഷ്യത്തിലേക്കുളള പ്രയാണത്തിൽ താല്‌ക്കാലികമായി അദ്ദേഹം അണിഞ്ഞ ഒരു കഞ്ചുകമായിട്ടു കണ്ടാൽ മതി. താനുദ്ദേശിച്ച ലക്ഷ്യത്തിലെത്തുമ്പോൾ, ഈ ‘താല്‌ക്കാലികങ്ങ’ളെ ധീരമായി ഉപേക്ഷിക്കാൻ ഗുരു മറന്നില്ല. 1916-ലെ പ്രഖ്യാപനത്തിന്റെ പൊരുൾ അതാണ്‌. അതോടെ മനുഷ്യനെ ഒന്നായിക്കാണുന്ന അദ്വൈതത്തിന്റെ പ്രായോഗികതയിലേക്ക്‌ താൻ കടക്കുന്നു എന്ന വിളംബരവുമായിരുന്നു അത്‌. ആ നിലയിൽ സേവനത്തിന്റെ തുടക്കത്തിൽ സ്വീകരിച്ച ഈ നിലപാടിനെ വിലകുറച്ചു കാണാൻ പാടില്ല. അത്യുൽക്കൃഷ്‌ടമായ ഒന്നിനെ വാരിപ്പുണരാനുളള ഒരു താല്‌ക്കാലിക ഉപാധി മാത്രമായിരുന്നു അത്‌. അതേ സമയം ചരിത്രപരമായ ആ വസ്തുത അംഗീകരിക്കാൻ നാം ആർജ്ജവമനസ്‌ക്കരാവുകയും വേണം.

ഹൈന്ദവ സന്യാസി

ഒരു ഹൈന്ദവ സന്യാസിയാണ്‌ ശ്രീനാരായണൻ എന്നു തോന്നാവുന്ന പല പ്രവർത്തനങ്ങളും ആദ്യകാലത്ത്‌ അദ്ദേഹത്തിൽ നിന്നുമുണ്ടായിട്ടുണ്ട്‌.

1092-ൽ, ‘സ്തുത്യാർഹമായ മതപരിവർത്തനം’ എന്ന പേരിൽ ‘വിവേകോദയ’ത്തിൽ കുമാരനാശാൻ ഒരു മുഖപ്രസംഗമെഴുതി. അതിന്റെ ഉളളടക്കമിതായിരുന്നുഃ-

“നെയ്യാറ്റിൻകര, കോട്ടുകാൽ അധികാരത്തിൽ കുറെ ഈഴവർ വിശ്വാസത്തിൽ ക്രിസ്‌ത്യാനികളായിക്കഴിഞ്ഞിരുന്നു. പക്ഷേ, ഗവൺമെന്റ്‌ നിയമിച്ച ക്രിസ്‌ത്യൻ കമ്മീഷൻ ഇവരെ ക്രിസ്‌ത്യാനികളായി അംഗീകരിച്ചില്ല. ഗുരു അവരെ മൂലവിശ്വാസത്തിലേക്കു പരിവർത്തനം ചെയ്‌തു വീണ്ടും ഹിന്ദുക്കളാക്കിത്തീർത്തു.”

ഒരു ഹിന്ദു സന്യാസിയെന്ന്‌ ശ്രീനാരായണനെ വിശേഷിപ്പിക്കാവുന്ന വക ഈ സംഭവത്തിൽ തീർച്ചയായുമുണ്ട്‌. പക്ഷേ ശ്രീനാരായണൻ ഹിന്ദു സന്യാസിയായിരുന്നോ? ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ യെന്നും, ‘ഒരു ജാതി, ഒരുമതം, ഒരു ദൈവ’മെന്നും ഉരുവിടുകയും ക്രിസ്‌തുമതത്തിലായാലും ബുദ്ധമതത്തിലായാലും മറ്റേതു മതത്തിലായാലും വിശ്വാസമനുസരിച്ചു ചേരാമെന്ന്‌ പിൽക്കാലത്ത്‌ ഉപദേശിക്കുകയും ചെയ്‌ത ഗുരു എങ്ങനെ ഒരു മതത്തിന്റെ സന്യാസിയായിത്തീരും? മാത്രമല്ല ശിവനെ ആദിവാസിനേതാവെന്നും ശ്രീരാമനെ മറവനെന്നും വിശേഷിപ്പിച്ച ശ്രീനാരായണനെ ഹിന്ദു സന്യാസിയായി കാണാൻ കഴിയുമോ?

അദ്വൈതവാദി

“നാം ശ്രീശങ്കരന്റെ അദ്വൈതത്തെ പിന്തുടരുന്നു” എന്ന്‌ ഗുരുതന്നെ പലപ്പോഴും പറയാറുണ്ടായിരുന്നു. ശങ്കരന്റെ അദ്വൈതത്തെ ഒരു സിദ്ധാന്തമായി സ്വീകരിക്കുകമാത്രമല്ല, പ്രയോഗത്തിൽ അതു കാണിച്ചു കൊടുക്കുകയും ചെയ്തതാണ്‌ ശ്രീനാരായണന്റെ ഏറ്റവും ശ്രേഷ്‌ഠമായ നേട്ടം.

എന്നാൽ, ‘ഈഴവൻ’ എന്ന പദം ഒരു പ്രത്യേക ജാതിയേയോ മതത്തേയോ സൂചിപ്പിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടുളള ശ്രീനാരായണന്റെ സാധൂകരണവും 1916 മേയ്‌ 22-നു ഡോ.പൽപ്പുവിനയച്ച കത്തിൽ, എല്ലാ ജാതിമതവിശ്വാസികൾക്കും ചേരാവുന്ന എസ്‌.എൻ.ഡി.പി. യോഗത്തെ താൻ ഉപേക്ഷിക്കുന്നു എന്നു കുറിക്കുകയും ചെയ്ത ഗുരുവിന്റെ പ്രവൃത്തി, അദ്വൈതചിന്താഗതിക്കുതന്നെ എതിരാണെന്നു തോന്നിയേക്കാം. പക്ഷേ അദ്വൈതത്തെ ഒരു തത്വത്തിൽ നിന്ന്‌ ഒരു പ്രയോഗമാക്കുകയും താഴ്‌ന്നവർഗ്ഗക്കാരെ ഉദ്ധരിക്കാനുളള പ്രക്രിയയുടെ ആധാരമാക്കി അതിനെ സാക്ഷാൽക്കരിക്കുകയും ചെയ്‌ത ശ്രീനാരായണനേക്കാൾ വലിയ അദ്വൈതവാദി കേരളത്തിലെങ്കിലുമുണ്ടായിട്ടില്ല.

സാമൂഹിക പരിഷ്‌ക്കർത്താവ്‌

താഴ്‌ന്ന വർഗ്ഗക്കാരുടെ ഇടയിലുളള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്‌മ ചെയ്യാൻ ശ്രീനാരായണൻ കുറച്ചൊന്നുമല്ല ശ്രമിച്ചിട്ടുളളത്‌. അർദ്ധകിരാതവും പ്രാകൃതവുമായ വിവാഹസമ്പ്രദായങ്ങൾ അടിമുടി മാറ്റിയത്‌ ശ്രീനാരായണനാണ്‌. വധുവിന്റെ കഴുത്തിൽ താലികെട്ടിയിരുന്നത്‌, താഴ്‌ന്നവർഗ്ഗക്കാരുടെ ഇടയിൽ, വരന്റെ സഹോദരിയാണ്‌ (ശ്രീനാരായണന്റെ വിവാഹവും അങ്ങനെയായിരുന്നല്ലോ). ബ്രാഹ്‌മണർ അവലംബിച്ചിരുന്ന ‘പ്രാജാപത്യം’ എന്ന വിവാഹസമ്പ്രദായം ഈഴവർ തുടങ്ങിയ പിന്നോക്കക്കാർക്കും ഗുരുബാധമാക്കി. സത്യത്തിൽ താഴ്‌ന്ന വർഗ്ഗങ്ങളെ ബ്രാഹ്‌മണവൽക്കരിക്കുകയാണ്‌ അദ്ദേഹം ചെയ്‌തതെന്ന്‌ വേണമെങ്കിൽ പറയാം. പക്ഷേ, അതിനുമപ്പുറം എല്ലാറ്റിനുമതീതമായി, ഏതു വിഭാഗക്കാർക്കും ഏത്‌ ആചാരവും സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യാൻ അവകാശമുണ്ട്‌ എന്ന തത്വം പ്രത്യക്ഷവത്‌ക്കരിക്കയല്ലേ അദ്ദേഹം ചെയ്‌തത്‌. ക്ഷുദ്രദേവതകളെ മാത്രം വച്ചു പൂജിക്കാനും ആരാധിക്കാനും അവകാശമുണ്ടായിരുന്ന ഈഴവർ തുടങ്ങിയ പിന്നോക്കക്കാർക്ക്‌, സാത്വികദേവതകളെ പൂജിക്കാമെന്നുവന്നു. മരണസംബന്ധമായി അപരക്രിയകൾ ബ്രാഹ്‌മണരുടേതിനു തുല്ല്യമാക്കിയതും ശ്രീനാരായണനാണ്‌. (സവർണ്ണരുടെ മൃതശരീരങ്ങൾ മാത്രമേ പണ്ട്‌ ദഹിപ്പിച്ചിരുന്നുളളൂ. താഴ്‌ന്ന വർഗ്ഗക്കാരുടെ മൃതശരീരങ്ങൾ കുഴിച്ചിടാറായിരുന്നു പതിവ്‌. ശ്രീനാരായണനാണ്‌ അത്‌ മാറ്റിയത്‌.) അദ്ദേഹത്തിന്റെ സാംസ്‌ക്കാരിക പ്രവർത്തനം ഏതെങ്കിലും ജാതിയിലോ മതത്തിലോ ഒതുങ്ങി നിന്നില്ല. 1920-ൽ മുട്ടത്തുറയിൽ വച്ചു ചേർന്ന സമ്മേളനത്തിൽ പുലയരുടെ അഭ്യുന്നതിക്ക്‌ പല മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നൽകുകയുണ്ടായി. പുലയ സമുദായനേതാവായ അയ്യങ്കാളി എന്നും സ്വാമിയുടെ ഉപദേശം തേടുമായിരുന്നു.

സ്വാമിയുടെ ജീവിതവും സന്ദേശവും ഉയർന്ന സമുദായക്കാർക്കും മാതൃകാപരമാണെന്ന്‌ വി.ടി.ഭട്ടതിരിപ്പാട്‌, മന്നത്തു പത്മനാഭൻ തുടങ്ങിയവരുടെ പിൽക്കാല പ്രസ്താവനകൾ തെളിയിക്കുന്നു.

ഗുരുവിന്റെ കൃതികൾ പഠിക്കുന്ന ഒരാൾക്ക്‌ അദ്ദേഹം അദ്വൈതവാദിയല്ല, ശിവപക്ഷപാതിയാണെന്നു തോന്നാം. ഈശ്വരന്മാരിൽ ശിവനോടും കുടുംബത്തോടുമായിരുന്നു അദ്ദേഹത്തിനു പ്രിയം. സ്തോത്രങ്ങളധികവും ശിവസ്തുതിപരങ്ങളാണ്‌.

ഇങ്ങനെ നോക്കുമ്പോൾ ഗുരു ഇതിലേതെങ്കിലും ഒന്നാണെന്നു തറപ്പിച്ചു പറയാനാവില്ല. ആദ്യം സൂചിപ്പിച്ചതുപോലെ, തന്റെ ലക്ഷ്യ സാക്ഷാത്‌ക്കാരത്തിന്‌ ഇത്തരം വിവിധ രൂപങ്ങൾ ചില ഘട്ടങ്ങളിൽ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ അത്യന്തികമായി, ‘അതാണു ഗുരു’ എന്നു പറഞ്ഞാൽ അബദ്ധമായിത്തീരുന്നത്‌.

നാണുവിൽ നിന്നും നാരായണനിലേക്കും ശ്രീനാരായണഗുരുവിലേക്കുമുളള ആ മഹാപുരുഷന്റെ വളർച്ചയുടെ ഗ്രാഫ്‌ പരിശോധിക്കുന്ന ഒരാൾക്ക്‌, “നമുക്കു ജാതിയില്ല” എന്ന പ്രഖ്യാപനത്തിലെത്തിച്ചേർന്ന ഗുരു, ജാതിക്കും മതത്തിന്നും അതീതനായ, മനുഷ്യസ്‌നേഹിയായ ഒരു വിശ്വമാനവനാണെന്നു കാണാൻ കഴിയും.

പക്ഷേ അദ്ദേഹത്തിന്റെ വിശിഷ്‌ടമായ വ്യക്തിത്വം രൂപപ്പെട്ടതിന്റെ പിന്നിലുളള സേവനചരിത്രം ഇഴപിരിച്ചെടുത്ത്‌ പഠന വിധേയമാക്കാൻ ശ്രമിക്കുന്നവർക്ക്‌ പ്രതിബന്ധമായാണ്‌ ഇന്നു ഭക്തന്മാർ അദ്ദേഹത്തെ എടുത്തു കാട്ടുന്നത്‌. ഏതെങ്കിലും ഒരു സമുദായത്തിൽ ജനിച്ചുപോയതിനാൽ ആ സമുദായത്തിന്റെ ‘പത്തുസെന്റിൽ’ മഹാന്മാക്കളെ ബന്ധിച്ചിടുന്ന ദുര്യോഗം, ജനിച്ച കേവല സമുദായത്തിൽ നിന്നും ശ്രീനാരായണനും അനുഭവിക്കുന്നു. ഈ ‘അവകാശം’ സമ്മതിച്ചു കൊടുത്തുകൊണ്ട്‌ മറ്റുവിഭാഗക്കാർ, ‘ഇതു നമ്മുടെ കാര്യമേയല്ല’ എന്ന ഭാവത്തിൽ മാറിനില്‌ക്കുകയും ചെയ്യുന്നു. മഹാന്മാരുടെ ഈ ദുര്യോഗത്തിൽ, അവർക്ക്‌ ആത്മാവുണ്ടെങ്കിൽ-ഉണ്ടെന്ന്‌ വെറുതെ ഒന്നു സങ്കല്പിക്കുക-അത്‌ എന്തുചെയ്യുമായിരുന്നു?

ശ്രീനാരായണന്റെ പ്രേഷ്‌ഠശിഷ്യനായിരുന്ന നടരാജഗുരു അദ്ദേഹത്തിന്റെ, The word of Guru എന്ന വിഖ്യാതഗ്രന്ഥത്തിൽ ഗുരുവിനെ വിശേഷിപ്പിച്ചിട്ടുളള ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട്‌ അവസാനിപ്പിക്കട്ടെഃ-

Source : http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=archive/guru123.xml&gen_type=printer&work_type=regular

0 comments:

Post a Comment